അടക്കി പിടിച്ച തേങ്ങലുകൾ കണ്ണീരായി മാറാൻ അധികനേരം വേണ്ടിവന്നില്ല…..

എഴുത്ത്:-ശിവന്തിക ശിവ

മനസ്സ് കല്ലാക്കി ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആകെയുള്ള പെറ്റമ്മയെയും വിട്ട് മരുഭൂവിലെ പ്രവാസത്തിനു തുടക്കം കുറിച്ചപ്പോൾ അവന്റെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.. കൊടും വെയിലിൽ മണൽക്കാറ്റുമേറ്റ് അധ്വാനിക്കുമ്പോൾ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.. കയറി കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട്, നടക്കാതെ പോയ അച്ഛന്റെ സ്വപ്നം

പൊട്ടിപ്പൊളിയാറായ ഷെഡിൽ അമ്മയെ പറ്റിചേർന്ന് കിടക്കുമ്പോൾ കുഞ്ഞു മനസ്സിൽ കോറിയിട്ടത് സ്വന്തമായൊരു വീടെന്ന ചിന്തകൾ മാത്രമായിരുന്നു. ചെറു പ്രായത്തിൽ അച്ഛനെ നഷ്ടമായപ്പോൾ അച്ഛന്റെ സ്ഥാനത് നിന്ന് എല്ലാം ചെയ്തു തന്ന അമ്മക്ക് വേണ്ടി ചെയ്തു കൊടുക്കാൻ അത് മാത്രമേ അവനുണ്ടായിരുന്നുള്ളു.

നാട്ടിലേക്കുള്ള ഫോൺ വിളികളിൽ അമ്മയുടെ പരിഭവവും സങ്കടവും കേൾക്കുമ്പോൾ ഓടിച്ചെല്ലാൻ തോന്നാറുണ്ടെങ്കിലും പഴ്സിലെ കുഞ്ഞു കള്ളിയിൽ നിന്നും പുഞ്ചിരിക്കുന്ന അച്ഛന്റെ മുഖം കാൺകെ അവൻ എല്ലാം മറക്കും.

********************

ആ കുഞ്ഞു സ്വപ്നത്തിന് തുടക്കം കുറിക്കാൻ വേണ്ടിയാണ് രണ്ടു വർഷത്തെ പ്രവാസത്തിനു ചെറിയൊരിടവേള നൽകി നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. അതറിഞ്ഞത് മുതൽ അവന്റെ ഇഷ്ട വിഭവങ്ങൽ ഒരുക്കി കലണ്ടറിലെ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു ആ അമ്മ. ഒടുവിൽ അവൻ എത്തുന്ന ദിവസം വന്നു ചേർന്നപ്പോൾ വഴിക്കണ്ണുമായി നോക്കിയിരുന്നു, വിളിപ്പടകലെ അവൻ മരണത്തിലേക്ക് കടന്നുചെല്ലുകയാണെന്നറിയാതെ. എത്തു മെന്ന് പറഞ്ഞ സമയം ഏറെ പിന്നിട്ടപ്പോൾ മനസിലൂടെ നൂറായിരം ചിന്തകൾ കടന്നു പോയി. ആ ചിന്തകളോക്കെയും ശെരിയായിരുന്നെന്ന് തിരിച്ചറിയാൻ അധിക നേരം വേണ്ടിവന്നില്ല.

ആറ്റുനോറ്റു കിട്ടിയ ഏകമകൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നറിഞ്ഞ നിമിഷം നാലു ചെറുപ്പക്കാർക്ക് പുതുജീവനേകാൻ ജീവിതം പഠിപ്പിച്ച ഉൽകരുതുമായി ആ അമ്മ മുന്നോട്ടു വന്നു.കാരണം മകനെ ജീവന് തുല്യം സ്നേഹിച്ച ഒരമ്മയായിരുന്നു അവരും.

******************

ഒരു വർഷത്തിനിപ്പുറം അകാലത്തിൽ നഷ്ടപ്പെട്ട മകന്റെ ഓർമയിൽ ഇരുട്ടിനെയും കൂട്ട്പിടിച്ചു ഇരുന്ന അവരുടെ മുന്നിലേക്ക് നാല് ചെറുപ്പക്കാർ കയറിവന്നു. അപ്രതീക്ഷിതമായി തന്നെ തേടിവന്നവരുടെ മുന്നിലേക്ക് ഇത്തിരി ശങ്കയോടെയാണ് കടന്നു ചെന്നതെങ്കിലും അവരുടെ കണ്ണുകളിൽ കണ്ട തിളക്കം.. ഹൃദയമിടിപ്പിന്റെ താളം…. അതുമാത്രം മതിയായിരുന്നു അവരെ തിരിച്ചറിയാൻ.. തന്റെ മകന്റെ തുടിപ്പുപേറി ജീവിക്കുന്നവർ… ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച നാലു മുഖങ്ങൾ.

അടക്കി പിടിച്ച തേങ്ങലുകൾ കണ്ണീരായി മാറാൻ അധികനേരം വേണ്ടിവന്നില്ല. ഭ്രാന്തമായ ആവേശത്തോടെ അവർ ആ നാലുപേരെയും ചേർത്ത് നിർത്തി. വേദന കലർന്ന സന്തോഷത്തിന്റെ ചുടുചുംബനങ്ങൾ അവർക്കേകി… കണ്ണു കളിലും… മുഖത്തും… പിന്നെ ചേർന്ന് നിന്ന് ആ ഹൃദയതാളം അറിഞ്ഞു. ഇത്രയും നാൾ കാത്തുസൂക്ഷിച്ച മാതൃവാത്സല്യം കടലുപോലെ അവരിലേക്കൊഴുകി

*****************

എല്ലാവരുടെയും സമ്മതത്തോടെ, എങ്ങോട്ടെന്നറിയില്ലെങ്കിലും അവരുടെ കൂടെ ഇറങ്ങി ചെല്ലുമ്പോൾ ആ അമ്മ സന്തോഷവതിയായിരുന്നു. ആ യാത്ര ചെന്നവസാനിച്ചത് അവിടെക്കായിരുന്നു… തന്റെ പ്രിയപ്പെട്ട ഇടം… പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ഉറങ്ങുന്ന….ജീവിതത്തിൻറെ പുതു സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയ…അവയ്ക്ക് വർണങ്ങൾ ചാർത്താൻ ആഗ്രഹിച്ച… അകലെയായിരിക്കുമ്പോഴും ഓടിയെത്താൻ ആഗ്രഹിച്ച ഇടം

അവസാനം തീരാവേദനയുടെ ആഴക്കടൽ സമ്മാനിച്ചിടത്തേക്ക് ഏറെ നാളുകൾക്കു ശേഷം വീണ്ടും വന്നപ്പോൾ കണ്ടത് പൂർത്തിയാവാതെ പോയ തന്റെ പാതിയുടെയും പ്രാണന്റെയും ജീവിതാഭിലാഷത്തിന്റെ സാഫല്യം ആയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ അമ്മ കൈകൂപ്പിയപ്പോൾ മക്കളായി കൂടെ ഉണ്ടാകുമെന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറയാതെ പറയുകയായിരുന്നു അവരും.

ഒടുക്കം അവരുടെ കൈപിടിച്ചു ആ കിളിക്കൂടിന്റെ പടികൾ കയറവെ, കൊടും വേനലിൽ വിരിയുന്ന വസന്തം കണക്കെ സ്വർഗത്തിൽ നിന്ന് രണ്ടാത്മാക്കളുടെ ആനന്ദാശ്രുക്കൾ പുതുമഴയായി മണ്ണിനെ പുണർന്നുകൊണ്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *