അല്ലെങ്കിലും ഇങ്ങക്ക് ഞാൻ ഉണ്ടാക്കുന്നത് ഒഴികെ ബാക്കി എല്ലാം നല്ല രുചി അല്ലെ ..? അതല്ലെടി മുത്തേ ഇത് വേറെ സാധനം…….

എഴുത്ത്:- സൽമാൻ സാലി

തലശ്ശേരിയിൽ ഒരു വീട് പണിക്ക് പോയപ്പോ മ്മളെ ചങ്ങായിക്ക് അവിടുന്ന് നല്ല രുചിയുള്ള ഒരു പലഹാരവും ഇറച്ചി വരട്ടിയതും കിട്ടിയത് .. ഈ ചങ്ങായിക്ക് ആണേൽ അതിന്റെ രുചി വല്ലാതങ്ങ് ബോധിച്ചു ..

കുറെ ആലോചിച്ചിട്ടാണേലും ഈ സാധനത്തിന്റെ പേര് ചോദിച്ചിട്ട് തന്നെ കാര്യം എന്നുറപ്പിച്ചു പോരാൻ നേരം അവിടുത്തെ സ്ത്രീയോട് അതിന്റെ പേര് ചോദിച്ചു ….അതെങിനെ ഉണ്ടാക്കുന്നത് എന്നും മനസിലാക്കി

””കൊഴുകട്ട .. അതാണ് ഇതിന്റെ പേര് ..

പെണ്ണും പിള്ള പറഞ്ഞ പേര് മറന്നു പോകാതിരിക്കാൻ ” കൊഴുക്കട്ട കൊഴുക്കട്ട എന്നുരുവിട്ട് കൊണ്ട് ചങ്ങായി ബസ്സിൽ ഇരുന്നു ..

വീട്ടിലെത്തിയിട്ട് കെട്യോളോട് പറഞ്ഞിട്ട് വേണം വയറ് നിറച്ചു കഴിക്കാൻ എന്നാഗ്രഹത്തിൽ ബസ്സിലിരിക്കുകയായിരുന്നു ..

ഇടക്കിടെ മനസ്സിൽ കൊഴുക്കട്ട കൊഴുക്കട്ട എന്ന് മന്ധ്രിക്കുന്നതിന്റെ ഇടയിൽ ബാസ്സ് ഒരു ഗട്ടറിൽ ചാടിയതും ” കൊഴുക്കട്ട ‘ മാറി ”കുണ്ടട എന്നായി ..

ബസ്സിറങ്ങി ” കുണ്ടട കുണ്ടട എന്നും പറഞ്ഞോണ്ട് അവൻ വീട്ടിലെത്തി കെട്യോളോട് കാര്യം പറഞ്ഞു ..

” എടീ ഇന്ന് നല്ല രുചിയുള്ള ഒരു ഭക്ഷണം കഴിച്ചെടി നീ അതൊന്ന് ഉണ്ടാക്കി തരണം .. !

” അല്ലെങ്കിലും ഇങ്ങക്ക് ഞാൻ ഉണ്ടാക്കുന്നത് ഒഴികെ ബാക്കി എല്ലാം നല്ല രുചി അല്ലെ ..?

” അതല്ലെടി മുത്തേ ഇത് വേറെ സാധനം ” കുണ്ടട എന്നാണ് അതിന്റെ പേര് ..

അതിന്റെ പേര് കേട്ടിട്ട് കെട്യോൾക് ഒരു പിടിയും കിട്ടിയില്ല ..

” ദേ മനുഷ്യ വല്ല ഇലയടയോ മറ്റോ ആവും ചുമ്മാ കുണ്ടട എന്നൊക്കെ പേര് പറഞ്ഞു ആളെ പറ്റിക്കുന്നു ..?

എത്ര പറഞ്ഞിട്ടും ഓൾക് മനസിലാവുന്നില്ല .. അവസാനം പറഞ്ഞു പറഞ്ഞു വഴക്കായി കയ്യിൽ കിട്ടിയ ചപ്പാത്തി കോല് വെച് അവളുടെ മണ്ടക്ക് ഒന്ന് കൊടുത്തു അവൻ വീട്ടീന്ന് ഇറങ്ങി പോയി ..

അപ്പുറത്തെ കടയിൽ പോയി ഇരുന്ന് രണ്ട് സി ഗരറ്റ് വലിചു കൊണ്ട് അതിന്റെ പേര് എത്ര ആലോചിച്ചിട്ടും ‘കുണ്ടട ‘ എന്നല്ലാതെ മനസ്സിൽ വേറൊരു പേര് വരുന്നില്ല ..

അവസാനം നാളെ രാവിലെ എണീറ്റ് ആ വീട്ടില് പോയി ഒന്നൂടെ പേര് ചോദിച്ചു വരാം എന്ന് തീരുമാനിച്ചു അവൻ വീട്ടിലേക്ക് ചെന്നു ..

വീട്ടിലേക്ക് കേറുമ്പോൾ കെട്യോള് ഉമ്മറത്തു തന്നെ ഇരിപ്പുണ്ട് ..

കേറി ചെന്നതും ചപ്പാത്തിക്കോൽ നെറ്റിയിൽ പതിച്ചതും ഒരുമിച്ചാണ് ..

””ധെ മനുഷ്യാ ഇങ്ങള് ഒന്ന് നോക് നേരത്തെ തല്ലിയിട്ട് എന്റെ നെറ്റിയിൽ ‘കൊഴുക്കട്ട ‘ പോലെ വീർത്തിരിക്കുന്നു …

അത് കേട്ടതും അവൻ സന്തോഷം കൊണ്ട് ഓടി വന്നു അവളെ കെട്ടിപിടിച്ചോണ്ട് ” ന്റെ മുത്തേ ഞാൻ കഴിച്ചത് കുണ്ടട അല്ലെടി കൊഴുക്കട്ട ആയിരുന്നു .. നിനക്ക് ഈ പേര് നേരത്തെ പറഞ്ഞൂടായിരുന്നോ ..

” കൊഴുക്കട്ട തിന്ന് വന്നു കുണ്ടട ഉണ്ടാക്കാൻ പറഞ്ഞ കെട്യൊനെ ചപ്പാത്തി കോല് കൊണ്ട് ഒന്നൂടെ കൊടുത്തു അവൾ അടുക്കളയിലോട്ട് പോയി ..

കുളിച്ചു വന്നു കണ്ണാടിയിൽ നോക്കിയ കെട്യോൻ ഞെട്ടി നെറ്റിയുടെ രണ്ട് സൈഡിലും ഒരു കുണ്ടട.. അല്ല കൊഴുക്കട്ട പൊങ്ങി വന്നിരിക്കുന്നു …

സൽമാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *