അവൻ എന്റെ തോളിൽ കൈവെച്ചു. എടാ ,കളിക്കുന്നതിനിടയിൽ  മോനൊന്നു വീണു ..കുറച്ചു സീരിയസ് ആണെന്നാ കേട്ടത് .ഇന്നത്തെ ഈവെനിംഗ് ഫ്ലൈറ്റിനു  ടിക്കറ്റ് റെഡിയാണ്………

Story written by Jainy Tiju

പതിവില്ലാതെ എംഡി  റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി.  സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട്  എംഡിക്ക് അയക്കുകയാണ് ചെയ്യാറ്.  സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ എന്തിനാണാവോ?  എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ കൂടെ കണ്ടപ്പോൾ അത്ഭുതം ഭയത്തിനു വഴിമാറി .

” കമോൺ ആദിത്യൻ ” .വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു .  മലയാള പേരുകൾ അദ്ദേഹത്തിന് നാവിൽ  തീരെ വഴങ്ങാറില്ല . ആ മുഖത്തു  ഇത്ര ആർദ്രത ഇതിനു മുൻപ് കണ്ടിട്ടില്ല . ഇനിയെങ്ങാനും എന്നെ പിരിച്ചു വിടാനാവുമോ ?എല്ലായിടത്തും സ്വദേശിവൽക്കരണം മൂലം തൊഴിലാളികളെ പറഞ്ഞു വിടുന്നതായി അറിഞ്ഞിരുന്നു.

” യു ഹാവ് ആൻ എമർജൻസി അറ്റ് ഹോം ..യൂ ക്യാൻ ഗോ ഹോം ഇമ്മീഡിയറ്റ്ലി “( നിങ്ങളുടെ വീട്ടിൽ ഒരു അത്യാവശ്യം വന്നിരിക്കുന്നു . നിങ്ങൾക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാവുന്നതാണ് ) .


എനിക്കൊന്നും മനസിലായില്ല . പകപ്പോടെ ഞാൻ രാജീവിന്റെ മുഖത്തേക്ക് നോക്കി ..റീനയോട്  സംസാരിച്ചിട്ട് ഇപ്പോൾ കഷ്ടിച്ച് രണ്ടുമണിക്കൂർ ആവുന്നതേ ഉള്ളു ..അവളൊന്നും പറഞ്ഞില്ലല്ലോ .പിന്നെ ഇപ്പോൾ ഇതെന്താ ഇങ്ങനെ ?

അവൻ എന്റെ തോളിൽ കൈവെച്ചു . ” എടാ ,കളിക്കുന്നതിനിടയിൽ  മോനൊന്നു വീണു ..കുറച്ചു സീരിയസ് ആണെന്നാ കേട്ടത് .ഇന്നത്തെ ഈവെനിംഗ് ഫ്ലൈറ്റിനു  ടിക്കറ്റ് റെഡിയാണ്. വാ ഉടൻ ഇറങ്ങണം. ഞാൻ എയർപോർട്ടിൽ വിടാം .  അവന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു . അവനെന്റെ മുഖത്ത് നോക്കാൻ വയ്യാത്ത പോലെ . ഞാൻ തളർന്നു കസേരയിലേക്കിരുന്നു . .എന്റെ മോൻ . എട്ടു വര്ഷം കാത്തിരുന്നു കിട്ടിയതാണവനെ . രണ്ട് വയസ്സേ ആയിട്ടുള്ളുവെങ്കിലും വലിയ കുറുമ്പനാണവൻ അവനെന്തോ സംഭവിച്ചിട്ടുണ്ട് .അല്ലെങ്കിൽ ഇത്ര പെട്ടെന്ന് പോകാൻ ടിക്കറ്റൊക്കെ ശരിയാക്കിയതിനു ശേഷം എന്നെ വിവരം അറിയിക്കില്ലല്ലോ . എനിക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി .പിന്നീട് നടന്നതെല്ലാം ഒരു സ്വപ്‌നം പോലെയായിരുന്നു . റൂമിലെത്തി പെട്ടി റെഡിയാക്കിയതും രാജീവ് തന്നെയായിരുന്നു.  എയർ പോർട്ടിലേക്കുള്ള യാത്രയിൽ അവനേതെക്കെയോ ഫോൺ വരുന്നുണ്ടായിരുന്നു. അവൻ എല്ലാത്തിനും പതിഞ്ഞ സ്വരത്തിൽ മറുപടി പറയുന്നുമുണ്ടായിരുന്നു.
അവൾ , റീന , എവിടെയാവും ഇപ്പോൾ ? എങ്ങനെയാവും അവളുടെ അവസ്ഥ ? ആധി തോന്നിയെങ്കിലും ആരെയും വിളിക്കാൻ ധൈര്യം കിട്ടിയില്ലഉപബോധമനസ്സിലെവിടെയോ ഒരു പ്രതീക്ഷയുണ്ട് ഇപ്പോഴും .ആരെയെങ്കിലും വിളിച്ചാൽ അതു കൂടെ ഇല്ലാതായെങ്കിലോ .

എയർപോർട്ടിൽ വന്നത് അളിയനായിരുന്നു.  അവനെന്നെ കണ്ടവഴി കെട്ടിപിടിച്ചു. ഇവനെന്താ ഇങ്ങനെ?  ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.  പക്ഷെ, യാത്രയിൽ അവൻ പറഞ്ഞു.  എന്റെ കുഞ്ഞിനി ഇല്ലെന്ന്.  അവൾ അടുക്കളയിൽ കുഞ്ഞിന് ഭക്ഷണം എടുക്കുന്ന നേരം കുഞ്ഞു മുകളിലെ നിലയിലേക്ക് പോകുകയായിരുന്നു.  ബാൽക്കണിയിൽ നിന്നും എത്തിനോക്കിയതാവണം, താഴേക്ക് വീണെന്ന്.  ശബ്ദം കേട്ട് ഓടിയെത്തിയ റീനയുടെ മുന്നിൽതന്നെ  ഞങ്ങളുടെ മോൻ….ഞാൻ മരവിച്ചിരിക്കുക യായിരുന്നു.  അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.  ഒന്നുറക്കെ കരയണമെന്നു  തോന്നിയെങ്കിലും എനിക്ക് കഴിയുന്നില്ലായിരുന്നു. 

ആദ്യം പോയത് ആശുപത്രിയിലേക്കായിരുന്നു.  അവിടെ മോർച്ചറിയിൽ ഊഴം കാത്ത് എന്റെ പൊന്നുമോൻ.  എട്ടുവർഷത്തെ കാത്തിരുപ്പ്,  പ്രാർത്ഥന,  അനുഭവിച്ച വേദനകൾ  എല്ലാം ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ഇല്ലാതായി.  എന്തുകൊണ്ടോ എനിക്കവളോട് ആദ്യമായി ദേഷ്യം തോന്നി. 

വീടിനു മുന്നിൽ വണ്ടി എത്തിയതും അച്ഛനും  അമ്മയും  ഓടിയെത്തി.  അമ്മ വലിയ വായിൽ നിലവിളിച്ചു കൊണ്ടാണ് വന്നു ഇറുക്കെ പിടിച്ചത്. 

” പോയല്ലോടാ മോനെ,  നമ്മുടെ പൊന്നു പോയല്ലോ.. കൊന്നുകളഞ്ഞല്ലോ ആ മൂധേവി.  അവൾക്ക് അവളുടെ വീട്ടിൽ പോകഞ്ഞിട്ട് വല്യ വിഷമമായിരുന്നല്ലോ.  നോക്കാൻ പറ്റില്ലെങ്കിൽ എന്റെൽ തന്നിട്ട് പോകാരുന്നില്ലേ?  കൊലക്ക് കൊടുത്തില്ലേ ആ മഹാപാപി..”.   വീണ്ടും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു അമ്മ. അച്ഛൻ  അമ്മയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്.
എന്റെ കണ്ണുകൾ അവളെ തിരഞ്ഞു. എവിടെയും അവളെ കണ്ടില്ല.  പുറത്തു ബഹളം കേട്ടിട്ടും അവൾ വന്നില്ല.  കൂടി നിൽക്കുന്നവരുടെ സംസാരത്തിലും വിശദീകരണത്തിലും അവളെയാണ്  കുറ്റപ്പെടുത്തുന്നതെന്നു  വ്യക്തമായിരുന്നു. 


ഞാൻ റൂമിലേക്ക് നടന്നു.  അവളെയാണ് എനിക്കിപ്പോൾ കാണേണ്ടത്.  റൂമിന്റെ വാതിൽക്കൽ അവളുടെ അച്ഛൻ  നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വേഗം എന്റെ കയ്യിൽ പിടിച്ചു. 

” മോനെ,  ആ ഷോക്കിൽ നിന്നവൾ മോചിതയായിട്ടില്ല. അതിനിടയിൽ എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും.  അറിഞ്ഞുകൊണ്ട് അവൾ കുഞ്ഞിനെ ഇല്ലാതാക്കുമോ മോനെ.  ഈ കുഞ്ഞിന് വേണ്ടി അവളോളം വേദനിച്ചവരും  കഷ്ടപ്പെട്ടവരുമുണ്ടോ?  അവനെ അവളോളം സ്നേഹിക്കുന്നവരുണ്ടോ?  ഇപ്പോൾ അവളെക്കാൾ നഷ്ടപ്പെട്ടവരുണ്ടോ?  എങ്കിലും എല്ലാവരും അവളെ പഴിചാരുന്നു.  ശ്രദ്ധിച്ചില്ല എന്നത് സമ്മതിക്കുന്നു.  പക്ഷെ,  ഈ അവസ്ഥയിൽ മോൻ കൂടെ അവളെ കുറ്റപ്പെടുത്തിയാൽ,  വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയാൽ….  എനിക്കെന്റെ മോളെ കൂടെ നഷ്ടപ്പെടും.  ഞാൻ നിന്നോട് യാചിക്കുകയാ.  ഇപ്പോ അവളെ ഒന്നും പറയല്ലേ മോനെ… “

പൊട്ടിക്കരഞ്ഞു പോയ അച്ഛനെ  ഒന്ന് നോക്കി ആ  കൈയിൽ ഒന്നമർത്തിപിടിച്ചു ഞാൻ അകത്തേക്ക് കേറി..അവിടെ  വെറും നിലത്ത് തളർന്നു കിടപ്പുണ്ടായിരുന്നു എന്റെ റീന.  ആരൊക്കെയോ ചുറ്റുമുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അവർ എഴുന്നേറ്റു പുറത്തേക്കിറങ്ങി..

” മോളേ റീനേ ” ഞാൻ അവളുടെ അടുത്തിരുന്നു ചുമലിൽ തൊട്ടു.  അവൾ ഞെട്ടിയപോലെ തോന്നി. എന്നെക്കണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനാവാത്തവിധം തളർന്നിരുന്നു അവൾ..

” എനിക്ക് മരിക്കണം ആദിയേട്ടാ. എന്റെ മോനില്ലാതെ എനിക്ക് വയ്യ.  ഞാനല്ലേ അവനെ…കേട്ടില്ലേ എല്ലാവരും പറയുന്ന കേട്ടില്ലേ,  ഞാൻ കാരണമാണെന്ന് .  എനിക്ക് ജീവിക്കണ്ട. നമുക്ക് ഒന്നിച്ചുപോയാലോ അവന്റെ ഒപ്പം.  ഇനിയാർക്ക് വേണ്ടിയാ നമ്മൾ…അല്ലെങ്കിൽ വേണ്ട. ഏട്ടനെ എന്തിനാ ഞാനിതിൽ വലിച്ചിടുന്നത്. തെറ്റുചെയ്തത് ഞാനല്ലേ? അപ്പൊ ജീവിക്കാൻ അർഹതയില്ലാത്തതും എനിക്കാ….  “

തളർന്നതെങ്കിലും വ്യക്തമായ സ്വരം.  പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് ഞാനവളെ നെഞ്ചോട് ചേർത്ത് വാവിട്ടു കരഞ്ഞു.  അവളപ്പോഴും കല്ലിച്ചപോലെയായിരുന്നു. 

പിന്നീടെപ്പോഴോ മോനെ കൊണ്ടുവന്നു. വീടുമുഴുവൻ അലമുറകൾ  നിറഞ്ഞു. പക്ഷെ എന്റെ റീന മാത്രം കരഞ്ഞില്ല.  ആരോടും സംസാരിച്ചില്ല.  ആളുകൾ ഒഴിഞ്ഞു. വീട്‌ നിശബ്ദമായി.  അമ്മയുടെ പ്രാക്കും കരച്ചിലും മാത്രം ഇടയ്ക്കിടെ ഉയർന്നു.

പതുക്കെ റീന നോർമലായിക്കോളും എന്ന് തന്നെ ഞാൻ കരുതി.  പക്ഷെ, കുറ്റബോധം കൊണ്ട് നീറുന്ന അവൾ കുത്തുവാക്കുകൾ കേട്ട് പിടയുന്നത് ഞാൻ അറിഞ്ഞില്ല.

കുളിക്കാനാണെന്ന് പറഞ്ഞു ബാത്‌റൂമിൽ കയറിയ  അവൾ കുറെ  സമയം കഴിഞ്ഞിട്ടും ഇറങ്ങാത്തത് കൊണ്ട് സംശയം തോന്നിയാണ് ഞാൻ തട്ടിവിളിച്ചത്.  അകത്തുനിന്നു പ്രതികരണം ഒന്നുമില്ലാതായപ്പോൾ വാതിൽ ചവിട്ടിത്തുറന്നു.  അകത്ത് കൈ ഞരമ്പ് മുറിച്ച നിലയിൽ രക്തക്കളത്തിനുള്ളിൽ  എന്റെ റീന.   അവളെ കോരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ ഈ ജീവൻ കൂടെ എന്നിൽനിന്നെടുക്കല്ലേ എന്നൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.

ഐസിയുവിനു മുന്നിൽ ഞാൻ  തളർന്നു നിൽക്കുമ്പോൾ ആശ്വാസ വാക്കുകളുമായി മുന്നിൽ നിന്നവരോട് പൊട്ടിത്തെറിക്കുകയായിരുന്നു ഞാൻ. 

” ഇപ്പൊ എന്തിനാ കണ്ണീരൊലിപ്പിക്കുന്നത്?  കുറ്റപ്പെടുത്തലുകൾ കൊണ്ടും ശാപം കൊണ്ടും  നിങ്ങളൊക്കെ കൂടെ ഇല്ലാതാക്കാൻ  ശ്രമിച്ചവളാണ് ഇപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അകത്തു കിടക്കുന്നത്. 
അവളുടെ നോട്ടം ഒരു നിമിഷം പിഴച്ചു. സത്യം തന്നെയാണ്.  ഞങ്ങൾക്ക് ഞങ്ങളുടെ മോനെയും നഷ്ടപ്പെട്ടു.  പെറ്റവയറിന്റെ അത്ര വേദന വരുമോ മറ്റാർക്കെങ്കിലും?  എന്നിട്ടും എല്ലാവരും കൂടെ …. കുഞ്ഞു പോകാൻ കാരണം അവളാണെന്നുള്ള കുറ്റബോധം മാത്രമല്ല, നിങ്ങളൊക്കെ അവളെ വെറുക്കുന്നു എന്ന ചിന്ത കൂടെയാ അവളെക്കൊണ്ടിങ്ങനെ ചെയ്യിച്ചത്.  ഒരു അല്പം അനുകമ്പ അവളോട് കാണിച്ചിരുന്നെങ്കിൽ,   ഒന്നാശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്റെ റീന ഇങ്ങനെ ഒരു തീരുമാനത്തിലെത്തില്ലായിരുന്നു.  എനിക്കിനി അവളല്ലേ ഉള്ളു അമ്മെ, എനിക്കവളെയെങ്കിലും വേണം.   നിങ്ങളെല്ലാം കൂടെ  അവളെ ഇനിയും കൊന്നുകളയരുത് “. 

പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു.

” മോനെ,  അവളോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലടാ ഞങ്ങൾ.  ഞങ്ങളുടെ ദെണ്ണം കൊണ്ടാ.  ക്ഷമിക്കേടാ.  ഇനി ഞങ്ങൾ നോക്കിക്കോളാം അവളെ.  ദൈവം ആ ജീവൻ തിരിച്ചുതന്നാൽ പഴയ റീനയാക്കി എടുത്തോളാം ഞങ്ങൾ. “

എന്നെ ചേർത്തുപിടിച്ചു അമ്മയും  അച്ഛനും  കരയുമ്പോൾ ചുറ്റും നിന്നവരും കണ്ണുതുടക്കുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *