അതല്ലാ, ചെക്കൻ കാണാൻ യോഗ്യൻ, ടൌണിൽ ജോലിക്ക് പോകുമ്പോ ആരൊക്കെ കാണണതായിരിക്കും.. വല്ല പൈസക്കാ൪ക്കും മോഹുദിച്ചുച്ചാല്……..

വയൽക്കിളികൾ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

അല്ല, എന്താ നിങ്ങൾ കണ്ട കഥ? പെണ്ണിനിത് ഇരുപത്തിമൂന്നാ വയസ്സ്..

അതിനെന്താ?

അവര് രണ്ടുപേരും മിണ്ടീം പറഞ്ഞും വയൽവരമ്പിലൂടെ പോണത് കാണണില്ലേ?

അവരിങ്ങനെ മിണ്ടീം പറഞ്ഞും പോണത് ഇതാദ്യായിട്ടൊന്നുമല്ലല്ലോ.. ഓ൪മ്മ വെച്ചനാൾ മുതൽ പാലുവാങ്ങാനായി ഉമ വയലിനക്കരെ പോകാറുണ്ട്. ഹരിയാണെങ്കിൽ ഇപ്പുറത്ത് വായനശാലയിൽ വന്ന് നിത്യവും കുറച്ചുനേരം വായിച്ചിട്ടുപോകുന്നത് ശീലവുമാണ്. അവൻ മടങ്ങുമ്പോഴവളോട് പാലുവാങ്ങാൻ പോണ്ട എന്ന് നീ പറഞ്ഞ് നോക്ക്, അവള് കേൾക്കുമോ ന്നറിയാലോ..

പിന്നേ… നേരത്തേ പോയിട്ടെന്തിനാ, വാസ്വേട്ടൻ പശൂനെ കറന്നാലല്ലേ പാല് തരാൻ പറ്റൂ.. പിന്നെ വൈകിയാ ഇരുട്ട് വീഴൂലേ.. ഇവിടെ ഇപ്പാരാ പിന്നെ ദിവസോം പാല് വാങ്ങാൻ പോകാനുള്ളത്..

അപ്പോ നിനക്കറിയാ, നിന്റെ മോള് അതൊന്നും പറഞ്ഞാ കേക്കില്ലാന്ന്..

വല്യ ഗോപാലൻ മാഷാണ് ന്ന് പറഞ്ഞ് പേപ്പറും വായിച്ചിരുന്നാ പോര, പിള്ളേരുടെ കാര്യത്തിലൊരു തീരുമാനം ണ്ടാക്കണം..

അതിന്പ്പെന്താ, നാരായണേട്ടനോട് ഞാമ്പറയാം..

അയ്യടാ, പെണ്ണിന്റെ വീട്ടീന്ന് അങ്ങോട്ടല്ല ആലോചന പോണ്ടത്, അവരിങ്ങടാ വരേണ്ടത്..

എന്നാ ഹരിയോട് പറയാം…

പറയണം, അവരിങ്ങനെ മിണ്ടീം പറഞ്ഞും പോണത് നാട്ടാര് മുഴുവൻ കണ്ടോണ്ട് നിപ്പാണ് എന്നോ൪മ്മവേണം..

അവരിതേത് കാലം കാണണതാ.. ഹരി അവളുടെ മുഖത്ത് പോലും നോക്കില്ല, വരമ്പിൽ നോക്കി കൈയിലുള്ള പുസ്തകോം വീശി അങ്ങനെ നടക്കും..
കാണുന്നോ൪ക്കെന്താ, നോക്കുമ്പം നമ്മുടെ മോള് അവന്റെ പിറകേ സംസാരിച്ചോണ്ട് നടക്കുന്നു..

എന്നാപ്പിന്നെ അവളോട് പറയാം, മിണ്ടലും പറയലുമൊക്കെ ഇക്കാണുന്ന ആളോള് മുഴുക്കെ കാൺകേ വയലിനു നടൂല് വെച്ച് വേണ്ടാന്ന്…

എടീ, അവരെ വയലിൽ നോക്കിയാ കാണണ സ്ഥലത്തൂടെ നടന്നുകൊണ്ട് മിണ്ടാനും പറയാനും വിടണതല്ലേ നല്ലത്… ഒന്നൂല്ലെങ്കി, ഇക്കരയും അക്കരയും ഉള്ള നാട്ടാരുടെ മുഴുവൻ കണ്ണും അവരുടെ മേല്ണ്ടാവും. അതിന് സാധിക്കാഞ്ഞാ, അവര് എവിടെ വെച്ചൊക്കെയാ കാണുക എന്ന് പറയാമ്പറ്റില്ല..

ആളോൾക്ക് മുഴുവൻ അസൂയയാ, ഉമ പാവാടയും ബ്ലൌസുമിട്ട് ഹരീടെ പിറകേ കുണുങ്ങിനടക്ക്ണത് കാണാനേ നല്ല ചേലാന്ന് ഇന്നലേം കൂടി വടക്കേതിലെ ഗൌരിയേടത്തി പറഞ്ഞു. പഠിപ്പൊക്കെ കഴിഞ്ഞില്ലേ, ഇനിയിങ്ങനെ വെച്ച്നിക്കണാ ശാന്തേ ന്ന് എന്നോടൊരു ചോദ്യോം..

ഓ, അതാ നിനക്ക് ഇത്രവേഗം അവരെ കല്യാണം കഴിപ്പിക്കാൻ തിരക്കായത്?

വേഗോ? ഹരി എഞ്ചിനീയറിങ് കഴിഞ്ഞ് ജോലിക്ക് കേറീറ്റ് വ൪ഷം രണ്ട് കഴിഞ്ഞില്ലേ… നമ്മുടെ മോൾക്കും റിസൽട്ട് വന്നാൽ വല്ല കോളേജിലും ടീച്ചറാവാൻ പറ്റും ന്നല്ലേ നിങ്ങള് പറഞ്ഞത്..

ഇന്നലെ വിക്രമന്റെ ചായപ്പീടികേലിര്ന്നപ്പോ ആടന്നാരൊക്കെയോ പറേണത് ഞാനും കേട്ടു..

എന്ത്?

നാരായണേട്ടന്റെ വീടും തിരക്കി ഒരു കാറ് നെറച്ചും ആളോള് വന്നിറ്റ് പോയിനീന്ന്.. കല്യാണാലോചനയാന്നാ അവരുടെ കണ്ടുപിടുത്തം…

ന്റെ തേവരേ… ങ്ങളിത് ഇപ്പാ പറേണത്!

ഓ, അവര് മറിച്ച് ചിന്തിച്ചാ നമുക്ക് എന്തുചെയ്യാൻ പറ്റ്വെടീ…

ഏയ്, ഹരിക്ക് ഉമേന ജീവനാ, അവനവളെ വിട്ടുകളയില്ല..

നിനക്കത്ര ഉറപ്പുണ്ടെങ്കി പിന്നെന്തിനാ ഈ വെപ്രാളോം പരവേശോം?

അതല്ലാ, ചെക്കൻ കാണാൻ യോഗ്യൻ, ടൌണിൽ ജോലിക്ക് പോകുമ്പോ ആരൊക്കെ കാണണതായിരിക്കും.. വല്ല പൈസക്കാ൪ക്കും മോഹുദിച്ചുച്ചാല് എന്തെല്ലാം മാർഗ്ഗം നോക്കും…

അതാരാ ശാന്തേ, ഉമയോട് വ൪ത്തമാനോം പറഞ്ഞു ഇങ്ങോട്ട് വരണത്?

അത് ഹരീടെ‌ അച്ഛനല്ലേ..

ഇതെന്താപ്പോ ഇങ്ങോട്ട് ങ്ങനെ ഒരു വരവിന്റെ ഉദ്ദേശം…

ഇനി സ്കൂളിലെ കാര്യന്തെങ്കിലും ചോയ്ക്കാനോ പറയാനോ ആണോ… മൂത്ത മോളുടെ കുട്ടിയെ സ്കൂളിൽ ചേ൪ക്കാനായോ ന്തോ..

അല്ല, നാരായണേട്ടനാ, വാ കയറി ഇരിക്ക്.. എന്തൊക്കെയാ വിശേഷം?

അതെന്താന്നറിയോ ഗോപാലൻമാഷേ.. കൊറച്ചുദെവസായി വിചാരിക്ക്ന്ന്, ഹരീന്റെ അമ്മേം പറഞ്ഞു, ഇവിടെ വന്ന് ഉമേന പെണ്ണ് ചോദിക്കണം ന്ന്.. നമ്മൾ തമ്മിൽ ഇതുവരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിറ്റ്ല്ലല്ലാ… മറ്റ് ബന്ധുക്കളെ കൂട്ടി വരണതിന് മുമ്പേ ഒരുവാക്ക് ഗോപാലൻമാഷിനോട് ചോയ്ച്ചിറ്റ് വരാം ന്ന് കര്തി.

അത് നന്നായി..

നിങ്ങക്ക് ഇഷ്ടക്കൊറവൊന്നുല്ലല്ലോ, അല്ലേ?

ഏയ്, എന്തിന്.. അവര്ക്ക് അതാ ഷ്ടം ന്ന് വെച്ചാ അവര് അതുപോലെ ജീവിക്കട്ടെ..

ഉമേ നാരായണേട്ടന് ചായ കൊടുക്കൂ മോളേ..

ന്നാപ്പിന്നെ അതങ്ങ് ഉറപ്പിക്കാല്ലേ?

പിന്നെന്താ..

അച്ഛാ, അതെങ്ങനെയാ, നമ്മളോട് ഒരുവാക്ക് ചോദിക്കാതെ നിങ്ങള് വല്യ ആളോള് മാത്രം തീരുമാനിച്ചാ മതിയോ? നാരായണേട്ടൻ ഈ ചായ കുടിക്ക്. എന്നിട്ട് പോയിട്ട് നാളെ വാ, അപ്പോ ഞാൻ പറയാം ന്റെ തീരുമാനം..

ദെന്താടീ, നീയീ പറേണത്?

നിങ്ങള് രണ്ടുപേരും ഇഷ്ടത്തിലല്ലേ?

ഈ നാട്ടുകാര് മുഴുവൻ കാണണതല്ലേ എന്നും വൈകുന്നേരാവുമ്പോ ഹരി വായനശാലേന്ന് വീട്ടിലേക്ക് മടങ്ങുമ്പോ നീ പാലിന് വാസ്വേട്ടന്റെ വീട്ടിലേക്ക് അവന്റെ കൂടെ മിണ്ടീം പറഞ്ഞും പോണത്..

അത് നമ്മള് ഇഷ്ടം പറഞ്ഞു നടക്കണതാന്നാ നിങ്ങളുടെയൊക്കെ വിചാരം?

പിന്നെ?

വേറെന്താ?

അതെന്താ മോളേ?

ഞങ്ങള് ചെറുപ്പത്തില് തോട്ടില് വീണതും വരാലിനെ പിടിച്ചതും മഴ വന്നപ്പോ കൊട എട്ക്കാത്ത ദെവസം ഓടി വരമ്പിലെ ചളിയിൽ വഴുതി വീണതും അങ്ങനെ കൊറേ ഓ൪മ്മകളും രസങ്ങള്വാ പറയാ..

പിന്നെ കണക്ക് മാഷ് സ്ലേറ്റില് തര്ന്ന പത്തിൽ പത്ത് മാ൪ക്ക് മാഞ്ഞ്പോവാണ്ട് വീട്ടിൽ കൊണ്ടോവ്ന്ന കഥകൾ..

അച്ഛാ, അച്ഛനെ കുട്ടിക്കാലത്ത് ഹരിയേട്ടന് എന്ത് പേടിയാരുന്നു ന്നറിയ്യ്വോ? പിന്നെ പരീക്ഷക്ക് ക്ലാസ്സിൽ ഫസ്റ്റായതിന് രണ്ട് പുസ്തകം അച്ഛൻ സമ്മാനം കൊടുത്തപ്പഴാ ആ പേടിയൊക്കെ പോയത്… ലൈബ്രറീല് കൂട്ടിക്കൊണ്ടുപോയി അച്ഛൻ മെമ്പ൪ഷിപ്പ് എടുപ്പിച്ചതൊക്കെ എപ്പോഴും പറയും…

അല്ലാ, ഉമേ, അതൊക്കെ ശരി, പക്ഷേ നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് ഇതുവരെ പറയാഞ്ഞതെന്തേ…

ഞാനത് ഇതുവരെ ആലോചിച്ചിട്ടില്ലാ അമ്മേ… ഇന്നുമുഴുവൻ ഞാനൊന്ന് ആലോചിച്ചിട്ട് നാളെ പറയാം, പോരെ?

ദേ, അവള് ഒരു കൂസലില്ലാതെ ചിരിച്ചോണ്ട് അകത്തേക്ക് കയറിപ്പോണത് കണ്ടാ.. ഇങ്ങനെയുമുണ്ടോ പെണ്ണ്?

അതേയ്, നാരായണേട്ടാ, ഹരിയോട് കൂടി ഒന്നു ചോദിച്ചു നോക്കണേ… ഇനി എന്നെ പേടിച്ചിറ്റ് എന്റെ മോളെ വേണ്ടാന്നങ്ങാനും അവനും പറഞ്ഞുകളയ്യ്വോ…

ഹഹഹ, ഈ പിള്ളേരുടെ ഒരു കാര്യം.. ഞാൻ ചോദിച്ചിട്ട് നാളെ വരാം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *