വല്യമ്മച്ചി കഴിക്കാൻ പറഞ്ഞെങ്കിലും അമ്മായിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. അമ്മാവനൊന്ന് വന്ന് കിട്ടിയാൽ മതിയാരുന്നെന്ന് മാത്രേ……..

Story written by Adam John à

അമ്മാവൻ പുറത്തെങ്ങാണ്ടോ പോയ സമയത്താണ്. വല്യമ്മച്ചി പതിവ് പോലെ അമ്മായിയെ ദോശ ചുടാൻ ഏൽപ്പിച്ചോണ്ട് മീൻ കറി വെക്കാനുള്ള തയാറെടുപ്പിലാരുന്നു. വല്യമ്മച്ചി മൺചട്ടിയിൽ മീൻ കറി വെക്കുന്നത് കാണാൻ തന്നെ എന്ത് രസവാന്നോ.കല്ലുപ്പും മുളകും പുളിയുമൊക്കെ ചേർത്തോണ്ട് തിരുമ്മിക്കുഴച്ചു സ്വല്പം എണ്ണയും ഒഴിച്ചോണ്ട് അടുപ്പേൽ വെക്കുന്നത് കാണുമ്പോ തന്നെ വായിൽ വെള്ളമൂറും. അതിന്റൊപ്പം ദോശയോ വെള്ളപ്പമോ ആണേൽ പിന്നേ പൊളിച്ചു.

മീൻവെട്ടിത്തിളച്ചോണ്ടിരിക്കുമ്പോഴുണ്ട് പെട്ടെന്നമ്മായി വെളിയിലെക്കോടുന്നു. ഈ കൊച്ചിനിതെന്നാ പറ്റിയെന്നും ചോദിച്ചോണ്ട് വല്യമ്മച്ചി പിറകെയും. വാഴച്ചോട്ടിൽ കുനിഞ്ഞു നിന്നോണ്ട് ഓക്കാനിക്കുവാരുന്ന അമ്മായിയെ കണ്ടപ്പോ തന്നെ ഒത്തിരി തവണ ഓക്കാനിച്ചിട്ടുള്ള വല്യമ്മച്ചിക്ക് കാര്യം മനസ്സിലായി. അന്നൊക്കെ വാഴയുടെ അല്ലേൽ കറിവേപ്പിലയുടെ അതുമല്ലേൽ തെങ്ങിന്റെ ചോട്ടിലൊക്കെയാരുന്നു പ്രെഗ്നൻസി ടെസ്റ്റ് നടത്താറുള്ളത്.

കീഴവഴക്കങ്ങളൊന്നും തെറ്റിക്കാതെ അങ്ങനെ അമ്മായിയും ഗർഭിണിയായി. ഗർഭിണി ആയതിനേക്കാളും അമ്മായിടെ സന്തോഷം ഇക്കാര്യം അമ്മാവനെ അറിയിക്കുന്നത് ഓർത്താരുന്നു. കാരണം ഒത്തിരി സിനിമേൽ അമ്മായി കണ്ടിട്ടുള്ളതാ. ഭാര്യ ഗർഭിണി ആണെന്നറിയുമ്പോ ഭർത്താവ് എടുത്തു യർത്തുന്നതും നിറയെ ചുംബിക്കുന്നതുമൊക്കെ. പിന്നീടങ്ങോട്ട് ഭാര്യയുടെ ഇഷ്ടങ്ങൾ സാധിക്കാനായി നെട്ടോട്ടമൊടുകയും പുളിമാങ്ങ പറിച്ചോണ്ട് വരികയും വയറിൽ തലയിണ കെട്ടി വെച്ചോണ്ട് ഗർഭിണിയെ പോലെ നടന്ന് ഭാര്യയെ ചിരിപ്പിക്കുക യുമൊക്കെ ചെയ്യുന്ന അമ്മാവൻ ഭർത്താവിനെ മനക്കണ്ണിൽ കണ്ട് ഊറിച്ചിരിച്ചോണ്ട്അ മ്മായി മെല്ലെ അടിവയറ്റിൽ തലോടി.

ക്ഷീണവാണേൽ വല്ലതും കഴിച്ചോണ്ട് കിടന്നോളൂ കൊച്ചെന്നും പറഞ്ഞോണ്ട് വല്യമ്മച്ചി പശുവിനെ അഴിച്ചു കെട്ടാനായി പോയി. ആ സമയത്താരുന്നു വാഴക്കയ്യിൽ ഇരുന്നോണ്ട് ഈ മനുഷ്യൻ ഇതെങ്ങോട്ട് പോയീന്നുള്ള മട്ടിൽ ചുറ്റിനും നോക്കി കാക്കപ്പെണ്ണ് കണവനെ നീട്ടി വിളിക്കുന്ന മട്ടിൽ കരഞ്ഞത്. വല്യമ്മച്ചി പോ കാക്കേ ന്ന് പറഞ്ഞതും ഈ തള്ളക്കിതെന്നാത്തിന്റെ കേടാന്ന് മനസ്സിലോർത്തോണ്ട് കാക്ക തെങ്ങോല ലക്ഷ്യമാക്കി പറന്ന് പോയി.

വല്യമ്മച്ചിയുടെ വിചാരം കാക്ക കരഞ്ഞാൽ ആരേലും വിരുന്നുകാര് വരുമെന്നാ. വരുന്നതോണ്ടല്ല പ്രശ്നം. വന്നാലെന്ത് എടുത്തു കൊടുക്കുമെന്നുള്ളതാ. ബേക്കറി എന്തേലും കൊണ്ട് വെച്ചാലും മണിക്കൂറുകൾക്കകം അതമ്മാവന്റെ ആമാശയത്തിലോട്ട് കേറിപ്പോവും. അതോണ്ട് പെട്ടെന്നാരേലും കേറി വന്നാൽ ഉണ്ടാക്കി ക്കൊടുക്കാനായി അരിമാവ് കലക്കി ഉണക്കി പത്തായത്തിൽ സൂക്ഷിച്ചേക്കുവാ. ഒന്നും കിട്ടീല്ലേൽ അമ്മാവൻ പത്തായത്തേൽ ഇറങ്ങി അതെടുത്തോണ്ട് കഴിക്കുന്ന കാണാം. വല്ലാത്തൊരു ജന്മമാണ്.

ഇതൊക്കെ കണ്ടാലും വല്യപ്പച്ചൻ ഒന്നും മിണ്ടുകേല. വേറൊന്നും കൊണ്ടല്ല. മിണ്ടിയാൽ വല്യമ്മച്ചി പറയാ ആ ചെറുക്കന് വിശന്നിട്ട് കഴിക്കുന്നതല്ലെ അതിന് നിങ്ങൾക്കെന്താ ന്നാ.

വല്യമ്മച്ചി കഴിക്കാൻ പറഞ്ഞെങ്കിലും അമ്മായിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. അമ്മാവനൊന്ന് വന്ന് കിട്ടിയാൽ മതിയാരുന്നെന്ന് മാത്രേ മനസ്സിലുണ്ടാരുന്നുള്ളൂ. ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. പാലവും കടന്നോണ്ട് കഥാ നായകൻ മുറ്റത്തേക്ക് കേറി വന്നു. കാൽ പെരുമാറ്റം കേട്ടതും അമ്മായി ചാടിപ്പിടഞ്ഞെഴുന്നേറ്റ് പുറത്തേക്ക് വന്നു. ഇവൾക്കിതെന്നാ പറ്റിയെന്നുള്ള മട്ടിൽ അമ്മായിയെ നോക്കിക്കൊണ്ടിരുന്ന അമ്മാവനോട് വിശേഷങ്ങളൊക്കെ പറഞ്ഞു കേൾപ്പിച്ചിട്ടും ഒരു ചിരി ബമ്പർ ചിരിയിലെ നസീർക്കാന്റെ കൂട്ട് അമ്മാവന് യാതൊരു ഭാവ മാറ്റാവുമില്ല. നീ കഴിക്കാനെടുക്കെന്നും പറഞോണ്ടമ്മാവൻ അകത്തോട്ട് പോയി.

അപ്രതീക്ഷിതമായ അമ്മാവന്റെ പെരുമാറ്റത്തിൽ വിഷമം വന്നെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ അമ്മാവന് ഭക്ഷണം വിളമ്പി ക്കൊടുത്തോണ്ട് അമ്മായി മുറിയിലോട്ട് ചെന്ന് കിടന്നു. എടുത്തു യർത്തുന്നത് പോട്ടെ നീ വല്ലതും കഴിച്ചോന്ന് പോലും ചോദിക്കാഞ്ഞതിൽ അമ്മായിക്ക് നല്ല സങ്കടവുണ്ടാരുന്നു. ആർക്കായാലും തോന്നില്ലേ.

അല്പനേരം കഴിഞ്ഞു കാണും അടുക്കള ഭാഗത്തൂന്ന് എന്തോ ശബ്ദം കേട്ടങ്ങോട്ടേക്ക് ചെന്ന അമ്മായി കാണുന്നത് ഗർഭിണിയെ പോലെ വയർ വീർപ്പിച്ചോണ്ട് നടന്ന് വരുന്ന അമ്മാവനെയാണ്. അമ്മായിക്ക് ഭയങ്കര സന്തോഷവായി. അല്പനേരത്തേക്കെങ്കിലും അമ്മാവനെ തെറ്റിദ്ധരിച്ചതിൽ കുറ്റബോധവും തോന്നി. ഇതെങ്കിലും കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്ന സന്തോഷത്തോടെ അമ്മാവനെ കെട്ടിപ്പിടിക്കാൻ ചെന്നതും കുപ്പായത്തി നകത്തോട്ട് ഒളിപ്പിച്ചു കടത്താൻ നോക്കിയ ഓട്ടുരുളി താഴെക്ക് വീണു ഉരുണ്ടു പിരണ്ടെങ്ങോട്ടോ പോയി.

നിനക്കെന്നാ വട്ടായോടീന്നും ചോദിച്ചോണ്ട് അമ്മായിയെ തള്ളി മാറ്റിക്കൊണ്ട് ഉരുളിക്കായി പരതുമ്പോഴുണ്ട് ദേ ഉരുളിയും പിടിച്ചോണ്ട് വല്യമ്മച്ചി പടിവാതിൽക്കൽ നിക്കുന്നു.

അതടിച്ചു മാറ്റി വിൽക്കാനുള്ള പരിപാടിയാണെന്ന് വല്യമ്മച്ചിക്കറിയാരുന്നത് കൊണ്ടും ഇനിയിവിടെ നിന്നാൽ വിറക് കൊള്ളിക്ക് കിട്ടുമെന്ന് ഉറപ്പുള്ളതോണ്ടും അമ്മാവൻ അടുക്കള ജനാല വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

ഇങ്ങനൊരെണ്ണം എന്റെ വയറ്റിൽ തന്നെ ജനിച്ചല്ലോയെന്ന് വല്യമ്മച്ചിക്കും ഇങ്ങേരുടെ കൊച്ചിനെയാണല്ലോ ഒമ്പത് മാസം ചുമക്കണ്ടേയെന്നോർത്ത് അമ്മായിക്കും ആ കാഴ്ച കണ്ട് നിക്കാനെ സാധിച്ചുള്ളൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *