അങ്ങനെ ആശുപത്രിയിൽ നിന്നും വീട്ടുകാർക്ക് കൈമാറിയ എന്റെ ജീവനറ്റ ശരീരം പന്തലിട്ട് മനോഹരമാക്കിയ എന്റെ ഭർത്താവിന്റെ വീട്ടു മുറ്റത്തു കൊണ്ടുവന്നു……

ഒരു പരേതയുടെ ജൽപ്പനങ്ങൾ

എഴുത്ത്:-: അച്ചു വിപിൻ

കെട്ടിയോനുള്ള ചായ അടുപ്പത്തു വെച്ചിട്ട് പാത്രം കഴുകാൻ ഒന്ന് മുറ്റത്തേക്കിറങ്ങിയതാണ് ഞാൻ ,ധൃതിയിൽ പാത്രം കഴുകുന്നതിനിടയിൽ എന്തോ വന്നെന്റെ തലയിൽ വീണു….വേദന കൊണ്ടു ഞാൻ ഉറക്കെയൊന്ന് കരഞ്ഞു,പിന്നീടെന്റെ ബോധം മറഞ്ഞു.

സമയം അല്പം കഴിഞ്ഞു കാണും ഞാൻ മെല്ലെയെന്റെ കണ്ണുകൾ തുറന്നു.പതിയെ ഒന്ന് ഞെരങ്ങിയ ശേഷം കിടന്നിടത്തു നിന്നു ഞാൻ എഴുന്നേറ്റു, എന്റെ ഒരു വശത്തായി അനക്കമില്ലാതെ കിടക്കുന്ന എന്നെ എനിക്ക് കാണാം തലയിൽ നിന്നും ചോ ര ഒലിക്കുന്നുണ്ട്,എന്നാലും ഇത്ര പെട്ടെന്ന് എനിക്കെന്താണ് സംഭവിച്ചത് എന്നറിയാൻ ഞാൻ ഒന്ന് കൂടിയെന്നെ സൂക്ഷിച്ചു നോക്കി, അധികം വൈകാതെ തന്നെ എനിക്ക് കാര്യം മനസ്സിലായി.അല്ലെങ്കിലും “തെങ്ങു ചതിക്കില്ല”എന്ന് പറയുന്നത് വെറുതെയാണ് ഞാൻ പിറു പിറുത്തു.

ഒന്നുറക്കെ കരയാനാണെനിക്കാദ്യം തോന്നിയത് പക്ഷെ കരഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? ഞാൻ സത്യത്തെ പതുക്കെ ഉൾക്കൊണ്ടു,എന്റെ ശരീരത്തിൽ നിന്നും എന്റെ ആത്മാവ് വേർപെട്ടിരിക്കുന്നു അങ്ങനെ ഞാനും ഒരു”പരേത” ആയിരിക്കുന്നു.

കുറച്ചു നേരം ഞാനങ്ങനെ ചോരയും ഒലിപ്പിച്ചു തെങ്ങിന്റെ ചോട്ടിൽ കിടന്നു.ആരെങ്കിലും അടുത്തുണ്ടോ എന്ന് ഞാൻ ചുറ്റും കണ്ണോടിച്ചു, ഇല്ല ആ പരിസത്തെങ്ങുമാരുമില്ല.അല്ലെങ്കിലും മനുഷ്യന് ഒരത്യാവശ്യം വന്നാൽ ആരെയും കാണില്ല ഞാൻ മനസ്സിൽ പറഞ്ഞു.

അല്പം കഴിഞ്ഞപ്പോൾ തെക്കേ പറമ്പിൽ നിന്നും അമ്മായമ്മ ഞാൻ വീണു കിടക്കുന്നത് കണ്ടോടി വന്നു.എന്നെ കണ്ടതും അവര് കാറി കൂവി ആൾക്കാരെ മൊത്തം വിളിച്ചു വരുത്തി എന്റെ ശവവും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.

അതേയ്, പതുക്കെ പോയാ മതീട്ടോ, ഇങ്ങനെ സ്പീഡിൽ കൊണ്ടു പോയിട്ടും വല്യ കാര്യമൊന്നുമില്ല, ഞാനിപ്പൊ ജീവനോടെയില്ല എന്ന് പരേതയായ എനിക്ക് വിളിച്ചു പറയണമെന്നുണ്ടായിരുന്നു പക്ഷെ ആത്മാവിന് സംസാരിക്കാൻ പറ്റില്ലല്ലോ…

അങ്ങനെ ഒരുപ്രകാരത്തിൽ ആശുപത്രിയിൽ എത്തിച്ച എന്റെ ശവശരീരത്തെ കുറച്ചു നേരം വെന്റിലേറ്ററിൽ കിടത്തണം എന്ന് ഡ്യൂട്ടിയിൽ ഉള്ളൊരു ഡോക്ടറാണാദ്യം പറഞ്ഞത്, അയാൾക്കറിയാം ഞാൻ ചത്തിട്ടു കുറച്ചു നേരം ആയെന്ന് പക്ഷെ മരുമോൾ തട്ടിപ്പോയ വിവരം വീട്ടുകാർക്ക് അറിയില്ലല്ലോ അത് കൊണ്ട് എന്റെ ജീവൻ നിലനിർത്താൻ എന്നെ വെന്റിലേറ്ററിൽ വെക്കാൻ അവരും സമ്മതം പ്രകടിപ്പിച്ചു.അങ്ങനെ ആശുപത്രിക്കാരും എന്റെ ഭർത്താവിന്റെ വീട്ടുകാരെ പറ്റിച്ചു ഇമ്മിണി കാശുണ്ടാക്കി, അവര് മുടക്കട്ടെ കുറച്ചു കാശൊക്കെ അങ്ങട് ചിലവാകട്ടെ എന്നെ ഒരുപാട് ആ വീട്ടിലിട്ടു നരകിപ്പിച്ചതല്ലേ , നിങ്ങക്ക് അങ്ങനെ തന്നെ വേണം ഞാൻ ഉള്ളിൽ ചിരിച്ചു.

ഒരു ദിവസം മുഴുവൻ എന്നെ ആ കുന്ത്രാണ്ടത്തിൽ കിടത്തിയ ശേഷമാണ് ഡ്യൂട്ടി ഡോക്ടർ വീട്ടുകാരോട് പോയി ഞാൻ മരിച്ചെന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.അല്പം കഴിഞ്ഞപ്പോ ഏതോ ഒരാൾ വന്നെന്നെ പൗഡർ ഒക്കെ ഇടീപ്പിച്ചു വെള്ള തുണിയിൽ പൊതിഞ്ഞു മൂക്കിൽ പഞ്ഞി ഒക്കെ വെച്ചു സുന്ദരിയാക്കി.ഹാ!ചത്താലും ചമഞ്ഞു കിടക്കണം എന്നാണല്ലോ പ്രമാണം.

ഭർത്താവും മൂന്നാല് ബന്ധുക്കളും ആംബുലൻസിൽ കയറ്റിയെന്നെ വീട്ടിലേക്കു കൊണ്ടു പോകാൻ ഉള്ള തയ്യാറെടുപ്പു തുടങ്ങി.എന്തായാലും തലയിൽ തേങ്ങ വീണത് ഭാഗ്യമായി മുഖത്ത് വല്ലോം ആരുന്നെങ്കി ആകെ കോലം കെട്ടേനെ, അതോർത്തപ്പോ ചെറിയൊരാശ്വാസം തോന്നി.

അങ്ങനെ ആശുപത്രിയിൽ നിന്നും വീട്ടുകാർക്ക് കൈമാറിയ എന്റെ ജീവനറ്റ ശരീരം പന്തലിട്ട് മനോഹരമാക്കിയ എന്റെ ഭർത്താവിന്റെ വീട്ടു മുറ്റത്തു കൊണ്ടുവന്നു കിടത്തി അല്പം കഴിഞ്ഞപ്പോൾ വകയിലെ ഏതോ ഒരമ്മായി എന്റെ തലഭാഗത്തു വലിയൊരു നിലവിളക്കും കുറച്ചു സൈക്കിൾ അഗർബത്തിയും കത്തിച്ചു വെച്ചു.

വീടിന്റെ മുന്നിൽ ഫ്ളക്സൊക്കെ അടിച്ചു വെച്ചിട്ടുണ്ട്,എന്റെ എത്ര നല്ല ഫോട്ടോ ഉണ്ടായിരുന്നു എന്നിട്ടും കാണാൻ മെനയില്ലാത്ത ഒരു ഫോട്ടോ നോക്കി എടുത്തു വെച്ചിരിക്കുന്നു തെണ്ടികൾ ഹാ,!ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും പരേതയെ ഒരുനോക്ക് കാണാൻ ആളുകൾ വന്നു കൊണ്ടേയിരുന്നു ഒടുക്കo വീടൊരു പൂരപറമ്പായി.പലരെയും എനിക്ക് കണ്ട പരിചയം പോലുമില്ല. മനുഷ്യൻമാരുടെ കാര്യം ഇത്രേ ഒക്കെയുള്ളൂ ഇന്നലെ കണ്ടവനെ ഇന്ന് കാണില്ല ഇന്ന് കണ്ടവനെ നാളെ കാണില്ല.ഞാൻ ഒന്ന് നെടുവീർപ്പിട്ടു.

ആളുകൾ കൂടിയത് കണ്ടപ്പോൾ അത്രയും നേരം അകത്തിരുന്ന എന്റെ അമ്മായിയമ്മ പുറത്തേക്കിറങ്ങി വന്ന ശേഷം എന്റെ “പൊന്നു മോളേ നീ പോയല്ലോടീ” എന്ന് പറഞ്ഞലമുറയിട്ട് കരച്ചിൽ തുടങ്ങി,ഞാൻ ജീവിച്ചിരുന്നപ്പോൾ ഒരു ദിവസം പോലും എനിക്ക് മനസമാധാനം തരാത്ത,എന്നോട് ഒരു നല്ല വാക്ക് പോലും പറയാത്ത, പിള്ളേരില്ലാത്തത് കൊണ്ട് മനപ്പൂർവം എന്നെ കു ത്തി നോവിച്ചു കൊണ്ടിരുന്ന പരട്ട തള്ളയാണ് എന്റെ ശവത്തിന്റ മുന്നിൽ ഇരുന്ന് പ ട്ടി ഷോ കാണിക്കുന്നതെന്നോർക്കണം, ആത്മാവായി പോയി ഇല്ലെങ്കി അവരുടെ മോന്തക്കിട്ട് ഒന്ന് കൊടുത്തേനെ……

അല്പം കഴിഞ്ഞപ്പോൾ അമ്മായമ്മയുടെ അടുത്തിരുന്നു അയലത്തെ അമ്മിണി വല്യമ്മയും കരച്ചിൽ തുടങ്ങി,പാവം പെണ്ണ്,ഒരാളോട് പോലും ആവശ്യമില്ലാതെ വഴക്കിനു പോകാത്തവളാ കാണാൻ തന്നെ എന്തൊരു ഐശ്വര്യമായിരുന്നു എന്നാലും അതിനീ ഗതി വന്നല്ലോ എന്നവരടക്കം പറയുന്നതൊരു മിന്നായം പോലെ ഞാൻ കണ്ടു,ഹും!!എന്നെ പറ്റി ഒള്ള ഏഷണി മുഴുവൻ അമ്മായിഅമ്മക്ക് കൊളുത്തി കൊടുത്തോണ്ടിരുന്ന കിളവിയാണിപ്പോ കള്ളക്കണ്ണീർ ഒഴുക്കുന്നത്. നാണമില്ലാത്ത വർഗ്ഗങ്ങൾ.ത്ഫൂ….

ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പോന്നതിനാൽ സ്വന്തം വീട്ടുകാർ പോലുമില്ലെനിക്ക്,അത്കൊണ്ടെന്താ എന്റെ മരണം ആരെയും ബാധിച്ചില്ലന്നു മാത്രല്ല മനസ്സിൽ തട്ടി ശരിക്കൊന്നു സങ്കടപ്പെട്ടു കരയാൻ പോലും എനിക്കാരുമവിടെ ഉണ്ടായുമില്ല.

ജീവനോടെ ഇരുന്നപ്പോ കുഞ്ഞുങ്ങൾ ഇല്ലല്ലോ എന്നോർത്ത് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പക്ഷെ ഇപ്പൊ അതെത്ര നന്നായി.ഇല്ലെങ്കി ആ കുഞ്ഞിന്റെ സങ്കടം കൂടി കാണേണ്ടി വന്നേനെ.എന്തായാലും ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങ് തീർന്നല്ലോ ഹാവൂ!! എന്തൊരു സമാധാനം.

എന്തായാലും എന്നോട് കടം മേടിച്ചിട്ട് തിരിച്ചു തരാതെ മുങ്ങി നടന്ന രമണി, പാൽക്കാരി സുജാത, കുടുംബശ്രീ ബിന്ദു, പത്രക്കാരൻ വറീത് മാപ്ല, പൂവാലൻ ഗോപീ കൃഷ്ണൻ, റേഷൻകട നടത്തുന്ന രാമേട്ടൻ, തയ്യൽക്കാരി അന്നമ്മ, തെക്കേലെ വനജ തുടങ്ങി അങ്ങനെ എനിക്ക് പരിചയം ഉള്ളവരും ഇല്ലാത്ത വരുമൊക്കെ ചത്തു കിടക്കുന്ന എന്നെ പറ്റി നല്ലത് പറയുകയും കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത് അല്ലേലും മരിച്ചു കിടക്കുന്ന ആളെ നോക്കി കള്ള കണ്ണീർ വാർക്കാനും, നല്ലത് പറയാനും, സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാനുമൊക്കെ ആളുകൾക്കു വലിയ ഉത്സാഹമാണ് പക്ഷെ ഈ പറഞ്ഞയാൾ ജീവനോടെ ഇരിക്കുമ്പോൾ അയാളെ ആരും മൈൻഡ് ചെയ്യില്ല,തക്കം കിട്ടിയാൽ അയാളെ എല്ലാരും കുറ്റപ്പെടുത്തും, ചീത്തവിളിക്കും,കളിയാക്കുo, ഒറ്റപ്പെടുത്തും ഈ മനുഷ്യൻമാരൊക്കെ എന്താപ്പാ ഇങ്ങനെ?

ആളുകളുടെ തിരക്ക് കൂടിയപ്പോൾ ഞാൻ സൈഡിലുള്ള അടക്കാമരത്തിന്റെ ചോട്ടിലേക്ക് നീങ്ങി നിന്നു പരിസരമൊക്കെയൊന്നു വീക്ഷിച്ചു, ബന്ധുക്കൾ മിക്കവരും വന്നിട്ടുണ്ട് അതിൽ ഭൂരിഭാഗവും വീടിന്റെ അകത്തിരുന്നു കുശലം പറയുന്നുണ്ട് അവരെ സംബന്ധിച്ചിടത്തോളം എന്റെ മരണം ഒരു ഗെറ്റുഗെതർ ആയിരുന്നു. മരണവീടാണ് എന്ന് ഓർക്കാതെ പലരും തമാശ പറയുകയും, ആരും കാണാതെ വായ പൊത്തി ചിരിക്കുകയും ചെയ്തു.

ഇനി എന്റെ ഭർത്താവായ മഹേഷേട്ടനാവട്ടെ ഇടയ്ക്കിടക്കെന്നെ വന്നൊന്നു നോക്കിയ ശേഷം അവിടെ നിന്ന് ഒന്നേങ്ങലടിച്ചു കരഞ്ഞിട്ട് തിരിച്ചു പോകും, ഞാൻ ചത്തെന്നു ആൾക്കിപ്പഴും വിശ്വാസം വന്നിട്ടില്ലന്നു തോന്നുന്നു ,അതെന്നോടുള്ള സ്നേഹം കൊണ്ടൊണെന്നു നിങ്ങൾ കരുതരുത് അതൊക്കെ അങ്ങേരുടെ അഭിനയമാണെന്നെ ആളുകളെ കാണിക്കാനുള്ള വെറും അഭിനയം ആളിപ്പോ ഉള്ളിൽ സന്തോഷിക്കുന്നുണ്ടാകും കാരണം ഭാര്യ എന്ന് പറയുന്ന പണ്ടാരം തട്ടിപ്പോയല്ലോ ഇനിപ്പോ ധൈര്യമായി അങ്ങേർക്കാ മാലതീടെ പുറകെ പോകാല്ലോ അതും പറഞ്ഞു ഞാനിനി അങ്ങേരുടെ സ്വൈര്യം കെടുത്താൻ പോണില്ലന്നങ്ങേർക്ക് നന്നായറിയാം.അല്ലേലും ഞാനീ വീട്ടിൽ ഒരധികപ്പറ്റാ യിരുന്നില്ലേ?എന്റെ ശരീരത്തിൽ നിന്നാത്മാവ് വിട്ടു പോയതിന്നലെ ആയിരുന്നെങ്കിലും മനസ്സ് കൊണ്ടെത്രയോ വട്ടം ഞാൻ മരിച്ചിരിക്കുന്നു. എന്തായാലും എന്റെ മരണത്തിൽ എനിക്ക് ദുഖമില്ല ഇത് അനിവാര്യമായിരുന്നു. അല്ലേലും ഞാൻ മരിക്കേണ്ടവളാണ് ആർക്കും വേണ്ടാണ്ട് ഈ ഭൂമിയിൽ കിടന്നു നരകിക്കുന്നതിലും നല്ലത് മരണമാണ്.

ആളുകൾ ഓരോന്നായി വന്നുപോയ്‌കൊണ്ടിരുന്നു.തിരക്കൊക്കെ ഏതാണ്ട് കുറഞ്ഞപ്പോൾ വകയിലെ ഏതോ ഒരു കാർന്നൊരു പറഞ്ഞു, ന്നാ പിന്നെ ദഹിപ്പിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്‌തോളൂ മഹേഷേ അധികം അങ്ങട് വെച്ചോണ്ടിരിക്കണ്ട, അത് കേൾക്കേണ്ട താമസം പിന്നെ അങ്ങോട്ട് ബഹളത്തോട് ബഹളമായിരുന്നു എന്നെ കുളിപ്പിക്കാൻ എടുക്കലൊരു വശത്ത്, മാവ് മുറിക്കൽ മറ്റൊരു വശത്ത്, ആകെ മൊത്തം ജഗ പൊക.

അങ്ങനെ വൈകുന്നേരം ഏതാണ്ട് ഒരു നാലര ആയപ്പോഴേക്കും എന്റെ ചിതക്ക് തീ കൊളുത്താനായി മഹേഷേട്ടൻ മുന്നോട്ട് വന്നു.അന്നേരം എന്റെ കണ്ണ് നിറഞ്ഞു പോയിട്ടോ, ശേ!!! ആത്മാവിനും സങ്കടം ഉണ്ടോ? ഞാൻ സ്വയം ചോദിച്ചു, ഉണ്ട് എനിക്ക് സങ്കടം ഉണ്ട് കാരണം അത്രേം നാളും സ്വന്തം എന്ന് പറയാൻ ആ ശരീരം മാത്രല്ലേ ഉണ്ടായിട്ടുള്ളൂ എത്ര ഭംഗിയായിട്ടാ അത് കാത്തു സൂക്ഷിച്ചത് പൗഡർ ഇട്ടും,പൊട്ടു തൊട്ടും, വളകൾ ഇട്ടും, കണ്ണെഴുതിയും,ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചും എത്രയോ വട്ടം ആ ശരീരത്തെ താൻ മനോഹരമാക്കിയിരിക്കുന്നു അത് ക ത്തി കരിയാൻ പോകുമ്പോ ഏത് ആത്മാവായാലും ഒന്ന് കരഞ്ഞു പോകും.

വേണ്ട,എന്നെ കത്തിക്കുന്നത് എനിക്ക് കാണണ്ട,ആ കാഴ്ച കാണാനാകാതെ ഞാൻ പുറം തിരിഞ്ഞു നടന്നു.അല്പം കഴിഞ്ഞപ്പോൾ എന്റെ പുറകിലായി വലിയൊരു പുക ഉയർന്നു… ഞാനിതാ പോകുന്നു…. ഈ ഭൂമിയിൽ നിന്നും ഒന്നും കൊണ്ടുപോകാതെ ഒന്നും അവശേഷിപ്പിക്കാതെ എന്നെന്നേക്കുമായി ഞാൻ വിട വാങ്ങിയിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *