ആ കൊടും ചൂടിൽ ഒരാൾ ഓരോ മാലിന്യ കവറുകളും തുറന്നു അതിലുള്ള പെപ്സി പോലുള്ള ചെറിയ ടിന്നുകളും പ്ലാസ്റ്റിക് സാധനങ്ങളും കടലാസുകളും ഒക്കെ അയാളുടെ……

പ്രവാസി.

എഴുതത്:- ഹക്കീം മൊറയൂർ.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യാത്ത ചില ആളുകളുടെ ഒക്കെ വിചാരം അവിടെ ജോലി ചെയ്യാൻ നല്ല സുഖമാണെന്നാണ്.

അവരുടെ കാഴ്ച്ചയിൽ ഗൾഫുകാർ കൊല്ലത്തിലൊ അല്ലെങ്കിൽ രണ്ടു കൊല്ലം കൂടുമ്പോഴോ ആഘോഷപൂർവം അത്തറ് മണക്കുന്ന പെട്ടിയും കൊണ്ട് നാട്ടിൽ വരുന്നു.

അഞ്ചാറ് മാസം കാറെടുത്തു അടിച്ചു പൊളിക്കുന്നു. ആട് കോഴി തുടങ്ങി കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൊണ്ട് പോവുന്നു. മീൻ വാങ്ങുമ്പോൾ ഏറ്റവും നല്ല മീൻ നോക്കി വാങ്ങുന്നു.

വെറുതെ പുറത്തിറങ്ങുമ്പോൾ പോലും അത്തറിന്റെ മണം പരക്കുന്നു.

രണ്ട് നില വീട് കെട്ടി മുറ്റത്ത് ഇന്റർലോക്ക് വിരിച്ചു മുകളിൽ ഷീറ്റിട്ടു മതിൽ കെട്ടി ആഘോഷപൂർവം വലിയ കല്യാണം പോലെ കുടിയിരിക്കൽ നടത്തി അടിച്ചു പൊളിക്കുന്നു.

ഇതൊക്കെ കാണുന്ന നാട്ടുകാർക്ക് എങ്ങനേലും അക്കരെ കടന്നാൽ മതി എന്ന ചിന്ത ഉദിക്കുന്നു. അവന്റെ കിനാവുകളിൽ മുഴുവനും രാത്രി ഉറങ്ങാത്ത നഗരങ്ങളും കൂട്ടുകാർ പറയുന്ന അൽ ബൈക്ക് ബ്രോസ്റ്റും ആട് മന്തിയും നിറയുന്നു.

ഇങ്ങനെ ഒക്കെ തന്നെയായിരുന്നു ഈയുള്ളവന്റെയും ധാരണ.

പിന്നെ സൗദിയിൽ ഒന്ന് കാല് കുത്തിയപ്പോഴാണ് ഗൾഫിന്റെ യഥാർത്ഥ മുഖം ഞാൻ കണ്ടത്.

അവിടെ വെച്ചാണ് ഞാൻ തൃശൂർ സ്വദേശിയായ ഒരു മനുഷ്യനെ കാണുന്നത്..

റൂമിലുള്ള വേസ്റ്റുകൾ ഒരു കറുത്ത കവറിൽ നിറച്ചു ബലദിയയുടെ പെട്ടിയിൽ ഇടാൻ പോവുമ്പോഴാണ് ഞാൻ അയാളെ കണ്ടത്.

കണ്ണഞ്ചിക്കുന്ന ചുട്ടു പഴുക്കുന്ന വെയിലാണ് ആ സമയത്ത്. ഈന്തപ്പഴങ്ങൾ പഴുത്തു പാകമാകാൻ പ്രകൃതി നിശ്ചയിച്ച വേവ് നിറഞ്ഞ കൊടും ചൂട്.

ഇടയ്ക്കിടെ ചീറിപ്പായുന്ന വാഹനങ്ങളല്ലാതെ റോഡിൽ ഒരു മനുഷ്യക്കുഞ്ഞു പോലും ഇല്ല. കനത്ത ചൂടിൽ ആരും അധികം പുറത്തു വരാത്ത നേരം.

ആ കൊടും ചൂടിൽ ഒരാൾ ഓരോ മാലിന്യ കവറുകളും തുറന്നു അതിലുള്ള പെപ്സി പോലുള്ള ചെറിയ ടിന്നുകളും പ്ലാസ്റ്റിക് സാധനങ്ങളും കടലാസുകളും ഒക്കെ അയാളുടെ കയ്യിലുള്ള കവറിലേക്ക് മാറ്റുകയാണ്.

ഞാൻ അടുത്ത് ചെന്നപ്പോൾ അയാൾ എന്റെ മുഖത്തേക്ക് നോക്കി.

മലയാളിയാണോ?..

അയാളുടെ മലയാളിത്തം നിറഞ്ഞ മുഖം കണ്ടു ഞാൻ ചോദിച്ചു..

ആണെന്നോ അല്ലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അയാൾ മെല്ലെ തലയാട്ടി.

പെട്ടെന്ന് ളുഹർ ബാങ്ക് മുഴങ്ങി.

സൗദിയിൽ ബാങ്ക് കേട്ടാൽ ഒന്നുകിൽ റൂമിലേക്ക് പോവണം. അല്ലെങ്കിൽ നിസ്കരിക്കാൻ പള്ളിയിലേക്ക് പോവണം. മുസ്ലിമായ ഒരാൾ നിസ്കാര സമയത്ത് കറങ്ങി നടക്കുന്നത് അവിടെ തെറ്റാണു. മുത്തവ്വ എന്ന ഒരു വിഭാഗം ഇത്തരക്കാരെ പിടി കൂടി ഫൈൻ അടിക്കും. ഞാൻ താമസിക്കുന്ന സ്ഥലത്തു ഈ പ്രശ്നം രൂക്ഷമാണ്.

ഇക്ക വാ. ബാങ്ക് വിളിച്ചു.. മുത്തവ ഇപ്പൊ വരും.

എന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ എന്റെ പിന്നാലെ റൂമിലേക്ക് വന്നു.

ഞാൻ അന്ന് റൂമിൽ ഒറ്റക്കാണ്.

തലേന്ന് രാത്രി ഉണ്ടാക്കിയ മീൻ കറി കൂട്ടി ഒരു പാക്കറ്റ് കുബൂസ് ഞങ്ങൾ പങ്കിട്ടു കഴിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.

അലക്ഷ്യമായി വളർന്ന നരച്ച മുടിയും കുറ്റിത്താടിയും അദ്ദേഹത്തെ ഒരു വൃദ്ധനാക്കിയിരിക്കുന്നു. കണ്ണുകളിൽ തെളിഞ്ഞു കണ്ട നിരാശാഭാവം മറക്കാൻ കഴിയാത്ത വിധം രൂക്ഷമാണ്. വലത്തേ കാല് നീര് വന്നു വീങ്ങിയിരിക്കുന്നു..

കാലിനെന്താണ്?.

യൂറിക് ആസിഡ്..

ദൈന്യത നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

അത് മാത്രമല്ല. ഒര് ഗള്ഫുകാരന് വേണ്ട എല്ലാ അസുഖങ്ങളുമുണ്ട്. പ്രെഷർ, ഷുഗര്, കൊളസ്‌ട്രോൾ…

എങ്കിൽ പിന്നെ നാട്ടിലേക്ക് പൊയ്ക്കൂടേ?..
അനുകമ്പയോടെ ഞാൻ പതിയെ ചോദിച്ചു.

അതിലും ഭേദം ഇവിടെ കിടന്നു മയ്യത്താവുന്നതാണ്…

ഞാൻ ഒന്നും മിണ്ടിയില്ല. കൊല്ലങ്ങളായി ഗൾഫിൽ ജോലി ചെയ്തിട്ടും ഒന്നും നേടാൻ കഴിയാതെ നരകിച്ചു നിരാശരായി ഇവിടെ ജീവിക്കുന്നവരെ ഒരു പാട് ഞാൻ തന്നെ കണ്ടിട്ടുണ്ട്.

ഭക്ഷണം കഴിച്ചു പോവുന്നതിനു മുൻപേ ഞാൻ ചോദിക്കാതെ തന്നെ അദ്ദേഹം തന്റെ കഥ പറഞ്ഞു.

തൃശൂർ സ്വദേശിയായ അദ്ദേഹം വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം കൊണ്ട് നാട്ടിൽ വലിയ വീട് വെച്ചു. കുറെ സ്ഥലങ്ങൾ വാങ്ങി കൂട്ടി.

മക്കളെ പഠിപ്പിച്ചു വലിയ ജോലിക്കാരാക്കി. ഒടുവിൽ തന്റെ അറുപതാമത്തെ വയസ്സിൽ ജോലി ചെയ്ത കമ്പനിയിൽ നിന്നും വിരമിച്ചു നാട്ടിലെത്തി.

നല്ലൊരു വിശ്രമ ജീവിതം കൊതിച്ചെത്തിയ അദ്ദേഹത്തെ പക്ഷെ മക്കളും ഭാര്യയും ഒന്നും വേണ്ട വിധം ഗൗനിച്ചില്ല. വരുമാനമില്ലാത്ത അയാളെ ശരിക്ക് പറഞ്ഞാൽ അവർക്ക് വേണ്ടായിരുന്നു.

ഒരു പട്ടിയെ പോലെ താൻ കെട്ടിയ വലിയ വീട്ടിൽ ഭാര്യയുടെയും മക്കളുടെയും കുത്തുവാക്കുകളും കേട്ട് കഴിയേണ്ടി വന്ന അദ്ദേഹം ഒടുവിൽ എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ചു ഗൾഫിലേക്ക് തിരിച്ചു വന്നു.

ഇവിടെ അപ്പോഴേക്കും സ്വദേശി വൽക്കരണം തുടങ്ങിയിരുന്നു. അദ്ദേഹം ജോലി ചെയ്ത കമ്പനിയിൽ ഒഴിവുണ്ടായിരുന്നില്ല. എവിടെയും അദ്ദേഹത്തിന് ജോലി ലഭിച്ചില്ല.

ഒടുക്കം അദ്ദേഹം കണ്ടു പിടിച്ചതാണ് ഈ ജോലി. ഇപ്പോൾ വന്നിട്ട് ഒരു വർഷം തികയുന്നു. ബംഗാളികളും പാക്കിസ്ഥാനികളും താമസിക്കുന്ന പഴയ ഒരു കെട്ടിടത്തിൽ അവരുടെ കൂടെ റൂം പങ്കിട്ട് കഴിയുന്നു.

റൂം വാടകക്കും ഭക്ഷണത്തിനും ഇഖാമക്കുമുള്ളത് കഷ്ടിച്ച് ആക്രി പെറുക്കി വിറ്റ് അദ്ദേഹം സമ്പാദിക്കുന്നു.

വല്ലപ്പോഴും നാട്ടിലേക്ക് വിളിക്കുന്നു.

പരിചയമുള്ള ആരും കാണാതിരിക്കാനാണ് മുൻപ് ജോലി ചെയ്തിരുന്ന ജിദ്ദ വിട്ട് മലയാളികൾ വളരെ കുറഞ്ഞ ഈ വിദൂര ദേശത്തേക്ക് വന്നത്.

കുറച്ചു പൈസ ആരും അറിയാതെ സ്വന്തം പേരിൽ ബാങ്കിലിടണം മോനേ. അല്ലെങ്കിൽ ചിലപ്പോൾ എന്റെ ഗതി…..

ഒന്ന് നിർത്തി നിറഞ്ഞ കണ്ണുകൾ തുടച്ചു അദ്ദേഹം യാത്ര പറഞ്ഞു പോയി..

പിന്നീട് ഒരിക്കലും അദ്ദേഹം ആ ഭാഗത്തേക്ക് വന്നില്ല. ഞാൻ അദ്ദേഹത്തെ തിരക്കി പോയതുമില്ല. സ്വയം ഉൾവലിഞ്ഞു ജീവിക്കുന്നവർ ഒരു പക്ഷെ അത് ഇഷ്ടപ്പെട്ടെന്നു വരില്ല…

ഒരു പാട് നാളുകൾക്ക് ശേഷം ഇന്നിപ്പോൾ അദ്ദേഹത്തെ ഓർക്കാൻ കാരണം ഇന്ന് കണ്ട ഒരു വാർത്തയാണ്.

ജോലിയും കൂലിയുമില്ലാതെ വീടിനെയും നാടിനെയും മക്കളെയും ഓർത്തു ഗൾഫിൽ റൂമിലിരിക്കുന്ന പ്രവാസികളെ കുറിച്ചുള്ള വാർത്ത.

എല്ലാ പ്രവാസികളും ഗൾഫിൽ സുഖലോലുപരായി ജീവിക്കുന്നവരല്ല.

ഒരു നല്ല ഭക്ഷണം കഴിക്കാതെ നമുക്കായി നല്ല ഭക്ഷണം വാങ്ങി നല്കുന്നവരാണവർ.

ഒരു നല്ല വസ്ത്രം ഉപയോഗിക്കാതെ നമുക്കായി വില കൂടിയ വസ്ത്രങ്ങൾ സമ്മാനിക്കുന്നവരാണവർ.

അവരുടെ സുഖവും സന്തോഷവും നമുക്കായി ത്യജിച്ചവരാണവർ.

ഇത്ര കാലം ഗൾഫിൽ ജോലി ചെയ്തിട്ട് എന്ത് നേടി എന്ന് ചോദിക്കുമ്പോൾ അവരുടെ നെഞ്ച് പൊടിഞ്ഞു പോവുന്നത് അത് കൊണ്ടാണ്.

നമ്മൾ ജീവിച്ച സുഖലോലുപതയായിരുന്നു അവരുടെ സമ്പാദ്യം. നമ്മളുടെ വിദ്യാഭ്യാസമായിരുന്നു അവർ നേടിയത്.

സ്നേഹിച്ചില്ലെങ്കിലും അവരെ വെറുക്കാതിരിക്കുക.
വീണ്ടും അവരെ പ്രവാസത്തിലേക്ക് തള്ളി വിടാതിരിക്കുക.

കാരണം നമ്മളുടെ സന്തോഷങ്ങൾക്ക് നിറം പകർന്നു ഉരുകി ഒലിച്ചു പോയ ഒരു മെഴുകുതിരി പോലെയായിരുന്നു അവരുടെ ജീവിതം….

കുത്തുവാക്കുകൾ കൊണ്ട് അവരെ നോവിക്കാതിരിക്കുക.

കാരണം ചിലർക്ക് പ്രവാസമെന്നാൽ മനസ്സ് തകർക്കുന്ന കടുത്ത ഏകാന്തതയാണ്.

(വായനക്ക് നന്ദി ).

പേരറിയാത്ത എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കുന്നു. കാരുണ്യവാനായ ദൈവം എല്ലാവര്ക്കും ക്ഷമയും സന്തോഷവും നൽകട്ടെ.

സ്നേഹപൂർവ്വം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *