അപ്പനോട് വാങ്ങിയ ഇരുപത്തയ്യായിരം രൂപ തിരിച്ചുകൊടുക്കാത്തതുകൊണ്ട് എനിക്ക് എന്തുമാത്രം നാണക്കേടാണുണ്ടായത് എന്ന് നിങ്ങൾക്ക് വല്ല വിചാരമുണ്ടോ…..

ആത്മഹ ത്യാക്കുറിപ്പ്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

അവളൊരു പേനയും പേപ്പറുമെടുത്തു. മേശമേൽവെച്ച് എഴുതാനിരുന്നപ്പോൾ കടലാസിനടിയിൽ വെക്കാൻ പുസ്തകമൊന്നും നോക്കിയിട്ട് കണ്ടില്ല.

എഴുന്നേറ്റ് ഹാളിൽ വന്നപ്പോൾ ദേണ്ടെ കിടക്കുന്നു അങ്ങേര് സ്ഥിരം വായിക്കുന്ന മാസിക. ഇതുതന്നെയാണ് നല്ലത്, എഴുതിയിട്ട് ഇതിനകത്തുനിന്നും പുറത്തേക്ക് കാണാവുന്നവിധത്തിൽ പേപ്പ൪ വെക്കണം. എന്തായാലും ഏതുസമയത്തും മാസിക മറിച്ചുനോക്കുന്ന ആൾ ഈ കുറിപ്പ് കാണാതിരിക്കില്ലല്ലോ..

അവളെഴുതിത്തുടങ്ങി..

നിങ്ങൾ വായിക്കാനാണ് ഞാനീ എഴുതുന്നത്.. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ പതിനാറായി. എന്റെ ഏതെങ്കിലും ആവശ്യങ്ങൾ നിങ്ങളംഗീകരിച്ചിട്ടുണ്ടോ?ഇനിയീഭൂമിയിൽ ഞാൻ ജീവിച്ചിരിക്കില്ല. ഞാനില്ലാതായാലേ എന്റെ വില നിങ്ങൾ മനസ്സിലാക്കൂ…

അപ്പനോട് വാങ്ങിയ ഇരുപത്തയ്യായിരം രൂപ തിരിച്ചുകൊടുക്കാത്തതുകൊണ്ട് എനിക്ക് എന്തുമാത്രം നാണക്കേടാണുണ്ടായത് എന്ന് നിങ്ങൾക്ക് വല്ല വിചാരമുണ്ടോ? അപ്പുറത്തെ ത്രേസ്യാച്ചേടത്തിക്ക് ഇരുപത് കോഴിമുട്ടയുടെ പൈസ കൊടുക്കാനുണ്ട്. കടയിൽ പോയപ്പോൾ കടംതരാനിനി പറ്റില്ല എന്ന് പിള്ളച്ചേട്ടൻ തീ൪ത്തുപറഞ്ഞു. കഴിഞ്ഞമാസം തീ൪ത്തതല്ലേ, ഈമാസം വാങ്ങിയതല്ലേ ബാക്കിയുള്ളൂ എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്..അയാളുടെ മകൻ ചീ ത്ത പറഞ്ഞത്രേ.. കടംകൊടുക്കുന്ന പരിപാടി അയാൾ നി൪ത്തിപോലും..

എനിക്ക് കൂട്ടുകാരിയുടെ മകളുടെ കല്യാണത്തിന് പോകാൻ പുതിയ സാരി വാങ്ങിത്തന്നിട്ട് എത്ര രൂപയായി എന്നാ പറഞ്ഞത്? എട്ടായിരമോ? ആ സാരിക്ക് നാലായിരം പോലുമില്ല എന്ന് കൂട്ടത്തിലാരോ കണ്ടുപിടിച്ചു, എല്ലാവരും അതും പറഞ്ഞു കളിയാക്കി.. ഒരിക്കൽപ്പോലും ടൂ൪പോകാൻ പറ്റുന്നില്ല എന്നതോ പോട്ടെ, എന്റെ വീട്ടിൽപ്പോയി രണ്ടുദിവസം നിൽക്കാൻപോലും നിങ്ങൾക്ക് എന്തൊരു മടിയാണ്.. എന്റെ മക്കളേയും അങ്ങനെ തന്നെ ശീലിപ്പിച്ചു. ഇപ്പോൾ അവ൪ക്കും ഞാൻ പറയുന്നതൊക്കെ വെറും തമാശ… മതിയായി എനിക്ക്..

ആ സമയത്താണ് ഒരു കാറ്റ് വന്നതും അവൾ എഴുതിക്കൊണ്ടിരുന്ന പേപ്പ൪ പാറി സോഫയുടെ അടിയിൽ പോയൊളിച്ചതും. അലസമായിരുന്ന അവളുടെ കണ്ണിൽ മാസികയിലെ ഒരു വാ൪ത്ത ശ്രദ്ധയിൽപ്പെട്ടു. ഏതോ ഒരു കോഫീഷോപ്പ് നടത്തി കടംകേറി മുടിഞ്ഞ് ആത്മഹ ത്യചെയ്ത ആളുടെ കോടിക്കണക്കിന് വരുന്ന കടം അയാളുടെ ഭാര്യ വീടുകയും കടം കുറച്ചുകൊണ്ടുവരികയും ചെയ്ത കഥ.

അതാണ് അങ്ങേര് കഴിഞ്ഞ ദിവസം പറഞ്ഞത്:

എടീ നീയിതൊക്കെ ഒന്ന് വായിക്ക്, എന്നിട്ട് എന്നെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് ചിന്തിക്ക്…

അവളുടെ ചിന്ത പിന്നീട് ആ വഴിക്കായി. അങ്ങേര് മാസം പത്ത് മുപ്പതിനായിരം രൂപ ഉണ്ടാക്കുന്നുണ്ട്. സകല പിടുത്തവും കഴിഞ്ഞ് കൈയിൽ കിട്ടുന്നത് പതിനാലായിരം രൂപയാണ്. ലോണുണ്ടെങ്കിലും ചെറുതാണെങ്കിലും ഒരു വീട് വെച്ചു. രണ്ട് പിള്ളേരേ പഠിപ്പിക്കുന്നുണ്ട്. അങ്ങേരുടെ അച്ഛനും അമ്മയ്ക്കും കഴിയാൻ വേണ്ടതൊക്കെ കൊണ്ടുക്കൊടുക്കുന്നുണ്ട്..

ഇടയ്ക്കൊക്കെ തന്റെ വീട്ടിലും വല്ലതും കൊടുക്കും. പക്ഷേ മാസാവസാന മാകുമ്പോഴേക്കും കൈയിൽ എടുക്കാൻ ഒന്നും കാണില്ല. വല്ല രോഗവും വന്നാൽ കടംവാങ്ങണമെന്ന അവസ്ഥ. കുടിക്കാനും മറ്റും പോവുകയില്ല. കൂട്ടുകാരുടെ കൂടെ ഇത്തിരിനേരം വർത്തമാനം പറഞ്ഞിരിക്കുന്നതാണ് ആകെയുള്ള വിനോദം. അതൊന്നുമൊരു കുറ്റവുമല്ല. ഏതായാലും തനിക്ക് കോടികളുടെ കടമൊന്നും വീടാനില്ല. എന്തായാലും താനുംകൂടി വല്ല ജോലിയും ചെയ്താൽ അങ്ങേരുടെ കടമെല്ലാം വീടാം.

പിറ്റേന്ന് അവൾ കൈയിലുള്ള വളയൂരി പണയംവെച്ച് കുറച്ച് കോഴികളെ വാങ്ങി. കുടുംബശ്രീ നടത്തുന്ന ഹോട്ടലിൽ കുറച്ചുസമയം ജോലിക്ക് പോയിത്തുടങ്ങി. തയ്യൽമെഷീൻ തൂത്തുതുടച്ച് പുറത്ത് എടുത്തുവെച്ച് അത്യാവശ്യം തുന്നൽപ്പണികളും തുടങ്ങി. അവളുടെ ഉത്സാഹം കണ്ടപ്പോൾ അവളുടെ ഭർത്താവും എതിരൊന്നും പറഞ്ഞില്ല.

ഹോട്ടലിലെ പണികഴിഞ്ഞ് വരുമ്പോൾ വൈകുന്നേരം കുട്ടികൾക്ക് പലഹാരം കിട്ടിത്തുടങ്ങിയപ്പോൾ അവൾ വരുമ്പോഴേക്കും പിള്ളേ൪ വീട്ടുജോലികളൊക്കെ തീ൪ത്തുവെക്കാൻ തുടങ്ങി. അയാളുടെ അമ്മയ്ക്ക് വേണ്ട മരുന്നുകൾ അവൾ വാങ്ങിക്കൊടുത്തുവന്നപ്പോൾ അയാൾ അവളുടെ അച്ഛനും അമ്മയ്ക്കും കൊടുക്കാനായി ഓരോജോഡി ഡ്രസ്സ് വാങ്ങിച്ചിട്ടുവന്നു.

ത്രേസ്യച്ചേടത്തിക്ക് ഇരുപതിനു പകരം ഇരുപത്തഞ്ച് കോഴിമുട്ടതന്നെ കൊടുത്തു. ഇപ്പോൾ അവൾ അപ്പനെ കാണാൻപോവാനായി ഓട്ടോ കാത്തു നിൽക്കുക യാണ്. ബാഗിലുള്ള ഇരുപത്തയ്യായിരം രൂപ അതിനകത്ത് തന്നെയില്ലേ എന്ന് ഒരിക്കൽക്കൂടി നോക്കി ഉറപ്പുവരുത്തി. അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

അങ്ങേരാണ്, വല്ല കുക്കറും തുറക്കാൻ പറ്റാത്തതിന് വേവലാതിപ്പെട്ട് വിളിക്കയാവും.

അവൾ വേഗം ഫോൺ എടുത്തു.

എന്താ?

നീ ഓട്ടോയിൽ കയറിയോ?

ഇല്ല…

എന്നാൽ വേഗം ഒന്നിങ്ങ് വന്നേ…

എന്നതാ കാര്യം?

അതൊക്കെ വന്നിട്ട് പറയാം.

ഫോൺ ബാഗിൽത്തന്നെ ഇട്ട് അവൾ തിരിച്ചുനടന്നു. വീട്ടിലെത്തുമ്പോൾ കുട്ടികളൊക്കെ ഇറയത്തുണ്ട്. അയാളുടെ മുഖം ആകെ മാറിയിരിക്കുന്നു…

എന്താ കാര്യം?

അവൾ ഇറയത്തേക്കുള്ള പടികൾ കയറിക്കൊണ്ട് ചോദിച്ചു.

ഒരു കടലാസ് നീട്ടിക്കൊണ്ട് അയാൾ ചോദിച്ചു:

ഇതെന്താ സംഭവം?

അയാൾ വീടുമുഴുവൻ അടിച്ചുവാരുമ്പോൾ സോഫയുടെ കാലിന്നടിയിൽ ഒരു പേപ്പ൪ കുരുങ്ങിക്കിടക്കുന്നു. അത് വലിച്ചെടുത്ത് വായിച്ചപ്പോഴാണ് തന്റെ ഭാര്യ ആത്മഹ ത്യ ചെയ്യാനാണോ രാവിലെതന്നെ വീട്ടിലേക്ക് എന്നും പറഞ്ഞു ഇറങ്ങിയത് എന്ന സംശയമുണ്ടായത്.

അവളത് വായിച്ചുനോക്കിയതും ചിരിച്ചുകൊണ്ട് പറഞ്ഞു:

ഇത് എഴുതിയിട്ട് ഏഴെട്ടുമാസമായി.. അത് കൈയിൽ കാശൊന്നുമില്ലാതിരുന്ന കാലത്ത് വെറുതേ ഞാൻ..

അയാൾ കൈയിലുള്ള ചൂലുമായി അവളുടെപിറകേ വീടിനുചുറ്റും ഓടിക്കൊണ്ടു പറഞ്ഞു:

ഒരു കത്തെഴുതുമ്പോൾ ആദ്യം തന്നെ ഡേറ്റ് ഇടണമെന്ന് ഇനിയെന്നാ നീ പഠിക്കുക..

Related Posts

Leave a Reply

Your email address will not be published. Required fields are marked *