അമ്മാവന്റെ സ്‌കൂട്ടർ കൊണ്ടുള്ള ശല്യം കൊണ്ടാണൊ എന്തോ കവലയിൽ തുടങ്ങിയ ഒരൊറ്റ ടു വീലർ വർക്ക് ഷോപ്പും ആറുമാസം തികക്കാറില്ല……..

Story written by Adam John

എനിക്കോർമ്മ വരുന്ന കാലം മുതൽക്ക് അമ്മാവന്റെ സന്തത സഹചാരിയായി ഒരു സ്‌കൂട്ടറുമുണ്ട്.

വല്ലാത്തൊരു ആത്മ ബന്ധമുണ്ട് അമ്മാവന് അതുമായെന്ന് തോന്നീട്ടുണ്ട് പലപ്പോഴും.

വല്യപ്പച്ചൻ പറയുന്നത് രണ്ടും ഒരുപോലാണെന്നാ.

എന്നുവെച്ചാൽ സ്‌കൂട്ടറുമായി ഒരു വഴിക്ക്‌ പോയാൽ എപ്പോ പണിമുടക്കുമെന്നോ തിരികെ വരാൻ കഴിയുമെന്നൊ പറയാൻ കഴിയില്ല. അമ്മാവന്റൊപ്പം പോയാലും അതെ അവസ്ഥ തന്നെ.

അമ്മാവന്റെ സ്‌കൂട്ടർ കൊണ്ടുള്ള ശല്യം കൊണ്ടാണൊ എന്തോ കവലയിൽ തുടങ്ങിയ ഒരൊറ്റ ടു വീലർ വർക്ക് ഷോപ്പും ആറുമാസം തികക്കാറില്ല. അമ്മാവന്റെ സ്കൂട്ടറിന് വേറോരു പ്രത്യേകതയുണ്ട് ട്ടാ.

ഒരു ലിറ്റർ പെട്രോളടിച്ചാൽ നൂറുകിലോമീറ്ററൊക്കെ ഓടും

അതിൽ കൂടത്തേയുള്ളൂ. കുറയില്ല. എന്നും കിലോമീറ്ററുകളോളം തള്ളിക്കൊണ്ട് വന്നാൽ മൈലേജ് കിട്ടീല്ലേലെ അത്ഭുതമുള്ളു.

സ്‌കൂട്ടർ പഴയതാണേലും അമ്മാവന്റെ മനസ്സിപ്പഴും ചെറുതാണ്. പെമ്പിള്ളേരെ റോഡരികിൽ കണ്ടാൽ വേഗത കുറക്കുന്ന അമ്മാവൻ പെമ്പിള്ളേര് വണ്ടി യോടിക്കുന്ന കണ്ടാൽപ്പിന്നെ അവരെ മറികടന്നൊരു പോക്കാണ്.
ഒരിക്കലെങ്ങനെ മറികടന്നപ്പോ ആന വണ്ടിക്ക് പിറകിലോട്ട് ഇടിച്ചു കേറ്റി കൊറച്ചുനാൾ കിടപ്പിലായതാരുന്നു. കേസ്‌ വേറെയും.

ഹെൽമെറ്റ് വെച്ചാൽ തലവേദന വരുമെന്നും പറഞ്ഞോണ്ട് ഹെൽമെറ്റ്‌ വെക്കത്തില്ല. എന്നാൽ ഇൻഷുറൻസുണ്ടോ അതുമില്ല.

പല്ലീടെ മുന്നിലൂടെ പായുന്ന പാറ്റയേക്കണക്കെ ബസ്സിനെയൊക്കെ ഓവർടേക്ക് ചെയ്യണ കാണുമ്പോ ആരും നെഞ്ചത്തോട്ട് കൈവെച്ചു പോവും.

സീറ്റ് കവറൊക്കെ കീറിയത് കാരണം നാണം മറക്കാൻ കഴിയാത്ത വിഷമം കൊണ്ടാവണം ആളുകളെ കാണുമ്പോ സ്‌കൂട്ടറിന്റെ ഹാൻഡിൽ കുനിയാറുണ്ട്.
അമ്മാവന് പിന്നെ അങ്ങനുള്ള ദുശീലങ്ങളൊന്നും ഇല്ലാത്തോണ്ട് പ്രത്യേകിച്ച് നാണക്കേടിന്റെ കാര്യമില്ലല്ലൊ.

ഒരിക്കൽ വിമൻസ് കോളേജിന്റെ മുന്നിൽ പതിവ് പരിപാടികളുമായി കറങ്ങി ക്ഷീണിച്ച അമ്മാവൻ ക്ഷീണം മാറ്റാനായി തൊട്ടടുത്ത കൂൾബാറിലേക്ക് കേറിച്ചെന്നതാരുന്നു. വേറൊന്നിനുമല്ല ഒരുഗ്ലാസ്സ് തണുത്ത വെള്ളം കുടിക്കാൻ. പുറത്തൂന്ന് കഴിച്ചാല് വയറിന് പിടിക്കത്തില്ലെന്നാ പറയാ. അതോണ്ട് കാശു കൊടുത്തൊന്നും വാങ്ങിക്കത്തില്ല. എന്നാൽ ആരേലും വാങ്ങിക്കൊടുക്കാണേൽ ഒരു കട മുഴുവനൊറ്റക്ക് അകത്താക്കേം ചെയ്യും.

അമ്മാവനകത്തേക്ക് പോയ തക്കത്തിന് ചില വികൃതിപ്പിള്ളേരെന്നാ ചെയ്തെന്നോ. സ്‌കൂട്ടറിന്റെ സീറ്റില് ചുവന്ന മഷി ഒഴിച്ചോണ്ട് പോയി. തണുത്ത വെള്ളോം ഓസിന് കുടിച്ചോണ്ട് വന്ന അമ്മാവൻ പെമ്പിള്ളേരുടെ മുന്നിൽ ഷൈൻചെയ്യാൻ സ്‌കൂട്ടറിൽ ചാടിക്കേറി റോഡിലോട്ടിറക്കിയതാരുന്നു. ശ്രദ്ധ മുഴുവനും പെമ്പിള്ളെരുടെ മേലാരുന്നതോണ്ട് പിറകീന്ന് വരുന്ന വണ്ടിയോട്ട് കണ്ടതുമില്ല. ശ്രദ്ധിച്ചില്ലെന്നതാണ് സത്യം.

വണ്ടിക്കാരൻ അമ്മാവനെ തൊട്ട് തൊട്ടില്ലെന്നുള്ള മട്ടിൽ കടന്നുപോയതും അമ്മാവൻ വണ്ടിയൊന്ന് വെട്ടിച്ചതും ഒരുമിച്ചാരുന്നു. ആള് ദെ കിടക്കുന്നു റോഡില്. ഉടുത്തിരുന്ന മുണ്ട് നിറയെ ചോര കണ്ടതും അമ്മാവന്റെ ഉണ്ടാരുന്ന ബോധം പോവേം ചെയ്തു.

പിന്നീടാരോക്കെയോ ചേർന്ന് എടുത്തോണ്ട് വീട്ടിലെത്തിച്ചു. ബോധം തെളിഞ്ഞപ്പോഴാ അറിയുന്നത് വീഴ്ചെൽ ഒന്നും പറ്റീല്ലെന്നും പിള്ളേരൊപ്പിച്ച മഷിപ്പണി ഉടുമുണ്ടെൽ പിടിച്ചതാണെന്നും.

എന്തായാലും അതിൽപ്പിന്നെ റോഡിലോട്ടിറങ്ങുമ്പോ അല്പമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതാണ് ആകെയുള്ളൊരാശ്വാസം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *