അവൾ പറഞ്ഞത് കേട്ട് കാര്യങ്ങളുടെ കിടപ്പുവശം അത്ര പന്തിയല്ലെന്ന് അവർക്ക് തോന്നി…

ദിവ്യഗർഭം

Story written by Praveen Chandran

“നീ എന്താ പറയുന്നത് ദീപേ? ഇതൊക്കെ ഇക്കാലത്ത് നടക്കുന്നതാണോ? സന്ദീപ് ഇതൊക്കെ കണ്ട് മിണ്ടാതിരിക്കുന്നോ?” ചേച്ചിയുടെ ആ ചോദ്യം കേട്ട് അവളൊന്ന് വിതുമ്പി..

മാസങ്ങളായി അവളനുഭവിക്കുന്ന സംഘർഷങ്ങൾക്ക് ഒരു പരിഹാരം തേടിയാണ് അവൾ അവരോട് കാര്യങ്ങൾ അവതരിപ്പിച്ചത്…

” സന്ദീപിനും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ചേച്ചി.. അത് പോലെയാണ് അമ്മ എന്നോട് സ്നേഹം കാണിക്കുന്നത്.. പിന്നെ മകന്റെ ഇഷ്ടത്തിന് നടത്തിയ വിവാഹമല്ലേ? “

“എന്നാലും ഇത് ഇത്തിരി കടന്ന കയ്യല്ലേ? മരുമകൾ ഗർഭിണിയാവാതിരിക്കാൻ മരുമകളോടൊപ്പം കിടക്കുക എന്ന് പറയുന്നതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്.. നീ ഇത് അവനോട് പറഞ്ഞ് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവുമേ പറഞ്ഞേക്കാം.. അല്ലെങ്കിൽ ഇലക്കും മുള്ളിനും കേടില്ലാതെ ഒരു വാടക വീടെടുത്ത് മാറുക..”

അവർ പറഞ്ഞതിന് മറുപടി പറയാനാവാതെ അവൾ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു..

“ഞാനെന്ത് ചെയ്യാനാ ചേച്ചി.. ഒറ്റ മകനല്ലേ.. ആളുകൾ എന്താ പറയാ.. അമ്മയെ ഒറ്റക്കാക്കി ഭാര്യയോടൊപ്പം പോയെന്ന് പറയില്ലേ? പിന്നെ കടയും വീടുമെല്ലാം അമ്മയുടെ പേരിലല്ലേ? അമ്മ എന്നോട് സന്ദീപിനെ അറിയിക്കരുതെന്ന് പറഞ്ഞ് ഒരു രഹസ്യം പറഞ്ഞു അതാ എനിക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തത്”

ദീപ പറഞ്ഞത് കേട്ട് അവർ ആകാംക്ഷയോടെ അവളെ നോക്കി…

“എന്താ അത്?”

” ഞങ്ങൾക്ക് കുട്ടി ജനിച്ചാൽ അമ്മയുടെ ജീവന് ആപത്താണെന്ന് കുടുംബ ജ്യോത്സ്യൻ പറഞ്ഞെത്രേ.. അത് കൊണ്ട് ഒരിക്കലും അത് സംഭവിച്ച് കൂട എന്നും തുടർന്ന് എനിക്ക് ദിവ്യ ഗർഭമുണ്ടാകുമെന്നും അങ്ങനെ ജനിക്കുന്ന കുഞ്ഞിനെ ഈ കുടുംബത്തെ രക്ഷിക്കാനാവൂ എന്നും പറഞ്ഞു.. ഞാനെന്താ പറയാ.. ഇത് സന്ദീപിനോട് പറയരുതെന്നും അഥവാ പറഞ്ഞാൽ അമ്മ പിന്നെ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞു.. “

അവൾ പറഞ്ഞത് കേട്ട് കാര്യങ്ങളുടെ കിടപ്പുവശം അത്ര പന്തിയല്ലെന്ന് അവർക്ക് തോന്നി.. കാരണം അമ്മയുടെ സ്വഭാവം അവർക്കറിയുന്നത് ആണ്.. ഏത് സമയവും ജോത്സ്യനായി ആലോചിച്ചേ ഓരോ കാര്യങ്ങളും ചെയ്യാറുള്ളൂ.. അവരെ ധിക്കരിച്ച് മകൻ വിവാഹം കഴിച്ചതിൽ അവർക്ക് കടുത്ത അമർഷവും ഉണ്ടായിരുന്നു..

ഏറ്റവും അതിശയം പുറത്ത് ആർക്കും ഒരു സംശയവും വരാത്ത തരത്തിൽ സ്നേഹം അഭിനയിക്കുകയാവാം ആ അമ്മ എന്നും അവർക്ക് തോന്നി..

ഇതിൽ നിന്നും എങ്ങനെയെങ്കിലും അവളെ രക്ഷിച്ചില്ലെങ്കിൽ വിഷയം രൂഷമാവുമെന്ന് അവർക്കറിയാമായിരുന്നു..

“നീ വിഷമിക്കാതിരിക്ക് മോളെ.. ചേച്ചി ഒരു വഴി കണ്ടിട്ടുണ്ട്.. നീ അത് പോലെ ചെയ്താ മതി.. ഇനിയും ഇത് ഇങ്ങനെ വിട്ടാ ശരിയാവില്ല.. “

അവർ പറഞ്ഞത് കേട്ട് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പ്രതീക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി..

അവർ അവൾക്ക് ആ പോംവഴി പറഞ്ഞു കൊടുത്തു..

അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാകു മോ എന്ന സംശയം അവൾക്കുണ്ടായിരുന്നു..

പക്ഷെ അവർ അവൾക്ക് ധൈര്യം പകർന്ന് നൽകി..

അങ്ങനെ രണ്ട് മൂന്ന് മാസം കടന്നു പോയി.. അപ്പോഴാണ് അമ്മയെ ഞെട്ടിച്ച് കൊണ്ട് ആ വാർത്ത അവൾ പറഞ്ഞത്…

” ഞാൻ ഗർഭിണിയാണ് അമ്മേ… ഇന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നു.. എല്ലാം ഓക്കെ ആയിട്ട് അമ്മയെ അറിയിക്കാമെന്നു വച്ചു… “

അവൾ പറഞ്ഞത് കേട്ട് നെഞ്ചിൽ ഇടിത്തീ വീണപോലെ അവർ നിന്നു.. എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് അവർ അതിശയിച്ചു..

” അതെങ്ങനാ മോളേ.. നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ? നിനക്ക് എന്റെ ജീവനിൽ ഒരു വിലയുമില്ലല്ലേ? “

അവർ അങ്ങനെയേ പറയൂ എന്ന് അവൾക്കറിയാമായിരുന്നു..

” അതെന്താ അമ്മേ അങ്ങനെ പറയുന്നത്.. ഞാനമ്മയുടെ അടുത്തല്ലേ എന്നും കിടക്കാറുള്ളത്..അത് അമ്മയോടുള്ള സ്നേഹം കൊണ്ടല്ലേ? “

“പിന്നെങ്ങനെ ഇത് സംഭവിച്ചു?”

” അത് നല്ല ചോദ്യം.. അമ്മ അല്ലേ പറഞ്ഞത് എനിക്ക് ദിവ്യഗർഭം ഉണ്ടാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നുവെന്ന്.. അങ്ങനെ ഉണ്ടായാൽ അത് ഈ കുടുംബത്തിനും അമ്മയുടെ ആയുസ്സിനും നല്ലതാണെന്നും അമ്മ പറഞ്ഞില്ലേ? ഇത് ദിവ്യഗർഭമാ അമ്മേ… ഞാൻ രണ്ട് ദിവസം മുന്ന് സ്വപനം കണ്ടിരുന്നു..ഭഗവതി വന്ന് എന്നെ അനുഗ്രഹിക്കുന്നതും ഒരു ഉരുണ്ട വെളിച്ചം എ ന്റെ വയറിലേക്ക് കയറുന്നതും… എല്ലാം ഭഗവതിയുടെ മായ.. അമ്മ വേഗം ഒരുങ്ങ് അമ്പലത്തിൽ പോയി ഇതിന് പകരമായി ഭഗവതിക്ക് ഒരു പട്ടും പൂവും കൊടുക്കണം.. “

അവൾ പറഞ്ഞത് കേട്ട് അവർ രണ്ടു കൈയും മുകളിലേക്കുയർത്തി ഭഗവതിയെ വിളിച്ചു..

“എല്ലാം അമ്മയുടെ മായ”

അമ്മ പറഞ്ഞത് കേട്ട് അവൾക്ക് ചിരിയാണ് വന്നത്..

ചേച്ചി പറഞ്ഞ് കൊടുത്തത് പോലെ അമ്മ എന്നും രാത്രി കുടിക്കാറുള്ള കഷായത്തിൽ അവരറിയാതെ ഉറക്കഗുളിക പൊടിച്ചിട്ടിരുന്നു അവൾ.. ബോധം കെട്ടു അവരുറങ്ങുമ്പോൾ അവൾ അവന്റെ ചൂടുപറ്റി കിടക്കുകയായിരുന്നു..

രാവിലെ ആകുമ്പോൾ ഒന്നുമറിയാത്തതു പോലെ അവൾ അവരുടെ അടുത്ത് വന്ന് കിടക്കുകയും ചെയ്യും..

അങ്ങനെയാണ് ആ ദിവ്യഗർഭം ഉണ്ടായതെന്ന് അവർക്കറിയില്ലല്ലോ… ഉടനെ പോയി ജോത്സ്യനെ കണ്ട് നന്ദി പറയുമ്പോൾ നിരത്തി വച്ച കവിടികൾ നോക്കി അത്ഭുതപെട്ടിരിക്കുകയായിരുന്നു അയാൾ…

പ്രവീൺ ചന്ദ്രൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *