ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തിയ ആ വാചകങ്ങൾ കേട്ട അവളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ……

💕നിറങ്ങൾ💕

Story written by Sarath Lourd Mount

ഒറ്റയ്ക്കിരുന്ന് കരഞ്ഞുകരഞ്ഞ് കണ്ണുനീർ പോലും ഈ നിമിഷങ്ങളിൽ അവൾക്ക് അന്യമായിരിക്കുന്നു. ആദ്യമായി ശ്യാമിന്റെ താലിയുമണിഞ്ഞ് അവന്റെ പെണ്ണായി ഈ വീട്ടിലേക്ക് വലതുകാൽ വയ്ക്കുമ്പോൾ ജീവിത ത്തിലാകെ പുതുവർണങ്ങൾ നിറയുകയായിരുന്നു.

പിന്നീടുള്ള ജീവിതത്തിൽ ആ നിറങ്ങൾ കെട്ടുപോകാതെ കാത്ത് സൂക്ഷിക്കാൻ ശ്യാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു മകൾ കൂടി വന്നപ്പോൾ ആ സന്തോഷം ഇരട്ടി ആവുകയായിരുന്നു എന്ന് വേണം പറയാൻ . അത് കൊണ്ട് തന്നെ ആവണം തന്നെക്കാൾ അവൾ അവനെ സ്നേഹിച്ചു പോയതും.

എന്നാൽ ഇപ്പോൾ എല്ലാം തനിക്ക് അന്യമായിരിക്കുന്നു. തന്റെ പുഞ്ചിരിയിൽ തെളിഞ്ഞിരുന്ന ഓരോ വർണ്ണങ്ങളും ഇന്ന് നശിച്ചിരിക്കുന്നു.

പതിവിന് വിപരീതമായി കുറച്ചുനാളുകളായി രാത്രി പെട്ടെന്ന് ഉറങ്ങി പ്പോകുമ്പോളും അവൾക്ക് സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ശ്യാം ദിവസവും കൊണ്ട് തരുന്ന ആ പാൽ കുടിക്കാതെ നിലത്തേക്ക് ഒഴിച്ചുകളഞ്ഞത് വയറു വേദന കാരണമാണ്. ആ വേദനയ്ക്കിടയിലും ശ്യാമിന്റെ കരലാളനത്തിൽ അറിയാതെ അവൾ എപ്പോളോ ഉറങ്ങിപ്പോയിരുന്നു.

എന്നാൽ ഇടയ്ക്ക് ഉണർന്നപ്പോൾ ശ്യാം അടുത്തില്ല. എവിടെ പോയതാകും , സംശയത്തോടെ ലൈറ്റ് ഓൺ ചെയ്യാൻ തുടങ്ങുമ്പോളാണ് ബാൽക്കണിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം അവളുടെ ചെവിയിൽ പതിഞ്ഞത്. ലൈറ്റ് ഓൺ ചെയ്യാതെ പതിയെ അവൾ കട്ടിലിൽ നിന്നിറങ്ങി ബാൽക്കണിക്കടുത്തേക്ക് നടന്നു.

ശ്യാമിന്റെ ശബ്ദമാണ്. ആരോടാവും ഈ നേരത്ത് സംസാരിക്കുന്നത്. ആ സംസാരത്തിലേക്ക് ഒരുനിമിഷം അവൾ കാതോർത്തു. ഒരു നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോകുന്ന പോലെ അവൾക്ക് തോന്നി. മറ്റേതോ പെണ്ണുമായി ഉള്ള ശ്യാമിന്റെ പ്രണയസല്ലാപങ്ങൾ അവളിൽ ഭ്രാന്തുളവാക്കി . ഇത്രനാളും താൻ ചതിക്കപ്പെടുകയായിരുന്നു എന്ന ബോധ്യത്തിൽ നിലത്തേക്ക് വീണു പോകാതിരിക്കാൻ അവൾ ചുവരിൽ പതിയെ ചാരി നിന്നു.

വീണ്ടും അവന്റെ സംസാരത്തിനവൾ കാതോർത്തു. ഇല്ല അമല നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും അവർ വരില്ല. നാളെയോടെ ആ ശല്യം ഞാൻ ഇല്ലാതാക്കും അവളും മകളും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല ഇനി ഞാനും നീയും നമ്മുടെ സ്വപ്നങ്ങളും മാത്രം. ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തിയ ആ വാചകങ്ങൾ കേട്ട അവളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. ഇനി ഒന്നും കേൾക്കാൻ ശക്തിയില്ല എന്നോണം ഒരു പാവയെക്കണക്കെ അവൾ തിരികെ ബെഡിലേക്ക് നടന്നു. ഏറെ സമയത്തിന് ശേഷം ശ്യാം തന്റേ അരികിൽ വന്ന് കിടന്നപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. നിശബ്ദമായി അവൾ തേങ്ങി….

അടുത്ത ദിവസം ശ്യാം ഓഫീസിലേക്ക് പോകുമ്പോൾ പതിവ് പോലെ പുഞ്ചിരി യോടെ അവൾ യാത്രയാക്കി. അടക്കിപ്പിടിച്ച സങ്കടം മുഴുവൻ അവളിൽ കണ്ണുനീരായി ഒഴുകിത്തുടങ്ങി. കരഞ്ഞു കരഞ്ഞ് അവളിലെ കണ്ണുനീരും വറ്റി പോയി .. വൈകുന്നേരം അവൻ വീട്ടിലേക്ക് വരുന്നതും കാത്ത് അവൾ നിന്നു , ഓഫീസ് കഴിഞ്ഞു വന്നുള്ള അവന്റെ സ്നേഹപ്രകടനങ്ങൾ അന്ന് അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു.

കുളിയെല്ലാം കഴിഞ്ഞ് അകത്തെ സോഫയിൽ ഇരിക്കുമ്പോളാണ് മകളെ കട്ടിലിൽ കിടത്തി ശ്യാമിന്റെ മുന്നിലേക്ക് അവൾ വീണ്ടും ചെന്നത്. അവന് എതിർവശത്തുള്ള സോഫയിൽ ഇരുന്ന അവൾ വശ്യമായ പുഞ്ചിരിയോടെ അവനെ നോക്കി.

എന്ത് പറ്റി പെണ്ണേ ഇന്നെന്താ ഒരു പ്രത്യേക സ്നേഹം???? അവളെ നോക്കി അത് ചോദിക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചതെയുള്ളൂ…

അപ്പോൾ എങ്ങനെയാ ഏട്ടാ എപ്പോളാ ഞങ്ങളെ ഇല്ലാതാക്കുന്നത്?? ആഹാരത്തിൽ വിഷം കലർത്തി ആണോ,അതോ മറ്റെന്തെങ്കിലും മാർഗം കണ്ടുവച്ചിട്ടുണ്ടോ???

പ്രതീക്ഷിക്കാതെയുള്ള ശ്യാമയുടെ ചോദ്യം കേട്ട് ശ്യാം ഞെട്ടി.

നീ… നീ എന്തൊക്കെയാ ഈ പറയുന്നത്?? നിനക്ക് ഭ്രാന്താണോ????

ഭ്രാന്ത്…. എനിക്കാണോ ശ്യാം ഭ്രാന്ത് .??. നിനക്ക് ,നിനക്കല്ലേ അത് ,?? അമല അവളല്ലേ നിന്റെ ഭ്രാന്ത്….

നീ… നീ എങ്ങനെ……

എല്ലാം ഞാൻ സഹിക്കുമായിരുന്നു ശ്യാം , നിനക്ക് വേണ്ടി ഞാൻ മാറിത്ത രുമായിരുന്നു.. അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. എന്നാൽ എപ്പോൾ നമ്മുടെ മകളെ ഇല്ലാതാക്കാൻ നീ തീരുമാനിച്ചോ അത് എനിക്ക് സഹിക്കാൻ കഴിയില്ല ശ്യാം.

ഞങ്ങൾക്ക് ജീവിക്കണം.. അല്ലെങ്കിലും ഞങ്ങൾ എന്തിന് മരിക്കണം ? തെറ്റ് ചെയ്തത് നീയല്ലേ?? അപ്പോൾ മരിക്കേണ്ടത് നീയല്ലേ???

ഡീ… നിന്നെ ഞാൻ….

വേണ്ട ശ്യാം ,ആവേശം വേണ്ട… നിനക്കിനി നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കുറച്ചുനിമിഷങ്ങൾക്ക് മുൻപ് നീ കുടിച്ചത് നിന്റെ അവസാന പാനീയമായിരുന്നു. ഇനി നിനക്ക് യാത്രയാകാം .

എന്റെ മകൾക്കും എനിക്കും ജീവിക്കണം, ആരെയും ഭയക്കാതെ ഞങ്ങൾക്ക് ജീവിക്കണം അതിന് ഇനി നീ വേണ്ട ശ്യാം….

അത്രയും പറഞ്ഞ് അവൾ മകൾക്കടുത്തേക്ക് നടക്കുമ്പോൾ ശ്യാമിന്റെ വായിൽ നിന്ന് രക്തത്തുള്ളികൾ നിലത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. മുറിക്കുള്ളിൽ തന്നെ നോക്കി പുഞ്ചിരിക്കുന്ന മകളെ അവൾ മാറോട് ചേർത്തു. ആ കുഞ്ഞു പുഞ്ചിരിയിൽ അവളുടെ ജീവിതത്തിൽ പുതുവർണങ്ങൾ വിടർന്നു തുടങ്ങിയിരുന്നു……….

ഇനിയവൾക്ക് തന്റെ മകളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കണം താൻ തിരികെ വരുന്നത് വരെ ഈ പുഞ്ചിരി സമ്മാനിച്ച നിറങ്ങൾ അവൾക്കൊരു മുതൽക്കൂട്ട് ആവട്ടെ ല്ലേ…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *