അവൾക്കും ഈയിടെയായി പ്രതികരണ ശേഷി കൂടിയതിന്റെ സൂചനകളൊക്കെ കണ്ട് തുടങ്ങിയിട്ടുവുണ്ട്. മുമ്പൊക്കെ സിനിമ കണ്ടോണ്ടിരിക്കുമ്പോഴോ മാച്ച് കണ്ടോണ്ടിരിക്കുമ്പോഴോ എടിയേ…….

Story written by Adam John

ജയ ജയ ഹേ കണ്ടപ്പോ മുതൽക്ക് മനസ്സിലൊരു പേടി തോന്നിത്തുടങ്ങിയിരുന്നു. പേടിയല്ലന്നേ അതിലെ നായിക ജയയെപ്പോലെ ഭാര്യയെങ്ങാനും പ്രതികരിക്കാൻ തുടങ്ങിയാൽ എന്നാ ചെയ്യുവെന്നൊരു നേരിയ ഭയം. അല്ലേലും പ്രതികരണ ശേഷിയുള്ള ഭാര്യമാർക്ക് മുന്നിൽ ഭർത്താക്കന്മാരുടെ മുട്ടിടിക്കും. അതൊരു ശാസ്ത്ര സത്യവാ.

അവൾക്കും ഈയിടെയായി പ്രതികരണ ശേഷി കൂടിയതിന്റെ സൂചനകളൊക്കെ കണ്ട് തുടങ്ങിയിട്ടുവുണ്ട്. മുമ്പൊക്കെ സിനിമ കണ്ടോണ്ടിരിക്കുമ്പോഴോ മാച്ച് കണ്ടോണ്ടിരിക്കുമ്പോഴോ എടിയേ ഒരു ഗ്ലാസ് വെള്ളവിങ്ങെടുത്തേന്ന് പറയേണ്ട താമസം അവള് വെള്ളവുമായി ഓടിയെത്തുവായിരുന്നു. ഇപ്പോ അതിനൊക്കെ മാറ്റം വന്ന് തുടങ്ങിയോന്നൊരു തോന്നൽ. തോന്നലല്ല സത്യവാണ്..ചേട്ടായി ക്കൊന്ന് ചെന്നെടുത്താലെന്താ കാല് തേയുവോ എന്നൊക്കെയാ ചോദിക്കുന്നെ.

ഇടക്കൊക്കെ ദേഷ്യം വരുമ്പോ ഒന്നോ രണ്ടോ ഗ്ലാസോ പ്ലേറ്റോ ഒക്കെ എറിഞ്ഞുടക്കുവാരുന്നു. അത്‌ പിന്നെ ആണുങ്ങളുടെ അവകാശവല്ലായോ. പക്ഷെ ഈയടുത്തൊരിക്കൽ അങ്ങനെ എറിഞ്ഞു പൊട്ടിച്ചപ്പോ പറയുവാ.
പൊട്ടിച്ച പോലെ തന്നെ വാരിയെടുത്തേച്ചു പുറത്തോട്ട് കളയാൻ. അവൾക്കെങ്ങും വയ്യാ പോലും. പെമ്പിള്ളേരൊക്കെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ ഞങ്ങള് കുല ഭർത്താക്കന്മാര് പെട്ട് പോവത്തല്ലേയുള്ളൂ.
പ്രതികരണം മൂത്ത് ഇടിയിലേക്കെത്തുന്നതിന് അത്യാവശ്യം പ്രതിരോധ മുറകളൊക്കെ പഠിച്ചു വെക്കണവെന്ന് തോന്നി തുടങ്ങിയത് അങ്ങനെയാണ്.

പുതുവർഷത്തിന്റെ തുടക്കം വ്യായാമത്തിൽ തന്നാവട്ടെ. ഞാനിക്കൊല്ലം പൊളിച്ചടുക്കും. പരിശീലനം മുറ്റത്തൂന്ന് പറ്റുകേല. ചുറ്റിനും വീടുകളുള്ളതല്ലായോ. മാത്രല്ല അവളെങ്ങാനും കണ്ടാൽ പുച്ഛത്തോടെയുള്ളൊരു നോട്ടവുണ്ട്. അതോടെ മൂഡ് പോയിക്കിട്ടുവെന്നേ. അങ്ങനെയാണ് ടെറസ്സിൽ നിന്ന് പഠിക്കാവെന്ന് തീരുമാനിച്ചേ.

യൂട്യൂബിൽ സെർച് ചെയ്തു കൊള്ളാവുന്നൊരു ഗുരുവിന്റെ കീഴിൽ ദക്ഷിണയായി സബ്സ്ക്രിപ്‌ഷനും സമർപ്പിച്ചു ഐശ്വര്യത്തിന്റെ സൈറണായ ബെൽ ബട്ടണും അമർത്തിക്കൊണ്ട് പരിശീലനവും തുടങ്ങി.

പാന്റിടാനൊന്നും മെനക്കെട്ടില്ല. അല്ലേലും മലയാളിക്കെന്നാത്തിനാ പാന്റ്. അത്യാവശ്യം വായു സഞ്ചാരവുള്ളതും ഫ്ലെക്സി ബിളുമായ മുണ്ടുള്ളപ്പോൾ പാന്റ് വെറും വെയ്സ്റ്റല്ലായോ. മെയ് വഴക്കവുള്ളോരു ആണൊരുത്തൻ ടെറസ്സിൽ നിന്ന് അഭ്യാസം കാണിക്കുന്നത്ക ണ്ടാന്നൊ എന്തോ അപ്പുറത്തെ വീട്ടിലെ ചേച്ചി മുറ്റത്തോട്ടിറങ്ങി മോളിലോട്ട് നോക്കിയത്. ഇത്തിരി നേരം നോക്കിയത് പോരാഞ്ഞു കെട്യോനേം കൊണ്ട് വന്ന് കാണിക്കുന്നുണ്ട്. കണ്ട് പഠിക്ക് മനുഷ്യാന്ന് പറയാൻ വേണ്ടിയാവും.

ഇത്തിരി കഴിഞ്ഞപ്പോഴുണ്ട് രണ്ട് പേരും എന്തൊക്കെയോ കുശു കുശുത്തോണ്ട് ഇടവഴിയിലൂടെ നടന്നേച്ച് എന്റെ വീട്ടിലോട്ടുള്ള വഴിയിലേക്ക് കേറി വരുന്നു. എന്തേലും സംശയങ്ങൾ ചോദിക്കാൻ വേണ്ടിയാവൂന്ന് കരുതി ഞാൻ ചാടിയിറങ്ങി നിമിഷ നേരം കൊണ്ട് മുറ്റത്തോട്ടെത്തി. എന്നെ കണ്ടപാടേ ചേച്ചിയുടെ ഭർത്താവ് കഴുത്തേൽ കുത്തി പിടിച്ചേച്ച് ചോദിക്കുവാ. നീയെന്നതാടാ ഷാരൂക്കിന്റെ നായികക്ക് പഠിക്കുവാണോന്ന്. മര്യാദക്ക് നിന്നാൽ തനിക്ക് കൊള്ളാവെന്നും പറഞ്ഞോണ്ട് അവര് വന്ന വഴിയേ പോയി.

പ്രാക്റ്റീസിന്റെ ഭാഗവായി കാല് പൊക്കിയത് കണ്ട് ചേച്ചി തെറ്റിദ്ധരിച്ചു പോയതാരിക്കാനെ വഴിയുള്ളൂ. അല്ലാതെ ഞാനാ ടൈപ്പാന്നോ. ഭാഗ്യം ആരും കണ്ടില്ലെന്ന ആശ്വാസത്തോടെ ചുറ്റിനും നോക്കിക്കൊണ്ട് അകത്തൊട്ട് കേറാൻ നോക്കുമ്പോഴേ ഭാര്യയുണ്ട് പടി വാതിൽക്കൽ തന്നെ നിക്കുന്നു.

പോരാത്തതിന് മനുഷ്യനെ നാണം കെടുത്തിയപ്പോ സമാധാനായല്ലോ ന്നുള്ള മട്ടിലൊരു നോട്ടവും.

സമാധാനായി മക്കളെ..പുതുവർഷത്തിന്റെ തുടക്കവും വളരെ ഗംഭീരവായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *