അനിയൻ വരുത്തി വെച്ച ശാപത്തിന് ചേട്ടൻ ചെയ്യാൻ പോകുന്ന പുണ്യമാണ് എന്ന്. മനസിലാക്കാനുള്ള ബുദ്ധി അവൾക് ഉണ്ടന്ന് കൂടി ‘അമ്മ പറഞ്ഞപ്പോൾ…….

അനശ്വരം

Story written by Sarath Krishna

നിറഞ്ഞ കണ്ണാലെ ഒരു അച്ഛന്റെ തകർന്ന മനസോടെയാണ് അമ്മാവൻ ഇന്ന് ഈ വീടിന്റെ പടികൾ കയറി വന്നത്..

ജീവനെ പോലെ സ്നേഹിച്ച സ്വന്തം മകളെ മറന്ന് കൂടെ ജോലിചെയുന്ന കുട്ടിയുമായി അനിയൻ ഒരു ജീവിതം തുടങ്ങി എന്നറിഞ്ഞപ്പോൾ വീണുടഞ്ഞു പോയത് ആ പഴയ മനസിന്റെ ഏറെ നാളത്തെ പ്രതീക്ഷകളായിരുന്നു..

എല്ലാവരും അവർക്ക് കൊടുത്തിരുന്ന അതിരു കവിഞ്ഞ സ്വാതന്ത്രത്തിന്റെ ആഴം കൊണ്ട് ഇനി മകൾക് വേറെ നല്ലൊരു കല്യാണ ആലോചന വരില്ലന്ന ഭീതി ആ മുഖത് നിറഞ്ഞു നിന്നിരുന്നു..

ഉമ്മറത് കിടന്നിരുന്ന അച്ഛന്റെ ആ പഴയ ചാരു കസേരയിൽ വിറയാർന്ന കൈകളോടെ ഇരുന്ന അമ്മാവനു മുന്നിൽ എന്ത് ആശ്വാസ വാക്കുകൾ പറയണമെന്നറിയാതെ ഞാനും അമ്മയും തല കുനിച്ചു നിന്നു…

രണ്ട് വീടിന്റെയും ഏറെ നാളത്തെ സ്വപ്നമായിരുന്നു അവരുടെ കല്യാണം….

മനസിലെ മോഹങ്ങളും പ്രതീക്ഷകളും ഓരോന്നായി എടുത്ത് പറഞ്ഞ് ആഴ്ചയിൽ ഒരിക്കലെങ്കിലും അവന്റെ പേരിൽ വഴിപാട് നടത്താറുള്ള അമ്മ അവനെ പ്രാകി കൊണ്ട് എനിക്ക് അരികിൽ നിന്ന് സാരി തലപ്പിൽ കണ്ണുകൾ തുടച്ചു..

അവനെ പഠിപ്പിച്ചതിന്റെയും ഈ നിലയിൽ എത്തിച്ചതിന്റെയും കണക്കുകൾ ഒന്നും എടുത്ത് പറയാതെ അവസാനമായി അമ്മയോട് അമ്മാവൻ ചോദിച്ചത് ഇനി എന്റെ മോളെ ഞാൻ എന്താ വേണ്ടതെന്നാണ്

കട്ടിള പടി ചാരി നില്കുന്ന എനിക് നേരെ വിരൽ ചൂണ്ടി എനിക്ക് ആണ്മകൾ ഒന്നല്ല രണ്ടാണെന്നു അമ്മ പറയുമ്പോൾ അവളെ ആ സ്ഥാനത് സങ്കല്പിക്കാനുള്ള ബുദ്ധിമുട്ടിനു അപ്പുറമായിരുന്നു അവൾക്കും എനിക്കും ഇടയിലുള്ള പൊരുത്തക്കേടുകളുടെ ആഴങ്ങൾ..

ശരീരത്തിന്റെ കറുപ്പ് നിറം കാരണം മനസ്സിലെ ഇഷ്ട്ടം പറയാൻ മടിച്ച് യൗവനം കരഞ്ഞു തീർത്ത ഈ മകന്റെ പോരായിമകളെ കുറിച്ച് ‘അമ്മ ആ നേരം ഓർത്തിട്ടുണ്ടാവില്ല…

പൊന്തി നിൽക്കുന്ന പല്ലിന്റെ വൈകൃതം കൊണ്ട് ഇന്നുവരെ ആർക്ക് മുന്നിലും വാ വിട്ട് ചിരിക്കാത്ത ഈ പത്താം ക്ലാസ് തോറ്റവനെ എന്ത് കണ്ടിട്ടാണ് MA കഴിഞ്ഞവൾ ഇഷ്ടപ്പെടേണ്ടതെന്ന് ‘അമ്മ ചിന്തിച്ചു കാണില്ല…

പണ്ട് അച്ഛൻ തളർന്ന് കിടന്ന സമയത്ത്‌ ഈ വീട്ടിലെ അടുപ്പ് പുകഞ്ഞത് അമ്മാവന്റെ കാരുണ്യം കൊണ്ടാണ് ആ ചെയ്ത സഹായങ്ങൾ മറന്നാൽ അച്ഛന്റെ ആത്മാവ് നിന്നോട് പൊറുക്കില്ലന്ന് ‘അമ്മ പറഞ്ഞപ്പോഴും ഞാൻ സമ്മതമെന്നു മൂളാൻ മടിച്ചത് അവൾക്ക് ഇതിന് സമ്മതമാവില്ലന്ന ഉറപ്പുള്ളത് കൊണ്ടായിരുന്നു…

എല്ലാം കേട്ട് ഒന്നും പറയാതെ ഞാൻ മൗനമായി താഴേക്ക് നോക്കി നിന്നു..

ഇറങ്ങാൻ നേരം എന്റെ തോളിൽ കൈ വെച്ച് അമ്മാവൻ ചോദിച്ചു അനിയൻ കൈ ഒഴിഞ്ഞ പെണ്ണിനെ കെട്ടാൻ ചേട്ടന് ബുദ്ധിമുട്ട് ഉണ്ടാകും അല്ലെ എന്ന്..

ആ നിറഞ്ഞു തുളുമ്പി നില്കുന്ന ആ കണ്ണുകൾ കണ്ടപ്പോൾ അമ്മാവന്റെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞത് അവൾക്ക് സമ്മതമാണെങ്കില് എനിക്ക് ഇഷ്ട്ട കുറവ് ഒന്നുമില്ലന്നാണ്..

കണ്ണുകൾ തുടച്ച് പ്രതീക്ഷയുടെ പുഞ്ചിരിയോടെ എന്റെ മുന്നിൽ കൈ കൂപ്പി അമ്മാവൻ പോയത് കൃഷ്ണ കണിയാന്റെ അടുത്ത് കല്യാണ തിയ്യതി കുറിക്കാനായിരുന്നു…

ഉച്ചയ്ക്ക് ഉണ്ണാൻ ഇരുന്ന നേരത്ത് അമ്മാവൻ ഏല്പിച്ചിട്ട് പോയ മുഹൂർതത്തിന്റെ കുറിപ്പടി എന്റെ നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞു കല്യാണത്തിന് ഇനി പത്ത് ദിവസം ഉള്ളൂ കാര്യങ്ങൾ എല്ലാം വേഗം വേണമെന്ന്…

കല്യാണ ചിലവുകൾക്കായി പുരയിടത്തിന്റെ ആധാരം മധു ഏട്ടന്റെ കുറി കമ്പനിയിൽ പണയം വെക്കാനായി അമ്മ എന്റെ കൈകളിൽ ഏൽപ്പിച്ചു..

കല്യാണത്തിന് അവൾ സമതിച്ചോ എന്ന എന്റെ ചോദ്യത്തിന്‌ അമ്മക്ക് എന്നോട് പറയാനുണ്ടായിരുന്നത് ഈ കല്യാണം നടക്കാതെ പോയാൽ അമ്മാവന്റെ വീടിന് ഉണ്ടാക്കുന്ന മാന കേടിനെ കുറിച്ചായിരുന്നു ..

മകൾ ഉള്ള ഒരു അച്ഛന്റെ ആവലാതിയെ കുറിച്ചായിരുന്നു…

അനിയൻ വരുത്തി വെച്ച ശാപത്തിന് ചേട്ടൻ ചെയ്യാൻ പോകുന്ന പുണ്യമാണ് എന്ന്. മനസിലാക്കാനുള്ള ബുദ്ധി അവൾക് ഉണ്ടന്ന് കൂടി ‘അമ്മ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല..

ആർഭാടങ്ങൾ ഒന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രമേ ഞാൻ കല്യാണം വിളിച്ചുള്ളൂ…

പറഞ്ഞ മുഹൂർത്തത്തിൽ വീടിന് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ സാക്ഷി നിർത്തി അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി..

ആശീർവാദത്തിന് ദയനീയമായി അമ്മാവന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണ് അവൾ എനിക്കൊപ്പം ആ കാലിൽ കുമ്പിട്ടത്

‘അമ്മ ആരതി എറിഞ്ഞു നില വിളക്ക് അവളുടെ കൈയിൽ കൊടുക്കുമ്പോഴും അവളുടെ മുഖം ഒരു നിമിഷമെങ്കിലും പ്രസാദിച്ചു കാണണമെന്ന് ഞാൻ ഏറെ മോഹിച്ചിരുന്നു…

തിരശീലയിൽ കാണാൻ പ്രതീക്ഷിച്ച നായകന്റെ പകരക്കാരനാകേണ്ടി വന്ന വേദനയോടെ എല്ലാം കടിച്ചമർത്തി ഞാൻ നിന്നു..

എല്ലാവർക്കും എല്ലാം അറിയാവുന്നത് കൊണ്ട് ചടങ്ങുകൾ എല്ലാം ഒരു പേരിന് മാത്രമായി അവസാനിച്ചു..

ആദ്യരാത്രി പാലുമായി മുറിയിലേക്ക് കടന്ന് വന്ന അവളോട് സ്വാന്തനത്തിന്റെ ഏത് വാക്ക് കൊണ്ടാണ് സംസാരിച്ചു തുടങ്ങേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു..

എനിക് അരികിൽ ഇരുന്ന അവളുടെ മുഖം അപ്പോഴും താഴ്ന്നു നിന്നത് ഒരു നവ വധുവിന്റെ നാണത്തോടെ ആയിരുന്നില്ല..

വിധി കൊണ്ടത്തിച്ച ജീവിതത്തിൽ എന്റെ പോരായിമകൾ ഉൾകൊള്ളാൻ കഴിയാതെ പോകുന്ന വേദനയാണ് ആ മുഖത്തു എന്നോർത്തപ്പോൾ മനസിൽ അർഹിക്കാത്ത എന്തോ നേടിയ ഒരു കുറ്റ ബോധം…

പിന്നെ അവൾക്ക് അരികിൽ ഇരിക്കാൻ എനിക് കഴിഞ്ഞില്ല..

ഞാൻ കട്ടിൽ നിന്ന് എണീറ്റ് ജനാലയുടെ അരികിലേക്ക് നടന്നു..

ജനാല വിരി മാറ്റി പുറത്തേക്ക് നോക്കി കൊണ്ട് അവളോട് ഞാൻ പറഞ്ഞു..

ഇഷ്ട്ടമല്ലായിരുനെങ്കിൽ കല്യാണത്തിന് സമ്മതിക്കേണ്ടില്ലായിരുന്നു .. എല്ലാവർക്കും എല്ലാം മറക്കാൻ കുറച്ചു സാവകാശം കൊടുത്താൽ നല്ല ഒരു ആലോചന നിന്നെ തേടി എതിയേനെ എന്ന്…

ഊർന്നു വീഴുന്ന കണ്ണീരോടെ അവൾ എന്റെ കാലിൽ വന്നു വീണു

ഞാൻ പിടിച്ചെഴുന്നേൽപിക്കുമ്പോൾ.. മുഖം താഴ്ത്തി ഏങ്ങി കരഞ്ഞു കൊണ്ടവൾ മാപ്പ് എന്ന വാക്കാൽ അവളുടെ വയറ്റിൽ തുടിക്കുന്ന ജീവനെ കുറിച്ച് എന്നോട് പറഞ്ഞത്..

സംഭവിച്ചെതല്ലാം അച്ഛനോട് പറയാനുള്ള ധൈര്യം അവൾക് ഉണ്ടായില്ലെന്ന്..

ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോൾ മുന്നിൽ തെളിഞ്ഞു കണ്ടത് അച്ഛന്റെ മുഖമായിരുന്നെന്ന്..

കടുംകൈക്ക് മുതിർന്ന കഥ പറഞ്ഞ് അവൾ. കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകൾ വള മാറ്റി എനിക്ക് മുന്നിൽ കാണിച്ചു തന്നു….

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് മുന്നിൽ മരവിച്ച മനസുമായി് ഞാൻ നിന്നു

മുന്നിൽ കൈ കൂപ്പി കൊണ്ടവൾ യാചിച്ചു അവളെ ഉപേക്ഷിക്കരുതെ എന്ന്..

അവളുടെ ജീവിതം എന്റെ കൈകളിലാണെന്..

നിറഞ്ഞ കണ്ണുകളോടെ വയറിൽ കൈ വെച്ചവൾ പറഞ്ഞു സംഭവിച്ചെതല്ലാം ദുസ്വപ്നം പോലെ മനസിൽ നിന്നും ശരീരത്തിൽ നിന്നും പിഴുതെറിയാൻ അവൾ തയാറാണെന്ന്….

വിങ്ങി പൊട്ടി നിൽക്കുന്ന അവളോട് പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് തോന്നീല്ല…

തളർന്ന മനസുമായി ഞാൻ കട്ടിലിൽ വന്ന് കിടന്നു…

കഴിഞ്ഞതെല്ലാം മനസിൽ ഒരു മിന്നായം പോലെ മിന്നി മാഞ്ഞു….

എല്ലാമറിയുന്ന ഞാൻ തന്നെ അവളെ എന്ത് പറഞ്ഞാണ് കുറ്റപ്പെടുത്തുക…

എന്റെ മുന്നിൽ ഒരു ജീവിതം പ്രതീക്ഷിച്ചു യാചിച്ചവളെ എങ്ങനെയാണ് വെറുക്കാൻ കഴിയുക..

വിതുമ്പി കരഞ്ഞു കൊണ്ട് അരികിൽ കിടക്കുന്ന അവളുടെ നെറ്റിയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു..

ഈ രാത്രി കൊണ്ട് കഴിഞ്ഞതെല്ലാം മറക്കണമെന്നു …

നേരം പുലരുമ്പോഴേക്കും എല്ലാം മനസിൽ നിന്ന് തുടച്ചു മാറ്റണമെന്ന് …

എന്റെ വാക്കുകൾ കേട്ടപ്പോൾ നിലവിളക്ക് കൈയിൽ ഏന്തുമ്പോഴും ആരതി ഉഴിയുമ്പോഴും ഒന്ന് പ്രസാധിച്ചു കാണാൻ ഞാൻ ഏറെ കൊതിച്ച ആ മുഖം ആയിരം മടങ്ങ് പ്രസരിപ്പോടെ തിളങ്ങുന്നതായി ഞാൻ കണ്ടു..

എന്നിട്ടും എന്റെ കണ്ണുകളെ ഉറക്കം കീഴപ്പെടുത്തുന്ന വരെ അവളുടെ കരച്ചിലിന്റെ ഏങ്ങൽ ആ മുറിൽ നിന്ന് മാറിട്ടുണ്ടായിരുന്നില്ല..

പിറ്റേന്ന്‌ ഉച്ചക്ക് അവൾ എന്നോട് പറഞ്ഞത് ഒരു ഡോക്ടർ കാണേണ്ട കാര്യമായിരുന്നു..

അവളെ ചേർത്ത് നിർത്തി അവളുടെ മുഖം എന്റെ ഉള്ളം കൈയിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു..

കൊ ല്ലാൻ പോകുന്ന ആ ജീവനെ നമ്മുടെ കുഞ്ഞായി വളർത്തി കൂടെ എന്ന്..

എത്ര ആയാലും ഈ വീട്ടിലെ ചോ ര അല്ലെ എന്ന്..

പറഞ്ഞു തീരും മുൻപ് അവൾ നിറഞ്ഞ കണ്ണോടെ എന്റെ മാ റിലേക് വീണു..

എടുത്ത തീരുമാനം തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ലായിരുന്നു.

പിന്നെ അങ്ങോട്ടുള്ള ജീവിതത്തിൽ അവളിൽ ഞാൻ അറിഞ്ഞത് സ്നേഹത്തിനേക്കാൾ അപ്പുറം എന്നോടുള്ള ആദരവ് ആയിരുന്നു…

ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് എന്നോടുള്ള ബഹുമാനമായിരുന്നു…

പതിയെ എല്ലാം മറന്ന് ഞാനും അവളും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നിച്ചു ജീവിച്ചു തുടങ്ങി…

സന്തോഷം മാത്രം ജീവിതത്തിൽ നിറഞ്ഞു നിന്ന ദിനങ്ങൾ…

ചില രാത്രി അവളുടെ വയറിൽ കൈ വെച്ചു ഞാൻ ഒരച്ഛന്റെ സ്വപ്നങ്ങൾ നെയ്യുമ്പോൾ പൂർണ്ണ മനസോടെ അല്ലെങ്കിലും എന്റെ മുന്നിൽ അവൾ ചെറുതായൊന്ന് പുഞ്ചിരിക്കും..

അങ്ങനെ കാത്തിരിപ്പിനു പ്രതീക്ഷകൾക്കും ഒടുവിൽ അവൾ ഒരു പെണ്ണ് കുഞ്ഞിന് ജന്മം നിൽകി..

മോൾക് നിറം കുറവായത് കൊണ്ട് ഇവൾ അച്ഛന്റെ മോളാണെന്ന് അവളുടെ കാതുകളിൽ ആദ്യം വിളിച്ചത് എന്റെ അമ്മയായിരുന്നു..

മോളെ ആദ്യമായി ഞാൻ കൈകളിലേക്ക് ഏറ്റു വാങ്ങുമ്പോൾ ആദ്യം ഞാൻ നൽകിയ നെറ്റിയിലെ ചും ബനത്തിൽ നിറഞ്ഞത് അവളുടെ കണ്ണും മനസുമായിരുന്നു..

പതിയെ അവളുടെ മനസിലും അമ്മു എന്റെയും മകളായി..

എന്റെ വിരൽ തുമ്പിൽ പിടിച്ച് അവൾ ഈ മുറ്റത്തു പിച്ച വെച്ചു നടന്നു

ആദ്യമായ് പട്ടു പാവാട ഇട്ടവൾ ഭംഗി ഉണ്ടോ അച്ഛാ എന്ന് ഈ കോലായിൽ വന്ന് എന്നോടാണവൾ ചോദിച്ചത്..

ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആവോളം ഒരു മകൾക്ക് നല്കുന്ന നിർവൃതി ഞാൻ അറിഞ്ഞു ..

പിന്നെ ഉള്ള ജീവിതത്തിൽ മറ്റൊരു കുഞ്ഞിനെ എനിക്കും അവൾക്കും ഈശ്വരൻ തന്നില്ല.. .

പലപ്പോഴും അതിന് അവൾ പരാതി പറഞ്ഞു കരഞ്ഞപ്പോഴും ആ കണ്ണുകൾ തുടച്ച് ഞാൻ ചോദിച്ചത് നമ്മുക്ക് മകളായി അമ്മു ഇല്ലേ എന്നാണ്

അവളുടെ കളി കൊഞ്ചലും കുസൃതിയിലും അവൾക്കായി പാടിയ താരാട്ടിലും വർഷങ്ങൾ ഒന്നൊന്നായി കടന്ന് പോയി…

ഒരു ദിവസം സന്തോഷങ്ങൾ എല്ലാം തല്ലി കെടുത്തി കൊണ്ട് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു…

അത് അവനായിരുന്നു അനിയൻ.. കൂടെ അവന്റെ ഭാര്യയും..

ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് അവൻ വീട്ടിലേക് കയറി വന്നത്..

പടി കെട്ടിൽ കയറും മുൻപ് എന്റെ പുറകിൽ വാതിലിന്റെ മറവിൽ നിൽക്കുന്ന അവളെ അവൻ കണ്ടു…..

അവളുടെ കഴുത്തിൽ കിടക്കുന്ന താലി അവൻ കണ്ടു…

നെറ്റിൽ ചാർത്തിയ സിന്ധൂരം അവൻ കണ്ടു…

അവന്റെ കാലുകളുടെ വേഗത പെട്ടന്നാണ് കുറഞ്ഞത്..

തീക്ഷണതക്കും മുകളിലായി ദയനീയമായി എന്നെ നോക്കി കൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി..

കോലായിൽ ചുമര് ചാരി സ്തംഭിച്ചു നിൽക്കുന്ന അമ്മയുടെ കാലിൽ അവനും അവളും അനുഗ്രഹത്തിനായി വീണു..

അവരെ പിടിച്ചു എഴുന്നേല്പിക്കാൻ പോലും അമ്മ മുതിരുന്നതായി ഞാൻ കണ്ടില്ല

ഇതെല്ലാം കണ്ട് നിറഞ്ഞ കണ്ണാലെ എന്തോ തേടുന്ന പോലെ വാതിലിന്റെ മറവിൽ നിന്ന് അവൾ മുറിയിലേക്ക് നടന്നു..

കല്യാണം കഴിഞ്ഞ് ഇത്ര ആയിട്ടും അവനു ഒരു കുഞ്ഞിനെ തലോലിക്കാൻ ഭാഗ്യം ഉണ്ടായില്ലെന്ന്…

അതിന്റെ ചികിത്സക്കായി നാട്ടിൽ വന്നതാണെന്നു..

പിന്നെ ഒന്നും അവനെ പറഞ്ഞു മുഴുവുവിപ്പിക്കാൻ ‘അമ്മ സമ്മതിച്ചില്ല..

ഈ വീട്ടിലും മനസിലും നിനക്ക് സ്ഥാനമില്ലാന്ന് ഒരു അമ്മയുടെ പതറാത്ത മനസോടെയാണ് ‘അമ്മ അവന്റെ മുഖത്തു നോക്കി പറഞ്ഞു

മറിച്ചൊന്നും പറയാതെ.ക്ഷണിക്കാതെ എത്തിയ അതിഥിയെ പോലെ എന്നെ പറ്റി ചേർന്ന് നിന്നിരുന്ന അമ്മുന്റെ കവിളിൽ തലോടി കൊണ്ട് അവൻ ഇറങ്ങി..

അവനെ മടക്കി വിളിക്കാനായി ഒരായിരം തവണ മനസിൽ ഞാൻ കൊതിച്ചു…..

ഒരിക്കലും അവന് ഒരു ഏട്ടത്തിയമ്മയുടെ സ്ഥാനത്തവളെ കാണാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..

അവന്റെ മുന്നിൽ അമ്മുനെ സ്വന്തം മകളെ പോലെ തലോലിക്കാനും എനിക്ക് കഴിഞ്ഞെന്ന് വരില്ല..

ജീവിതം കൈ വിട്ട് പോകുന്ന പേടിയാൽ അവൻ പടി ഇറങ്ങുന്നതും നോക്കി മൗനമായി ഞാൻ ഉമ്മറത്ത് നിന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *