അവളെ വിവാഹം ചെയ്തു കൊണ്ടുവരുമ്പോൾ പെങ്ങളുടെ കല്യാണത്തി നെടുത്ത ലോൺ അടച്ചുതീരാൻ ബാക്കിയുണ്ടായിരുന്നു…….

തികച്ചും അവിചാരിതം

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

ലോൺ അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ജപ്തിനോട്ടീസ് വന്നു. ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി ടവരുന്ന സീനയോട് വെറുതെ രാവിലെ അയാൾ ദേഷ്യപ്പെട്ടു. അവൾ പറഞ്ഞു:

അവനവന്റെ പോരായ്മക്ക് ഭഗവാൻ എന്തു പിഴച്ചു?

എന്നിട്ടും ഹരിനാമം ജപിച്ച് ദോശ ചുടുകയും ഒരു പരിഭവം പോലും പറയാതെ എല്ലാം ശരിയാകും എന്ന് പറഞ്ഞ് പ്രസന്നവതിയായി നടക്കുകയും ചെയ്യുന്ന സീനയെ നോക്കിനിന്നപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അവൾക്ക് തന്റെ ജീവിതത്തിൽ വന്നപ്പോൾ മുതൽ ദുരിതമായിരുന്നു. പതിനാല് വ൪ഷമായിട്ടും അവളുടെ സുഖസൌകര്യങ്ങൾ അന്വേഷിക്കാൻ തനിക്ക് പറ്റാറില്ല.

അവളെ വിവാഹം ചെയ്തു കൊണ്ടുവരുമ്പോൾ പെങ്ങളുടെ കല്യാണത്തി നെടുത്ത ലോൺ അടച്ചുതീരാൻ ബാക്കിയുണ്ടായിരുന്നു. അതുകാരണം തന്റെ വിവാഹം ലളിതമായാണ് നടത്തിയതും. പിന്നീട് വീട്ടിനു ഇടക്കിടെ വരുന്ന അറ്റകുറ്റപ്പണികൾ, മക്കളുടെ ആവശ്യങ്ങൾ, അമ്മയുടെ ചികിത്സ, തന്റെ ലോറി വാങ്ങാനെടുത്ത ലോൺ എല്ലാം എപ്പോഴും ബാധ്യതയായി തങ്ങളുടെ ആ൪ഭാടങ്ങൾ വല്ലാതെ കുറച്ചു കളഞ്ഞു.

ഓരോന്നാലോചിച്ചുകൊണ്ടാണ് അയാൾ ലോറി സ്റ്റാൻഡിൽ കൊണ്ടിട്ടത്. ഇന്ന് ആരും ഓട്ടം വിളിച്ചിട്ടില്ല. പെട്ടെന്ന് ആവശ്യം വന്ന് ആരെങ്കിലും വിളിച്ചാലോ എന്ന പ്രതീക്ഷയോടെ റോഡരുകിൽ പേപ്പറും വായിച്ചുനിൽക്കുമ്പോഴാണ് ഒരു കാ൪ നിയന്ത്രണംവിട്ട് വരുന്നത് കണ്ടതും അടുത്തുകൂടെ നടന്നുപോകുകയായിരുന്ന രണ്ട് സ്കൂൾകുട്ടികളെ ഒറ്റച്ചാട്ടത്തിനു പിടിച്ചുകൊണ്ട് ഒരു വശത്തേക്ക് വീണുരക്ഷിച്ചതും.

ആളുകൾ ഓടിക്കൂടി. അടുത്തുള്ള മൺതിട്ടയിലിടിച്ച് കാ൪ നിന്നു. ഡ്രൈവർ ഇറങ്ങിവന്നു. മാപ്പ് പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട കാര്യവും പറഞ്ഞു. ആ൪ക്കും അപായമില്ലാതായത് അയാളുടെ സമയോചിതമായ പ്രവ൪ത്തി കൊണ്ടാണെന്ന് എല്ലാവരും പുകഴ്ത്തി. രണ്ട് കുഞ്ഞുജീവൻ രക്ഷിക്കാനായല്ലോ എന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് അന്നയാൾ വീട്ടിലേക്ക് മടങ്ങിയത്. കാര്യങ്ങളറിഞ്ഞപ്പോൾ സീനക്കും കുട്ടികൾക്കും വലിയ സന്തോഷമായി.

പക്ഷേ കാര്യങ്ങൾ അവിടം കൊണ്ട് നിന്നില്ല. ഒരു ഓട്ടോഡ്രൈവർ അടുത്തുള്ള ഹോട്ടലിലെ ക്യാമറയിൽ പതിഞ്ഞ ആ ആക്സിഡന്റ് സീനുകൾ വാട്സാപ്പിലിട്ടു. കൂടെ അയാളുടെ സാമ്പത്തിക പരാധീനതകളും അതിൽ പരാമ൪ശിച്ചിരുന്നു. തീ൪ത്തും അവിചാരിതമായി ദിവസങ്ങൾക്കുള്ളിൽ അത് വൈറലായി. നാട്ടുകാരും കുട്ടികളുടെ വീട്ടുകാരും പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അനേകംപേരും അയാളെ സഹായിക്കാൻ മുന്നോട്ടു വന്നു. ലോൺ പെട്ടെന്ന് തന്നെ അടച്ചുതീർക്കാൻ സാധിച്ചു. കൂടെ ഒരു ലോറി കൂടി വാങ്ങുകയും ചെയ്തു.

സീന അപ്പോഴും അമ്പലത്തിൽ പോകുന്നതു മുടക്കിയില്ല. പ്രസന്നതയോടെ തന്റെ ജോലികൾ ചെയ്യുന്നതും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *