അവൻ മുറിയിലേക്ക് നടന്നു . നിരത്തിയിട്ട സ്കാനിങ് റിപ്പോർട്ടിനു മുന്നിൽ…….

പേറാത്ത അച്ഛൻ

Story written by Nayana Vydehi Suresh

”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ”

‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് പറഞ്ഞു ,ഈ പറയുന്നതൊന്നും വലിയ പ്രശ്നമല്ല ചികിത്സിച്ചാ എന്തായാലും കുട്ടി ഉണ്ടാവുംന്ന്’

‘ഹാ .. ഇനി അതിനും ലക്ഷങ്ങൾ മുടക്കണം ആര് നമ്മള് അല്ലെ. അവൾടെ തന്തക്കും തള്ളക്കും അതൊന്നും അറിയണ്ട .. എന്ത് ചോദിച്ചാലും കുറേ പ്രാരാബ്ധമങ്ങട് ശർദ്ദിച്ചാമതീലോ ‘.. എന്നാ നീ ഒരു കാര്യം ചെയ്യ് തന്തയില്ലാതെ പെറ്റിട്ട് പോയ കുറേയെണ്ണം കാണും അനാഥാലയത്തില് ഒന്നിനെയങ്ങ് എടുത്തോ ,

‘ഒന്ന് നിർത്തമ്മെ , ഇതൊക്കെ അവള് കേൾക്ക്ണ്ട് അതെങ്കിലും ഓർക്കണ്ടെ ?’

‘ഇനി ഞാൻ അവളെ പേടിക്കണോ ? ഇതെൻ്റെ വീടാ ഇവിടെ എത്ര ഉറക്കെ മിണ്ടണമെന്ന് ഞാൻ തീരുമാനിക്കും , നീ എന്തായാലും പെണ്ണിൻ്റെ വാലേ തൂങ്ങി തുള്ളുന്നുണ്ടല്ലോ അത് മതി ..” ‘

**************************

അമ്മ അത്രയും പറഞ്ഞ് അടുക്കളയിലേക്ക് പോയി , അടുക്കളയിലെ പാത്രങ്ങൾ നിലത്ത് വീഴുന്നതും എടുത്തു കുത്തുന്നതുമായ ശബ്ദം വീട് മുഴുവൻ നിറഞ്ഞു ,

അവൻ സോഫയിലിരുന്നു . എന്തോ മുറിയിലേക്ക് പോകാൻ തോന്നിയില്ല , അവൾ കരയുകയാകും ,അല്ലെങ്കിലും ഇതൊക്കെ കേട്ടാ അരാ കരയാത്തെ

കല്യാണം കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞെയുള്ളു . അന്ന് ഒപ്പം കല്യാണം കഴിഞ്ഞവർകൊക്കെ കുട്ടിയായി , അതിനു ശേഷം തുടങ്ങിയതാണ് അമ്മയുടെ ദേഷ്യം . ഡോക്ടറെ കാണിച്ചപ്പോൾ പ്രശ്നം അവൾക്കാണ് .പിന്നീട് ഒരു സമ്മാധാനവും അമ്മ അവൾക്ക് കൊടുത്തില്ല .അവസാനം വീട്ടിൽ കൊണ്ട് വിട്ടു .

ഒറ്റ മോനായതുകൊണ്ട്ത്തന്നെ എല്ലാം അമ്മയുടെ ഇഷ്ടങ്ങളായിരുന്നു . വളർന്നിട്ടും അതിൽ മാറ്റമൊന്നും വന്നില്ല , എന്നോട് അമിതമായി ആര് സ്വതന്ത്ര്യം കാണിച്ചാലും അമ്മക്ക് ദേഷ്യം വരും ..

ഒരുപാട് പാട് പെട്ടിട്ടാണ് അവളുടെ അച്ഛൻ അവളെ കല്യാണം കഴിച്ചയച്ചത് .താഴെ ഇനിയുമുണ്ട് രണ്ട് പെൺമക്കൾ , അതും ഒറ്റക്കയ്യനായ ഒരച്ഛൻ , പാവമൊരു മനുഷ്യൻ ,

***************************

അവൻ മുറിയിലേക്ക് നടന്നു . നിരത്തിയിട്ട സ്കാനിങ് റിപ്പോർട്ടിനു മുന്നിൽ അവളിരിക്കുന്നുണ്ട് .

നമുക്ക് മക്കളുണ്ടാവോ ഏട്ടാ

ഇണ്ടായില്ലെങ്കിൽ വേണ്ട , ഈ ലോകത്ത് നമ്മള് മാത്രമല്ല ഒരുപാട് പേരുണ്ട് മക്കളില്ലാത്തോര്..

എനിക്ക് കൊതിയാവാ ഒരു ഉണ്ണിയുണ്ടാവാൻ , ചികിത്സിച്ചാ മാറും എന്നൊക്കെ എന്തിനാ നുണ പറഞ്ഞെ അമ്മയോട് എനിക്ക് പേടിയാവുന്നു …. അമ്മയെ ഓർത്ത് .

എടി … അമ്മമാര് ദൈവങ്ങളാ .. അവരാ നമുക്ക് എല്ലാ വഴികളും തുറന്ന് തരുന്നത് നിനക്ക് മനസ്സിലായോ ഞാൻ പറഞ്ഞത്

ഇല്ല

അമ്മ പറഞ്ഞില്ലെ അനാഥാലയത്തിന്ന് ഒന്നിനെ എടുത്ത് വളർത്താൻ , അമ്മയത് പരിഹസിച്ചതാണെങ്കിലും എനിക്കത് വലിയ കാര്യമായിട്ടാ തോന്നിയത് . അതു വരെ ഇങ്ങനൊരു ചിന്ത എനിക്കില്ലാരുന്നു

അതൊക്കെ നടക്കോ ഏട്ടാ ..

പിന്നെന്താടി … ഈ ലോകത്ത് ദൈവം ശരിക്കും അനുഗ്രഹിച്ചത് മക്കളില്ലാത്തവരെയാ … അവർക്ക് തൻ്റെ തല്ലാത്ത എന്തിനേയും സ്വന്തം പോലെ സ്നേഹിക്കാൻ കഴിയും , ഒരു കുഞ്ഞും അനാഥരാകാതിരിക്കാനാ നമ്മളെ പ്പോലെയുള്ളവരെ ദൈവം സൃഷ്ടിച്ചെ …. നമുക്ക് മക്കളുണ്ടാവില്ലെന്ന് നമുക്കറിയാം നീ വിഷമിക്കണ്ട .നമുക്കായി ഒരു കുഞ്ഞിനെ ഗർഭം ധരിച്ച സ്ത്രീ ഈ ലോകത്ത് എവിടെയോ ഉണ്ട് … സമയമാകുമ്പോൾ ആ കുഞ്ഞ് നമ്മുടെ അടുത്തെത്തും … അങ്ങനെ നമ്മൾ പെറാത്ത അമ്മയും അച്ഛനുമാകും

അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി .. അപ്പോഴയാൾക്ക് ഒരച്ഛൻ്റെ കണ്ണുകളായിരുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *