ആശാനേ, എനിക്കീ ജീവിതം മടുത്തു. അതുകൊണ്ട് ഞാന്‍ ആത്മഹ ത്യ ചെയ്യാന്‍ പോവാ, സിനിമ അല്ലാതെ വേറെ ഒന്നിനെ കുറിച്ചും എനിക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയില്ല…….

കഴിച്ചിട്ടുള്ള അടി

Story written by Shaan Kabeer

“ആശാനേ, എനിക്കീ ജീവിതം മടുത്തു. അതുകൊണ്ട് ഞാന്‍ ആത്മഹ ത്യ ചെയ്യാന്‍ പോവാ, സിനിമ അല്ലാതെ വേറെ ഒന്നിനെ കുറിച്ചും എനിക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയില്ല ആശാനേ. ആശാൻ ചെയ്യാന്‍ പോവുന്ന സിനിമയുടെ പേരും പറഞ്ഞാണ് ഇത്രയും നാള്‍ വീട്ടില്‍ പിടിച്ചു നിന്നത്, പക്ഷെ ഇപ്പോള്‍ എനിക്ക് ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലി ശരിയായിട്ടുണ്ട്. ആ ജോലിക്ക് പോയില്ലെങ്കിൽ വീട്ടില്‍ നിന്നും ഇറങ്ങാനാ അച്ഛൻ പറയുന്നേ. എനിക്ക് ഒരിക്കലും ആ ജോലി ചെയ്യാന്‍ സാധിക്കില്ലാ ആശാനേ. സിനിമയാണ് എന്റെ ജീവിതം, സിനിമ ഇല്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട. ആശാന്റെ സിനിമ ഈ അടുത്ത കാലത്തൊന്നും തുടങ്ങാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഞാന്‍ പോവാണ്, ഈ ലോകം വിട്ട് എന്നെന്നേക്കുമായി. ആശാന്‍ എന്നോട് ക്ഷമിക്കണം. ആശാന്‍ ചെയ്യുന്ന സിനിമയിലെ നായകന് എന്റെ പേരിടണം, ഇത് എന്റെ അന്ത്യാഭിലാശമാണ്”

നേരം വെളുത്ത ഉടനെ ഫോണെടുത്തു നോക്കിയപ്പോള്‍ കണ്ടത് ഉണ്ണിയുടെ വാട്ട്സാപ്പ് സന്ദേശമാണ്. ഞാന്‍ കിടക്കയില്‍ നിന്നും ചാടി എണീറ്റു

“പടച്ചോനേ, ആ പഹയൻ വല്ല കടും കയ്യും…?”

ഞാന്‍ ഫോണെടുത്ത് ഉണ്ണിയുടെ നമ്പരിൽ വിളിച്ചു. പക്ഷെ ഫോണെടുക്കുന്നില്ല. എനിക്ക് ടെന്‍ഷനായി. വീണ്ടും വിളിച്ചു, എടുക്കുന്നില്ല. ഞാന്‍ വിളിച്ചു കൊണ്ടിരുന്നു, പക്ഷെ മറുപടി ഇല്ല. എന്റെ കൈകള്‍ വിറച്ചു, ഹൃദയമിടിപ്പ് കൂടി. എന്റെ മനസാക്ഷി ആയിരുന്നു ഉണ്ണി, എന്റെ അനിയനെ പോലെ ആയിരുന്നു അവന്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പായ “തിരക്കഥ” യില്‍ എഴുതി

“ഉണ്ണി നമ്മളെ വിട്ടു പോയടാ”

കുറച്ച് കഴിഞ്ഞപ്പോള്‍ മനാഫ് എന്നെ വിളിച്ചു

“എന്തുപറ്റി ആശാനേ..? ഇങ്ങക്ക് വട്ടായാ..?”

ഞാന്‍ നടന്ന കാര്യങ്ങള്‍ എല്ലാം അവനോട് പറഞ്ഞു. മനാഫ് പൊട്ടിച്ചിരിച്ചു

“എന്റെ ഷാനിക്കാ, ഉണ്ണി ഇന്ന് രാവിലെ എഫ് ബിയിൽ ചിരിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസും വെച്ചോണ്ട് നിക്കുന്ന ഒരു ഫോട്ടോ ഇട്ടിരിക്കുന്നത് കണ്ടില്ലേ…? ആ ഫോട്ടോക്ക് കമന്റിയവർക്ക് റിപ്ലേ കൊടുത്തോണ്ടിരിക്കാ ഇപ്പോ അവന്‍. എനിക്കും കിട്ടി നന്ദി മുത്തേ എന്ന ഒരു റിപ്ലേ”

ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഉണ്ണിയുടെ ഫോട്ടോക്ക് താഴെ ” എടാ തെ ണ്ടീ” എന്ന് കമന്റ് ചെയ്തു. അല്പ്പ സമയം കഴിഞ്ഞപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ ഫോണ്‍ എടുത്തു

“അയ്യോ!!! ആശാൻ വിളിച്ചിരുന്നോ..? ഞാന്‍ ഫോണ്‍ സൈലന്റ് ആക്കി വെച്ചിരിക്കായിരുന്നു. ആശാന്‍ പറ എന്തൊക്കെയാ വിശേഷങ്ങള്‍”

എനിക്ക് അവന്റെ സംസാരം കേട്ട് പെരുവിരലിൽ നിന്നും എന്തോ ഒരു സാധനം മേലോട്ട് കയറി വരുന്നത് പോലെ തോന്നി

“എടാ പുല്ലേ നീ ചത്തില്ലേ…? “

അവന്‍ വളരെ ശാന്തനായി പറഞ്ഞു

“ഞാന്‍ ഒരു തീവ്ര നിരീശ്വരവാദിയാണെന്ന് ആശാന് അറിയാലോ…? ദൈവം ഉണ്ട് എന്ന് ആര് പറഞ്ഞാലും ഞാന്‍ അതിനെ എതിർക്കും എന്നും എല്ലാവര്‍ക്കും അറിയാം, പക്ഷെ ഇന്നലെ ആത്മഹ ത്യ ചെയ്യാന്‍ നേരം പെട്ടെന്ന് എനിക്കൊരു പേടി, സത്യത്തില്‍ ദൈവം ഉണ്ടെങ്കിലോ..? ഇത്രയും കാലം പരിഹസിച്ച ദൈവം എന്നെ വെറുതെ വിടോ..? എന്നെ നരകത്തിൽ ഇടൂലേ…? അതുകൊണ്ട് ആത്മഹ ത്യ ശ്രമം ഉപേക്ഷിച്ചു. ഇനി ദൈവത്തിൽ വിശ്വസിച്ച് നല്ല കുട്ടിയായി ജീവിക്കണം”

അവന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ അത് പുറത്ത് കാണിച്ചില്ല.

“നിന്റെ ആത്മഹ ത്യ കുറിപ്പ് കണ്ടെതു മുതല്‍ ഞാന്‍ ആകെ തകർന്നിരിക്കായിരുന്നു”

ഉണ്ണി വികാരഭരിതനായി

“സോറി ആശാനേ, ഈ സ്നേഹത്തിന് പകരമായി എന്റെ ജീവനങ്ങ് എടുത്തോ”

“അതെല്ലടാ ഉണ്ണീ, നീ അവസാനത്തെ ആഗ്രഹമായി എന്റെ സിനിമയിലെ നായകന് നിന്റെ പേരിടണം എന്ന് പറഞ്ഞിരുന്നല്ലോ, നീ എങ്ങാനും മരിച്ചിരുന്നെങ്കിൽ പൗരുഷത്തിന്റെ പ്രതീകമായ എന്റെ നായകനെ ഉണ്ണീ എന്ന് വിളിക്കുന്ന കാര്യമോർത്തിട്ട് ഞാന്‍ പച്ച വെള്ളം പോലും കുടിച്ചിട്ടില്ല, സത്യം. ഇപ്പോ സമാധാനമായി”

ഉണ്ണി പല്ല് കടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു, ഒപ്പം ” ആശാനേ” എന്നുള്ള നീട്ടിയുള്ള വിളിയും

“എന്തായാലും ആശാന്‍ എന്നെങ്കിലും ഒരു സിനിമ ചെയ്യുമല്ലോ, അന്ന് ഞാന്‍ വരും ആശാന്റെ അടുത്ത്. അതുവരെ അച്ഛൻ പറയുന്ന പോലെ റെയിൽവേയിൽ പോയി ജോലി ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ സിനിമ ചെയ്യുമ്പോള്‍ എന്നെ മറക്കരുത്”

“ആരെ മറന്നാലും നിന്നെ മറക്കില്ല ഉണ്ണീ”

“ആശാന്‍ ഇപ്പോ കൊച്ചിയില്‍ ഉണ്ടെല്ലോ അല്ലേ..? ന്നാ എന്നെ യാത്രയാക്കാൻ ആശാനും വാ. ആദ്യമായി നാട് വിട്ടു പോവല്ലേ, ആശാന്‍ ഉണ്ടെങ്കില്‍ എനിക്കൊരു ധൈര്യാ. പിന്നെ അച്ഛന് ആശാനെ ഒന്ന് പരിചയപ്പെടണം എന്നും പറഞ്ഞിരുന്നു “

ഞാന്‍ വരാം എന്ന് വാക്ക് കൊടുത്ത് ഫോണ്‍ കട്ട് ചെയ്തു.

പിറ്റേ ദിവസം ഞാന്‍ ഉണ്ണിയുടെ വീട്ടില്‍ പോയി. അവന്റെ അച്ഛനും അമ്മയും, അനിയത്തി കുട്ടിയും കൂടെ രാജകീയ സ്വീകരണം തന്നെ തന്നു എനിക്ക്. അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ഈ സ്നേഹത്തിന്റെ നിറകുടമായ അച്ഛനെ കുറിച്ചാണല്ലോ “കീരിക്കാടൻ ജോസ്” നെ പോലെയാണ് എന്റെ അച്ഛൻ എന്ന് ഉണ്ണി എന്നോട് പലപ്പോഴായും പറഞ്ഞിരുന്നത്.

ബീഫ് ഉലത്തിയത്, താറാവ് കുരുമുളകിട്ട് വറ്റിച്ച കറി, പാലപ്പം എന്നിങ്ങനെയുള്ള അച്ചായൻസ് സ്പെഷ്യല്‍ എല്ലാം ടേബിളിൽ നിരന്നു. “മതി, മതി” എന്ന് പറഞ്ഞിട്ടും അവര്‍ എന്റെ വയറ് പൊട്ടുന്നത് വരെ കഴിപ്പിച്ചു. ഭക്ഷണത്തിന് ശേഷം നല്ല പാൽ പായസവും ഉണ്ടായിരുന്നു. പായസം കഴിക്കാന്‍ എന്റെ വയറിൽ ഒരു നുള്ള് സ്ഥലം പോലും അവശേഷിച്ചിരുന്നില്ല. പക്ഷെ എന്നെ നിർബന്ധിച്ച് രണ്ട് ഗ്ലാസ് പായസം കുടിപ്പിച്ചു. ഒന്ന് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്.

അച്ഛനും ഞാനും ഓരോ കുശലങ്ങൾ പറഞ്ഞിരുന്നു. അമ്മയും അനിയത്തിയും ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് നില്‍പ്പുണ്ടായിരുന്നു. ഉണ്ണി പുറത്ത് ഫോണില്‍ ആരുമായോ സംസാരിക്കുകയാണ്

“ഷാനേ, എന്തായി സിനിമയുടെ കാര്യങ്ങളൊക്ക”

“എഴുത്തിലാണ് അച്ഛാ, ആദ്യം തിരക്കഥ ഒന്ന് പൂർത്തിയാക്കട്ടെ”

“ഓഹ്, തിരക്കഥ ഈ അടുത്തെങ്ങാനും പൂര്‍ത്തിയാകുമോ…?”

അച്ഛന്റെ സംസാരത്തിൽ ഒരു ആക്കൽ ഇല്ലേ എന്നൊരു സംശയം തോന്നി എനിക്ക്

“എന്താ അച്ഛൻ അങ്ങനെ ചോദിച്ചേ…?”

അച്ഛന്റെ മുഖം പെട്ടെന്ന് മാറി

“എടാ, ഈ ജൻമത്തിൽ നീയൊന്നും സിനിമ ചെയ്യേം ഇല്ല, നല്ലതു പോലെ ജോലിക്ക് പോയി കുടുംബം നോക്കാന്‍ എന്റെ മകനേപ്പോലെയുള്ളവരെയൊട്ട് സമ്മതിക്കും ഇല്ല. ഇനി മേലാൽ സിനിമാ, ആനമുട്ട എന്നും പറഞ്ഞ് എന്റെ മോനെ വഴി തെറ്റിച്ചാൽ”

അച്ഛൻ പറഞ്ഞു തീരും മുന്നേ ഉണ്ണിയുടെ അനിയത്തിയുടെ കയ്യിലുള്ള ഉലക്ക എന്റെ തലയില്‍ വന്ന് പതിച്ചു. പിന്നെ ആരൊക്കെയോ എന്നെ ചവിട്ടുന്നു, ഉരുട്ടുന്നു. പിന്നീട് സംഭവിച്ചതെല്ലാം ഒരു മിന്നായം പോലെ മാത്രമേ എനിക്ക് ഓര്‍മ്മയൊള്ളൂ.

എനിക്ക് വയറു നിറയെ ഭക്ഷണം തന്നതും, അതിനു മുകളില്‍ പായസം വിളമ്പിയതും എല്ലാം എന്നോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. അവര്‍ അടിക്കുന്ന അടിയില്‍ നിന്നും ഓടി രക്ഷപ്പെടാതിരിക്കാനായിരുന്നു. ഭക്ഷണം കഴിച്ച് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത ഞാന്‍ എങ്ങോട്ട് ഓടാനാ അല്ലേ…?

Related Posts

Leave a Reply

Your email address will not be published. Required fields are marked *