പക്ഷേ, എനിക്കും തിരിച്ച് അങ്ങനെ ആയിരുന്നെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. നിന്റെ പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് പറയുന്ന….

Story written by Shaan Kabeer

അവളെ കബറടക്കുന്നത് ദൂരെനിന്ന് നോക്കി നിൽക്കാനേ എനിക്കായൊള്ളൂ. ഭർത്താവും കുട്ടികളും കുടുംബക്കാരും അവളുടെ കബറിന് ചുറ്റും കൂടിനിന്ന് പ്രാർത്ഥിക്കുന്നു. എനിക്കവിടെ പോയി ആ പ്രാർത്ഥനയിൽ പങ്കുചേരണം എന്നുണ്ട്. പക്ഷേ…? ഞാൻ ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ…? അതിനുള്ള ഉത്തരം എനിക്കില്ലായിരുന്നു. ഞാൻ ആ നാട്ടുകാരൻ പോലുമല്ല…

ഞാൻ അവളിൽ നിന്നും എല്ലാവരും പോവുന്നവരെ കാത്തിരുന്നു. ഇപ്പോൾ അവൾ ഒറ്റക്കാണ്. ഇനിയെനിക്ക് അവളോട് സംസാരിക്കണം, എന്റെ പ്രിയപ്പെട്ടവളോട്…

ടീ, ഒടുവിൽ വാർദ്ധക്യം നിന്നേയും കൊണ്ടുപോയി അല്ലേ…? ഈ വയസ്സനും ടിക്കറ്റ് എടുത്ത് കാത്തിരിപ്പാണ്. ആദ്യമൊക്കെ മരിക്കാൻ ഭയമായിരുന്നു. ഇപ്പോ സന്തോഷവും. കാരണം, ഇപ്പോ എനിക്ക് കൂട്ടിന് നീ ഉണ്ടല്ലോ അവിടെ… അവസാനമായി എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ല. വേണ്ടാ, കാണാഞ്ഞത് നന്നായി. എന്നോട് തല്ല് പിടിക്കുന്ന, വാശി കാണിക്കുന്ന, ഭ്രാന്തമായി സ്നേഹിക്കുന്ന, കൊഞ്ചുന്ന, ഞാൻ ദേഷ്യപ്പെട്ടാൽ ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്ന എന്റെ പ്രിയപ്പെട്ടവളേ… എനിക്ക് നിന്റെ വയ്യാതെ കിടക്കുമ്പോഴുള്ള മുഖം കാണേണ്ട, എന്നും എന്റെ മനസ്സിൽ ഒരു മുഖമുണ്ട്… അതുമതി…

എപ്പോഴും പറയാറില്ലേ ജീവിതത്തിൽ നീ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് എന്റെ കൂടെ സംസാരിക്കുമ്പോഴാണെന്ന്, അന്ന് ഞാൻ നിന്നെ കള്ള കാമുകീ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. പക്ഷേ, എനിക്കും തിരിച്ച് അങ്ങനെ ആയിരുന്നെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. നിന്റെ പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് പറയുന്ന പോലെ മറ്റാരോടും പറഞ്ഞിട്ടില്ല നീ… നീ ജീവിതത്തിൽ ഇത്രയും തുറന്ന് സംസാരിച്ചിട്ടുള്ളതും എന്നോടല്ലേ…?

ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും നമ്മൾ പരസ്പരം ജീവനുതുല്യം പ്രണയിച്ചത് എന്തിനാ…? എനിക്കിപ്പോഴും അതിനുള്ള ഉത്തരം അറിയില്ല. പക്ഷേ, നമ്മൾ രണ്ടു പേരും പ്രണയം കൊണ്ട് ഒരു മനോഹര പൂന്തോട്ടം ഉണ്ടാക്കിയിരുന്നു. ഈ ലോകത്ത് നിന്നോളം എന്നെ മനസിലാക്കിയ മറ്റൊരാളില്ല. എന്റെ വാശികൾ, കുറുമ്പ്, പ്രണയം, കാ മം, ഭ്രാന്ത്, വാത്സല്യം, സ്നേഹം എല്ലാം…

ഞാൻ നിന്നോട് സംസാരിച്ചിരുന്നത് എന്റെ മനസാക്ഷിയോടെന്നപ്പോൽ ആയിരുന്നു. നിന്നിൽ നിന്നും ഒന്നും മറച്ചു വെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് കൂടുതലൊന്നും പറയാനില്ല… എനിക്ക് ഓർക്കാൻ ഒരുപാട് മനോഹരമായ ഓർമകൾ സമ്മാനിച്ച എന്റെ പ്രിയപ്പെട്ടവളേ, നിന്റെ ഓർമകൾ ഇല്ലാതെ എന്റെ ജീവിതം പൂർണമാവുകയില്ല. എന്റെ കൗമാരവും യവ്വനവും വാർദ്ധക്യവും എല്ലാം നിന്നിലൂടെയാണ് കടന്നുപോയിട്ടുള്ളത്.

നാല്പത് വർഷത്തെ എന്റെ പ്രണയത്തിന് മുകളിൽ ഒരു പിടി മണ്ണുവാരിയിട്ട് ഞാൻ വീട്ടിലേക്ക് നടന്നു… അപ്പോഴാണ് കുറച്ച് പട്ടികൾ എന്നെനോക്കി കുരച്ചത്, എനിക്ക് അവരോട് ഒന്നേ പറയാനൊള്ളൂ

“നിങ്ങളിൽ പാപം ചെയ്യാത്ത പട്ടികൾ എന്നെ വന്ന് കടിച്ചോളൂ…”

Related Posts

Leave a Reply

Your email address will not be published. Required fields are marked *