അവൻ വിരൽ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. അവിടെ കട്ടിലിൽ ഒരു രോഗി കിടക്കുന്നുണ്ടായിരുന്നു. ആകെ ക്ഷീണിച്ചു മെലിഞ്ഞ ശരീരം…

ഒരുമ്പെ ട്ടവൾ…

എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ

ജനറൽ ആശുപത്രിയിലെ പ്രസവവാർഡിൻ്റെ മുൻപിൽത്തന്നെ ചങ്ങാതി സുധി കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരച്ഛനായതിൻ്റെ ചാരിതാർത്ഥ്യം അവൻ്റെ ചിരിയിൽ തെളിഞ്ഞു കണ്ടു…

അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്മാനങ്ങൾ കൈമാറിയതിനു ശേഷം ഞാനും സുധിയും ആശുപത്രി വളപ്പിലെ തണലിലേക്കു മാറി നിന്ന് ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ നേരിട്ടു കണ്ടിട്ട് വർഷങ്ങളായി… പ്രവാസം തന്നെ പ്രധാന കാരണം…

അവനാണ് ആദ്യം ഗൾഫിലേക്കു പോയത്. അവൻ ലീവിനു വരുന്നതിന് ഒരു മാസം മുൻപേ ഞാനും വിദേശത്തേക്കു പറന്നു. അവൻ സൗദിയിലും ഞാൻ കുവൈറ്റിലും… ഞാൻ ലീവിനു വരുമ്പോൾ അവൻ വിദേശത്തായിരിക്കും അവൻ ലീവിനു വരുമ്പോൾ ഞാൻ വിദേശത്തായിരിക്കും… അങ്ങനെയങ്ങനെ വർഷങ്ങൾ നീണ്ടു… നേരിട്ടു കാണാൻ കഴിയാറില്ലെങ്കിലും ഫോണിലൂടെ ഞങ്ങൾ സ്ഥിരം ബന്ധപ്പെട്ടിരുന്നു… വിശേഷങ്ങളെല്ലാം അറിയാറും പറയാറുമു ണ്ടായിരുന്നു…

ഭാര്യയുടെ പ്രസവം പ്രമാണിച്ച് ഇത്തവണ സുധി നേരത്തേ വന്നതിനാൽ ഞങ്ങൾക്കു തമ്മിൽ നേരിട്ടു കാണാനുള്ള സാഹചര്യമുണ്ടായി… കുറേ നേരം ഞങ്ങൾ സംസാരിച്ചു.

” എടാ, ഒരാളെ കാണിച്ചു തരാം. നീ അറിയോന്നു നോക്ക്…”.

സുധി എൻ്റെ കൈയിൽ പിടിച്ച് മുന്നോട്ടു നടന്നു. ആ യാത്ര സ്ത്രീകളുടെ ജനറൽ വാർഡിനടുത്തെത്തി നിന്നു…

” ആ കിടക്കണയാളെ നിനക്കു വല്ല പരിചയോം തോന്നണുണ്ടോ…?”.

അവൻ വിരൽ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. അവിടെ കട്ടിലിൽ ഒരു രോഗി കിടക്കുന്നുണ്ടായിരുന്നു. ആകെ ക്ഷീണിച്ചു മെലിഞ്ഞ ശരീരം… അവർ മരണാസന്നയാണെന്ന് അവസ്ഥ വിളിച്ചു പറയുന്നുണ്ടായിരുന്നു…

” ആരാ അത്…?”. ആളെ മനസ്സിലാവാതെ ഞാൻ ചോദിച്ചു.

” അത് സൗമ്യയാടാ… പഴയ സൗമ്യേച്ചി… നീയൊക്കെ പണ്ട് ഡ്രൈവിങ്ങ് പഠിച്ച വണ്ടി…”. സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.

” ങേ, അവരാണോ അത്…?”.

ഞാൻ ഒന്നു കൂടി ജനലിലൂടെ എത്തിനോക്കി… ശരിയാ, സൗമ്യേച്ചി തന്നെ…

” അവരെന്തേ ഇവിടെ… അവർക്കെന്താണസുഖം…?”. ഞാൻ ചോദിച്ചു.

” ഹൊ… എന്തൊരു ബഹുമാനം, അവരെന്നൊക്കെയാണല്ലോ അഭിസം ബോധന…”. സുധി കളിയാക്കി ചിരിച്ചു.

” അതു പിന്നെ നമ്മളേക്കാളും പ്രായമുള്ളതല്ലേടാ… പിന്നെ ഇങ്ങനൊരു അവസ്ഥയിലും, അതാ ഞാൻ…”.

” അങ്ങനെ ബഹുമാനം കൊടുക്കേണ്ട കാര്യങ്ങളൊന്നുമല്ലല്ലോ അവര് ചെയ്തു വച്ചേക്കണത്…”. സുധി ഇടയ്ക്കു കയറിപ്പറഞ്ഞു.

” എടാ, പണ്ടവർ അങ്ങനെയൊക്കെ നടന്നിട്ടുണ്ടാകാം. എന്നു വച്ച് അവരുടെ ഈ അവസാനകാലത്ത് നമ്മൾ അതൊക്കെ ഓർത്തിരിക്കണമോ… പിന്നെ, നമ്മളോട് അവരെന്തു തെറ്റാണു ചെയ്തിട്ടുള്ളത്…”.

” ചെയ്ത പാപങ്ങളുടെ ഫലമാണ് അതിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ അനുഭവിക്കാതെ ഇവിടന്നു പോവാൻ കഴിയുമോ…”. സുധി ആത്മരോഷത്തോടെ പറഞ്ഞു.

” എടാ, പ്രാകല്ലേടാ, അതും ചാവാൻ കിടക്കുന്ന നേരത്ത്… അല്ല നിനക്കെന്താണവരോടിത്ര ദേഷ്യം. നിന്നോട് അവരെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ… ഒരു പക്ഷേ പട്ടിണിയോ പ്രാരാബ്ധമോ ഒക്കെയാവാം അന്നവർക്ക് ശരീരം വിറ്റു ജീവിക്കേണ്ട അവസ്ഥയൊരുക്കിയത്…”. ഞാൻ പറഞ്ഞു.

” എന്നോടൊരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ, സ്വന്തം ചോ രയിൽ പിറന്ന പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നീ അതിൻ്റെ മുഖത്ത് കാറിത്തുപ്പും…”.

” എന്തേ… എന്താണവര് സ്വന്തം മോളോട് ചെയ്തത്…?”. ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

” വാ… പറയാം…”.

ഞങ്ങൾ വരാന്തയിൽ നിന്നുമിറങ്ങി നടന്നു… ആശുപത്രി വളപ്പിലെ മതിലിനരികിൽ പതുങ്ങി നിന്ന് ഒരു സിഗററ്റിനു തീ കൊളുത്തി പുകവിട്ടു കൊണ്ട് അവൻ പറഞ്ഞു.

” എന്തു കാരണം കൊണ്ടായാലും ആ സ്ത്രീ ശ രീരം വി റ്റു ജീവിച്ചതു കൊണ്ട് എനിക്കൊരു വിഷമവുമില്ല. പക്ഷേ, ബുദ്ധിമാന്ദ്യമുള്ള സ്വന്തം മോളെ പണക്കാർക്കു വി റ്റ് ആ കാശു കൊണ്ട് സുഖിച്ചു ജീവിക്കാൻ നോക്കിയാൽ എന്നെപ്പോലെ മനുഷ്യത്വമുള്ളവർക്കെല്ലാം വേദനിക്കും… ഇപ്പോ ഞാനും ഒരു പെൺകുഞ്ഞിൻ്റെ അച്ഛനാണ്, എനിക്കു വേദനിക്കും…”. സുധി ദേഷ്യത്തോടെ പറഞ്ഞു.

” സ്വന്തം മോളെ വി റ്റെന്നോ… നീയെന്തൊക്കെയാണീ പറയുന്നത്…?”. എനിക്കൊന്നും മനസ്സിലായില്ല…

” അതേന്നേ, സത്യം… ഞാൻ കണ്ടിട്ടുണ്ടാ കൊച്ചിനെ. നല്ല സുന്ദരിക്കൊച്ച്. പത്തിരുപതു വയസ്സു പ്രായമുണ്ടെങ്കിലും മന്ദബുദ്ധിയാണ്, ഒരു ആറു വയസ്സിന്റെയൊക്കെ വകതിരിവേ ഉള്ളൂ… ആ കൊച്ചിനെ കാശു കൊടുത്തു വാങ്ങിയ ആളെ നീയറിയും, പാവാട നാരായണൻ… പെണ്ണുപി ടിത്തത്തിൽ ബിരുദാനന്തരബിരുദം നേടിയയാൾ… പുള്ളിക്ക് ലോട്ടറിയല്ലേ അടിച്ചേക്കണത്. അന്നു മുതൽ അയാൾ ആഘോഷിക്കാൻ തുടങ്ങിയതാ… ആ കിളുന്നു പെണ്ണിനേം കൊണ്ട് ലോകം ചുറ്റി സുഖിച്ചു നടക്കാണയാള്…”. സുധി പറഞ്ഞു.

ഞാനല്പനേരം തല താഴ്ത്തി ഇരുന്നു. ഈ പാവാട നാരായണനെ എനിക്ക് നന്നായറിയാം പറഞ്ഞ പോലെ സ്ത്രീ വിഷയത്തിലെ മുടി ചൂടാമന്നൻ. ചെറുപ്പത്തിൽ അയാളോട് ഒരുപാട്അസൂയ തോന്നിയിട്ടുണ്ട്. ഈ പാവാട നാരായണൻ എന്ന പേരു തന്നെ വന്നത് ഒരിക്കൽ പെ ണ്ണുകേസിൽ നാട്ടുകാർ പിടികൂടിയപ്പോൾ ഇയാൾ കൂടെയുണ്ടായിരുന്ന പെണ്ണിൻ്റെ പാവാടയെടുത്തുടുത്ത് ഓടിയെന്നു പറഞ്ഞാണ്. ഇപ്പോൾ പ്രായം പത്തറുപതായിക്കാണുമെങ്കിലും സ്ത്രീവി ഷയത്തിൽ ഒട്ടും പിന്നോട്ടല്ല. അതിനുദാഹരണമാണല്ലോ ബുദ്ധി മാന്ദ്യമുള്ള പെണ്ണിനെ കാ ശു കൊടുത്തു വാങ്ങിയതും കൂടെ കൊണ്ടു നടക്കുന്നതും…

ആ പെൺകുട്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ എനിക്കും ചെറിയ വിഷമം തോന്നി. അതിന് എന്തറിഞ്ഞിട്ടാ… അമ്മ പറയുന്നത് അനുസരിക്കാനും വിശ്വസിക്കാ നുമല്ലേ അതിനു കഴിയൂ… ആ കാമ ഭ്രാന്തൻ എന്തൊക്കെ കാണിച്ചു കൂട്ടിയാലും അതിൻ്റെ ഗൗരവമറിയാതെ നിന്നു ചിരിക്കാനോ കരയാനോ മാത്രമല്ലേ അതിനു കഴിയൂ…

കൂടുതൽ ആലോചിച്ചപ്പോൾ എനിക്കാ സ്ത്രീയോട് ദേഷ്യം തോന്നി…

” എന്നിട്ട് ഇവർക്കെന്താ പറ്റിയത്… എന്തു രോഗം വന്നിട്ടാ ഈ നിലയ്ക്കായത്…?”. ഞാൻ ചോദിച്ചു.

” ഞാൻ കേട്ടറിഞ്ഞ കഥകളാണ്, പാവാട നാരായണൻ കൊടുത്ത കാശും കൊണ്ട് ദുബായ്ക്കു പോകാനായിരുന്നു പ്ലാൻ. അവിടെ നിറയെ മസ്സാജ് സെൻ്ററും മറ്റുമൊക്കെ ഉള്ളതാണല്ലോ. പഠിച്ച പണി അവിടേം പയറ്റാം നിറയെ സമ്പാദിക്കേം ചെയ്യാം…”.

” എന്നിട്ട്…?”.

” എന്നിട്ടെന്താ… അവിടെയാണ് ദൈവം പണി തുടങ്ങിയത്. ആരുമറിയാതെ കരിപ്പൂരു നിന്ന് പറക്കാനായിരുന്നു തീരുമാനം. പക്ഷേ, എയർ പോർട്ടിലെത്താൻ കഴിഞ്ഞില്ല, അതിനു മുമ്പേ യാത്ര ചെയ്ത ബസ്സു മറിഞ്ഞു. ഇവരൊഴികെ മറ്റു യാത്രക്കാർക്കൊന്നും ഒരു പോറൽ പോലും പറ്റിയില്ല. ഈ സ്ത്രീയുടെ വയറ്റിൽ ബസ്സിൻ്റെ ഏതോ കമ്പിയോ മറ്റോ കു ത്തിക്കയറി. അതറിയാതെ ആൾക്കാർ ഇവരെ രക്ഷിക്കാനായി പിടിച്ചു വലിച്ചപ്പോൾ മുറിവ് കൂടുതൽ വലുതായി, സീരിയസ്സായി…”. സുധി പറഞ്ഞു.

” അയ്യോ കഷ്ടം…”.

” എന്തു കഷ്ടം… എട്ടിൻ്റെ പണി വരുന്നതേ ഉണ്ടായിരുന്നുള്ളൂ… കരളിനും കുടലിനുമൊക്കെ പരിക്കു പറ്റി. ശരിക്കു പറഞ്ഞാൽ ഇപ്പോ ഉള്ളിലൊന്നുമില്ല. ട്യൂബു വഴിയാണ് വല്ലതും അകത്തു പോകുന്നതും പുറത്തേക്കു വരുന്നതും… എന്തായാലും ഓർമ്മയ്ക്കു മാത്രം ഒരു കുഴപ്പവുമില്ല, ഈ വേദനയെല്ലാം അറിഞ്ഞും സഹിച്ചും മരണം കാത്തു കിടക്കുക എന്നു പറഞ്ഞാൽ ഇവർക്ക് അതൊരു കുറഞ്ഞ ശിക്ഷയായിപ്പോയെന്നേ ഞാൻ പറയൂ…”. സുധി പറഞ്ഞു.

ആ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടുള്ള അനുകമ്പയോ അതോ അവർ മുൻപ് ചെയ്തു കൂട്ടിയ കാര്യങ്ങൾ കേട്ടപ്പോഴുള്ള വെറുപ്പോ അങ്ങനെ എന്തൊക്കെയോ എൻ്റെ മനസ്സിൽ മിന്നി മാഞ്ഞു.

” അതൊക്കെ പോട്ടെ, നീയിന്നു പോകുന്നില്ലല്ലോ…?”. സുധി ചോദിച്ചു.

” ഈ ആശുപത്രി വരാന്തയിൽ നിനക്കു കൂട്ടുകിടക്കാനാണോ…?”. ഞാൻ ചോദിച്ചു.

” അതല്ലെടാ, എത്ര കൊല്ലമായി നമ്മളൊന്നു കൂ ടിയിട്ട്. ഞാനിവിടെ അടുത്തൊരു റൂമെടുത്തിട്ടുണ്ട്. ബാ ർ അറ്റാച്ച്ഡ് ഹോട്ടലാണ്. നമുക്കിന്നവിടെ അടിച്ചു പൊളിക്കാം…”. സുധി പറഞ്ഞു.

” എടാ അപ്പോ ഇവിടാരാ… രാത്രീലെന്തെങ്കിലും ആവശ്യം വന്നാലോ…?”. ഞാൻ ചോദിച്ചു.

” രാത്രി നിൽക്കാൻ വൈഫിൻ്റെ അമ്മ വരും… അല്ലെങ്കിലും നമ്മൾ ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ വാർഡിൽ രാത്രി നിൽക്കാൻ പറ്റില്ല. അതു കൊണ്ടാണ് റൂമെടുത്തത്. പിന്നെ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ അവൾ ഫോൺ വിളിച്ചോളും…”. സുധി പറഞ്ഞു.

” എന്നാൽ ശരി… നാട്ടിലെ ക ള്ളു കു ടിച്ചിട്ട് നാളു കുറച്ചായി…”. ഞാനൊന്നു മൂരി നിവർന്നു കൊണ്ടു പറഞ്ഞു.

അങ്ങനെ ഞങ്ങൾ റൂമിലേക്കു തിരിച്ചു. നടക്കാനുള്ള ദൂരമേയുള്ളു. റൂമിലേക്ക് ഒരു ഫു ള്ളും ഫുഡ്ഡും വരുത്തിച്ച് ഞങ്ങൾ ആഘോഷം തുടങ്ങി വച്ചു. സുധി അച്ഛനായതിന്റേയും ദീർഘനാളത്തെ ഞങ്ങളുടെ കൂടിച്ചേരലിൻ്റേയും സന്തോഷം… കുപ്പി തീരാറായപ്പോഴേക്കും സുധി ഫ്ലാറ്റ്… വീണിടത്തു തന്നെ കിടന്ന് അവനുറക്കമായി… എനിക്കെന്തോ ഉറക്കം പൂർണ്ണമായും നഷ്ടപ്പെട്ടു. കൺ മുന്നിൽ ഇപ്പോഴും ആശുപത്രിയിൽ കണ്ട രൂപം തന്നെ തെളിഞ്ഞു നിൽക്കുന്നു…

ഞങ്ങളുടെ നാട്ടുകാരിയായിരുന്നു സൗമ്യ എന്ന സൗമ്യേച്ചി. ചുമട്ടുതൊഴിലാളി യായ ഭർത്താവുണ്ടായിരുന്നെങ്കിലും അയാളുടെ കൂലി അയാൾക്ക് കു ടിക്കാൻ പോലും തികയുന്നുണ്ടായിരുന്നില്ല… ഒടുവിൽ നിവൃത്തികേടുകൊണ്ടാണത്രേ അവർ വേ ശ്യാവൃത്തിക്കിറങ്ങിയതെന്ന കാര്യം പരസ്യമായ രഹസ്യമാണ്… ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ സ്റ്റെയർകേസിനരികിൽ ബസ്സു കാത്തെന്ന പോലെ അവർ നിൽക്കുന്നത് എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. കാണാൻ സുന്ദരി, ചെറുപ്പം… നാട്ടുകാരായ ഞങ്ങൾ ചെറുപ്പക്കാരുടെ ഉറക്കം കെടാൻ വേറെന്തു വേണം… കൈയിൽ കാശില്ലാത്തതും പേടിയും, സൗമ്യേച്ചി ഒരു സ്വപ്നമായിത്തന്നെ ഞങ്ങളിൽ അവശേഷിച്ചു.

ഒരിക്കൽ ഒരു ശനിയാഴ്ച രാത്രി ഒരു കൂട്ടുകാരൻ്റെ വീട്ടിൽ ഞങ്ങൾ ക ള്ളു സഭ കൂടി. അവൻ്റെ വീട്ടുകാരെല്ലാം അന്നു രാത്രി ഏതോ ബന്ധുവീട്ടിലെ വിശേഷത്തിന് പോയതായിരുന്നു. അച്ഛൻ തക്കീതു നല്കിയതു പേടിച്ച് സുധി അന്ന് കമ്പനി കൂടാൻ വന്നില്ല. അവനെ ചൊടിപ്പിക്കാനായി പിറ്റേന്ന് ഞാൻ വെറുതേ പറഞ്ഞു, സൗമ്യേച്ചിയെ കൊണ്ടു വന്നിരുന്നെന്നും ഞങ്ങളുടെ ചാ രിത്ര്യം കളഞ്ഞു കുളിച്ചുവെന്നും… ഇന്നും വെള്ളം തൊടാതെ വിശ്വസിച്ചിരിക്കുകയാണ് അവനാ കഥ…

എന്നാലും ഇന്ന് അവൻ പറഞ്ഞ കഥകളൊക്കെ കേട്ടപ്പോൾ ഉറക്കം കെടുത്തിയ സൗന്ദര്യത്തിൽ നിന്നും ഉറക്കം കെടുത്തിയ താടകയിലേക്ക് സൗമ്യ കൂടു മാറിയിരുന്നു… സ്വന്തം മകളെ കാ മഭ്രാന്തനു വിറ്റ് കാശു വാങ്ങിയ ഒരുമ്പെ ട്ടവളെ പിന്നെങ്ങനെ കാണണം…. എൻ്റെ ചോര തിളച്ചു… അവളെക്കുറിച്ച് ഒരു കഥയെഴുതിയേ തീരൂ… ആരു വായിച്ചാലും വെറുത്തു പോകുന്ന കഥാപാത്രമാവണം… പണത്തിനും സുഖത്തിനും വേണ്ടി എന്തു ചെയ്യാനും ഒരുമ്പെ ട്ടിറങ്ങിയവൾ…

ഞാൻ ബാഗിൽ നിന്നും ഡയറിയെടുത്തു തുറന്ന് അതിലെഴുതി…

” നാളെ മുതൽ പുതിയൊരു കഥയെഴുതിത്തുടങ്ങാൻ തീരുമാനിച്ചു. കഥയുടെ പേര് ഒരുമ്പെ ട്ടവൾ…”

അന്നു രാത്രി ഉറക്കം കാത്തു കിടക്കുമ്പോൾ എങ്ങനെ എഴുതിത്തുടങ്ങണമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ…

പിറ്റേന്ന് രാവിലെ സുധിക്കൊപ്പം ആശുപത്രിയിൽ പോയി അവൻ്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ട് യാത്ര പറഞ്ഞ് തിരിച്ചു പോരുന്നതിനിടയിൽ പാദങ്ങൾ തനിയെ സ്ത്രീകളുടെ വാർഡിലേക്ക് എന്നെ നയിച്ചു. സന്ദർശന സമയമായതിനാൽ എൻ്റെ യാത്ര നേരെ ആ കട്ടിലിനടുത്തു വരെ ചെന്ന് അവസാനിച്ചു…

അക്ഷരാർത്ഥത്തിൽ എല്ലും തോലുമായ ശരീരം… പണ്ടത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ഞാൻ കാണാറുള്ള പഴയ സൗമ്യേച്ചിയെ ആ മുഖത്തെവിടെയും കാണാനേയുണ്ടായിരുന്നില്ല… ചെയ്ത പാപങ്ങൾക്കുള്ള ശമ്പളം… വിശ്വാസി അല്ലാതിരുന്നിട്ടും ഞാൻ ദൈവത്തിനോടു നന്ദി പറഞ്ഞു. ദൈവത്തിനു നിരക്കാത്തതു ചെയ്യുന്നവർക്ക് ഇവരുടെ ജീവിതം ഒരു പാഠമായിരിക്കട്ടെ…

അല്പനേരം ആ മുഖത്തേക്ക് വെറുപ്പോടെ നോക്കിയതിനു ശേഷം ഞാൻ പിൻതിരിയാനൊരുങ്ങവേ അവർ കണ്ണു തുറന്നു. എന്നെ കണ്ട പാടെ പരിചയഭാവത്തിൽ ചിരിച്ചു. ഞാനും ഇളിഭ്യതയോടെ ഒന്നു ചിരിച്ചു കാണിച്ചു. ആ കണ്ണുകളിൽ മാത്രമെവിടെയോ പഴയ സൗമ്യേച്ചിയുടെ ഛായ ഒളിഞ്ഞു കിടപ്പുണ്ട്…

” കിനാശ്ശേരീലെ കുട്ട്യല്ലേ…?”. അവർ ചോദിച്ചു.

” അതെ… എന്നെ ഓർമ്മിണ്ടോ…?”. ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

അവർ പുഞ്ചിരിയോടെ പറഞ്ഞു. ” ഈയടുത്ത് വാരികേലൊക്കെ എഴ്താറുണ്ടല്ലേ…?”.

” ഉവ്വ്… വായിക്കാറുണ്ടോ…?”.

” ഇണ്ടായിരുന്നു, ഇപ്പഴില്ല്യ… എഴുത്തൊക്കെ നന്നാവാറിണ്ട് ട്ടാ…”.

ഹാവൂ ഭാഗ്യം… ഒരു ആരാധികയെ കിട്ടിയല്ലോ… എനിക്ക് ഉള്ളിലല്പം സന്തോഷം തോന്നി.

” കൂടെ ആരുമില്ലേ, സഹായത്തിന്…?”. ഞാൻ ചോദിച്ചു.

” ആരുമില്ലാതായിട്ട് കാലം കുറച്ചായി…”.

” സ്വയം ഇല്ലാതാക്കിയതല്ലേ…?”.

” അങ്ങനേം പറയാം… അങ്ങനെ പറയുന്നത് കേൾക്കാനാണ് ആൾക്കാർക്കും താത്പര്യം… ശരീ രം വി റ്റു ജീവിച്ചവൾ എന്തു പറഞ്ഞാലാണ് ആളുകൾ വിശ്വസിക്കുന്നത്… കുറ്റപ്പെടുത്താൻ ഒരുപാടു പേർ വരും, എന്തുകൊണ്ട് ഞാൻ അങ്ങനെയായി എന്നാരും ചോദിക്കാറില്ല…”.

” ഇങ്ങനെയായിപ്പോയ എല്ലാ സ്ത്രീകൾക്കും പറയാൻ കാരണമുണ്ടാവും. പട്ടിണി, പ്രാരാബ്ധം, അവഗണന അങ്ങനെ പലതും… ഞാനും അതിൽ കുറ്റപ്പെടുത്തുന്നില്ല. നിങ്ങൾ ഒരു തൊഴിൽ ചെയ്തു, അത്ര തന്നെ… വാങ്ങാൻ ആൾക്കാരുണ്ടായതു കൊണ്ടാണല്ലോ ശരീരം വി ൽക്കാൻ നിങ്ങൾ തീരുമാനിച്ചത്…”.

” പക്ഷേ അതാരും ചിന്തിക്കുന്നില്ല, മനസ്സിലാക്കുന്നില്ല…”.

” പക്ഷേ, നിങ്ങൾ ചെയ്തതിനോട് എല്ലാം യോജിക്കാൻ ഞാൻ തയ്യാറല്ല… വാങ്ങാൻ ആളുണ്ടെങ്കിലും സ്വന്തം മോളെ നിങ്ങൾ വി ൽക്കാൻ പാടില്ലായിരുന്നു…”.

അവരൊന്നു ഞെട്ടി…

” എന്ത്… എൻ്റെ മോളെ ഞാൻ വിറ്റെന്നോ…?”.

” അതെ, ആ കാശു കൊണ്ടല്ലേ നിങ്ങൾ ദുബായ്ക്കു പോകാനൊരുങ്ങിയത്…?”.

” കഷ്ടം എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ അല്പമെങ്കിലും സാമാന്യബോധം നിങ്ങൾക്കുണ്ടാകുമെന്നു കരുതിയ എനിക്കാണു തെറ്റിയത്…”.

” ദുബായിലെ ഒരു മലയാളി കുടുംബത്തിലെ കുഞ്ഞിനെ നോക്കാനായി എനിക്ക് ജോലി ശരിയായതായിരുന്നു. എന്നും ഈ തൊഴിലു ചെയ്തു ജീവിക്കാൻ കഴിയില്ലല്ലോ… അതിനൊരാൾ കാശും തന്ന് സഹായിച്ചു. പിന്നെ എൻ്റെ മോളെ ഇവിടെ തനിയെ വിട്ടിട്ട് പോകാൻ കഴിയില്ലല്ലോ. കൊത്തിപ്പറിക്കാൻ കാത്തു നിൽക്കുകയാണ് പകൽ മാന്യ ൻമാർ… അമ്മയുടെ ഭൂതകാലം എൻ്റെ കുഞ്ഞിനെ വേട്ടയാടുമെന്നെനിക്കുറപ്പാണ്. അതു കൊണ്ടാണ് എൻ്റെ മോളെ ഞാൻ അവിടെ ഏൽപ്പിച്ചത്…”.

” നിങ്ങൾക്ക് പണം തന്ന് സഹായിച്ചത് ആരാണെന്നൊക്കെ എനിക്കറിയാം. അയാൾ പണം തന്നത് വെറുതെയല്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പാവാടനാരായണൻ എന്ന വ്യക്തി ആരാണെന്ന് നമ്മുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾക്കു പോലുമറിയാം…”.

” എൻ്റെ മോളെ കണ്ടിട്ടു തന്നെയാണ് അയാൾ സഹായിച്ചതെന്ന് എനിക്കറിയാം… പക്ഷേ, ബുദ്ധിസ്ഥിരതയില്ലാത്ത, ചെറുപ്പക്കാരിയായ എൻ്റെ മോളെ വിശ്വസിച്ച് ഏൽപ്പിക്കാൻ മറ്റാരെയും ഞാൻ കണ്ടില്ല…”. അവർ പറഞ്ഞു.

” ബെസ്റ്റ്… വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ മൊതല്… ഇതാണ് ഞാൻ പറഞ്ഞത്, നിങ്ങൾ നിങ്ങളുടെ മോളെ അയാൾക്കു വി ല്ക്കു കയായിരുന്നെന്ന്… അതോ പണയം വച്ചതോ…? പുതിയ ഏർപ്പാടാണല്ലോ…”.

” പാവാട നാരായണൻ എന്ന വ്യക്തിയെ എനിക്കു നന്നായറിയാം. അയാളുടെ പക്കൽ എൻ്റെ മോൾ സുരക്ഷിതയായിരിക്കുമെന്നും എനിക്കറിയാം… കൂടുതലൊന്നും എനിക്കു പറയാനില്ല…”.

” അതിനെക്കുറിച്ച് തന്നെയാണ് എനിക്കറിയേണ്ടത്. സ്ത്രീല മ്പടനായ അയാളുടെ പക്കൽ സ്വന്തം മോളെ ഏൽപ്പിച്ചത് എന്തു വിശ്വാസത്തിൻ്റെ പുറത്താണെന്ന്… അല്ലാത്തിടത്തോളം കാലം നിങ്ങൾ മോളെ വി റ്റെന്നോ പണ യം വച്ചതാണെന്നോ ഞങ്ങൾക്ക് കരുതേണ്ടി വരും…”. ഞാൻ ആവേശത്തോടെ പറഞ്ഞു.

” നീയടക്കമുള്ള സമൂഹത്തിൽ ആരെക്കാളും ഈ കാര്യത്തിൽ എനിക്കു വിശ്വാസം അയാളെത്തന്നെയാണ്. കാരണം അയാളാണ് എൻ്റെ കുഞ്ഞിൻ്റെ അച്ഛൻ… അതു ഞങ്ങൾക്കു രണ്ടു പേർക്കുമറിയാവുന്ന കാര്യമാണ്. അയാളാണ് അച്ഛനെന്ന് എൻ്റെ മോളോടും പറഞ്ഞു കൊടുത്തിട്ടുണ്ട്…”. അവർ പറഞ്ഞു.

എനിക്കൊന്നും മിണ്ടാനായില്ല. തലതാഴ്ത്തിയാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്… പുറത്തിറങ്ങിയ ഉടൻ ഞാൻ ബാഗിൽ നിന്നും ഡയറിയെടുത്തു തുറന്ന് ഒരു മ്പെട്ട വൾ എന്ന തലക്കെട്ട് വെട്ടിക്കളഞ്ഞു… ഇനി പുതിയ തലക്കെട്ട് കണ്ടു പിടിക്കണം, കഥയും മാറ്റിയെഴുതണം… പലപ്പോഴും നമ്മൾ അറിയുന്നതെല്ലാം വെറും കഥകൾ മാത്രമാണ്. സത്യം നാമറിയാത്ത പലതുമാവാം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *