ആകെയുണ്ടായിരുന്ന പെങ്ങൾ ഒരാളുടെ കൂടെ ഒളിച്ചോടി. അവൾക്കും കൂടി വേണ്ടിയാ ഞാനീ…..

പ്രണയമഴ

Story written by Aneesha Sudhish

വീട്ടിൽ ടൈൽസ് പണിക്കു വന്ന മനുവിനെ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി..

ഞങ്ങളുടെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മനു.

അവനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ സങ്കടം തോന്നി.

ഒരിക്കൽ ടീച്ചർ ആരാകണം എന്ന് ചോദിച്ചപ്പോൾ ഡോക്ടർ എൻജിനീയർ എന്ന് എല്ലാവരും പറഞ്ഞപ്പോൾ മനു മാത്രം പറഞ്ഞു ശാസ്ത്രജ്ഞനാകണം.

വലിയൊരു ശാസ്ത്രജ്ഞനായി ലോകം മുഴുവൻ അറിയപ്പെടണമെന്ന് പറഞ്ഞപ്പോൾ അവനെ അങ്ങനെ ഭാവിയിൽ കാണുമെന്നാണ് കരുതിയത്.

“താൻ പഴയ കാര്യങ്ങൾ ആലോചിക്കാണോ ?” മനുവിന്റെ ചോദ്യമാണ് തന്നെ ചിന്തയിൽ നിന്നുണർത്തിയത്.

” ഞാൻ വെറുതെ പഴയതൊക്കെ ഓർത്ത് ….”

“ശാസ്ത്രജ്ഞനാക്കാൻ കൊതിച്ചവൻ ഈ ടൈൽസും കൊണ്ട് അല്ലേ.. ” മനു ഒന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…

ആ ചിരിയിൽ ഒരു വിഷാദം നിഴലിച്ചിരുന്നു…

“തന്റെ ആഗ്രഹം പോലെ തന്നെ ഒരു ടീച്ചറായല്ലോ “

ടീച്ചറെന്ന് പേര് മാത്രമേയുള്ളൂ കുടുംബം പോറ്റണമെങ്കിൽ വേറെ എന്തെങ്കിലും ജോലിക്ക് പോകണം.. സാലറി വളരെ കുറവാണെടോ ? പിന്നെ ഗമയ്ക്ക് പറയാം ടീച്ചറാണെന്ന് “

“അതിനും വേണമെടോ ഒരു ഭാഗ്യം “

“എന്നാലും തന്നെ ഈ അവസ്ഥയിൽ ഇതിൽ കാണും എന്ന് എന്ന് ഒട്ടും കരുതിയില്ല ഇല്ല “

“ജീവിത സാഹചര്യങ്ങളാണ് ആണ് എന്നെ ഇവിടെ എത്തിച്ചത് ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. ആകെയുണ്ടായിരുന്ന പെങ്ങൾ ഒരാളുടെ കൂടെ ഒളിച്ചോടി. അവൾക്കും കൂടി വേണ്ടിയാ ഞാനീ പണിക്കിറങ്ങിയത്…എന്നിട്ട് അവൾ ഞങ്ങളെ ചതിച്ചു. അല്ല അവൾ മരിച്ചു. ഇനി ഞങ്ങൾക്കിടയിൽ അവളില്ല..” അതു പറയുമ്പോൾ ദേഷ്യം കൊണ്ട് അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

“മനുവിന്റെ അമ്മ “

അമ്മ എൻറെ കൂടെ ഉണ്ട് . എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രം. ടൈൽസ് പണിക്ക് പോയാൽ ദിവസം ആയിരം രൂപ കിട്ടും. അതുമതി എനിക്കും എൻറെ അമ്മയ്ക്കും ജീവിക്കാൻ . “

അവന്റെ വാക്കുകൾ എനിക്ക് ശരിക്കും അത്ഭുതമായിരുന്നു. ഒരുപാട് മാറിയിരിക്കുന്നു മനു…

” സംസാരിച്ചു നിന്നാൽ ഈ പണി നടക്കില്ല എന്നാ ശരി അനൂ ” എന്നും പറഞ്ഞ് മനു തന്റെ ജോലിയിൽ മുഴങ്ങി..

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല മനുവിനെ കുറിച്ച് ആലോചിച്ചപ്പോൾ എവിടെയൊക്കെയോ ഒരിഷ്ടം മനസ്സിൽ തങ്ങി നിൽക്കുന്നതുപോലെ .

അവനോട് എനിക്കെന്തോ പറയാൻ പറ്റാത്ത ഒരു വികാരം എന്താണെന്നറിയില്ല.

പണ്ട് ഒരിഷ്ടമുണ്ടായിരുന്നു അതിപ്പോൾ ചിറകു വിടർത്തി മനോഹരമായ പൂമ്പാറ്റകളായി ചുറ്റും പാറി നടക്കുന്നു…

പ്രണയമാണോ? ഇതിനെയാണോ പ്രണയമെന്ന് പറയുന്നത് ആയിരിക്കാം.

ഒന്നും ചിന്തിച്ചില്ല നേരെ അച്ഛന്റെ അടുത്തു പോയി കാര്യം പറഞ്ഞു..

“അച്ഛൻ എനിക്കു വേണ്ടി ഇനി കല്യാണമൊന്നും ആലോചിക്കണ്ട എനിക്ക് മനുവിനെ കെട്ടിയാൽ മതി “

അത് കേട്ട് അച്ഛന്റെ രണ്ടു മൂന്ന് കിളികൾ പറന്നു പോകുന്നത് ഞാൻ കണ്ടു. അല്ലെങ്കിലും നട്ട പാതിരയ്ക്ക് ഇങ്ങനെ പറഞ്ഞാൽ ആർക്കായാലും കിളി പോകില്ലേ ?

അമ്മയ്ക്ക് ദേഷ്യം വന്നു

“ഒരു ടീച്ചർ ആയ നിന്നെ കെട്ടുന്നത് ഒരു ടൈൽസു പണിക്കാരൻ “

അവർക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമായിരുന്നു.

പക്ഷേ ഞാൻ പിന്മാറാൻ തയ്യാറല്ലായിരുന്നു.

“മോളേ നിങ്ങൾ എങ്ങനെ ജീവിക്കും നീ ഇത്രേം പഠിച്ചതല്ലേ നിന്നെ എങ്ങനെ ഒരു ടൈൽസു പണിക്കാരനെ കൊണ്ട് കല്യാണം കഴിപ്പിക്കും? അച്ഛൻ ചോദിച്ചു..

“നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് മനുവിനെ മാത്രം മതി എൻറെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അതു മനു മാത്രമായിരിക്കും അല്ലെങ്കിൽ എനിക്കിനി വേറെ വിവാഹം വേണ്ട ” എന്റെ തീരുമാനം ഉറച്ചതായിരുന്നു..

“അവനൊരു സ്ഥിര വരുമാനമില്ലാത്ത ജോലിയാണ്. വിവാഹ ശേഷം കുട്ടികളൊക്കെ ആയാൽ ജീവിതം ബുദ്ധിമുട്ടിലാകും അച്ഛൻ പറയുന്നത് മോളൊന്ന് അനുസരിക്ക്. “

“അല്ലാ ഈ പറയുന്ന അച്ഛൻ കളക്ടറൊന്നും അല്ലല്ലോ പെയിന്റു പണിക്കാരനല്ലേ ? “

“ഈ പണിയും വെച്ചല്ലേ എന്നെയും ചേച്ചിയെയും പഠിപ്പിച്ച് ചേച്ചിയുടെ കല്യാണം നടത്തി ചേച്ചീടെ രണ്ടു പ്രസവം നടത്തിയത്. ഇതുവരെ ഈ വീട്ടിൽ ഒരു ബുദ്ധി മുട്ടും ഞാൻ കണ്ടിട്ടില്ലല്ലോ മാത്രമല്ല അമ്മയ്ക്കും കൂടി ജോലിയില്ല. പ്രൈവറ്റ് സ്കൂളിലെ ടീച്ചറാണെങ്കിലും എനിക്കൊരു ജോലി ഉണ്ടല്ലോ? ശമ്പളം കുറവാണെങ്കിലും ഞങ്ങൾ സുഖമായി കഴിഞ്ഞു കൊള്ളാം. അച്ഛൻ നാളെ തന്നെ മനുവിനെ കണ്ട് കാര്യം പറയണം.. ഇത് മുടക്കാൻ നോക്കിയാൽ അറിയാലോ എന്നെ ഞാനവന്റെ കൂടെയങ്ങ് പോകും..”

ഒരു ഭീഷണിയുടെ സ്വരത്തിൽ ഞാനത് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു. ഒരു മാസം കൊണ്ട് തന്നെ ഞങ്ങളുടെ കല്യാണം നടത്തി തന്നു …

ഇതൊന്നും ശരിയാകില്ല ഒരു ടീച്ചറായ നിനക്ക് വേറെ നല്ല ബന്ധം കിട്ടും എന്നൊക്കെ പറഞ്ഞ് മനു ഒഴിയാൻ ശ്രമിച്ചതാ .

പക്ഷേ ഒന്നാം ക്ലാസ്സ് മുതലേ നിന്നെയും മനസ്സിലിട്ടാ ഞാൻ നടന്നത് വർഷം ഇത്രയായിട്ടും നിന്നെ മറക്കാൻ പറ്റിയില്ല. നിന്നെ കെട്ടിയില്ലെങ്കിൽ എന്റെ ജീവിതം നരകിച്ചു പോകും എന്നൊക്കൊ കാച്ചിയപ്പോൾ അവനും വീണു..

വിവാഹത്തിന് കതിർമണ്ഡപത്തിൽ കയറും മുമ്പ് എന്റെ കൂടെയുള്ള ആളെ കണ്ട് മനു ഞെട്ടി…

മീര മനുവിന്റെ അനിയത്തി … അവന്റെ കാൽക്കൽ വീണ് അവൾ മാപ്പുപറഞ്ഞു കരഞ്ഞപ്പോൾ അവന്റെ മനസ്സലിഞ്ഞു.. അല്ലെങ്കിലും ഒന്നു കെട്ടിപിടിച്ചാൽ തീരാവുന്ന പ്രശ്നമേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ.

ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി ആണുട്ടോ … ധനു മാസ കുളിരിൽ മുല്ലപ്പൂവിന്റെ മണമുള്ള ഹൃദയം ഹൃദയത്തോടും ശരീരം ശരീരത്തോടും ചേർന്നു മധുര സ്വപ്നങ്ങൾ കൊണ്ട് ഒരു പൂക്കാലം തീർക്കുന്ന ഒന്നിച്ച് ഒരേ മനസ്സും ശരീരവുമായി പുതിയൊരു ജീവിതം തീർക്കുവാൻ ആദ്യരാത്രിയിലേക്ക് കടക്കുകയായിരുന്നു പക്ഷേ എല്ലാം കുളമാക്കി പെങ്ങൾടെ കുരിപ്പ് എല്ലാം നശിപ്പിച്ചു… ഇന്ന് ഞാനേ മാമന്റെ കൂടെയാ കിടക്കുന്നേ എന്നും പറഞ്ഞ് ഞങ്ങളുടെ ഇടയിൽ കിടക്കുന്നുണ്ട്… അവനാണെങ്കിൽ ഇന്ന് ഉറങ്ങുന്ന ലക്ഷണമൊന്നും കാണാനില്ല..

അവനെ മാറ്റി കിടത്താമെന്ന് മീര പറഞ്ഞതാട്ടോ പക്ഷേ ഞാനാ പറഞ്ഞേ വേണ്ടാന്ന് … ആദ്യമായിട്ടല്ലേ അവന്റെ മാമനെ കാണുന്നത്… ആ സ്നേഹം ആവോളമവൻ അവനനുഭവിക്കട്ടെ .

“അനുന് എന്നോട് ദേഷ്യമുണ്ടോ ആദ്യരാത്രി ഇങ്ങനെ ആയതിൽ “

എനിക്കെന്തിനാ ദേഷ്യം ? പിന്നെ ദേഷ്യം വരും എന്തിനാണെന്നോ എത്രയും പെട്ടെന്ന് ഇതു പോലൊരു മിടുക്കൻ ചെക്കനെ എനിക്ക് തന്നില്ലെങ്കിൽ ? അതും പറഞ്ഞ് ഞാനവന്റെ കവിളിൽ നുള്ളി.

” ഇവനൊന്നുറങ്ങട്ടെ പേണ്ണേ നിന്റെ ആഗ്രഹം ഞാനങ്ങ് തീർത്തു തരാം..”

“അതിനു ഞാനിന്ന് ഉറങ്ങില്ലല്ലോ മാമാ “എന്നു കുഞ്ഞുട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല…

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *