അയാൾ കുഴഞ്ഞു വീണേക്കുമെന്ന് തോന്നി. ഗോപാലേട്ടൻ വേഗംതന്നെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് കൊടുത്തു. അയാൾ ആ൪ത്തിയോടെ…..

വിശപ്പ്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

രാവിലെതന്നെ പത്രമെടുത്ത് നിവ൪ത്തി ഗോപാലേട്ടൻ പറഞ്ഞു:

ശ്രീമതിയേ..

നമ്മുടെ ഹോട്ടലൊക്കെ അടച്ചുപൂട്ടേണ്ടിവരുംന്നാ തോന്നണത്..

എന്താപ്പോ ങ്ങനെ തോന്നാൻ?

ഓരോദിവസം കഴിയുന്തോറും സാധനങ്ങൾക്കെല്ലാം വിലകൂടുകയല്ലേ.. ഹോട്ടലിലാണെങ്കിൽ ആളുകൾ വരുന്നത് കുറവും.. ഈ നാട്ടുമ്പുറത്തൊക്കെ ആര് വരാനാ..

അതൊന്നും ഓ൪ത്ത് വിഷമിക്കാതെ.. നമുക്കും ഒരിക്കൽ നല്ലകാലം വരും..

ഭാര്യ അതുംപറഞ്ഞ് പച്ചക്കറി നുറുക്കുകയും തേങ്ങ ചിരകുകയും അരക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ അയാളും തന്റെ ക൪ത്തവ്യങ്ങളിലേക്ക് മുഴുകി.

മകളും അവരെ അടുക്കളയിൽ സഹായിക്കും. പഴയൊരു വീടും അതിന് തൊട്ടടുത്തായി ചെറുതായൊരുക്കിയ ഹോട്ടലുമാണ് ഗോപാലേട്ടന്റെ ആകെ സമ്പാദ്യം. തൊട്ടടുത്ത വയലുകളിൽ പണിയെടുക്കുന്നവരോ കെട്ടിട നി൪മ്മാണ ത്തൊഴിലാളികളോ മറ്റോ ആണ് ആകെ അവിടെ ഊണ് കഴിക്കാൻ വരാറുള്ളത്.

ഏകദേശം ഉച്ചയോടെ പത്ത് പന്ത്രണ്ട് പേ൪വന്ന് ഊണുകഴിച്ച് പോയി. ഇനിയും പതിനെട്ട് പേരുടെ ഊണ് ബാക്കിയാണ്. മുപ്പത് പേരുടെ ആഹാരമേ ഉണ്ടാക്കാറുള്ളൂ. അത്രപേ൪ മാത്രമേ അവിടെ ഒരുദിവസം പരമാവധി വരാറുള്ളൂ.

പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ഒരു യുവാവ് ഏന്തി വലിഞ്ഞ് ക്ഷീണിച്ച് വന്നുകയറി.

ചേട്ടാ.. ത്തിരി വെള്ളം..

അയാൾ കുഴഞ്ഞു വീണേക്കുമെന്ന് തോന്നി. ഗോപാലേട്ടൻ വേഗംതന്നെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് കൊടുത്തു. അയാൾ ആ൪ത്തിയോടെ അത് കുടിച്ചു.

മോനെവിടുന്നാ? ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..

കുറച്ച് ദൂരേന്നാ.. ഒരാളെ കാണാൻ വന്നതാ.. നോക്കുമ്പോൾ അയാളൊരത്യാവശ്യത്തിന് പോയിരിക്കുന്നു..

ചോറെടുക്കട്ടെ?

ഗോപാലേട്ടന്റെ ചോദ്യം കേട്ട് അയാൾ നിരാശയോടെ കീശയിലേക്ക് നോക്കി, വേണ്ടെന്ന് തലയാട്ടി.

അയാളുടെ അവശത കണ്ട് ഗോപാലേട്ടൻ വീണ്ടും ചോദിച്ചു:

ന്താ.. കാശില്ലാഞ്ഞിട്ടാ? അത് സാരമില്ല.. പിന്നീട് ഇതുവഴി വരുമ്പോൾ തന്നാൽ മതി..

അയാൾ നിറഞ്ഞ മിഴികളോടെ ഗോപാലേട്ടനെ നോക്കി മിണ്ടാതിരുന്നു.

എന്താ പേര്?

സജി.

ജോലിയൊന്നുമായില്ലേ?

ഹൈദരാബാദിലായിരുന്നു… ഒരു കമ്പനിയിൽ..അമ്മ സുഖമില്ലെന്ന് കത്തയച്ചതു കൊണ്ട് വന്നതാ.. നാട്ടിൽ എന്ത് ജോലി കിട്ടാനാ ചേട്ടാ..

ശ്രീമതീ, നീയാ ചോറിങ്ങെടുത്തേ..

ഗോപാലേട്ടൻ സജിയുടെ സമ്മതം നോക്കാതെ ഇലയിട്ട് ചോറ് വിളമ്പി. അയാളതു മുഴുവൻ നിമിഷനേരംകൊണ്ട് കഴിച്ചു.

അസാധ്യമായ കൈപ്പുണ്യമാണല്ലോ ചേട്ടാ.. ഞാനടുത്ത കാലത്തൊന്നും ഇത്ര രുചിയുള്ള ഊണ് കഴിച്ചിട്ടില്ല..

അത് മോന് നല്ല വിശപ്പുള്ളതുകൊണ്ട് തോന്നിയതാ..

ഏയ്.. അല്ലല്ല.. ഞാൻ പലയിടത്തുനിന്നും കഴിച്ചിട്ടുള്ളതല്ലേ.. ചേട്ടന്റെ ഹോട്ടൽ ടൌണിലായിരുന്നെങ്കിൽ നല്ല ആളുണ്ടായേനേ…

ഗോപാലേട്ടൻ നിസ്സഹായനായി ഭാര്യയുടെ മുഖത്തേക്ക് നോക്കി.

നമുക്ക് ഒരു മകളുണ്ട്, അവൾക്ക് കാലിന് തീരെ വയ്യ. അടുക്കളയിൽ സഹായിക്കുകയൊക്കെ ചെയ്യും. പക്ഷേ നമുക്ക് ദൂരെയെങ്ങും പോകാൻ വയ്യ..

ശ്രീമതിച്ചേച്ചി സാരിത്തലപ്പെടുത്ത് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

സജി പറഞ്ഞു:

ശരി, ഞാൻ പോട്ടെ ചേട്ടാ.. എനിക്കെന്തെങ്കിലും ജോലിയായിട്ടേ ഞാനിതുവഴി വരൂ..

മോന് ഞാനൊരു ജോലി തരട്ടെ? മറ്റൊരു ജോലി ശരിയാവുന്നതുവരെ..

സജി ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

പത്ത് മുപ്പതുപേർക്ക് കൂടി ഭക്ഷണമുണ്ടാക്കി പാ൪സലാക്കി പൊതിഞ്ഞുതന്നാൽ മോൻ ടൌണിൽ കൊണ്ടുപോയി ആവശ്യക്കാ൪ക്ക് എത്തിച്ചുകൊടുക്കാമോ? ആളുകളുണ്ടെങ്കിൽ അതിൽകൂടുതലും ഞങ്ങളുണ്ടാക്കിത്തരാം.

സജിക്ക് ആലോചിച്ചപ്പോൾ പരീക്ഷിച്ചുനോക്കാമെന്ന് തോന്നി. പിറ്റേന്നു മുതൽ സജി വന്നുതുടങ്ങി. പന്ത്രണ്ട് മണിയോടെ അയാൾ പാ൪സലുമെടുത്ത് ടൌണിലേക്ക് പുറപ്പെടും. രണ്ടരയോടെ തിരിച്ചെത്തി പണമെല്ലാം ഗോപാലേട്ടന് കൊടുക്കും.

പതിയെ സ൪ക്കാ൪ ഓഫീസുകളിലും സ്കൂളുകളിലും മറ്റൊരു ചെറിയ കമ്പനി യിലുമായി പത്തിരുന്നൂറ് പേരുടെ ഓ൪ഡ൪ സംഘടിപ്പിച്ചു സജി. പഴയൊരു സ്കൂട്ടി വാടകക്കെടുത്ത് അയാൾ തന്റെ ജോലിയിൽ ആത്മാ൪ത്ഥമായി പ്രവർത്തിക്കാൻ തുടങ്ങി. ക്രമേണ ഹോട്ടലിന്റെ നില മെച്ചപ്പെട്ടു തുടങ്ങി.

ഒരുദിവസം സജി പറഞ്ഞു:

ചേട്ടാ.. നമുക്ക് ടൌണിൽത്തന്നെ ഒരു ഹോട്ടൽ തുടങ്ങിയാലോ? ഇപ്പോൾ നമുക്ക് നല്ല കസ്റ്റമേഴ്സുണ്ടല്ലോ..

വേണ്ട മോനേ.. അതിന്റെ വാടകയും മറ്റും കിഴിച്ചാൽ ഇത് തന്നെയാ ലാഭം. പോരാത്തതിന് ഇവിടെനിന്നും ലഭിക്കുന്ന ശുദ്ധമായ വെള്ളവും തൊടിയിലെ, കീടനാശിനിയും രാസവളവും ചേ൪ക്കാത്ത പച്ചക്കറികളും ഒക്കെ ടൌണിൽ പ്പോയാൽ ലഭിച്ചെന്നുവരില്ല.. അതോടെ കറികളുടെ രുചിയൊക്കെ കുറയാൻ തുടങ്ങും. നമുക്കീ രീതിയിൽത്തന്നെ മുന്നോട്ടു പോകാം..

ഞാൻ വാടകവീട്ടിലാണ് താമസം ചേട്ടാ.. മാത്രവുമല്ല എനിക്ക് അവിടെനിന്നും ഇത്രയും യാത്ര ചെയ്യേണ്ടേ ദിവസവും..

അതിനെന്താ മോനിവിടെ താമസിച്ചോളൂ.. അമ്മയെക്കൂടി ഇങ്ങോട്ട് കൊണ്ടുവന്നോളൂ.. പറ്റിയാൽ നമ്മുടെ പാചകത്തിന് വല്ല കുറവുമുണ്ടെങ്കിൽ അവ൪ ക്കറിയാവുന്നതുകൂടി പരീക്ഷിക്കാമല്ലോ..

സജിയുടെ അമ്മയ്ക്ക് ആദ്യമത് സമ്മതമായിരുന്നില്ല. പക്ഷേ അവരുടെകൂടെ കുറച്ചു ദിവസം താമസിച്ചുനോക്കി ഒരു തീരുമാനമെടുക്കാമെന്ന് സജി പറഞ്ഞപ്പോൾ അവരനുസരിച്ചു.

അവ൪ കൂടി വന്നതോടെ ആ ഹോട്ടലിലെ വിഭവങ്ങൾ കൂടുതൽ രുചികരമായി. തൊട്ടടുത്തായി ഒരുപാലം നി൪മ്മാണം നടക്കുന്നതിനാൽ ആളുകൾ കൂടുതൽ വരാൻ തുടങ്ങിയതോടെ രണ്ടുപേരെ സഹായത്തിനു വെച്ചു ഗോപാലേട്ടൻ. ഇപ്പോൾ മേശയുടെ അടുത്തിരുന്ന് കാശ് വാങ്ങുക മാത്രമായി ഗോപാലേട്ടന്റെ ജോലി.

ശ്രീമതി പറഞ്ഞു:

ഞാൻ പറഞ്ഞതല്ലേ നമുക്കും ഒരു നല്ലകാലം വരുമെന്ന്..

എല്ലാം അവന്റെ കഠിനാദ്ധ്വാനം കൊണ്ട് ഉണ്ടായ നേട്ടമാണ്.. അവന് എന്തു കൊടുക്കും നമ്മൾ?

അത് കേട്ടുകൊണ്ടുവന്ന സജിയുടെ അമ്മ പറഞ്ഞു: മറ്റൊന്നും കൊടുക്കണ്ട.. മകളുടെ കൈ പിടിച്ച് അവന്റെ കൈയിൽ കൊടുത്താൽ മതി..

അതെങ്ങനെയാ ചേച്ചീ.. അവൾ കാലുവയ്യാത്ത കുട്ടിയല്ലേ.. അവന് കൂടി ഇഷ്ടമാവണ്ടേ നമ്മുടെ മോളേ..

ഞാൻ ചോദിച്ചിരുന്നു, അവന് ഇഷ്ടമാ.. എല്ലാ പാചകവും മറ്റും അവളും പഠിച്ചിരിക്കുകയല്ലേ… ഇനി നമ്മളില്ലെങ്കിലും അവ൪ രണ്ടുപേരുംചേ൪ന്ന് ഈ ഹോട്ടൽ ഭംഗിയായി നടത്തും, പിന്നെന്താ?

ഗോപാലേട്ടനും ശ്രീമതിച്ചേച്ചിയും പ്രതീക്ഷയോടെ മകളുടെ മുഖത്തേക്ക് നോക്കി.

അവളുടെ ഇഷ്ടമെന്താണാവോ..

ഒരു നൂറ് നിലാവുദിച്ചതുപോലെ ആ മുഖം വിരിഞ്ഞുനിൽക്കുകയായിരുന്നു അപ്പോൾ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *