അവളുടെ ഉമ്മയുടെ മുഖത്ത് സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത ഭാവം. അവൾക്കും ഒരു പെരുന്നാൾ കോടി കിട്ടിയിട്ട് കുറേ കാലമായിരുന്നു…….

Story written by Shabna Shamsu

ഞാൻ ജനിക്കുന്നതിന് മുമ്പ് എന്റെ ഉപ്പാക്ക് നായ്ക്കട്ടി അങ്ങാടിയില് ചായക്കച്ചവടം ആയിരുന്നു.

ഞാൻ ജനിച്ചതിൽ പിന്നെ മൂപ്പര് വാഴ വെച്ചു, അത് സിംബോളിക് ആണോ എന്ന് എനിക്ക് ഇന്നും സംശയമുണ്ട്. എന്തായാലും ഉപ്പാന്റെ ദീർഘ ദൃഷ്ടി അപാരമായിരുന്നു, രണ്ടിനും നല്ല കായ് ഫലമുണ്ടായി..

ചായക്കട നടത്തിയ സമയത്ത് ഉപ്പാന്റെ കടയിലെ പണ്ടാരിയായിരുന്നു ഹംസക്ക. ബോണ്ടയും പഴം പൊരിയും ഉള്ളിവടയും പുട്ടും വെള്ളേപ്പവും ആയിരുന്നത്രേ അന്നത്തെ മെയിൻ വിഭവങ്ങൾ.. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമൊക്കെ ദീർഘ യാത്ര പോവുന്ന ചരക്ക് വണ്ടിക്കാരായിരുന്നു കടയിലെ സ്ഥിരം കസ്‌റ്റമേഴ്സ്.

അക്കാലത്ത് കാട്ടിൽ തേക്ക് നടാൻ വന്ന ഗാർഡ്മാർക്കും പണിക്കാർക്കും താമസിക്കാൻ താൽക്കാലികമായി നിർമിച്ച ഒരു ഷെഡുണ്ടായിരുന്നു. കാട്ടിലെ പണി പൂർത്തിയാക്കിയപ്പോ അവർ ആ ഷെഡ് ഉപേക്ഷിച്ചു. അതിന്റെ മുളയും പലകയും കുറഞ്ഞ വിലക്ക് ഉപ്പ വാങ്ങിയാണ് ഞങ്ങളുടെ ആദ്യത്തെ വീടിന്റെ പണി തുടങ്ങുന്നത്.

മണ്ണിന്റെ ചുമരും നിലവും ഒക്കെയുള്ള ഒരു ചെറിയ ഓല വീട്, ഞങ്ങടെ കൊട്ടാരം..

ആ വീട്ടില് താമസിക്കുമ്പോ ഒരു റമദാൻ മാസത്തിലാണ് ഞാൻ പണ്ടാരിക്കയെ ആദ്യമായി കാണുന്നത്. ചായക്കട നിർത്തിയിട്ട് കാലങ്ങളായെങ്കിലും എല്ലാ വർഷവും റമദാനിൽ പണ്ടാരിക്കയും കുടുംബവും ഞങ്ങളുടെ വീട്ടില് വരും. മൂന്നോ നാലോ ദിവസം താമസിക്കും.

അവരുടെ ചെറിയ മോൾക്കും എനിക്കും ഒരേ പ്രായമായിരുന്നു. ജുമൈല എന്നാണ് അവളുടെ പേര്. വർഷത്തിലെ ആ മൂന്നാല് ദിവസങ്ങൾ ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടാക്കിയെടുത്തിരുന്നു..

ഇത്താത്തന്റെ കല്യാണം ആയപ്പോ ഞങ്ങള് പുതിയ വീട്ടിലേക്ക് താമസം മാറി. കിട്ടുന്നതിൽ പകുതി മുക്കാലും വീട് പണിക്കും ഇത്താത്താന്റെ കല്യാണത്തിനും സൂക്ഷിച്ച് വെക്കുന്നത് കൊണ്ട് ഭക്ഷണം ഒഴികെ ബാക്കിയെല്ലാ സൗകര്യങ്ങളും സ്വപ്നങ്ങളായിരുന്നു..

രണ്ടോ മൂന്നോ കൊല്ലം ഉപയോഗിക്കുന്ന യൂണിഫോം. ബാഗിന് പകരം തുണി ഷോപ്പിലെ കവറ്. പുതിയ ഡ്രസില്ലാത്ത എത്രയോ പെരുന്നാളുകള്.

പുതിയ ഡ്രസ് വാങ്ങുമ്പോ കുറേ കാലം ഉപയോഗിക്കാൻ പാകത്തിന് നീളവും വീതിയും കൂടിയതായിരിക്കും.

അങ്ങനൊരു പെരുന്നാളിന് വെള്ളയിൽ കറുപ്പ് പൂക്കളുള്ള ഞെരിയാണിക്കൊപ്പം ഇറക്കമുള്ള ഒരു ചുരിദാറാണ് വാങ്ങിയത്. പലവട്ടം ഇട്ട് നോക്കിയും മടക്കി വെച്ചും കണ്ണാടിക്ക് മുമ്പില് നിന്ന് ഡാൻസ് കളിച്ചും പുതിയ മണം ഇടക്കിടെ മൂക്കിലേക്ക് വലിച്ചെടുത്തും ആ പെരുന്നാളാവാൻ മണിക്കൂറുകളെണ്ണി കാത്ത് നിക്കുന്ന സമയത്താണ് പണ്ടാരിക്കയുടെ ഭാര്യയും മക്കളും വീട്ടിലേക്ക് വരുന്നത്.

ശ്വാസം മുട്ട് മൂലം പണ്ടാരിക്ക രണ്ട് കൊല്ലം മുമ്പേ മരണപ്പെട്ട് പോയിരുന്നു..

അവര് വന്ന ഉടനേ ഞാനെന്റെ പെരുന്നാൾ കോടി ജുമൈലത്തിനെ കാണിച്ചു..

” നീ ഇതൊന്ന് ഇട്ട് നോക്ക്… എനിക്കിച്ചിരി ഇറക്കം കൂടുതലാ… നിനക്കെങ്ങ നെയാന്ന് നോക്കാലോ..” എന്നെക്കാളും വണ്ണവും നീളവും ഉണ്ട് ജുമൈലത്തിന്.. കേട്ടപാതി അവളതിട്ട് നോക്കി… സന്തോഷം കൊണ്ട് തുള്ളിച്ചാടി…

ഓടിച്ചെന്ന് അവളുടെ ഉമ്മയെ കാണിച്ചു.

“നോക്ക്മ്മാ…. ഇനിക്ക് ഇട്ടിട്ട് എന്ത് രസാ… ഇനിക്കും മാണം ഇങ്ങനത്തെ ചുരിദാറ്..”

അവളുടെ ഉമ്മയുടെ മുഖത്ത് സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത ഭാവം. അവൾക്കും ഒരു പെരുന്നാൾ കോടി കിട്ടിയിട്ട് കുറേ കാലമായിരുന്നു..

അത്രയും നേരത്തെ എന്റെ സന്തോഷം ആ നിമിഷത്തിൽ കെട്ട് പോയി. അത്രയും ആഗ്രഹിച്ച് കിട്ടിയതോണ്ട് എനിക്കത് കൊടുക്കാനും തോന്നിയില്ല. അവൾക്ക് കിട്ടാനൊരു വഴിയില്ലാത്തോണ്ട് വല്ലാത്ത സങ്കടവും തോന്നി.

അന്ന് ഉറങ്ങാൻ കിടക്കുമ്പോ ‘അനക്കെന്തൊരു ഭാഗ്യാ, പെരുന്നാളിന് പുതിയ ഡ്രസ്സൊക്കെ കിട്ടിയില്ലേ’ എന്ന അവളുടെ ചോദ്യം ഇന്നും എന്റെ മനസിലുണ്ട്..

ഞാനറിഞ്ഞ വേദന ആയത് കൊണ്ട് അതിന്റെ ആഴം എനിക്ക് മനസിലാവുന്നുമുണ്ട്..

അവര് തിരിച്ച് പോവുമ്പോ ഉപ്പ പൈസ കൊടുത്തിരിക്കാം, പുതിയ ഡ്രസ് വാങ്ങിയിരിക്കാം, അതൊന്നും ഞാൻ ചിന്തിച്ചില്ല..

എന്റെ കല്യാണം വിളിക്കാനാണ് അവസാനമായി ഞാൻ പണ്ടാരിക്കയുടെ വീട്ടിൽ പോവുന്നത്.

ചുമര് തേക്കാത്ത, നിലം പരുക്കനിട്ട വളരെ ചെറിയ ഒരു വാർക്ക വീട്. ഞാനും ഉപ്പയും ഉമ്മയും ഒരുമിച്ചാണ് പോയത്..

നടു റൂമിലെ മരത്തിന്റെ കട്ടിലിൽ ഇരുന്ന് ആ ഉമ്മയും നാല് മക്കളും കൂടെ പുഴുങ്ങിയ കപ്പക്കിഴങ്ങിനൊപ്പം കട്ടൻ ചായ കുടിച്ച് കൊണ്ടിരിക്കുകയാണ്. കൂലിപ്പണി കഴിഞ്ഞ് വന്ന് വേഷം പോലും മാറാത്ത ഉമ്മ ഞങ്ങളെ കണ്ടതും സന്തോഷം കൊണ്ട് കണ്ണ് നിറച്ച് കെട്ടിപ്പിടിച്ചു..നിർത്താതെ വർത്തമാനം പറഞ്ഞു, വയറ് നിറയെ ചായയും കപ്പയും കഴിപ്പിച്ചു…

ജുമൈലത്തും ഞാനും കല്യാണത്തെ കുറിച്ചും കെട്ടാൻ പോവ്ണ ആളെ കുറിച്ചും വിശേഷങ്ങളും പറഞ്ഞു. കല്യണം കഴിഞ്ഞാലും എന്നെയൊന്നും മറക്കല്ലേടീന്ന് ഓർമിപ്പിച്ചു..

മനുഷ്യർ തമ്മിൽ സ്നേഹം പങ്ക് വെക്കുമ്പോ അവിടെ അഹങ്കാരത്തിന്റെ ഭാഷയില്ല. പരസ്പരം ബഹുമാനിക്കുന്ന പരിഗണിക്കുന്ന ഭംഗിയുള്ള എത്രയെത്ര മുഹൂർത്തങ്ങളാണ്.. കാലം എത്രയൊക്കെ കിതച്ചോടിയാലും ഇന്നലെ കഴിഞ്ഞ പോലെ ഒരു പോറല് പോലും ഇല്ലാതെ മനസിലിങ്ങനെ തെളിഞ്ഞ് നിൽക്കുന്നത് പങ്ക് വച്ചതൊക്കെയും സ്നേഹം മാത്രമായത് കൊണ്ടാണ്..

എന്റെ കല്യാണത്തിന് ശേഷം പിന്നെ ഞാനവരെ കണ്ടിട്ടില്ല..ഓരോ പെരുന്നാള് വരുമ്പോഴും ജുമൈലത്തിനെ ഞാൻ ഓർക്കാറുണ്ട്..

അന്നാ പെരുന്നാള് കഴിഞ്ഞ് കുറേയേറെ കൊല്ലങ്ങള് കഴിഞ്ഞ് ഉപ്പാന്റെ വാഴത്തോട്ടത്തിൽ ഒരു മുളക്കൊമ്പിൽ എന്റെ ആ കറുപ്പും വെള്ളയും ചുരിദാറിൽ നിറയെ വൈക്കോൽ നിറച്ച് തലയിലൊരു ചട്ടി കമഴ്ത്തി കോലം വെച്ചത് കണ്ടപ്പോ ആ ചുരിദാർ വാങ്ങിയ രാത്രിയിലെ നെഞ്ച് നീറ്റൽ ആവോളം അറിഞ്ഞിരുന്നു..

ഫേസ് ബുക്ക് വഴി ഈദ് മുമ്പാറക് പറഞ്ഞ് ജുമൈലത്തിന്റെ മെസേജ് വന്നതാണ് ഈ പെരുന്നാളിലെ ഏറ്റവും വലിയ സന്തോഷം.. എന്റെ കഥകള് വായിക്കാറുണ്ടെന്നും വിശേഷങ്ങളും ചോദിച്ചറിഞ്ഞപ്പോ അവൾ ക്കെന്തെന്നില്ലാത്ത സന്തോഷം..

ദുബായില് മക്കളുടെ സ്ക്കൂള് പൂട്ടുന്ന അടുത്ത വെക്കേഷനിൽ നാട്ടിൽ വരുമ്പോ ഉറപ്പായും എന്നെ കാണാൻ വരുമെന്ന് പറഞ്ഞപ്പോ എനിക്കും അതിലേറെ സന്തോഷം..

പണ്ട് ജീവിച്ച ചുറ്റുപാടിൽ നിന്നും നമ്മളൊരുപാട് മാറുമ്പോ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നമ്മളെ ഒരുപാട് പേര് ഇഷ്ടപ്പെടുമ്പോ പണ്ട് മുതലേ നമ്മളെ അറിയുന്നവർ അകറ്റി നിർത്തുകയും മാറി നിന്ന് കുറ്റം പറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്..

തോറ്റ് പോയവർ എല്ലാ കാലത്തും തോൽവിയിൽ അല്ലെന്നും അവരുടെ വിജയത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും ചെയ്യുന്ന ജുമൈലത്തിനെ പോലെ ഉള്ളവരോട് ഉള്ള് നിറയെ ഇഷ്ടം ആണ്..

നമ്മുടെ സമയം നല്ല മനുഷ്യരോടൊപ്പമായിരിക്കുക എന്നത് ഭാഗ്യം തന്നെയാണ്, ജീവിതം ഓരോ ദിവസവും ഓരോ പാഠങ്ങളാണ്..

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *