അയാൾ എൻറെ പിറകിലേക്ക് കൂടുതൽ ഒട്ടിച്ചേർന്നു നിന്നു. ബസ്സിന്റെ ചലനത്തിനനുസരിച്ച് ദേഹത്ത് ഒട്ടി ഒരുമ്മി ശല്യം ചെയ്യാൻ ആരംഭിച്ചു….

ജാക്കി ( ഒരു അനുഭവ കഥ)

എഴുത്ത് :- അനുശ്രീ….

താഴെചൊവ്വയിൽ നിന്നും ചാല മീംസ് ആശുപത്രിക്ക് മുന്നിൽ ഇറങ്ങാൻ ബസിൽ കയറി.

കാലത്ത് തന്നെ ആയതുകൊണ്ട് നല്ല തിരക്കാണ്.

കണ്ടക്ടർ സ്ത്രീകളുടെ ഇടയിൽ നിന്ന് ഞെങ്ങി ഞെരുങ്ങി വരുന്നുണ്ടായിരുന്നു..

ഞാനാണെങ്കിൽ ഏറ്റവും പിറകിലാണ് ഉള്ളത്. എനിക്ക് പിറകിൽ മുഴുവനും പുരുഷന്മാരും. എൻറെ അടുത്ത് എത്തിയ കണ്ടക്ടർ ഒന്ന് ചൂടായി.

എന്താ പെങ്ങളെ പിറകിൽ ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ ഒന്നു പിറകോട്ട് നീങ്ങി നിന്നൂടെ.

ഞാൻ പിറകോട്ട് നോക്കി, ഒരാൾക്ക് കഷ്ടിച്ചു നിൽക്കാനുള്ള ഗ്യാപ്പെ ഉണ്ടായിരുന്നുള്ളൂ. എനിക്കു പിറകിൽ ആണെങ്കിൽ ‌ ക്ലോസപ്പിന്റെ പരസ്യം പോലെ എല്ലാ പല്ലും പുറത്തു കാണിച്ച് വളിച്ച ചിരി ചിരിച്ചുകൊണ്ട് ഏതോ ഒരു അന്യസംസ്ഥാന തൊഴിലാളി.

കണ്ടക്ടറെ ദേഷ്യം പിടിപ്പിക്കേണ്ട എന്ന് കരുതി ഹാൻഡ് ബാഗ് പിറകിലാക്കി ഞാൻ ഒരു അടി പിറകോട്ട് നിന്നു.

ചാല ബൈപ്പാസ് എത്തുമ്പോഴേക്കും ബസ്സിൽ പലരും കയറിയിറങ്ങിയിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ നേരം വൈകിയതിന്റെ ടെൻഷനിൽ ആയിരുന്നു ഞാൻ.

പെട്ടെന്നാണ് എനിക്ക് തൊട്ടു പിറകിൽ ആരോ വന്നു നിന്നത്. അയാളുടെ ശ്വാസോ ശ്വാസം എൻറെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കാൻ ഭയമായിരുന്നു. ഹാൻഡ് ബാഗിൽ തട്ടിയുള്ള അയാളുടെ നിൽപ്പ് അറിഞ്ഞപ്പോൾ തന്നെ വശ പിശക് തോന്നിയതാണ്.

പെട്ടെന്ന് മുകളിൽ കമ്പിയിൽ പിടിച്ചിരുന്ന എൻറെ കൈയിൽ അയാളുടെ വിരൽ തട്ടിച്ചുള്ള കോപ്രായങ്ങൾ തുടങ്ങി. പിടുത്തം ഞാൻ കുറച്ചുകൂടി മുന്നോട്ടു ആക്കി. ഉടനെ അയാൾ അടുത്ത കോപ്രായം തുടങ്ങി എന്റെ ഹാൻഡ് ബാഗ് നീക്കി കുറച്ചു കൂടി അടുത്തുനിന്നതും എന്റെ ഹൃദയം ആഞ്ഞ് പിടക്കാൻ തുടങ്ങി.

ഞാൻ ആദ്യം നോക്കിയത് സാരിയിൽ എങ്ങാനും അധികമായി ഒരു മൊട്ടുസൂചി ഉണ്ടായിരുന്നെങ്കിൽ എന്നായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. സാരി കുത്തി നിർത്തിയ രണ്ടു പിന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അയാൾ എൻറെ പിറകിലേക്ക് കൂടുതൽ ഒട്ടിച്ചേർന്നു നിന്നു. ബസ്സിന്റെ ചലനത്തിനനുസരിച്ച് ദേഹത്ത് ഒട്ടി ഒരുമ്മി ശല്യം ചെയ്യാൻ ആരംഭിച്ചു..

കണ്ടക്ടർ എല്ലാം കാണുന്നുണ്ട് പക്ഷേ അയാൾ പ്രതികരിക്കുന്നില്ല. ഇതെന്താണ് കണ്ടക്ടർ പ്രതികരിക്കാത്തത്. എനിക്കാണെങ്കിൽ ദേഷ്യം വന്നു തുടങ്ങി.

കണ്ടക്ടർ ഒരു തവണ നോക്കിയതേയുള്ളൂ പിന്നെ കാശ് എണ്ണുന്ന തിരക്കിലായി.

എതിർത്തിശയിൽ നിന്നും മറ്റൊരു ബസ് ചീറിപ്പാഞ്ഞു വന്നതോടെ. ഞാൻ സഞ്ചരിച്ച ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു.

അതോടെ പിറകിൽ നിന്ന അൾ പൂർണ്ണമായി എൻറെ ദേഹത്ത് വീണു. സാരിക്കിടയിലൂടെ എൻറെ വയർ അമർത്തിപ്പിടിച്ചു. സത്യത്തിൽ എനിക്ക് നല്ലപോലെ വേദനിച്ചു.

ദേഷ്യം സഹിക്കവയ്യാതെ സകല ധൈര്യവും സംഭരിച്ച് കൈ വീശി തിരിഞ്ഞു കൊണ്ട് ഞാൻ അയാളുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു.

ടപ്പേ.. ശബ്ദം കേട്ടതും എല്ലാവരും രൂക്ഷമായി എന്നെ നോക്കാൻ തുടങ്ങി.

അപ്പോഴാണ് ഞാൻ അയാളെ കണ്ടത്. എൻറെ ദൈവമേ. അതൊരു പെൺകുട്ടിയായിരുന്നു. പിന്നിൽ നിറയെ പുരുഷന്മാർ ആയതുകൊണ്ട് എൻറെ ദേഹത്തോട്ട് ഒട്ടിച്ചേർന്ന് നിന്നതാണ്. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പാവം അവളെന്നെ കയറിപ്പിടിച്ചതാണ്.

അവളോട് സോറി പറഞ്ഞു ആകെ ചമ്മി പണ്ടാരമടങ്ങിയാണ്. ഞാൻ ബസ്സിൽ നിന്നും ഇറങ്ങിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *