സൗഹൃദത്തിനപ്പുറം എന്തെങ്കിലും അവർക്കിടയിൽ ഉണ്ടോ ഇന്ന് ചോദിക്കുമ്പോൾ മൗനത്തിനപ്പുറം വ്യക്തമായ ഒരു മറുപടി രണ്ടാൾക്കും ഉണ്ടായിരുന്നില്ല…….

നീലകടൽ

Story written by Sabitha Aavani

ഓരോ തിരമാലകളും അവരുടെ പാദങ്ങളിൽ സ്പർശിച്ചു തിരികെ പോകുമ്പോൾ കൗതുകത്തോടെ അവളത് ആസ്വദിക്കുന്നതായി അവനു തോന്നി.

നാളേറെ ആയിരിക്കുന്നു പരസ്പരം കണ്ടിട്ട്.

കണ്ടുമുട്ടലുകൾക്കിടയിൽ ഉള്ള നീണ്ട ഇടവേളകൾ അവസാനം കണ്ട നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

ചില ആത്മബന്ധങ്ങളുടെ തുടക്കം അങ്ങനെ ആണ്.

എപ്പോഴും കാണാനും സംസാരിക്കാനും കഴിഞ്ഞെന്നു വരില്ല.

പക്ഷെ പരസ്പരം ആഴത്തിൽ പതിഞ്ഞുപോയ രണ്ടു ഹൃദയങ്ങളുടെ ഒത്തുചേരൽ.

പരസ്പരം സംസാരിക്കുന്നത്  കൂടുതലും അവരെ പറ്റിയായിരുന്നില്ല.

കുടുംബം, ഭാര്യ, ഭർത്താവ്, കുട്ടികൾ…..

പണ്ടൊരിക്കൽ പരസ്പരം കൈമാറിയിരുന്ന ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടുകൾ സ്വപ്നങ്ങൾ.. കാലത്തിനനുസരിച്ച്‌ പലതും മാറിയിരിക്കുന്നു.

കഴിഞ്ഞ കാലത്തെ പറ്റി പറയുമ്പോൾ വാചാലയായത് അവളായിരുന്നു.

അതങ്ങനെയാണ്.. പണ്ടെന്നോ പറഞ്ഞതൊക്കെയും മറക്കാതെ സൂക്ഷിക്കാൻ പെൺമനസ്സുകൾക്കടുത്തു വരില്ല ഒരു ആണിന്റെയും മനസ്സ്.

“ശരിയാണ് ഞാൻ മനുഷ്യനാണ്..മറക്കും …… നിങ്ങൾ മാലാഖമാര്‍ക്ക് എല്ലാം ഓർമ്മയുണ്ടാവും ….പറയുന്ന ഓരോ വാക്കും ….നിന്നിൽ ഉണ്ടാവും എനിക്കറിയാം
നീ എന്നെ കേൾക്കുന്നത് കാതുകൾ കൊണ്ടല്ല …ഹൃദയം കൊണ്ടാണ് ….”

കളിയായിട്ടാണെങ്കിലും അവനത് പറയുമ്പോൾ പണ്ടെന്നോ പറഞ്ഞു മറന്ന വരികളായി തോന്നി അവൾക്ക്.

നേർത്ത പുഞ്ചിരി സമ്മാനിച്ചു കടലാഴങ്ങളിൽ കണ്ണുംനട്ടവർ ഇരുന്നു.

കടന്നുപോകുന്ന നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ ആവുകയായിരുന്നു.

സ്കൂളും കോളേജും ഒക്കെ പൂർത്തിയായിട്ടും ആത്മാവുപോലെ തങ്ങളുടെ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്താതെ നീതിപുലർത്തിയിരുന്നു അവർ.

സൗഹൃദത്തിനപ്പുറം എന്തെങ്കിലും അവർക്കിടയിൽ ഉണ്ടോ ഇന്ന് ചോദിക്കുമ്പോൾ മൗനത്തിനപ്പുറം വ്യക്തമായ ഒരു മറുപടി രണ്ടാൾക്കും ഉണ്ടായിരുന്നില്ല.

കേട്ടുപഴകിയ ഒരു ചോദ്യം….

അവളെ ഒരുകാരണവും കൂടാതെ വേദനിപ്പിക്കാൻ അവനുമാത്രം കഴിഞ്ഞിരുന്നു.

അതങ്ങനെയെന്ന് അവർക്കു തന്നെ അറിയില്ല.

“എന്നിട്ടും നീ എന്താ പിണങ്ങാത്തെ? ” 

ചോദിച്ചത് അവനാണ്.

“നിന്നോട് പിണങ്ങാൻ എനിക്ക് പറ്റണില്ല…”

അവൾ പറഞ്ഞിരുന്ന മറുപടി അതായിരുന്നു.

കണ്ണീരോടെ അവൾ നൽകുന്ന ആ മറുപടിയിൽ അവനും വേദനിച്ചിട്ടുണ്ടാവണം.

അത്രമേൽ ആഴത്തിൽ അവളെ മനസ്സറിയാൻ എന്ത് ജലവിദ്യയാണ്‌ അവൻ പ്രയോഗിച്ചിട്ടുണ്ടാവുക..?

“നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? “

“അല്ല !”

“അപ്പോൾ വെറും സൗഹൃദം മാത്രമേ ഉള്ളോ? “

“അങ്ങനെ എടുത്ത് പറയാനും വാഖ്യാനിക്കാനും കരണമേതുമില്ലാതെ അവളെന്റെ ജീവനാണ് അവൾക്കു ഞാനും…. “

“പ്രണയിക്കാതെ ഇങ്ങന്നെ ഒരുപാടു കാലം ഒരാണിനും പെണ്ണിനും തുടരാൻ കഴയുവോ? “

“ഉവ്വല്ലോ… അതിന്റെ തെളിവാണെലോ ഞങ്ങൾ.. “

വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായി അവർ പരസ്പരം അറിയുന്നുണ്ട്,  സ്നേഹിക്കുന്നുണ്ട്.

വർഷങ്ങളുടെ കാത്തിരിപ്പുണ്ട് അവരുടെ ഈ കണ്ടുമുട്ടലുകൾക്ക്‌ .

വെറുതെ ഒപ്പമിരിക്കാൻ, സംസാരിക്കാൻ, ചിരിക്കാൻ, പരിഭവം പറയാൻ, സങ്കടം പറഞ്ഞു പൊട്ടിക്കരയാൻ  എല്ലാത്തിനും മടുപ്പ് തോന്നാതെ കൂടെ ഒരാളുണ്ടാവുക ഭാഗ്യമാണ്.

കാഴ്ചക്കാരുടെ ചോദ്യങ്ങൾക്കു പിടികൊടുക്കാതെ നടന്നകലുന്ന അവരെ അസൂയയോടെ നോക്കട്ടെ ലോകം.

ഇങ്ങനെയും  ജീവിക്കുന്നുണ്ട് പലരും…

പ്രണയം തോന്നാഞ്ഞിട്ടോ നഷ്ടപ്പെടുമെന്ന് പേടിച്ചോ ആവില്ല.

ഇതിലും മനോഹരമായി പരസ്പരം സ്നേഹിക്കാൻ അവർക്കിനി കഴിയില്ല.

പ്രണയം.., പേരുചൊല്ലി വിളിക്കാൻ കഴിയാത്ത ആ ബന്ധത്തിന്റെ പവിത്രത നശിപ്പിക്കും… അവരിങ്ങനെ തന്നെ തുടരട്ടെ !

“ഒന്നുതൊടാൻ കൂടി തോന്നിയിട്ടില്ല…

“പറഞ്ഞത് അവനാണ്.

ഒപ്പമിരുന്നും കഥപറഞ്ഞും നീണ്ട നിമിഷങ്ങളിൽ ഇപ്പോഴും അവർ പരസ്പരം ചോദിക്കാറുണ്ട്.

” ഇഷ്ടമായിരുന്നോ എന്നെ? “

നിമിഷങ്ങൾ നീളുന്ന മൗനം ആയിരുന്നു ഉത്തരം നല്ലതിനായ് മാറ്റിവെച്ചൊരു ഉത്തരം….

അതോ ഉത്തരമില്ലാത്തൊരു കടങ്കഥ പോലെ…

ആശയ കുഴപ്പങ്ങൾക്കൊടുവിൽ ഒന്നുകൂടെ ചോദിച്ചു.

“അപ്പോൾ പര്സപരം ഇഷ്ടമായിരുന്നല്ലേ? “

നീലക്കടലിനെ സാക്ഷിയാക്കി ഉയർന്ന ആചോദ്യം കേട്ടു കൊണ്ട് അവൾ ആ മണൽത്തരികളിൽ വിരൽകൊണ്ട് അവരുടെ പേരുകൾ ചേർത്തെഴുതി…

ആർത്തിരമ്പിയ തിരമാലകൾ അതുകവർന്നെടുത്ത്  അകലുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നോ?

ഓർമ്മകൾക്ക് പിന്നെയും മധുരം കൂടുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *