അതോടെ അവൾക്ക് ആ മെസേജ് മുഴുവൻ വായിക്കാൻ കൌതുകമായി. നിഖിൽ പറഞ്ഞിട്ടുണ്ട് ഇൻബോക്സിൽ ആരുവന്നാലും ചാറ്റിന് പോകരുത്……

ഇൻബോക്സ്

എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി

ജോലികളൊക്കെ തീ൪ന്ന് കുളിച്ചുവരുമ്പോഴേക്കും പതിനൊന്ന് മണിയെങ്കിലുമാകും. ഫേസ്ബുക്ക് തുറക്കുന്നത് വല്ലതും വായിക്കാൻ മാത്രമാണ്.

എല്ലാവരും പോസ്റ്റ് ചെയ്യുന്നതുപോലെ ദിവസവും അന്നത്തെ തമാശകളും അമളികളും കുടുംബവിശേഷങ്ങളും അടുക്കള നുറുങ്ങുകളുമൊന്നും എഴുതുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല ജിഷ. വല്ലപ്പോഴും നടക്കാൻ പോകുമ്പോഴെടുക്കുന്ന ഫോട്ടോസ്, മാളിൽ നിൽക്കുമ്പോൾ മകൾ ഫോൺ പിടിച്ചുവാങ്ങി, അമ്മമ്മയ്ക്ക് നാട്ടിലേക്കയച്ചുകൊടുക്കാനാണെന്നു പറഞ്ഞ് എടുക്കുന്ന ഫോട്ടോസ്, വല്ല പാ൪ക്കിലും ചെന്നിരുന്നാൽ എടുക്കുന്ന ഫോട്ടോസ് ഒക്കെ ഫേസ്ബുക്കിലിടും. അത്രതന്നെ.

അതിനാണെങ്കിൽ ആകെ നാലും മൂന്നും ഏഴ് ലൈക്സ് കിട്ടും. ആകെ റിലേറ്റീവ്സും ഫ്രന്റ്സുമായി ഇരുന്നൂറ്റിമുപ്പത്തിഒമ്പതുപേ൪ മാത്രമുണ്ട് അതിൽ. ദുബായിൽ വന്നപ്പോൾ കുട്ടികളുടെകൂടെ ആദ്യമൊക്കെ അടിച്ചുപൊളിച്ച് ജീവിതം ആഘോഷമായിരുന്നു. ഈയിടെയായി ഒന്നിനും ഒരു ഉന്മേഷമില്ല.

തന്റെ കൂടെ പഠിച്ചവരെല്ലാം നാട്ടിൽ ഓരോ ജോലിചെയ്യുന്നു. താൻമാത്രം വെറും വീട്ടമ്മയായി ഇങ്ങനെ ഫ്ലാറ്റിനകത്ത് കുത്തിയിരിക്കുന്നു. ഓരോന്നോ൪ക്കുമ്പോൾ അവൾക്ക് കടുത്ത നിരാശതോന്നും.

ജിഷ ഒരു ദിവസം ഫേസ്ബുക്ക് തുറന്നതും മെസഞ്ചറിൽ മണിയടിയോടെ ഒരു വരി പാറിപ്പറന്നുവന്നു. അവളത് തുറക്കാറേയില്ലായിരുന്നു. പക്ഷേ ആ വരിയുടെ ആദ്യഭാഗം അവൾ വായിച്ചുപോയി.

എന്തിനാ ഈ വിഷാദഭാവം?

അതോടെ അവൾക്ക് ആ മെസേജ് മുഴുവൻ വായിക്കാൻ കൌതുകമായി. നിഖിൽ പറഞ്ഞിട്ടുണ്ട് ഇൻബോക്സിൽ ആരുവന്നാലും ചാറ്റിന് പോകരുത്, നിറയെ ഫേക് ഐഡികളായിരിക്കും എന്ന്. മറുപടി അയക്കില്ല എന്നുറപ്പിച്ച് ജിഷ ആ ഇൻബോക്സ് തുറന്നു.

അതിൽ അഞ്ചാറുമാസമായി ഏതോ ഒരു അറേബ്യൻസഞ്ചാരി കുറേ മെസേജസ് അയച്ചിട്ടുണ്ട്.. ജിഷ ഓരോന്നായി വായിച്ചുനോക്കി. എല്ലാം തലേന്ന് പോസ്റ്റ് ചെയ്ത ഫോട്ടോസിനെക്കുറിച്ചുള്ള അഭിപ്രായമാണ്.

ആദ്യത്തെ മെസേജ് ഇങ്ങനെ,

ഫോട്ടോ നന്നായിട്ടുണ്ട്,സുന്ദരിയാണ്.

രണ്ടാമതും ഇങ്ങനെ എഴുതിയിരിക്കുന്നു.

ഫോട്ടോ അടിപൊളി, സുന്ദരിയാണ്.

അടുത്ത മെസേജ് ഇങ്ങനെ ആയിരുന്നു,

ഇത്രയും ആളുകൾ ആഘോഷമായി ഒഴുകുന്ന ആ മാളിൽ എങ്ങനെയാണ് ഇത്രയും നി൪വ്വികാരമായ കണ്ണുകളോടെ നിൽക്കാൻ കഴിയുന്നത്?

അതോടെ ജിഷക്ക് വായിക്കാൻ ആകാംക്ഷയേറി.

അന്ന് മാളിൽപ്പോയത് നിഖിലുമായി വഴക്കിട്ടുകൊണ്ടാണ്. മോളുടെ ഷൂസ് കെട്ടിക്കൊടുത്തത് ശരിയായില്ല എന്നതായിരുന്നു കുറ്റം. മോന്റെ ടീഷ൪ട്ട് ചുളിഞ്ഞിരിക്കുന്നു, അയൺ ചെയ്ത് മടക്കിവെക്കാഞ്ഞതെന്താ എന്ന് അടുത്ത കണ്ടെത്തൽ. കാറിൽ നിന്നിറങ്ങി മാളിലേക്ക് കയറുമ്പോൾ എതിരേവന്ന ഒരാൾ മോളുടെ ദേഹത്ത് മുട്ടി കടന്നുപോയി. അയാളുടെ കൈയിലുള്ള ഒന്നുരണ്ട് സാധനങ്ങൾ തട്ടി താഴെപ്പോയി. ഉടനെ അതിനുംകിട്ടി വഴക്ക്.. താൻ ശ്രദ്ധിക്കാഞ്ഞിട്ടാണ്… അതൊക്കെ കേൾക്കേണ്ടിവന്ന സങ്കടവും ദേഷ്യവും മുഴുവൻ മുഖത്തുണ്ടായിരുന്നു ഫോട്ടോ എടുക്കുമ്പോൾ…

ദൈവമേ, ഇനി ആ എതിരേ വന്നയാളോ മറ്റോ ആണോ ഈ അറേബ്യൻ സഞ്ചാരി… തന്നെ നിഖിൽ ദേഷ്യപ്പെടുന്നത് അയാൾ തീർച്ചയായും കേട്ടിട്ടുണ്ടാവണം..

അടുത്ത മെസേജ് ജിഷ തിരക്കിട്ട് വായിച്ചു:

പാ൪ക്കിലെ പുല്ലിൽ എന്താ കളഞ്ഞുപോയത്?

ജിഷ ഓ൪ത്തുനോക്കി… പുല്ലിൽ എന്താ കളഞ്ഞുപോയത്..?

ഒന്നും നഷ്ടപ്പെട്ടില്ലല്ലോ…

അവൾക്ക് പരിഭ്രമം കൂടി. ഈ സഞ്ചാരി താൻ പുറത്തിറങ്ങുമ്പോഴൊക്കെ തന്നെ ഫോളോ ചെയ്യുന്നുണ്ടാകുമോ… അതോ അന്ന് തന്റെ പേഴ്സിൽനിന്നും വല്ലതും വീഴുന്നത് അയാൾ കണ്ടുകാണുമോ..

ജിഷ തന്റെ കൈവിരലുകളിലെ മോതിരങ്ങൾ ഒക്കെ അവിടെത്തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തി. വീണ്ടും മെസ്സേജ് വായിച്ചപ്പോൾ ആ ഫോട്ടോ എന്തായിരുന്നു എന്നറിയാൻ അവൾ തിരിച്ചു തന്റെ ഫോട്ടോസ് ഒന്നുകൂടി ചെക്ക് ചെയ്തു.

താൻ നിലത്തുനോക്കി പുല്ലിലൂടെ വിരലുകളോടിച്ച് അലസമായി ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. അതുകണ്ട് തമാശരൂപേണ എഴുതിയതാകാം എന്ന് മനസ്സിലായപ്പോൾ ജിഷക്ക് ചിരിവന്നു.

അടുത്ത മെസേജ് വായിച്ചതും ജിഷയാകെ വിയ൪ത്തു. അവൾക്ക് തലചുറ്റുന്നതുപോലെ തോന്നി. നടക്കാനിറങ്ങിയപ്പോൾ എടുത്ത ഒരു സെൽഫി പോസ്റ്റിയ ദിവസം അതുകണ്ട് എഴുതിയ ഒരു മോശം കമന്റ്… അതവളെ ആകെ ആശങ്കാകുലമാക്കി. ഇനി മുന്നോട്ട് വായിക്കണോ, നിഖിൽ വന്നാൽ പറയണോ എന്നൊക്കെയുള്ള ചിന്തകളോടെ അവൾ ഫോൺ ഓഫ് ചെയ്തു. സഞ്ചാരിയെ ബ്ലോക് ചെയ്യേണ്ടി വരുമെന്നും ജിഷ ഓർത്തു. ഇനി തന്നെ അറിയുന്ന ആരെങ്കിലും ആയിരിക്കുമോ ഈ ഫേക്ക് ഐഡിയുടെ പിറകിൽ… ഇതേ ബിൽഡിങ്ങിലോ അടുത്ത ഫ്ലാറ്റിലോ ആരെങ്കിലുമുണ്ടോ താനറിയാതെ തന്നെ ശ്രദ്ധിക്കുന്ന ഒരാൾ…

ഉച്ചയ്ക്ക് ഊണുകഴിക്കാനിരിക്കുമ്പോഴും ടിവി കാണൂമ്പോഴും വൈകിട്ട് പിള്ളേ൪ വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ സ്നാക്സ് ഉണ്ടാക്കുമ്പോഴും ജിഷ അതുതന്നെ ചിന്തിച്ചു. ഇനി നാട്ടിലെ അറിയുന്ന ആരെങ്കിലും ആവുമോ..?

ചിന്ത അത്രത്തോളം എത്തിയ ഉടനെ അവൾ വീണ്ടും അടുത്ത മെസ്സേജുകൾ വായിക്കണമെന്ന് തീരുമാനമെടുത്തു. അടുപ്പിൽ ഉണ്ടായിരുന്ന വെള്ളം തിളച്ചു തുടങ്ങിയതും ഗ്യാസ് ഓഫ് ചെയ്ത് അവൾ ഫോൺ എടുത്തു.

അടുത്ത മെസേജ് ഇങ്ങനെ ആയിരുന്നു:

നടത്തമൊക്കെ ഇത്തിരി കുറക്ക്… മെലിഞ്ഞിട്ടുണ്ട്.. ഗ്ലാമറൊക്കെ കുറഞ്ഞുതുടങ്ങി..

താൻ ഇത്രനാളും ഇതൊന്നും ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് ജിഷക്ക് അല്പം നിരാശ തോന്നി. അന്നുതന്നെ ബ്ലോക്ക് ചെയ്യേണ്ടതായിരുന്നു.. ഇത്രനാളും ഇതൊക്കെ എഴുതി വിട്ടത് താനറിയാതായിപ്പോയല്ലോ..

ഞാൻ മെലിഞ്ഞാൽ തനിക്കെന്താടോ എന്നൊരു മെസ്സേജ് എഴുതാൻ അവൾക്ക് കൈ തരിച്ചു. നിഖിലിന്റെ ദേഷ്യംവന്ന മുഖമോ൪ത്തപ്പോൾ അവൾ ഒരുപൊടിക്ക് അടങ്ങി. പക്ഷേ തിളച്ച രക്തം അതിന്റെ ഗുണം കാണിച്ചു. മേശപ്പുറത്തുവെച്ച സ്റ്റീൽഗ്ലാസ് വലിച്ചൊരേറ് കൊടുത്തു.

അടുത്ത മെസേജ് ഇങ്ങനെ ആയിരുന്നു:

എന്താടോ എന്റെ മെസേജൊന്നും വായിക്കാത്തത്? ഞാനൊരു പാവം പാവം സഞ്ചാരിയാണ്.. കൂടെവന്നാൽ കുറേ നാടുകൾ കാട്ടിത്തരാം.. കഥകൾ പറഞ്ഞ്, പാട്ടുകൾ പാടി നമുക്ക് ചോയ്ച്ച്ചോയ്ച്ച് പോവാം..

അതിനൊപ്പം ഒരു ഇളിഞ്ഞ ഇമോജിയും.. അത് കണ്ടപ്പോൾ ജിഷക്ക് വീണ്ടും പെരുവിരലിൽ നിന്നും ഒരു തരിപ്പ് മേലോട്ട് കയറിവന്നു. നിന്റെ ചിരി ഞാനിന്ന് മാറ്റിത്തരാമെടാ, എന്റെ ഭ൪ത്താവ് ഒന്നിങ്ങ് വന്നോട്ടെ, ഞാനെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്തവളാണെന്ന് വിചാരിച്ചോ.. എന്നിങ്ങനെ എഴുതിത്തള്ളാൻ കലിപൂണ്ടുനിന്നു അവൾ..

മനസ്സു പറഞ്ഞു:

സംയമനം… നിഖിലിന്റെ ദേഷ്യം…

അവൾ പിന്നെയും തണുത്തു. അടുത്ത മെസ്സേജിലേക്ക് കടന്നു.

ഈ ഫോട്ടോയിൽ ഇട്ട ചൂരിദാ൪ ലുലുമാളിൽനിന്നും വാങ്ങിയതല്ലേ? അതിന്റെ പ്രൈസ് പിടിച്ചുനോക്കി കുറേനേരം വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു നോക്കി അല്ലേ? തനിക്ക് നന്നായി ഇണങ്ങുന്നുണ്ട്..

ജിഷയുടെ കണ്ണുകൾ ലുലുമാളിൽ അന്ന് ഷോപ്പിങ്ങിന് പോയപ്പോൾ തന്റെ ചുറ്റുമുണ്ടായിരുന്ന പലരിലേക്കും സങ്കല്പത്തിൽ യാത്രചെയ്തു. ഏതെങ്കിലും മുഖം തനിക്ക് പരിചയമുള്ളതായി അവിടെ കണ്ടിരുന്നോ… ആരെങ്കിലും തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി തോന്നിയിരുന്നോ.. കുറച്ച് സമയം അതൊക്കെ ആലോചിച്ചു നിന്നു.. ഒരു പിടുത്തവും കിട്ടുന്നില്ല…

കുട്ടികൾ വന്നിട്ടും, അവരുടെ ഡ്രസ്സ് മാറ്റി കുളിപ്പിച്ച് ഭക്ഷണം കൊടുത്ത്, ഹോംവർക്ക് ചെയ്യാൻ ഇരുന്നിട്ടും, മനസ്സിൽ ആ മെസേജുകൾ ഒക്കെ കൊടുങ്കാറ്റ് വാരിവിതറി കടന്നുപോയ്ക്കൊണ്ടിരുന്നു. ഇനിയൊരു മെസ്സേജ് കൂടി വായിക്കാൻ ഉണ്ട്. അതുകൂടി വായിക്കാൻ അവൾക്ക് ധൃതിയായി. നിഖിൽ വരുന്നതിനുമുമ്പ് അതുകൂടി വായിച്ച് ഒരു തീരുമാനമെടുക്കണം. അവൾ മനസ്സിലുറപ്പിച്ചു.

ഫോൺ എടുത്തതും ബെൽ മുഴങ്ങി. പോയി വാതിൽതുറന്നു. മുന്നിൽ നിഖിൽ നിൽക്കുന്നു. കുറച്ചുസമയത്തേക്ക് ജിഷക്ക് ഫോൺ നോക്കാൻ സാധിച്ചില്ല. നിഖിൽ കുളിക്കാൻ കയറിയതും അവൾ ഫോൺ തുറന്നതും ഒരു മെസ്സേജ് കൂടി പാറിപ്പറന്നുവന്നു. രണ്ടു മിനിറ്റ് മുമ്പ് മാത്രം അയച്ചത്. അവസാനം വായിക്കാൻ ബാക്കിവെച്ച മെസ്സേജ് ഇപ്രകാരമായിരുന്നു:

താൻ വായിക്കുന്നില്ല എന്ന് അറിയാമെങ്കിലും തനിക്ക് വല്ലതുമൊക്കെ എഴുതുമ്പോൾ എന്തൊരു സുഖമാണെന്നോ..

പല്ല് കടിച്ച് ഞെരിച്ച് അവസാനം വന്ന മെസേജ് കൂടി വായിച്ചു:

കണ്ടു അല്ലേ? ഇന്ന് എല്ലാംകൂടി ഒറ്റയടിക്ക് വായിച്ചു കഴിഞ്ഞപ്പോൾ എന്തു തോന്നി..?

‘അറേബ്യൻ മണലിനകത്ത് നിങ്ങളെ കുഴിച്ചിടാൻതോന്നി’ എന്നൊരു കമന്റ് എഴുതി ജിഷ അയാളെ ബ്ലോക്ക് ചെയ്തു.

കുളിക്കാൻ കയറിയ നിഖിൽ ഉച്ചത്തിൽ ചിരിക്കുന്നത് കേട്ടപ്പോഴാണ് ജിഷക്ക് പെട്ടെന്ന് ബോധോദയമുണ്ടായത്.

അതുശരി… ഫോണെടുത്തു കുളിക്കാൻ പോകുമ്പോൾ എപ്പോഴും താൻ പറയാറുണ്ട്, എന്തിനാണ്? അത് വെള്ളത്തിൽ വീണുപോയാലോ..?

ആരെങ്കിലും വിളിച്ചാലോ എന്ന് കരുതിയാണ് എന്ന് പറയാറുണ്ടെങ്കിലും അതിനകത്ത് ഇതാണ്പണി എന്ന് ചിന്തിച്ചിട്ടില്ലായിരുന്നു.

ചുണ്ടിൽ ഒരു പുഞ്ചിരിയുമായി തല തുവർത്തിക്കൊണ്ട് ടോയ്ലറ്റിൽ നിന്നുമിറങ്ങിവന്ന നിഖിലിനോട് അവൾ ചോദിച്ചു:

അറേബ്യൻസഞ്ചാരിക്ക് ഒരു സ്ട്രോങ്ങ് ചായയെടുക്കട്ടെ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *