അങ്ങനെ മുള പൊട്ടി വളളിയായി തോന്നിയോട്ത്ത്ക്കൊക്കെ പാഞ്ഞ് നല്ല ഉഷാറായി മധുരക്കിഴങ്ങ് ണ്ടായി…

മധുരക്കിഴങ്ങ്…

Story written by Shabna Shamsu

ഒരു അവധി ദിവസം…. എല്ലാ പണികളും തീർത്ത് വൈകുന്നേരത്തെ ചായക്ക് ലേശം ചേമ്പ് പുഴുങ്ങാൻ അടുപ്പത്ത് വെച്ചു…. അത് വെന്ത് വാർത്തിട്ട് വേണം കുളിക്കാൻ…. ആ ഒരു ഇടവേളയിലാണ് ഈ കുത്തിക്കുറിക്കൽ..

എൻ്റെ ഇക്കാക്ക മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ആണ് എന്നെ ഒന്നില് ചേർത്ത്ണത്… അത് കഴിഞ്ഞ് ഏഴിലെത്തിയപ്പോ ഞാനും ഓനും ഒരേ ക്ലാസിലായി…അത്രക്കും വിശദമായി പഠിച്ചാണ് ഓരോ ക്ലാസും ഇക്കാക്ക പൂർത്തിയാക്കിയത്..

അതും കഴിഞ്ഞ് ഞാൻ ഒമ്പതിലോട്ട് ജയിച്ചപ്പോ ഓൻ ഒന്നൂടി എട്ടിലിരുന്നു … അതിൽ മനം നൊന്ത് എട്ടാം ക്ലാസിൽ വെച്ച് ഇക്ക സ്ക്കൂൾ ജീവിതം അവസാനിപ്പിച്ചു..

ഞങ്ങളൊരു അഞ്ചില് പഠിക്ക്ണ സമയം….ഒരിക്കൽ ഉപ്പ അഞ്ചാറ് മധുരക്കിഴങ്ങിൻ്റെ വിത്ത് തന്ന്ട്ട് വെർതെ കളിച്ച് നടക്കണ്ട, ഇത് എവ്ടേലും ഒന്ന് കുഴിച്ചിട്ടോക്കെന്ന് പറഞ്ഞു…

ആദ്യം വല്യ ഇൻഡ്രസ് റ്റൊന്നും തോന്നീല്ലേലും കൈക്കോട്ടും കമ്പും ഒക്കെ എടുത്ത് ഞങ്ങളത് കാര്യായിട്ട് കുഴിച്ചിടാൻ തുടങ്ങി ….

ചെറിയ ഒരു ത്ണ്ട് പോലെ ആക്കിട്ട് അതില് ചെറിയ കുഴി കുത്തി വിത്ത് അതിലിട്ട് മണ്ണിട്ട് മൂടി… മുകളിൽ കോഴി ചിക്കാണ്ടിരിക്കാൻ കുറച്ച് ചപ്പും ചുള്ളിയും ഒക്കെ വെച്ചു…..

പിന്നെ ഓരോ ദിവസവും ആവശ്യത്തിലേറെ പരിപാലനം നൽകാൻ ഞങ്ങൾ മത്സരിച്ചു….

അങ്ങനെ മുള പൊട്ടി വളളിയായി തോന്നിയോട്ത്ത്ക്കൊക്കെ പാഞ്ഞ് നല്ല ഉഷാറായി മധുരക്കിഴങ്ങ് ണ്ടായി…

അങ്ങനെ ഒരു ദിവസം ഞങ്ങൾടെ കൃഷി വിളവെടുക്കാൻ സമയമായി….കമ്പ് കൊണ്ട് മെല്ലെ കുത്തി കുത്തി ഓരോന്നും തോണ്ടിയെടുത്തു…..

കാപ്പി പറിക്കുന്ന ചെറിയ കുട്ടക്ക് ഒരു കുട്ട മുഴുത്ത കിഴങ്ങ് കിട്ടി …..

ഞങ്ങൾക്ക് രണ്ടാക്കും വയറ് നിറച്ചും കഴിക്കാം….അത്രേ ണ്ടായിരുന്നുള്ളൂ…..

അങ്ങനെ ഈ കുട്ടയും ഏറ്റിപ്പിടിച്ച് ഉമ്മാൻ്റെ മുമ്പിലെത്തി…. വേഗം പുഴുങ്ങി തരാൻ പറഞ്ഞു ….

നല്ലോണം കുളിച്ച് മാറ്റി വെരി… അപ്പളേക്കും മ്മ ണ്ടാക്കി വെക്കാ.. ന്നിട്ട് ചായ കുടിക്കാ…

കേട്ട പാട് ഞങ്ങള് രണ്ടും കുളിക്കാനോടി….ഭയങ്കര ആവേശം… മധുരക്കിഴങ്ങിനോടുള്ള കൊതി അല്ല….ഞങ്ങള് നട്ട് നനച്ച് ണ്ടാക്കിയതല്ലേ.,,, അയ്നാണ്…

കുളി കഴിഞ്ഞ് വന്നപ്പോ കോലായില് രണ്ട് വിരുന്നുകാർ..ഉപ്പാൻ്റെ കുടുംബത്തിൽ പെട്ട നാട്ടിലെ വല്യ പ്രമാണിമാർ…ഉപ്പ അവരോട് സംസാരിച്ചിരിക്കുന്നു.

അടുക്കളേല് ചെന്ന് നോക്കുമ്പോ ഉമ്മ പലഹാര പാത്രം തപ്പാണ്…അത് കാലിയാണ്….ഉമ്മാക്ക് ആകെ ബേജാർ..കാലിച്ചായ എങ്ങനാ കൊട്ക്കാ….

അപ്പളാണ് അടുപ്പത്ത്ന്ന് തിളക്കുന്ന മധുരക്കിഴക്കിനെ കുറിച്ച് ബോധം വന്നത്…

ഉമ്മ വേഗം അത് വാർത്ത് ഒരു പ്ലേറ്റിലാക്കി ഞങ്ങളെ നോക്കി…നല്ല മുടിഞ്ഞ ദേഷ്യത്തില് ഉമ്മാനെ തറപ്പിച്ച് നോക്കാണ്…

ഉമ്മ പറഞ്ഞു … “ഓര് തിന്നൊന്നും ല്ല. ന്നാലും എന്തേലും ഒന്ന് മുന്നില് കൊണ്ടോയി വെക്കണ്ടെ… ഓര് പോയിട്ട് ങ്ങക്ക് തരാട്ടോ “

അങ്ങനെ ഞങ്ങളെ ഹൃദയ മിടിപ്പ് പ്ലേറ്റിലാക്കി ഉമ്മ ഓരെ ചായ കുടിക്കാൻ വിളിച്ചു….

” പലഹാരൊന്നും മക്കള് വെച്ചേക്കൂല…. ങ്ങള് ഇത് കൂട്ടി കഴിക്ക്….ഇവ്ടെണ്ടായതാ…. “

” അള്ളാ…. ന്തിനാ പലഹാരൊക്കെ… അതൊക്കെ എപ്പളും തിന്ന്ണതല്ലേ…..ഇങ്ങനെ വളം ഇടാത്ത സാധനങ്ങള് കിട്ടാനാ പാട് ” അതും പറഞ്ഞ് ഓര് രണ്ടാളും മത്സരിച്ച് കിഴങ്ങ് തിന്നാ…..ഞങ്ങള് വാതുക്കല് നിന്ന് നോക്കി നിക്കാ….

സാധാരണ വിരുന്നുകാര് വന്ന് ചായ കുടിക്കുമ്പോ മക്കള് വരി,,, ദാ ഓരോന്ന് ങ്ങള് കയിക്ക് എന്ന് പറയും….

ഇത് അതും ല്ല….

ഞാൻ മെല്ലെ ഇക്കാക്കാൻ്റെ മുഖത്ത് നോക്കി…..

പല്ലിറുമ്മി കയ്യ് ചുരുട്ടി പിടിച്ച് നിക്കാണ്….

അങ്ങനെ പ്ലേറ്റിലെ അവസാനത്തെ കഷണവും വായിലിട്ടപ്പോ ഞാൻ കാറ്റ് പോയ ബലൂണ് പോലെ ഇരുന്ന് പോയി….

അവര് പോയി കഴിഞ്ഞ് ഉമ്മാക്ക് ഞങ്ങളെ മുമ്പില് വരാൻ ധൈര്യല്ല….

ഞങ്ങളാണേൽ നിരാഹാരവും സത്യാഗ്രഹം ഒരുമിച്ച് ആക്കാം ന്ന് പ്ലാൻ ചെയ്ത് റൂമിലെന്നെ ഇരുന്നു …

ഒടുവിൽ ഉപ്പ അങ്ങാടിയിൽ പോയി കോഴിനെ വാങ്ങി കൊണ്ടോന്ന് അതൊണ്ടൊരു കറിയും നെയ്ച്ചോറും വെച്ച് തന്നപ്പളാണ് രംഗം ശാന്തമായത്….

എന്നാലും അന്നത്തെ വിരുന്നുകാരെ ഇന്ന് കാണുമ്പോ മധുരക്കിഴങ്ങ് ഓർമ വരുന്നതും മധുരക്കിഴങ്ങ് കാണുമ്പോ അവരെ ഓർക്കുന്നതും തികച്ചും സ്വാഭാവികം…

shabna shamsu❤️❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *