ആന്‍സി വീട്ടില്‍ ഒറ്റയ്ക്കാണ് താമസ്സം , മുപ്പത് വയസ്സ് പിന്നിട്ടെങ്കിലും കാഴ്ചയ്ക്ക് ഇരുപത്തിയാറ് വയസ്സേ തോന്നിക്കൂ…..

എഴുത്ത് :-അരവിന്ദ് മഹാദേവന്‍

” ആന്‍സിയേ ഇന്ന് പറ്റുകാരാരുമില്ലേല്‍ രാത്രി ഞാനങ്ങ് വരട്ടേ , ചോദിക്കുന്ന കാശ് തരാം “

സന്ധ്യാസമയം നാട്ടിലെ കവലയില്‍ കടവരാന്തയ്ക്ക് മുന്നില്‍ കൂട്ടുകാരോടൊപ്പം കൂടി നിന്ന് പു കവലിക്കുകയായിരുന്ന രമേശന്‍ കടയുടെ മുന്നിലൂടെ നടന്ന് പോവുകയായിരുന്ന ആന്‍സിയെ നോക്കി സി ഗരറ്റ് പുകയും ഊതി വിട്ട് വഷളച്ചിരിയോടെ ചോദിച്ചു.

ആന്‍സി വീട്ടില്‍ ഒറ്റയ്ക്കാണ് താമസ്സം , മുപ്പത് വയസ്സ് പിന്നിട്ടെങ്കിലും കാഴ്ചയ്ക്ക് ഇരുപത്തിയാറ് വയസ്സേ തോന്നിക്കൂ. സുന്ദരിയായ ആന്‍സിയുടെ വടിവൊത്ത ശരീരം കണ്ടാല്‍ ഏതൊരു പുരുഷനും നോക്കി നിന്ന് വെള്ളമിറക്കി പോവും.

രമേശന്‍ ഉച്ചത്തില്‍ വിളിച്ച് ചോദിച്ചത് കേട്ട് കൂട്ടത്തിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു.

” ചേട്ടാ , ചേട്ടന്റെ ഭാര്യയിപ്പോള്‍ വീട്ടില്‍ ഫ്രീയല്ലേ ? ഞാനെന്റെ ഒന്ന് രണ്ട് പുരുഷ സുഹൃത്തുക്കളെ വിടാം, അവര്‍ ചേട്ടന് ആവശ്യത്തിനുള്ള കാശും തരും, എന്തേ വിളിക്കട്ടേ അവരെ “

രമേശന്റെ ചോദ്യം കേട്ട ആന്‍സി രമേശന്റെ മുന്നിലെത്തി കൂസലില്ലാതെ ചോദിച്ചു.

” എടീ നിന്നെ ഞാന്‍ “

മുഖമടച്ച് അടികിട്ടിയത് പോലെയായിപ്പോയ രമേശന്‍ തല്ലാനെന്ന ഭാവത്തില്‍ ആന്‍സിയുടെ നേരെ കൈപൊക്കി.

ആന്‍സി തിരിച്ച് പ്രതികരിക്കാതെ രമേശന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.
രമേശന്റെ കൈ അറിയാതെ തന്നെ താണു.

” എത്ര നാളിങ്ങനെ തനിച്ച് ? ആള്‍ക്കാരുടെ നോട്ടവും ചോദ്യവും പറച്ചിലുമൊക്കെ ശീലമായിരിക്കുന്നു , പക്ഷേ ഒറ്റക്കുള്ള ജീവിതം തീര്‍ത്തും ബോറല്ലേ “

വീട്ടിലേക്ക് നടക്കും വഴി ആന്‍സിയുടെ ഉള്ളില്‍ പലവിധത്തിലുള്ള ചിന്തകള്‍ കടന്ന് കൂടി .

ടൗണില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറാണ് ആന്‍സിയുടെ വരുമാന മാര്‍ഗ്ഗം, വരുമാനത്തിന്റെ നല്ലൊരു പങ്കും ചാരിറ്റിക്കായാണ് ആന്‍സിയെന്ന ആക്ടീവിസ്റ്റ് ചിലവിടുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്‍സി ഇപ്പോഴത്തെ സ്ഥലത്തേക്ക് താമസ്സം മാറിയെത്തുന്നത്, കാറിന് സ്റ്റാര്‍ട്ടിംഗ് പ്രശ്നമായതിനാല്‍ അന്നേ ദിവസം ബസില്‍ പോകേണ്ടി വന്നതിനാലാണ് അവള്‍ക്ക് രമേശന്റെ വക പരിഹാസം കേള്‍ക്കേണ്ടി വന്നതും.

വീട്ടിലെത്തി ഭക്ഷണവും ഉണ്ടാക്കി കഴിച്ചിട്ട് ആന്‍സി ടിവിയുടെ മുന്നിലിരുന്നു.

പ്രമുഖ വാര്‍ത്താ ചാനലില്‍ ഒരു യുവാവിന്റെ ഫോട്ടോയും വീഡിയോയു മടക്കമുള്ള വാര്‍ത്ത വളരെയധികം പ്രാധാന്യത്തോടെ കാണിക്കുന്നുണ്ടായിരുന്നു.

ആന്‍സിയുടെ കണ്ണുകള്‍ വാര്‍ത്തയില്‍ തന്നെ തറഞ്ഞു.

” പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് യുവതിയെ പരസ്യമായി കരണത്തടിക്കുകയും നിലത്തേക്ക് തള്ളിയിട്ട് തുപ്പുകയും ചെയ്ത വീഡിയോ പുറത്ത് വന്നതോടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനും പീ ഡന ശ്രമത്തിനും ഇടുക്കി ചെറുതോണി സ്വദേശിയായ രാഹുലിനെ ( 33 ) പോലീസ് അറസ്റ്റ് ചെയ്തു “

യുവതിയുടെ മുഖം മങ്ങിപ്പിച്ചുകൊണ്ടും , പേര് വ്യക്തമാക്കാതെയും യുവതിയെ രാഹുല്‍ ഉ പദ്രവിക്കുന്നതും രാഹുലിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് വിലങ്ങ് വെച്ച് കൊണ്ട് പോകുന്നതടക്കമുള്ള വാര്‍ത്ത ചാനലില്‍ കാണിച്ചുകൊണ്ടിരുന്നു.

ഒട്ടുമിക്ക ചാനലുകളിലും അത് തന്നെയായിരുന്നു വാര്‍ത്ത.

ചില ചാനലുകാര്‍ രാഹുല്‍ പെണ്‍കുട്ടിയെ ഉ പദ്രവിക്കുന്ന വീഡിയോ തങ്ങള്‍ക്ക് ലഭിച്ചതാണെന്ന് വരെ തട്ടി വിടുകയുമുണ്ടായി.

എന്തായാലും രാഹുലിനെ റിമാന്റ് ചെയ്തിരുന്നു.

ചാനലുകള്‍ ആ വാര്‍ത്തയെ ആഘോഷമാക്കുന്നത് കണ്ട് അരിശത്തോടെ ടിവിയും ഓഫ് ചെയ്ത് ആന്‍സി ഉറങ്ങാനായി ചെന്ന് കിടന്നു.

പിറ്റേ ദിവസത്തെ പത്രത്തില്‍ മുന്‍ പേജിലും രാഹുല്‍ യുവതിയെ തല്ലുന്നതിന്റെ ചിത്രമടക്കമുള്ള വാര്‍ത്തയായിരുന്നു.

ചായയുണ്ടാക്കി കുടിക്കുന്നതിനിടയില്‍ ആന്‍സി തന്റെ ഇടുക്കിയിലെ കൂട്ടുകാരിയായ രേഖയെ ഫോണില്‍ ബന്ധപ്പെട്ട് റിമാന്റിലായ രാഹുലിന്റെ വിവരങ്ങള്‍ തിരക്കാന്‍ ചുമതലപ്പെടുത്തി.

ആക്ടീവിസ്റ്റായാതിനാലും, വനിതാ സംഘടനയുടെ പ്രതിനിധിയായതിനാലും രാഹുലിന്റെ വിവരം കിട്ടാന്‍ ആന്‍സിക്ക് വലുതായി ബുദ്ധിമുട്ടേണ്ടി വന്നില്ല.

ആന്‍സി കുളിച്ച് റെഡിയായപ്പോഴേക്കും മുന്‍കൂട്ടി അറിയിച്ചതിനനുസരിച്ച് അവളുടെ സുഹൃത്തായ ജോണി ബുള്ളറ്റുമായി വീടിന് മുന്നിലെത്തിയിരുന്നു.

” ജോണീ , നിനക്കിന്ന് പ്രത്യേകിച്ച് യാത്ര വല്ലതുമുണ്ടോടാ “

വീടിന് മുന്നില്‍ ബുള്ളറ്റില്‍ ചാരിയിരുന്ന ജോണിയുടെ ചുമലില്‍ കൈവെച്ചു കൊണ്ട് ആന്‍സി ചോദിച്ചു.

” ഏയ് ഇല്ല ചേച്ചീ, എന്താ എങ്ങോട്ടേലും പോകണോ ? നിങ്ങളുടെ വല്ല സംഘടനാ പരിപാടിയെങ്ങാനുമാണേല്‍ ഞാനില്ലേയ്, വന്നിട്ട് കുറ്റിയും പറിച്ച് കട്ട പോസ്റ്റാകാനല്ലേ “

ജോണി ചിരിയോടെ ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു.

ജോണി ആന്‍സിയുടെ ബ്യൂട്ടിപാര്‍ലറില്‍ സ്ഥിരമായി പോകുന്ന ലില്ലിയുടെ മകനാണ്.

” ഏയ് അതല്ലെടാ , നമുക്ക് ഇടുക്കി ചെറുതോണിവരെയൊന്ന് പോകണം “

ബുള്ളറ്റിലേക്ക് കയറിക്കൊണ്ട് ആന്‍സി പറഞ്ഞു.

” ഏത് പാതാളത്തിലാണേലും വരാം, വണ്ടിയില്‍ എണ്ണയടിച്ച് തന്നാല്‍ മതി “

പറഞ്ഞുകൊണ്ട് ജോണി ബുള്ളറ്റ് മുന്നോട്ടെടുത്തു.

വണ്ടി കവലയിലെത്തിയപ്പോള്‍ ആന്‍സി ജോണിയുടെ അരയിലൂടെ കൈയ്യിട്ട് ചേര്‍ന്നിരുന്നു.

തലേ ദിവസം കവലയിലുണ്ടായിരുന്നവര്‍ അത് കണ്ട് മൂക്കത്ത് വിരല്‍ വെച്ചു.

” ഹോ ആ ചെക്കന്റെയൊക്കെ തലയില്‍ വരച്ചത് എന്റെ ……… “

അമ്പത്തഞ്ച് പിന്നിട്ട ആന്റണി നെടുവീര്‍പ്പിട്ടു.

കവല കഴിഞ്ഞതും ആന്‍സി ജോണിയുടെ അരക്കെട്ടിലെ പിടിത്തം വിട്ടു.

” ഇന്ന് ആരെ കുരുപൊട്ടിക്കാനാ ചേച്ചീ ഈ പ്രഹസനം കാണിച്ചത് “

ഡ്രൈവിംഗിനിടയില്‍ തല ചെറുതായി ചരിച്ച് ഊറിച്ചിരിച്ചുകൊണ്ട് ജോണി തിരക്കി.

” കുറച്ച് മധ്യവയ്സകരായ ഞരമ്പുകള്‍ ഈ നാട്ടില്‍ കൂടുതലാടാ, ഇന്നലെയതിലൊരുത്തന്‍ ചൊറിയാന്‍ വന്നു, കണക്കിന് കൊടുത്തു , ആ വക സാധനങ്ങളെയാ ഇപ്പോഴവിടെ കണ്ടത് “

ആന്‍സിയും ചിരിയോടെ ജോണിയുടെ തോളില്‍ തട്ടി മുന്നോട്ട് നോക്കി ഓടിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

ബ്യൂട്ടിപാര്‍ലര്‍ നോക്കാന്‍ സ്റ്റാഫിനെ ചുമതലപ്പെടുത്തിയിട്ട് ആന്‍സിയും ജോണിയും ചെറുതോണിക്ക് തിരിച്ചു.

പാലായില്‍ നിന്നും നാലുമണിക്കൂര്‍ കൊണ്ട് ചെറുതോണിയിലെത്തി. മൂന്ന് മണിയോളമായതിനാല്‍ ഹോട്ടലില്‍ നിന്നും ബിരിയാണിയും കഴിച്ച് രാഹുലിന്റെ വീട്ടിലേക്കവര്‍ തിരിച്ചു.

ചെറുതോണിയില്‍ നിന്നും വണ്ടിയില്‍ മൂന്ന് മിനിട്ട് സമയം പോലും വേണ്ടി വന്നില്ല രാഹുലിന്റെ വീട് കണ്ടെത്താന്‍.

ചെറിയൊരു ഓടിട്ട വീടായിരുന്നു രാഹുലിന്റേത് , കഷ്ടിച്ച് രണ്ടുസെന്റ് സ്ഥലം കാണും , ന്യൂനപക്ഷ ജാതിയിലെ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലവു മായിരുന്നു.

” ഇവിടാരുമില്ലേ “

വീടിന്റെ വാതില്‍ പുറമെ നിന്നും പൂട്ടിയിരുന്നതിനാല്‍ തട്ടി വിളിച്ചുകൊണ്ട് ആന്‍സി ചോദിച്ചു.

ഏതാനും സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. അന്‍പത് വയസ്സോളം പ്രായമുള്ള ഒരു സ്ത്രീയായിരുന്നു വാതില്‍ തുറന്നത്. മുഷിഞ്ഞ വസ്ത്രവും , ഉറങ്ങാതെ കരഞ്ഞ് തളര്‍ന്ന ദൈന്യതയാര്‍ന്ന മുഖവുമായിരുന്നു അവരുടേത് .

” ആരാ , രാഹുലിന്റെ കൂട്ടുകാരാ ?”

ആന്‍സിയെയും ജോണിയെയും കണ്ട് മനസ്സിലാകാതെ അവര്‍ ചോദിച്ചു.

” ഞങ്ങള്‍ കുറച്ച് ദൂരേന്നാ അമ്മേ, അകത്തേക്ക് വന്നോട്ടെ “

പരിചയമില്ലാത്ത ആള്‍ക്കാരെ കണ്ട് സമീപവാസികള്‍ എത്തി നോക്കുന്നത് ശ്രദ്ധിച്ച ആന്‍സി ആ സ്ത്രീയോട് തിരക്കി.

അപ്പോഴേക്കും ഇരുപത് വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും വാതില്ക്കലെത്തിയിരുന്നു.

” അമ്മ അകത്തേക്ക് പോയേ , ചേച്ചി വരൂ “

അമ്മയോട് അകത്തേക്ക് പോകാന്‍ പറഞ്ഞിട്ട് പെണ്‍കുട്ടി ആന്‍സിയെ അകത്തേക്ക് ക്ഷണിച്ചു. ആന്‍സിയും ജോണിയും വീടിനുള്ളില്‍ കയറിയതും പെണ്‍കുട്ടി വാതിലടച്ചിട്ട് അവര്‍ക്കിരിക്കാന്‍ കസേര നീക്കിയിട്ട് കൊടുത്തു.
ഇരുവരും കസേരയിലിരുന്നു.

” ചേച്ചിയെ ഞാനെവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നുന്നു “

പെണ്‍കുട്ടി പരിചിത ഭാവത്തില്‍ ആന്‍സിയെ നോക്കി.

” അതൊക്കെ വിശദമായി പറയാം, അതിന് മുമ്പ് രാഹുലിനെ കുറിച്ചാ ഞങ്ങള്‍ക്കറിയേണ്ടത് , മോള്‍ രാഹുലിന്റെ ? “

ആന്‍സി പെണ്‍കുട്ടി ആരാണെന്ന ഭാവത്തില്‍ നോക്കി.

” എന്റെ ഏട്ടനാ രാഹുല്‍, ഇത് ഞങ്ങളുടെ അമ്മ, അച്ഛന്‍ വയ്യാണ്ട് കിടപ്പിലാ “

പെണ്‍കുട്ടി പരിചയപ്പെടുത്തിക്കൊണ്ട് അകത്തെ മുറിയില്‍ അച്ഛന്‍ കിടക്കുന്നയിടത്തേക്ക് വിരല്‍ ചൂണ്ടി.

ആ മുറിയില്‍ നിന്നും കുഴമ്പിന്റെയും തൈലങ്ങളുടെയും ഗന്ധം വരുന്നുണ്ടായിരുന്നു.

” അച്ഛന് എന്ത് പറ്റിയതാണ് “

ഇരുന്നയിടത്ത് നിന്നും എഴുന്നേറ്റ് രാഹുലിന്റെ അച്ഛന്‍ കിടന്ന മുറിയുടെ മുന്നിലെത്തിയ ആന്‍സി പെണ്‍കുട്ടിയോട് തിരക്കി.

” അച്ഛന് തെങ്ങ് കയറ്റമായിരുന്നു ജോലി, ഒരു വര്‍ഷം മുമ്പ് തെങ്ങില്‍ നിന്നും താഴെ വീണു, അതുമുതല്‍ കിടപ്പിലായതാ “

പെണ്‍കുട്ടി നിര്‍വ്വികാരയായി പറഞ്ഞു. രാഹുലിന്റെ അമ്മ ഒന്നും സംസാരിക്കാതെ മൂക്കും ചീറ്റി ഭര്‍ത്താവിന്റെ അരികിലിരുന്നു.

” എല്ലാം ശരിയാകും മോളെ, എനിക്ക് അധികനേരം നില്കാന്‍ സമയമില്ല , ഞങ്ങള്‍ പാലായീന്നാ വന്നത്, മോള് രാഹുലിനെ കുറിച്ച് പറയാമോ, എന്താ ശരിക്കും സംഭവിച്ചത് “

വാച്ചിലേക്ക് നോക്കിയിട്ട് ആന്‍സി തിരികെ കസേരയില്‍ വന്നിരുന്നുകൊണ്ട് പെണ്‍കുട്ടിയോട് ചോദിച്ചു.

” ചേട്ടനും ആ ചേച്ചിയും മുടിഞ്ഞ പ്രേമത്തിലായിരുന്നു , ആ ചേച്ചിയുടെ വീട്ടുകാര്‍ ജാതിയില്‍ കൂടിയവരാണേലും തീരെ പാവപ്പെട്ടവരാണ് , ആ ചേച്ചിയെ പഠിപ്പിക്കാന്‍ വേണ്ടിയാ ചേട്ടന്‍ ഗള്‍ഫിലേക്ക് പോയത് , ആ പാവം അവിടെ കഷ്ടപ്പെട്ട് നേരെ ഉണ്ണാതെയും ഉറങ്ങാതെയും കാശുണ്ടാക്കിയാ ആ ചേച്ചിയെ നഴ്സിംഗ് പഠിപ്പിച്ചത്, അമ്മ ഒരുപാട് പറഞ്ഞതാ അതൊന്നും വേണ്ട ഈ വീട് നന്നാക്കാന്‍, പക്ഷേ ചേട്ടന്‍ കേട്ടില്ല , മാസം ഞങ്ങള്‍ക്ക് അയ്യായിരം രൂപ അയച്ച് തരും, ബാക്കി കാശ് മുഴുവന്‍ ആ ചേച്ചിക്കും അവരുടെ വീട്ടുകാര്‍ക്കുമാ കൊടുത്തോണ്ടിരുന്നത് , പഠിത്തമൊക്കെ കഴിഞ്ഞ് ഗവണ്‍മെന്റ് ജോലിയും കിട്ടിയതോടെ ആ ചേച്ചിക്ക് ചേട്ടനെ വേണ്ടാതായി, അതുവരെ ചേട്ടന്റെ കാശ് കൊണ്ട് തിന്നോണ്ടിരുന്ന ചേച്ചീടെ വീട്ടുകാര്‍ക്ക് ചേട്ടന്‍ ജാതിയില്‍ കുറഞ്ഞവനായി, ഈയടുത്ത് ആ ചേച്ചീടെ എന്‍ഗേജുമെന്റും കഴിഞ്ഞിരുന്നു, അതറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് ചെയ്ത് പോയതാ എന്റെ പാവം ചേട്ടന്‍ “

ചുവരില്‍ ചാരി നിന്ന് അത്രയും പറഞ്ഞപ്പോഴേക്കും പെണ്‍കുട്ടി പൊട്ടിക്കരഞ്ഞ് പോയി.

” ലോകം മുഴുവനും പാട്ടായി, ഇനി നാണംകെടാനൊന്നുമില്ല ഇവളുടെ കാര്യ മിനിയെന്ത് ചെയ്യും , കെട്ടുപ്രായമായ പെണ്ണാ “

മകള്‍ പറയുന്നതെല്ലാം കേട്ടുകൊണ്ട് അകത്തെ മുറിയിലിരുന്ന രാഹുലിന്റെ അമ്മ ഏങ്ങലടിച്ചു.

” ഏയ് , മോള് വിഷമിക്കാതെ എല്ലാത്തിനും വഴിയുണ്ട് . രാഹുലിനെ ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുന്നില്ലേ നിങ്ങള്‍ “

പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് തോളില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ആന്‍സി ചോദിച്ചു.

പെണ്‍കുട്ടി പറഞ്ഞത് കേട്ട് നിറഞ്ഞ് വന്ന കണ്ണുകള്‍ ആരും കാണാതെ തുടച്ചു കൊണ്ട് ജോണി മൗനം പാലിച്ച് ദൂരേക്ക് നോക്കിയിരുന്നു.

” എങ്ങനെ ഇറക്കാനാ ചേച്ചീ, ചേട്ടന്‍ നാട്ടില്‍ വന്നതിന് ശേഷം കൂലിപ്പണിക്ക് പോയാ കുടുംബം നോക്കിയിരുന്നത്, ഞങ്ങളെവിടുന്ന് കാശുണ്ടാക്കി ജാമ്യത്തിലിറക്കാനാ , ഇവിടുള്ള ആരും സഹായിക്കുകയുമില്ല, പെണ്ണ് കേ സായതുകൊണ്ട് ഒരൊറ്റ ആളുമിപ്പോള്‍ മുഖത്ത് പോലും നോക്കുന്നില്ല “

പെണ്‍കുട്ടി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

” മോള് വിഷമിക്കണ്ട , അതൊക്കെ ഞങ്ങള്‍ ശരിയാക്കാം , ഇതിലൊന്നും തളരരുത് മോള് എന്നെ കണ്ടയുടനെ ചോദിച്ചില്ലേ ചേച്ചിയെ എവിടെയോ കണ്ടിട്ടുണ്ടെന്ന് , എന്റെ പേര് ആന്‍സി , ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാനും ഇതുപോലെ ചാനലില്‍ നിറഞ്ഞ് നിന്ന വ്യക്തിയാണ് , പാലാ മുന്‍ ഭരണക്ഷി എംഎല്‍എ ആയിരുന്ന ജോര്‍ജ്ജ് തോമസ്സിന്റെ മകന്‍ ടോം ജോര്‍ജ്ജ് എന്റെ സഹപാഠിയായിരുന്നു , പാലാ ടൗണില്‍ തുടങ്ങാനിരുന്ന ബ്യൂട്ടിപാര്‍ലര്‍ ലൈസന്‍സിനെ സംബന്ധിച്ച് എംഎല്‍എയെ കാണാന്‍ അവസരമുണ്ടാക്കി തരാനായി ഞാന്‍ ടോമിനെ ബന്ധപ്പെട്ടിരുന്നു, അവന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാനവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല, അവന് ഞാന്‍ വഴങ്ങി കൊടുത്താല്‍ ലൈസന്‍സെടുക്കാന്‍ സഹായിക്കാമെന്നാണ് യാതൊരു കൂസലുമില്ലാതെ അവനെന്നോട് പറഞ്ഞത്, നല്ലൊരു സുഹൃത്തായി കണ്ടവന്റെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞ മനോവേദനയോടെ മറുപടി പറയാതെ അവിടെ നിന്നും ഇറങ്ങാന്‍ നിന്ന എന്നെയവന്‍ ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു , ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ട ഞാന്‍ പോലീസില്‍ പരാതി നല്കി.

ഭരണകക്ഷി എംഎല്‍എയുടെ മകന്റെ കാര്യമായതിനാല്‍ പ്രതിപക്ഷവും ചാനലുകളും എന്റെ പരാതിയെ വലിയ വാര്‍ത്തയാക്കി , എന്റെ വീട്ടില്‍ ചാനലുകാര്‍ കയറിയിറങ്ങി , പക്ഷേ അവസാനം ഭരണ സ്വാധീനമുപയോഗിച്ച് ടോമിന്റെ അപ്പന്‍ അവനെ നിസ്സാരമായി ഊരിയെടുത്തു, കോടതി മുമ്പാകെ കാര്യ സാധ്യത്തിന് എംഎല്‍എയുടെ മകനെ വശീകരിച്ച് മകനോടൊപ്പം കിടക്ക പങ്കിടാന്‍ വരെ പോയവളാണ് ഞാനെന്ന് വക്കീല്‍ വരുത്തി തീര്‍ത്തു, ടോം വിസമ്മതിച്ചതുകൊണ്ടുള്ള പ്രതികാരമായിരുന്നത്രേ എന്റെ പരാതി .

എന്റെ കൈയ്യില്‍ തെളിവുകളില്ലാതിരുന്നതിനാല്‍ തൊലിയുരിഞ്ഞ് ഞാനാ കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങി, അതുവരെ എന്റെ പക്ഷം നിന്ന ചാനലുകാരും മാധ്യമങ്ങളും പിന്നീടങ്ങോട്ട് എന്നെ എത്രത്തോളം കരിവാരി തേക്കാമോ അത്രത്തോളം കരിവാരി തേച്ചുകൊണ്ട് എംഎല്‍എ ജോര്‍ജ്ജിനും ടോമിനും സ്ഥുതി പാടി. അങ്ങനെ ഞാന്‍ സമൂഹത്തിന് മുന്നിലൊരു വേ ശ്യയുമായി , കൂടെ നില്കേണ്ട വീട്ടുകാര്‍ മാധ്യമ വാര്‍ത്തകളുടെ പേരില്‍ വീട് വിട്ടിറങ്ങിക്കോളാനും പറഞ്ഞു , ഇന്ന് ഞാന്‍ തനിച്ച് ജീവിക്കുന്ന ഒരു പെണ്ണാണ്.

എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആരാണെന്നറിയാമോ ? ചാനല്‍ റേറ്റിംഗ് കൂട്ടാനായി ആരുടെ നെഞ്ചിലും കത്തി വെക്കുന്ന മീഡിയക്കാരെന്ന നികൃഷ്ട ജീവികള്‍ , അതുപോലെ എന്ത് വൃ ത്തികേടും എഴുതി പിടിപ്പിക്കുന്ന പത്രക്കാര്‍.

ഇവരൊക്കെ സാധാരണക്കാരെ മാത്രമേ കുരിശില്‍ തറയ്ക്കുകയുള്ളൂ, കാശുള്ളവന്‍ കൊ ലപാതകം ചെയ്താലും അത് ചെറിയൊരു വാര്‍ത്ത മാത്രമാകും , സമൂഹത്തില്‍ അറിയപ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്ത യാണെങ്കില്‍ പ്രമുഖനെന്നും പ്രമുഖയുമെന്നും മാത്രമേ പറയുകയുമുള്ളൂ “

ദേഷ്യത്താല്‍ ചുവന്ന് തുടുത്ത മുഖത്തോടെ ആന്‍സി പറഞ്ഞ് നിറുത്തി .

” ഇത്രയൊക്കെ കഥയുണ്ടായിരുന്നല്ലേ ചേച്ചീ, ഞാന്‍ പത്തില്‍ പഠിക്കു മ്പോഴായിരുന്നു ചേച്ചീടെ വാര്‍ത്ത കാണുന്നത് , ഞാന്‍ പോലും തെറ്റിദ്ധരിച്ചു പോയി, സോറി ചേച്ചീ “

പെണ്‍കുട്ടി വല്ലായ്മയോടെ പറഞ്ഞുകൊണ്ട് ആന്‍സിയുടെ കൈത്തണ്ടയില്‍ പിടിച്ചു.

” ഏയ് അതൊന്നും സാരമില്ല മോളേ, ഇന്ന് വേ ശ്യയെന്ന വിളി എനിക്ക് പരിചിതമാണ്, മോശമായി പെരുമാറാന്‍ വരുന്നവരെ വരച്ച വരയില്‍ നിറുത്താനും ഞാന്‍ പ്രാപ്തി നേടി, എന്താണേലും മോളുടെ ഏട്ടനെ ഞാന്‍ പുറത്തിറക്കും, അതെന്റെ വാക്കാണ് “

ആന്‍സി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

തിരിച്ചവിടുന്ന് പോകാന്‍ നേരം രാഹുലിന്റെ അമ്മയുടെ കൈയ്യില്‍ പതിനായിരം രൂപ നിര്‍ബന്ധപൂര്‍വ്വം ആന്‍സി ഏല്‍പ്പിച്ചു.

****************

രാഹുല്‍ റിമാന്റിലായ എട്ടാം നാള്‍ അവന് ജാമ്യം ലഭിച്ചു. ജയിലില്‍ നിന്നും പുറത്ത് വന്ന അവനെയും കാത്ത് ആന്‍സിയും ആന്‍സിയുടെ ഏതാനും സുഹൃത്തുക്കളും രാഹുലിന്റെ സഹോദരിയുമുണ്ടായിരുന്നു.

സംഭവിച്ച കാര്യങ്ങളൊക്കെ രാഹുലിന്റെ സഹോദരി രാഹുലിനോട് പറഞ്ഞു.

” ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല , സഹിക്കാന്‍ കഴിയാത്ത ദേഷ്യവും സങ്കടവും കാരണം അങ്ങനെ സംഭവിച്ച് പോയതാണ് “

രാഹുല്‍ നിറകണ്ണുകളോടെ ആന്‍സിയുടെ മുന്നിലെത്തി.

” നന്ദിയൊക്കെ എന്തിനാണ് രാഹുല്‍ ? രാഹുലിന്റെ അതേ അവസ്ഥയില്‍ നിന്നും കരകയറി വന്നവളാണ് ഞാന്‍, ചാനലിലെ രാഹുലിന്റെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഞാനൂഹിച്ചതാണ് ഇതിന്റെയൊക്കെ പിന്നില്‍ ഇത്തരത്തിലൊരു കഥ കാണുമെന്ന്, കാരണം അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോഴുള്ള രാഹുലിന്റെ ആ ഭാവമുണ്ടല്ലോ, അതേ ഭാവത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി മുറി വിടേണ്ടി വന്നവളായിരുന്നു ഞാനും “

രാഹുലിന്റെ ചുമലില്‍ തട്ടിക്കൊണ്ട് ആന്‍സി പറഞ്ഞു.

ആന്‍സിയുടെ സുഹൃത്തുക്കള്‍ അവിടെ നിന്നും യാത്ര പറഞ്ഞ് തിരിച്ച് പോയി.

ആന്‍സിയുടെ കാറില്‍ തന്നെയായിരുന്നു രാഹുലിന്റെയും സഹോദരിയുടെയും വീട്ടിലേക്കുള്ള യാത്ര .

വീടിന് മുന്നിലെത്തിയപ്പോള്‍ രാഹുലും സഹോദരിയും കാറില്‍ നിന്നിറങ്ങി.

” ചേച്ചി വീട്ടില്‍ കയറുന്നില്ലേ “

ആന്‍സി കാറില്‍ നിന്നിറങ്ങാത്തത് കൊണ്ട് രാഹുലിന്റെ പെങ്ങള്‍ തിരക്കി .

” ഇല്ല മോളെ ചെറിയൊരു കടം കൂടി ബാക്കിയുണ്ട് , രാഹുല്‍ വണ്ടിയിലോട്ട് കയറിയേ “

ആന്‍സി പെണ്‍കുട്ടിയോട് പറഞ്ഞിട്ട് രാഹുലിനെ നോക്കി.

കാറിനുള്ളിലേക്ക് കയറിയിട്ട് രാഹുല്‍ സംശയത്തോടെ ആന്‍സിയെ നോക്കി.

” രാഹുലിനെ ചതിച്ച ആ പെണ്ണിന്റെ വീടറിയാമല്ലോ അല്ലേ ? എന്നെ ഈ അവസ്ഥയിലാക്കിയ എക്സ് എംഎല്‍എയുടെ മോന്‍ ടോമിന്റെ മറ്റൊരു വാര്‍ത്ത രാഹുല്‍ കണ്ടിട്ടുണ്ടോ “

ആന്‍സി വിവിധങ്ങളായ ഭാവത്തോടെ രാഹുലിനെ നോക്കി.

” അവളുടെ വീടൊക്കെ അറിയാം , പ്രതിപക്ഷ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ ടോമിന്റെ കാല് വെട്ടിയ ആ വാര്‍ത്തയാണോ ഉദ്ധേശിച്ചത് “

രാഹുലിന്റെ നെറ്റി ചുളിഞ്ഞു.

” അതെ ആ വാര്‍ത്ത തന്നെ , ചാനലുകള്‍ക്കും സമൂഹത്തിനും ടോമിന്റെ കാല് വെട്ടിയത് പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു, പക്ഷേ അവന്റെ കാര്യത്തില്‍ ശരിക്കുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഞാനാണെന്ന് ദാ ഇപ്പോള്‍ രാഹുലും കൂടി അറിയുന്നു “

പൊട്ടിച്ചിരിയോടെ ആന്‍സി പറഞ്ഞു.

ആന്‍സി പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായ രാഹുലിന്റെ കണ്ണുകള്‍ മിഴിഞ്ഞു.

രാഹുല്‍ പറഞ്ഞ വഴിയിലൂടെ ആന്‍സിയുടെ കാര്‍ പറന്നു.

രാഹുലിനെ ചതിച്ച യുവതിയുടെ വീട്ടുമുറ്റത്ത് തന്നെ ആന്‍സിയുടെ കാറെത്തി.

കാറിന്റെ ശബ്ദം കേട്ട് വീടിനുള്ളില്‍ നിന്നും യുവതിയുടെ പിതാവ് പുറത്തേക്ക് വന്നു.

” നീയെന്തിനാടാ ചെ റ്റേ ഇങ്ങോട്ട് വീണ്ടും വന്നത് , നിന്നെ ഞാന്‍ “

രാഹുലിനെ കണ്ട യുവതിയുടെ പിതാവ് വീടിന് മുന്നിലിരുന്ന തടിക്കഷണവു മെടുത്ത് ആക്രോശത്തോടെ രാഹുലിന് നേരെ പാഞ്ഞടുത്തു.

” ദേ വിളച്ചിലൊന്നും വേണ്ട , സ്വന്തം അച്ഛനെപ്പോലെയാ തന്നെ കണ്ടത് , അതു കൊണ്ട് തല്ലാനെനിക്ക് തോന്നുന്നില്ല “

തന്റെയരികിലെത്തിയ യുവതിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നും തടിക്കഷണം വാങ്ങി വലിച്ചെറിഞ്ഞ് അയാളുടെ കു ത്തില്‍ പിടിച്ച് തനിക്കരികില്‍ ചേര്‍ത്തുകൊണ്ട് രാഹുല്‍ പറഞ്ഞു.

” കൈയ്യങ്കളിയൊക്കെ മനസ്സില്‍ വെച്ചാല്‍ മതി , രാഹുലേ അയാളെ വിടൂ “

കാറില്‍ നിന്നും പുറത്തിറങ്ങിയ ആന്‍സി യുവതിയുടെ പിതാവിനോട് പറഞ്ഞിട്ട് രാഹുലിനെ നോക്കി.

പുറത്തെ ശബ്ദം കേട്ട് യുവതിയും അമ്മയും വീടിന് അങ്ങോട്ടെത്തി.

” നിങ്ങളാരാ “

രാഹുലിനെ കണ്ട് പകച്ച് പോയ യുവതി ആന്‍സിയെ നോക്കി സംശയത്തോടെ ചോദിച്ചു.

” ഞാനോ , എന്നെക്കുറിച്ച് വിശദമായി തിരക്കിയറിഞ്ഞാല്‍ മതി, നീയും നിന്റെയീ കുടുംബവുമില്ലേ , രാഹുല്‍ ചോര നീരാക്കിയ കാശുകൊണ്ട് മാത്രം പൊങ്ങി വന്ന നിന്റെയീ വൃ ത്തികെട്ട കുടുംബം , ഇങ്ങനെയുള്ള നന്ദികെട്ട ജന്തുക്കളും ഭൂമി യിലുണ്ടെന്ന് നേരിട്ട് കണ്ടറിയാന്‍ വന്നതാ , നിന്നെപ്പോലൊരുവള്‍ രാഹുലിന്റെ തലയില്‍ നിന്നും ഒഴിവായത് നന്നായി , അല്ലെങ്കില്‍ പിന്നീടൊരു കാലം രാഹുലിനെ ഉറക്കി കിടത്തി പിന്‍വാതിലിലൂടെ നീ മറ്റാരെയെങ്കിലും വിളിച്ച് കയറ്റിയേനെ , എന്തായാലും രാഹുല്‍ ആണ്‍കുട്ടിയാ പരസ്യമായിട്ടല്ലേ നിന്റെ കരണമടിച്ച് പൊളിച്ചത്, അതെനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു , അതുകൊണ്ട് രാഹുലിനെ ഇനി ഞാനങ്ങ് കൊണ്ട് പോവുകാ എന്റെ കൂടെ ജീവിക്കാന്‍ “

യുവതിയെ ശരിക്കും കുടയുന്ന മട്ടില്‍ മൂര്‍ച്ചയോടെ രാഹുലിനെ ചൂണ്ടിക്കൊണ്ട് ആന്‍സി പറഞ്ഞു.

” എന്ത് കാണാനാ ഇനിയിവിടെ നില്കുന്നത് ? വന്ന് വണ്ടിയില്‍ കയറ് “

രാഹുലിനോട് പറഞ്ഞിട്ട് ആന്‍സി കാറിലേക്ക് കയറി .

യുവതിയുടെ നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചുകൊണ്ട് രാഹുലും കാറില്‍ കയറി .

” ഇപ്പോഴാ മനസ്സൊന്ന് ശാന്തമായത് , ആന്‍സിയുടെ ധൈര്യം സമ്മതിച്ച് തന്നിരിക്കുന്നു “

തിരിച്ചുള്ള യാത്രക്കിടയില്‍ രാഹുല്‍ സംതൃപ്തിയോടെ പറഞ്ഞു.

” ഈ സമൂഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരു പെണ്ണിന് കുറച്ചെങ്കിലും ധൈര്യം വേണ്ടേ “

രാഹുലിനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ആന്‍സി ഡ്രൈവിംഗില്‍ ശ്രദ്ധിച്ചു.

” അല്ല എന്നാലും അവസാനം ആ നശിച്ചവളോട് അങ്ങനെ പറയാന്‍ പോയതെന്തിനാ “

രാഹുല്‍ ചെറിയൊരു ചമ്മലോടെ ചോദിച്ചു.

” എങ്ങനെയൊക്കെ “

ആന്‍സിചിരിയടക്കിക്കൊണ്ട് രാഹുലിനെ നോക്കി.

” അത് പിന്നെ “

രാഹുല്‍ വിക്കി.

” ഒരു പിന്നെയുമില്ല , ഇനി പ്രതികാരബുദ്ധിയോടെ അവളുടെ പുറകെയൊന്നും പോകാതെ മര്യാദയ്ക്ക് ജോലി ചെയ്ത് കുടുംബം നോക്ക് , നല്ലൊരു പെങ്ങളുണ്ട്, അവളെ നല്ലൊരാളുടെ കൈയ്യില്‍ പിടിച്ച് കൊടുക്കാനും നോക്കണം , രാഹുലിറങ്ങിക്കോ വീട്ടിലേക്ക് കയറാന്‍ നില്കുന്നില്ല “

ചെറുതോണി ബസ് സ്‌റ്റാന്‌റിനരികിലെത്തിയ കാറിനെ ഒതുക്കി നിറുത്തിയിട്ട് ആന്‍സി രാഹുലിനോട് പറഞ്ഞു.

” ആ അദ്ധ്യായം അവസാനിച്ചു , ഇനി ഈ വഴിയെങ്ങാനും വരുമോ , “

കാറില്‍ നിന്നുമിറങ്ങിയിട്ട് ആന്‍സിയിരുന്ന സൈഡിലെത്തിയ രാഹുല്‍ തിരക്കി.

” എന്താ ഈ വഴി എന്നെന്നേക്കുമായി അടയ്ക്കുവാണോ , ഞാന്‍ വരും എന്റെ തിരക്കുകളൊഴിയുന്ന സമയം.. , പിന്നെ ആ അവസാനം പറഞ്ഞ കാര്യമില്ലേ ? ഞാനും തനിച്ചാണ് , അതുകൊണ്ട് തന്നെ ആലോചിക്കാവുന്ന കാര്യവുമാണ് , അപ്പോള്‍ ശരി വീണ്ടും കാണും വരെ ലാല്‍സലാം “

രാഹുലിന്റെ മറുപടിക്ക് കാത്ത് നില്കാതെ ആന്‍സി കാര്‍ മുന്നോട്ടെടുത്തു.

ആന്‍സി ഉദ്ധേശിച്ചത് എന്താണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവളുടെ കാര്‍ ഒരു പൊട്ട് പോലെ രാഹുലിന്റെ കാഴ്ചയില്‍ നിന്നും മറഞ്ഞിരുന്നു.

പിറ്റേ ദിവസം വീണ്ടും പത്രത്തില്‍ ഒരു വാര്‍ത്ത പൊങ്ങി.

” എംഎല്‍എയുടെ മകനെ വശീകരിച്ച് ബ്യൂട്ടിപാര്‍ലറിന് ലൈസന്‍സ് നേടിയെടുക്കാന്‍ പോയി വിവാദത്തിലായ ആന്‍സിയെന്ന പാലാക്കാരി യുവതി പീ ഡന ശ്രമത്തില്‍ അറസ്റ്റിലായ ചെറുതോണി സ്വദേശി രാഹുലിന് വേണ്ടി ലക്ഷങ്ങള്‍ മുടങ്ങി ജാമ്യമെടുത്തിരിക്കുന്നു , ഇതില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സമീപവാസികള്‍ ആരോപിച്ചു “

എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം

Related Posts

Leave a Reply

Your email address will not be published. Required fields are marked *