ആ കുട്ടിയോട് തുറന്നു പറയണം ന്ന് തോന്നി… പിന്നീട് ഒരിക്കലും എന്നോട് ഒരു വിഷമം ആ നെഞ്ചിൽ ഉണ്ടാവരുത് ന്ന് എനിക്ക് ബോധ്യപ്പെടാൻ മാത്രം…….

സ്നേഹത്തോടെസ്വന്തം…

Story written by Unni K Parthan

“പെണ്ണ് പട്ടാളത്തിലാ മ്മക്ക് വേണ്ടാ മോനേ ഈ ആലോചന…”

ഹരിതയുടെ മറുപടി കേട്ട് ദേവന്റെ ഉള്ളൊന്നു പിടഞ്ഞു..

“ന്താ അമ്മേ ഇപ്പൊ ഇങ്ങനൊരു മാറ്റം…” നേർത്ത ശബ്ദത്തിൽ ദേവൻ ചോദിച്ചു…

“ഒന്നുല്ല മോനേ..”

“അപ്പൊ അമ്മ രേഷ്മയോട് ഇങ്ങോട്ട് വരാൻ പറഞ്ഞതെന്തിനാ…”

“ആ കുട്ടിയോട് തുറന്നു പറയണം ന്ന് തോന്നി… പിന്നീട് ഒരിക്കലും എന്നോട് ഒരു വിഷമം ആ നെഞ്ചിൽ ഉണ്ടാവരുത് ന്ന് എനിക്ക് ബോധ്യപ്പെടാൻ മാത്രം..”

“അപ്പൊ.. അമ്മ എന്റെ ഉള്ള് കാണുന്നില്ലേ..”

“നിന്റെ ഉള്ളമല്ല ലോ ഞാൻ കാണുന്നത്..നിന്റെ നല്ല നാളെകളേയല്ലേ…”

“ആഹാ… ഇവിടേ ഇരിക്കെണോ രണ്ടാളും… ഞാൻ കൊറേ നേരമായി ഇവിടെ വന്നിട്ട്..” കോഫീ ഷോപ്പിലേക്ക് കയറി വന്നു രേഷ്മ ചിരിച്ചു കൊണ്ട് ചോദിച്ചു..

“ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു തന്നേ…” മൊബൈൽ എടുത്തു ടേബിളിൽ വെച്ച് ദേവൻ രേഷ്മയേ നോക്കി പറഞ്ഞു..

“ന്താ കാണണം ന്ന് പറഞ്ഞത് അമ്മേ..” രേഷ്മ ഹരിതയേ നോക്കി ചോദിച്ചു..

ആ വിളി ഹരിതയുടെ ഉള്ളൊന്നു ഉലച്ചു…

“വാ.. മോള് ഇവിടേ ഇരുന്നേ….” മുന്നിലേ കസേര രേഷ്മയുടെ നേരെ നീക്കിയിട്ടു കൊണ്ട് ഹരിത വിളിച്ചു..

രേഷ്മ കസേരയിൽ ഇരുന്നു…. കുറച്ചു നേരത്തെ നിശബ്ദത.. മൗനം അതിന്റെ ഉയരത്തിൽ എത്തുന്ന നേരം..

“മോളേ…” ഹരിത പതിയെ വിളിച്ചു..

തല ചെരിച്ചു രേഷ്മ ഹരിതയേ നോക്കി..

“ഈ വിവാഹം നടക്കില്ല മോളേ…” എടുത്തടിച്ചുള്ള ഹരിതയുടെ വാക്കുകൾ കേട്ട് രേഷ്മ ഒന്ന് ഞെട്ടി…

പെട്ടന്ന് സമനില വീണ്ടെടുത്തു ഒന്നു ചിരിച്ചു രേഷ്മ ..

“ന്താ അമ്മേ ഇപ്പൊ ഇങ്ങനൊരു മാറ്റം.. എന്റെ ഭാഗത്ത്‌ നിന്നു ന്തേലും അരുതാത്തത് ണ്ടായോ..”

“ഹേയ് ഇല്ല മോളേ.. മോളോട് എനിക്കൊരു ദേഷ്യവുമില്ല….പക്ഷേ മോളുടെ പ്രൊഫഷൻ… അത് എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല…”

തല പതിയെ താഴേക്ക് താഴ്ത്തി.. ഇരു കയ്യും നെറ്റിയിൽ അമർത്തി.. കൈ മുട്ടുകൾ ടേബിളിൽ കുത്തി രേഷ്മയിരുന്നു… പിന്നെ പതിയെ തലയുയർത്തി ഹരിതയേ നോക്കി.. പിന്നെ ദേവനെയും.. വിഷാദം കലർന്ന ഒരു പുഞ്ചിരി രേഷ്മയുടെ ചുണ്ടിൽ തെളിഞ്ഞു…

“ഇത് പതിമൂന്നാമത്തെ ആലോചനയാണ് എനിക്ക് വന്നത്… ഇതെങ്കിലും നടക്കുമെന്നായിരുന്നു അച്ഛന്റെയും അമ്മയുടേയും.. പിന്നെ എന്റെയും പ്രതീക്ഷ… പക്ഷേ ഇതും…” വേദന നിറഞ്ഞ ആ വാക്കുകൾ ഹരിതയേയും ദേവനെയും പൊള്ളിച്ചു..

“പഠിക്കാൻ മിടുക്കിയായിരുന്നു ഞാൻ.. എല്ലാ ക്ലാസിലും ഒന്നാമത്.. ചെല്ലുന്നിടം എല്ലാം കീഴടക്കാൻ ഒരു വാശിയായിരുന്നു എനിക്ക്.. ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കേണ്ട ഓപ്ഷൻ വന്നപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. അങ്ങനെ ആണ് ആർമിയിൽ ചേരുന്നത്.. ആ യൂണിഫോം ദേഹത്ത് പതിഞ്ഞ ആ നിമിഷം.. ജീവിതത്തിൽ അനുഭവിച്ച ഒരു വികാരമുണ്ട്.. നമ്മുടെ രാജ്യത്തിന്റെ കാവൽ എന്റെ കൈകളിൽ കൂടി വരുന്നു എന്നറിഞ്ഞ നിമിഷം..

ആ ഒരു നിമിഷം അത് മറക്കാൻ കഴിയില്ലൊരിക്കലും.. ആദ്യത്തെ പോസ്റ്റിങ്ങ്‌ കശ്മീർ ആയിരുന്നു.. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകൾ മനുഷ്യന്റെ പച്ചയിറച്ചിയിൽ നിന്നും ര ക്തം ചീ ന്തുന്നതിന് സാക്ഷിയാവേണ്ടിവന്ന നിമിഷമുണ്ട്.. ആദ്യത്തെ അമ്പരപ്പ് മാറി.. തോക്കിന്റെ ട്രിഗറിൽ വിരലമർത്തുമ്പോൾ കൈ വിരലുകൾ വിറച്ചിട്ടില്ല…. കാരണമെന്താന്നോ.. തൊട്ട് പിറകിൽ ഞങ്ങളുടെ സംരക്ഷണയിൽ ഒരു കുടുംബമുണ്ട്… അവരേ രക്ഷിക്കണം എന്ന് മാത്രമായിരുന്നു ചിന്ത.. തോൽക്കാനുള്ള സമയമല്ലയെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ട് കുതിക്കുമ്പോ.. തളർച്ചയറിഞ്ഞിട്ടില്ല.. പക്ഷേ ഇപ്പൊ.. തളർന്നു പോകുന്നു…

നാടിന്റെ കാവലിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഞങ്ങൾക്ക് ഒരു ജീവിതം…അത് ഒരുപാട് അകലേയാണ്… വന്ന ആലോചനകളെല്ലാം മുടങ്ങിയതും പെണ്ണ് പട്ടാളത്തിലാണ് എന്നുള്ള ഒറ്റ കാരണം കൊണ്ടാണ്…

പക്ഷേ.. എനിക്കതിൽ വിഷമമില്ല.. ഞങ്ങൾ അവടെ ഉറങ്ങാതിരിക്കുമ്പോൾ നിങ്ങൾ സ്വസ്ഥമായി ഉറങ്ങുകയല്ലേ.. അതിനേക്കാൾ വലുതായി ഒന്നും വേണ്ടാ ഞങ്ങൾക്ക്…”

ഉറച്ചതായിരുന്നു രേഷ്മയുടെ വാക്കുകൾ…

“അടുത്ത ആഴ്ച ഒരു മുഹൂർത്തമുണ്ട്.. അച്ഛനോട് ഞാൻ വിളിച്ചു പറയാം ഇന്ന് തന്നേ.. കണ്ണ് തുറന്നിരുന്നാൽ പോരാ.. കാഴ്ചകൾ കാണുവാനും ഒരു ഭാഗ്യം വേണമെന്ന് ഇപ്പൊ അറിയുന്നു… മോള് ന്റെ കണ്ണ് തുറപ്പിച്ചു.. മോള് മതി എന്റെ ദേവന്റെ പാതിയായി..” രേഷ്മയേ ചേർത്ത് പിടിച്ചു പറയുമ്പോൾ ഹരിതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

തികട്ടി വന്ന സന്തോഷം ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് രേഷ്മ.. തല ചെരിച്ചു ദേവനെ നോക്കി കണ്ണിറുക്കി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *