ഹായ് അയച്ചു കൊണ്ട് തുടങ്ങിയ നമ്മൾ അന്ന് ഏറെ വിശേഷങ്ങൾ പറഞ്ഞു.. ശേഷം നീയെനിക്കന്ന് രാത്രി അയച്ച മെസേജ് ഓർമയുണ്ടോ വിശാൽ?….. നീ തനിച്ചാക്കി പോയിടത്ത് ഇന്നും ഏകനായി ഞാൻ തുടരുന്നു….

മാനസം

Story written by Nisha Suresh Kurup

കടൽ തീരത്ത് മണൽപ്പരപ്പിൽ എന്തിനെന്നറിയാത്ത മൗനത്തെ കൂട്ടുപിടിച്ചിരുന്നു മാനസയും വിശാലും . സന്ധ്യയാകാറായതിനാൽ ചൂട് ശമിച്ചു സൂര്യനിൽ ചുവപ്പുരാശി പടർന്നു തുടങ്ങിയിരുന്നു.

“മാനസ നീയെന്താ ഒന്നും മിണ്ടാത്തത് “

ഒടുവിൽ വിശാൽ തന്നെ മൗനത്തിന് വിരാമം കുറിച്ചു.

“വിശാൽ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഞാനും ആനന്ദേട്ടനും ഈ തീരത്ത് എത്രയോ തവണ വന്നിട്ടുണ്ടെന്നോ “…..

“അത് എന്തിനാ നീയിപ്പോൾ പറയുന്നത് മാനസാ…അതിനും എത്രയോ മുൻപ് നീയും ഞാനും  മറ്റൊരു തീരത്ത് ഇതുപോലെ ഇരുന്നിട്ടുണ്ട് “

വിശാലിനെ ഒന്നു നോക്കിയിട്ട്  ചെറിയ മന്ദഹാസത്തോടെ സമുദ്രത്തിൻ്റെ വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു മാനസ

“ആദ്യമൊക്കെ നിന്നെ കുറിച്ചുള്ള ഓർമകൾ പേറിയ വിഷമമായിരുന്നു ആനന്ദേട്ടൻ്റെ കൂടെ ഇവിടെ വന്നിരിക്കുമ്പോൾ. ഞാനുമൊത്ത് കറങ്ങി നടക്കാനും എവിടെയെങ്കിലുമൊക്കെ അകലെ യാത്ര പോകാനും അവിടെ താമസിക്കാനുമെല്ലാം ആനന്ദേട്ടന് ഒരു പാട് സന്തോഷമായിരുന്നു പക്ഷെ”…

വിശാൽ ചോദ്യരൂപത്തിൽ പുരികം വളച്ചവളെ നോക്കി

മാനസ ചെറുതായി തഴുകി കടന്നുപോയ കാറ്റിലിളകി നെറ്റിയിലേക്ക് വീണ മുടിയിഴകളെ കൈയ്യെടുത്ത് ഒന്നു ഒതുക്കി.

“ഞാൻ ഒന്നിലും സന്തോഷം കണ്ടെത്തിയില്ല. ആനന്ദേട്ടനെ മനസു കൊണ്ട് ഉൾക്കൊണ്ടില്ല …. മാനസികമായി എൻ്റെ പെരുമാറ്റം വിഷമിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തെ. പറയാതെ തന്നെ ആളിനറിയാമായിരുന്നു എൻ്റെ പ്രണയത്തെക്കുറിച്ച്…?ഒരിക്കൽ എന്നോടു പറഞ്ഞു കഴിഞ്ഞ കാര്യങ്ങൾ മറന്നേക്കു…. പുതിയ ജീവിതത്തെ ഉൾക്കൊള്ളൂ നമ്മൾ എന്തിനാണ് സ്വയം ജീവിതം നശിപ്പിക്കുന്നതെന്ന് “……

“ഉം.”… വിശാൽ അമർത്തി മൂളി തലകുലുക്കി

മാനസ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു

“ഏറെ നാളുകൾക്ക് ശേഷം ആനന്ദേട്ടനെ ഞാൻ സ്നേഹിച്ചു തുടങ്ങി. മറവിയുടെ ഒരു കോണിലേക്ക് വിശാലിനെ കുഴിച്ചു മൂടി”.

“മാനസാ നമ്മൾ വീണ്ടും കാണുമെന്നോ ഇതുപോലെ ഒന്നിച്ചിരിക്കാൻ കഴിയുമെന്നോ  സ്വപ്നത്തിൽ പോലും ചിന്തിച്ച കാര്യമല്ലല്ലോ … എല്ലാം വിധിയാണ് “

വിശാലിൻ്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം നിറഞ്ഞു.

“ഒരിക്കലും അല്ല വിശാൽ വിധിയുടെ ക്രൂiരതയാണ്. വീണ്ടും വിശാലിനെ എൻ്റെ മുന്നിലെത്തിച്ചതും തകർന്ന ഒരുവളുടെ മനസിലേക്ക് വീണ്ടും പ്രണയത്തിൻ്റെ വിത്തുകൾ പാകിയതും വിധി എന്നോട് കാട്ടുന്ന ക്രൂരതയാണ് “

“മാനസ നീ എന്നെക്കുറിച്ചോ എൻ്റെ മാനസികാവസ്ഥയെ കുറിച്ചോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇന്നും ഞാനൊറ്റക്കാണ് മറ്റൊരാളെ നിൻ്റെ സ്ഥാനത്ത് സങ്കല്പിക്കാൻ പോലും കഴിയാതെ “

വിശാലിൽ പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ ശബ്ദമിടറി

മാനസ മറുപടിയില്ലാതെ നിസഹായയായി ഇരുന്നു

വിശാലവളുടെ കരം കവർന്നു

“മാനസ ഇനിയും നീയെന്നെ തനിച്ചാക്കി പോകുമോ എൻ്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുമോ?”

മാനസയുടെ മിഴികളിൽ നീർമുത്തു തിളങ്ങി. അവളിൽ നിന്നും നിശ്വാസം പുറത്തേക്ക് വന്നു

വർഷങ്ങൾക്കു മുന്നേ വിശാലിനെ പ്രണയിച്ചതും ഒരിക്കലും പിരിയില്ലെന്ന് വാക്കു കൊടുത്തതും തൻ്റെ പ്രാണനായി അവനെ മനസിൽ പ്രതിഷ്ഠിച്ചതും പ്രണയത്തിൻ്റെ പരകോടിയിൽ എല്ലാം മറന്നു മായാ ലോകത്ത് വിഹരിച്ചതുമായ ഓർമകളിൽ മാനസയുടെ ഉള്ളമൊന്നു പിടഞ്ഞു….

“വിശാലിനറിയോ പിന്നെയും വിരസത മാറ്റാൻ ഞങ്ങൾ ഈ തീരത്ത് വരുമായിരുന്നു. ആനന്ദേട്ടനെ ഞാൻ സ്നേഹിച്ചു തുടങ്ങിയതിനു ശേഷവും … പോകെ പോകെ സംസാരിക്കാൻ വിഷയമില്ലാതായി. വിരസത മാറ്റാൻ വന്ന ഈ സമുദ്രത്തിൻ്റെ നീലിമ പോലും നമ്മൾക്ക് മനോഹര കാഴ്ച ആയിരുന്നില്ല “…..

തീരത്തും തിരയിലുമായി ഓടിക്കളിക്കുന്ന കുട്ടികളിലേക്ക് മാനസയുടെ ശ്രദ്ധ തിരിഞ്ഞു അവൾ ഒന്നു നെടുവീർപ്പിട്ടു.

“പത്ത് വർഷമായും കുഞ്ഞുങ്ങൾ ജനിക്കാത്തതിനാൽ പരസ്പരം പഴിചാരിയില്ലെങ്കിലും നിരാശ രണ്ട് പേരിലും ഉണ്ടായിരുന്നു”

മാനസ   പതിയെ എഴുന്നേറ്റു . അത് കണ്ട് വിശാലും എഴുന്നേറ്റു ഇരുവരും പൂഴിമണ്ണിൽ കാലമർത്തി നടന്നു. അവരുടെ പാദങ്ങളുടെ അടയാളം നടന്നു നീങ്ങുന്ന മണൽപ്പരപ്പിൽ പതിഞ്ഞു. പെട്ടന്ന് ശക്തമായ ഒരു തിരവന്നവരെയും നനച്ചു , പാദങ്ങൾ തീർത്ത അടയാളവും ചൂഴ്ന്ന് എടുത്ത്  മടങ്ങി പോയി

“മാനസാ…. നീയെന്താണ് പറഞ്ഞു വരുന്നത് “

“കുഞ്ഞുങ്ങളില്ലാത്തതിൻ്റെ സഹതാപവും പരിഹാസവും കുറ്റപ്പെടുത്തലുകളും ആനന്ദേട്ടനെക്കാൾ ഏറെ കേട്ടത് ഞാനാണ്. അടുത്ത ബന്ധുക്കൾ പോലും കുiത്തി നോവിച്ചു സംതൃപ്തി അടയുമ്പോൾ അപരാധിയെ പോലെ തല കുനിച്ച് നിന്നിട്ടുണ്ട് …. ആനന്ദേട്ടൻ്റെ കരുതലും സ്നേഹവും ആയിരുന്നു പിടിച്ചു നിന്നത്. നേരാത്ത നേർച്ചകളും കയറിയിറങ്ങാത്ത ഹോസ്പ്റ്റലുകളുമില്ല.ചികിത്സിക്കുന്ന ഡോക്ടറുമാരെല്ലാവരും രണ്ട് പേർക്കും കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്.”…

മാനസ വിതുമ്പാതിരിക്കാൻ പാടുപെട്ടു.

ഒന്നു നിശബ്ദയായി നിന്ന ശേഷം അടുത്ത് കണ്ട പാറക്കൂട്ടത്തിലെ താഴെയുള്ള പാറയിൽ ഇരുന്നു. അരികിലായി വിശാലും .

അവൾ തുടർന്ന് പറയുന്നത് കേൾക്കാനായി വിശാൽ കാതു കൂർപ്പിച്ചു.

“ആനന്ദേട്ടൻ്റെ അമ്മയ്ക്ക്  എപ്പോഴും എന്തെങ്കിലും ശാപം കിട്ടിയതാണെന്ന് പറയാനേ നേരമുണ്ടായിരുന്നുള്ളു. അമ്മക്ക് എന്നെ വലിയ കാര്യമാണെങ്കിലും മകൻ്റെ കുഞ്ഞിനെ കാണാനുള്ള അതിയായ മോഹം ചിലപ്പോഴൊക്കെ  എൻ്റെ മനസിനെ കുത്തി നോവിക്കുന്ന വാക്കുകളായി പുറത്തേക്ക് വരുമായിരുന്നു…. ഒടുവിൽ  ആനന്ദേട്ടനും ചികിത്സകളും നേർച്ചയും മടുത്തു. കരയുമ്പോൾ ആശ്വസിപ്പിക്കുന്ന കൈകളിലും ആ മടുപ്പ് തെളിഞ്ഞു വന്നു….

ബിസിനസും തിരക്കുകളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാമായി ആനന്ദേട്ടൻ തിരക്കുള്ള ആളായി. അല്ലെങ്കിൽ സ്വയം തിരക്കുകളിൽ വ്യാപൃതനായി”.

മാനസയുടെ കണ്ണുകൾ നിറയുകയും അനുവാദമില്ലാതെ ഒലിച്ചിറങ്ങുകയും ചെയ്തു.

“മാനസാ ഇപ്പോൾ നിന്നോടെപ്പം ഞാനില്ലേ കേൾക്കാനും മനസിലാക്കാനും “

വിശാലവളെ സമാധാനപ്പെടുത്തി

“അറിയാം വിശാൽ നീ ഇന്നും എന്നെ സ്നേഹിക്കുന്നു. ഒറ്റപ്പെടലിൽ ആശ്വാസമായിരുന്നു നീ തിരികെ വന്നത്. അത്രയ്ക്കും  ജീവിതം വെറുത്തിരുന്നു ഞാൻ. പുറത്തേക്ക് ഇറങ്ങാനോ  ആഘോഷങ്ങളിൽ പങ്കെടുക്കാനോ മടിച്ചിരുന്ന ഞാൻ അനുഭവിച്ച ഏകാന്തത … മടുപ്പായിരുന്നു  എല്ലാത്തിനോടും. ആനന്ദേട്ടനും ഞാനും തമ്മിലുള്ള സംസാരങ്ങൾ കുറഞ്ഞു നിർവികാര ഭാവം രണ്ട് പേരെയും ബാധിച്ചു. അവിടെയാണ് മെസേജിൻ്റെ രൂപത്തിൽ നീ തിരികെ വന്നത് വിശാൽ”….

“അതെ മാനസ നിൻ്റെ കൂട്ടുകാരിയിൽ നിന്നും നമ്പർ വാങ്ങി നിന്നെ വിളിക്കാനുള്ള ധൈര്യമില്ലാത്തതിനാൽ മെസേജയച്ചു “.

അതെയെന്ന മട്ടിൽ മാനസ തലയാട്ടി

“ഹായ് അയച്ചു കൊണ്ട് തുടങ്ങിയ നമ്മൾ അന്ന് ഏറെ വിശേഷങ്ങൾ പറഞ്ഞു.. ശേഷം നീയെനിക്കന്ന് രാത്രി അയച്ച മെസേജ് ഓർമയുണ്ടോ വിശാൽ?….. നീ തനിച്ചാക്കി പോയിടത്ത് ഇന്നും ഏകനായി ഞാൻ തുടരുന്നു….

വർഷങ്ങൾക്കിപ്പുറവും ആ വാക്കുകൾ എന്നില് കുറ്റബോധവും പറയാനറിയാത്ത സന്തോഷവും ജനിപ്പിച്ചു. മനസൊന്നു ഉലഞ്ഞു”…

“അറിയാം മാനസ നിൻ്റെ വിഷമങ്ങൾ എന്നോട് പകുത്തപ്പോൾ ഞാൻ വീണ്ടും പഴയത് പോലെ നിന്നെ പ്രണയിക്കുകയായിരുന്നു . അങ്ങനെ പറയുന്നില്ല എനിക്ക് നിന്നോടുള്ള പ്രണയം ഒരിക്കലും അവസാനിച്ചിരുന്നില്ലല്ലോ “

മാനസ അവനെ തന്നെ നോക്കിയിരുന്നു. കണ്ണുകളിലൊച്ചിപ്പിച്ച കടലോളം പ്രണയവും കുസൃതി ചിരിയുമായി ആ പഴയ വിശാലിനെ അവളവിടെ കണ്ടു.

തൻ്റെ വീട്ടുകാരായിരുന്നു പ്രണയത്തിന് എതിരു നിന്നത്. വിശാലിനെ പിന്മാറാൻ താക്കീത് ചെയ്തു . അച്ഛനും ചേട്ടനും തല്ലാൻ പോലും ഒരുങ്ങിയപ്പോൾ തനിക്ക് ഭയമായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്ത തൻ്റെ വീട്ടുകാർ വിശാലിനെ അപകടപ്പെടുത്തുമോന്ന്. അതിന് സാക്ഷിപത്രം എന്ന പോലെ അച്ഛൻ പെങ്ങൾ സമനില തെറ്റി ഇന്നും അകത്തെ മുറിയിൽ കരഞ്ഞും ചിരിച്ചും ജീവിതം തീർക്കുന്നുണ്ട്. പഴയ കാലമല്ലെങ്കിൽ പോലും തനിക്കറിയാം അച്ഛൻ്റെ വാശി…..?താനാണ് വിശാലിനു മുന്നിൽ കൈകൂപ്പി യാചിച്ചത് പിരിയാം എന്ന് … അന്ന് വിശാൽ തന്നെ നോക്കിയ ഒരു നോട്ടമുണ്ട്. പ്രണയം ഒളിപ്പിച്ച കണ്ണുകളിൽ നിറഞ്ഞ നീർക്കണങ്ങൾ തന്നെ ഏറെക്കാലും കുത്തി നോവിച്ചിരുന്നു. പിന്നീട് ആ നാട്ടിൽ നിന്നു തന്നെ വിശാലും കുടുംബവും മാറി താമസിച്ചതും ആനന്ദേട്ടനുമായുള്ള തൻ്റെ വിവാഹം വീട്ടുകാരടിച്ചേൽപ്പിച്ചതും എല്ലാം ഇന്നലത്തെപ്പോലെ കൺമുന്നിൽ  തെളിഞ്ഞു മാനസ ഒരേയിരിപ്പിരുന്നു

“മാനസാ” … വിശാൽ മൃദുവായി വിളിച്ചു

മാനസ ചിന്തകളിൽ നിന്നും മുക്തയായി അവനെ നോക്കി

“താമസം മാറിപ്പോയിട്ടും ജോലി കിട്ടിയിയിട്ടും ഒന്നും നിന്നെ മറക്കാൻ മാത്രം എനിക്കു കഴിഞ്ഞില്ല മാനസ . പത്ത് വർഷത്തിൽ കൂടുതൽ ഞാൻ നിന്നെ മറക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ ഓർമകൾ അതിലും തീവ്രതയോടെ എന്നെ പുണർന്നതേയുള്ളു. ഒടുവിൽ നിൻ്റെ നമ്പരു കിട്ടി മെസേജയക്കുമ്പോൾ നീ മറുപടി തരുമെന്ന പ്രതീക്ഷ പോലുമില്ലായിരുന്നു “.

“ദാഹ ജലത്തിനായ് കേഴുന്ന ഒരുവളുടെ മുന്നിലേക്ക് നീട്ടിയ തെളിനീരായിരുന്നു നീയെനിക്ക് വിശാൽ… കേൾക്കാനൊരാളുണ്ടാവുക എന്ന് പറയുന്നത് അത്രയും ആശ്വാസമായിരുന്നു. പലപ്പോഴും പാടില്ല തെറ്റാണെന്ന് മനസ് പറഞ്ഞു. പക്ഷെ അത്രയും ഞാനാഗ്രഹിച്ചു ഹൃദയം പങ്കു വെയ്ക്കാൻ ഒരാളിനെ …… പക്ഷെ ഓരോ ദിവസം കഴിയുമ്പോഴും നിൻ്റെ ശബ്ദത്തിൽ നിന്നും മെസേജുകളിൽ നിന്നും ഞാൻ മനസിലാക്കി. നീയിപ്പോഴും എന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന്”…..

“അതെ മാനസ നീ പറയൂ ഞാനെന്താണ് വേണ്ടത് എന്നും ആരുമറിയാതെ നമ്മൾക്കീ ബന്ധം തുടരണോ ? അതോ നിന്നോട് സംസാരിക്കാൻ പോലും മെനക്കെടാത്ത ഭർത്താവിനെ ഉപേക്ഷിച്ചു ഇറങ്ങി വരുമോ? എന്തായാലും എനിക്ക് സമ്മതമാണ്…

വിശാലിൽ തന്നെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആവേശം മാനസയ്ക്ക് അവൻ്റെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു.

താനാണ് തെറ്റുകാരി വീണ്ടും വിശാൽ മടങ്ങി വന്നപ്പോൾ മനസു തുറന്ന് ഇടപെഴകാൻ പാടില്ലായിരുന്നു…. പ്രതീക്ഷകൾ നല്കി വീണ്ടും താൻ വിശാലിനെ ….

മാനസാ നീയെന്താ ആലോചിക്കുന്നത്.

“വിശാൽ നീ പറഞ്ഞില്ലെ സംസാരിക്കാൻ പോലും മെനക്കെടാത്ത ഭർത്താവ് എന്ന് ആനന്ദേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ് ഒരു വാക്കു കൊണ്ട് പോലും എന്നെ നോവിക്കാത്തത്. എൻ്റെ എല്ലാ കാര്യങ്ങളും ഒരു കുറവും വരാതെ നോക്കി  നടത്തുന്നത്.”….

വിശാൽ അവളെ ഉറ്റു നോക്കിയിരുന്നു.

“പക്ഷെ ഞാൻ എൻ്റെ ഭാഗം മാത്രമേ ചിന്തിച്ചുള്ളു വിശാൽ. നീയിന്നലെ എന്നോട് എന്നെ കാണണം എന്നും എന്നെ നിനക്ക് തിരികെ വേണമെന്നും പറഞ്ഞപ്പോൾ രാത്രി ഏറെ നേരം കിടന്നു ഞാനാലോചിച്ചു …അപ്പോഴും ആനന്ദേട്ടൻ എന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു”.

മാനസാ നീ വീണ്ടും എന്നെ ഒറ്റയ്ക്കാക്കി പോകുമോ വിശാലിൻ്റെ വാക്കുകളിൽ പതർച്ച അനുഭവപ്പെട്ടു

മാനസ ദൂരെ കണ്ണുകൾ പായിച്ചു പറഞ്ഞു.

“ആനന്ദേട്ടൻ എന്നെ വിവാഹം കഴിച്ചെന്ന തെറ്റു മാത്രമേ ചെയ്തുള്ളൂ. മറ്റൊരാളെ മനസിൽ പേറി നടക്കുന്ന എന്നെ കുറ്റപ്പെടുത്തിയില്ല. അത് കഴിഞ്ഞെല്ലാം ശരിയായി വന്നപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിലുള്ള വിഷമം. മറ്റുള്ളവരുടെ കുiത്തുവാക്കുകളും  കുഞ്ഞിനു വേണ്ടിയുള്ള അതിയായ മോഹവും. അതിനിടയിൽ കരഞ്ഞും പിഴിഞ്ഞും സ്വയം ഒതുങ്ങി കൂടിയ ഞാനും എല്ലാം കൂടി ആ മനുഷ്യനെ എത്ര മാത്രം തളർത്തിയിട്ടുണ്ടാകും . അതിനിടയിൽ ഞാൻ വിശാലിനെ സ്വീകരിച്ചാൽ ആനന്ദേട്ടൻ്റെ ആണത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തെറ്റാവില്ലേ “?

“നീയെന്താ പറഞ്ഞു വരുന്നത് മാനസാ. കാത്തിരുന്ന് കാത്തിരുന്ന് നിന്നെ ഞാനിന്ന് വീണ്ടും കണ്ടതു ഇതിനായിരുന്നോ “

തളർച്ചയോടെ വിശാലിരുന്നു

“എന്നോട് ക്ഷമിക്കൂ വിശാൽ. അന്ന് നമ്മുടെ പ്രണയത്തിന് പവിത്രതയുണ്ടായിരുന്നു. വിരഹത്തിലും ആ പ്രണയത്തിൻ്റെ നല്ല മധുരസ്മരണകൾ ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ ബന്ധത്തെ അവിഹിതം മാത്രമായേ ലോകം കാണൂ. നാളുകൾ കഴിയുമ്പോൾ നമ്മൾക്ക് തന്നെ വെറുപ്പാകും. പവിത്രമായ നമ്മുടെ പ്രണയത്തിന് തിരശ്ശീല വീഴും”.

വിശാൽ തല ചലിപ്പിച്ചു

വീണ്ടും മാനസ തന്നെ പറഞ്ഞു

“വിശാലിനെ  കണ്ടു മുട്ടാൻ പാടില്ലായിരുന്നു. എന്നെ നീ മനസിലാക്കില്ലേ വിശാൽ … അവൾ ക്ഷമയോടെ അവൻ്റെ മുന്നിൽ കൈകൂപ്പി “

തകർന്ന തരിപ്പണമായ അവൻ്റെ ഹൃദയത്തിൽ നിന്നും കുറച്ച് നേരത്തെ ചിന്തകൾക്കൊടുവിൽ വാക്കുകൾ അടർന്നു വീണു

“നീ പറഞ്ഞതാണ് ശരി മാനസ എനിക്ക് മനസിലാകും വികാരപൂർവ്വം കാര്യങ്ങൾ എടുക്കാതെ വിവേക പൂർവ്വം ചിന്തിക്കണമായിരുന്നു. നീ മറ്റൊരാളിൻ്റെ ഭാര്യയാണ് “.

മാനസ അവൻ്റെ കൈകളെ തൻ്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു

“മാപ്പ് തരൂ വിശാൽ വീണ്ടും വെറുതെ നിന്നെ മോഹിപ്പിച്ചതിന്. പെട്ടന്ന് നീ തിരികെ വന്നപ്പോൾ എല്ലാം കേൾക്കാനൊരാളായി എന്നേ ഓർത്തുള്ളു. അന്ധത മൂടിയ ഹൃദയത്തിൽ തുടർന്നുണ്ടാകുന്ന ഭവിഷിത്തുകൾ ഓർത്തില്ല. വിശാൽ നീയും എല്ലാം മറന്ന് പുതിയൊരു ജീവിതം നോക്കില്ലേ…. എന്നുമീ പ്രണയം സുഖമുള്ളൊരോർമ്മയായി നില്ക്കട്ടെ “

വിശാൽ വെറുതെ തലയാട്ടി…..

“പൊയ്ക്കോളൂ മാനസ നല്ലത് മാത്രം വരട്ടെ”….

അവൻ തന്നെ അത് പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു തീരത്തു കൂടി ……ഇടയ്ക്ക് തിര വന്നു പാദങ്ങളെ തണുപ്പിച്ച് മടങ്ങുന്നതു പോലും അറിയാതെ അവൻ മുന്നോട്ട് നടന്നു പോകുന്നത് മാനസ നോക്കി നിന്നു. സൂര്യൻ വിട പറഞ്ഞ് ആഴിയിലേക്ക് മുങ്ങി താഴ്ന്നു തുടങ്ങിയിരുന്നു….നടന്നു വരുന്ന മാനസയെ കാത്ത് ആനന്ദ് കാറിൽ ചാരി നില്പുണ്ടായിരുന്നു. അവൾ പോലുമറിയാതെ ആനന്ദ് അവളെ പിന്തുടരുന്നുണ്ടായിരുന്നു. മാനസയിൽ കുറച്ചു ദിവസങ്ങളായി കാണുന്ന മാറ്റം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തെറ്റാണെന്നറിയാമായിരുന്നിട്ടും അവളുടെ ഫോൺ പരിശോധിച്ചു . അതിൽ നിന്നും ഡിലീറ്റ് ചെയ്യാത്ത കുറച്ചു മെസേജുകൾ അയാൾ വായിച്ചു. എല്ലാം ഒറ്റപ്പെടലും ഏകാന്തതയും കാര്യങ്ങൾ കേൾക്കാനാരുമില്ലാത്തതിൻ്റെ വീർപ്പുമുട്ടലുമായിരുന്നു. താങ്ങാവാൻ തണലാവാൻ ഒരു ആശ്രയം ആയിരുന്നു മാനസക്ക് വിശാലെന്ന് ആനന്ദിനു മനസിലായി.
    രാത്രിയിൽ താൻ ഉറങ്ങിയെന്നു കരുതി അവൾ സംസാരിച്ചതും അയാൾ കേട്ടിരുന്നു. മാനസ വിശാലിൻ്റെ കൂടെ പോകുമെന്ന തിരിച്ചറിവിൽ വിങ്ങിപ്പൊട്ടിയ തൻ്റെ ഹൃദയം ആരും കാണാതെ മറച്ചു പിടിച്ചു. അവളെ പിന്തുടർന്നിവിടെ മാറി നിന്ന് എല്ലാം വീക്ഷിക്കുമ്പോൾ നെഞ്ച് പറിഞ്ഞു പോകുന്ന നീറ്റലായിരുന്നു. എല്ലാം അവസാനിപ്പിച്ചവൾ തിരികെ വരുന്ന കാഴ്ചയിൽ ആനന്ദ് അതിയായി സന്തോഷിച്ചു അപ്പോഴേക്കും മാനസ ആനന്ദിനെ കണ്ടു കഴിഞ്ഞിരുന്നു . അവൾക്ക് പാദങ്ങൾ ഇടറി. ആനന്ദ് അരികിലേക്ക് വന്നവളെ അണച്ചു പിടിച്ചു

“ആനന്ദേട്ടാ ” കുറ്റബോധത്താൽ മാനസ വിളിച്ചു….. പിന്നെ എന്തോ പറയാൻ ശ്രമിച്ചു …. അവളുടെ വായിൽ കൈ അമർത്തി ആനന്ദ് പറഞ്ഞു

“ഒന്നും പറയണ്ട മാനസാ എല്ലാം ഒരു സ്വപ്നം പോലെ മറന്നേക്കൂ. എൻ്റെ ഭാഗത്തും തെറ്റുണ്ട്. മക്കൾ ഉണ്ടാകാത്തത് അത്ര വലിയ തെറ്റൊന്നും അല്ല .അതു നിന്നെയും എന്നെയും  ഒരുപോലെ ബാധിക്കുന്ന കാര്യവുമാണ് എന്നിട്ടും ഞാനെൻ്റെ ലോകത്തിൽ മുഴുകി… പോട്ടേ എല്ലാം മറന്നേക്കൂ.”…..

എല്ലാ മാനസിക സംഘർഷങ്ങളും താങ്ങാൻ കഴിയാതെ മാനസ ദേഹം കുഴഞ്ഞ് ആനന്ദിൻ്റെ നെഞ്ചിലേക്ക് വീണു.

    ആശുപത്രിയിൽ എത്തിച്ച അവളെ ഡോക്ടർ പരിശോധിച്ചതിൽ നിന്നും അവൾ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അവരെ തേടിയെത്തി. വർഷങ്ങളായി അനുഭവിച്ച കണ്ണുനീരിൻ്റെയും പ്രാർത്ഥനയുടെയും ഫലമായി അവർക്ക് ശാപമോക്ഷം കിട്ടിയ സന്തോഷത്തിൽ ആനന്ദവളെ മുറുകെ പുണർന്നു. ഇരുവരിലും ആനന്ദാശ്രുക്കൾ നിറഞ്ഞു….

    കുറച്ചു ദിവസങ്ങൾക്കു ശേഷം വിശാൽ തിരികെ പോകാൻ എയർ പോട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അവനും ഉറച്ച തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു. മാനസയെ  മധുരമുള്ള നോവായി മനസിൻ്റെ അറയിൽ താഴിട്ടു പൂട്ടി….. അവളുടെ നമ്പർ ബ്ലോക്ക് ചെയ്തു വെച്ചു….  “അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി “…

 കാറിനുള്ളിലെ എഫ്എം  റേഡിയോയിൽ ഈ ഗാനം കേൾക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി മാനസയെ ഓർത്തു താൻ മൂളിയ ഗാനം . അവൾ വിളിക്കുമ്പോൾ കേൾക്കാൻ റിംഗ്ടോണാക്കിയ ഗാനം…. ഓർമകളിലേക്ക് ഒരു മടക്കയാത്ര വേണ്ടെന്ന തീരുമാനത്തിൽ വിശാൽ  അടുത്ത ഗാനത്തിനായി വിരലമർത്തി….
        

Leave a Reply

Your email address will not be published. Required fields are marked *