ആ നിമിഷം മറ്റൊന്നും ആലോചിക്കാതെ ആ നെഞ്ചിൽ തല ചായ്ച്ചു എന്റെ സന്തോഷം…..

കിച്ചന്റെ സ്വന്തം

Story written by Vaiga Lekshmi

കാത്തിരിപ്പിനും ഒരു സുഖം ഉണ്ടെന്ന് ഞാൻ അറിഞ്ഞത് നീ എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ആണ്. കൂട്ടുകാരുടെ ഇടയിലും വീട്ടുകാരുടെ ഇടയിലും ‘single life thug life’എന്ന് പറഞ്ഞു നടന്ന ഞാൻ എത്ര പെട്ടെന്നാണ് നിന്നിലലിയാൻ കൊതിച്ചു തുടങ്ങിയത്.. വീട്ടിൽ കല്യാണാലോചന വരാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു നടന്നത് എന്തിനാണെന്ന് എന്റെ വീട്ടുകാർ മനസിലാക്കിയത് നീ എന്റെ വീട്ടിൽ വന്ന് ‘ഈ പട്ടാളക്കാരന്റ പെണ്ണ് ആയിട്ട് ഇവളെ തരുവോ’ എന്ന് ചോദിച്ചപ്പോൾ ആണ്. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾ… എന്റെ കിച്ചേട്ടൻ ..

പറയാൻ അങ്ങനെ ഒരുപാട് ഒന്നും ഇല്ല… പൈങ്കിളി മരം ചുറ്റി പ്രേമം സ്വപ്നം കണ്ടു നടന്ന ഞാൻ ഇപ്പോൾ നിന്റെ സ്വരം ഒന്ന് കേൾക്കാൻ വേണ്ടി രാത്രി 11 മണി വരെ കാത്തിരിക്കുന്നു.. എന്നും കൂടെ കാണണം, ഒരുമിച്ച് ജോലിക്ക് പോകണം അങ്ങനെ ഉള്ള ആളെ വിവാഹം കഴിക്കു എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ നീണ്ട കാത്തിരിപ്പ്…. പ്രണയം പലപ്പോഴും ഇങ്ങനെ ആണെന്നും പക്ഷേ അതിനെല്ലാം ഒരു സുഖം ഉണ്ടെന്നും എനിക്ക് കാണിച്ചു തന്നതും നീ ആണ്…. ഒട്ടും വിചാരിക്കാതെ എന്റെ ജീവിതത്തിൽ കടന്ന് വന്നു…

ഇഷ്ടം ആണെന്ന് തോന്നിയിട്ടും പറയാതെ 3 വർഷം കാത്തിരുന്നു എന്റെ degree പഠനം തീരുന്നതിന്റെ അവസാനം “എനിക്ക് നിന്നെ ഇഷ്ടം ആണ്, ഞാൻ ഒരു പട്ടാളക്കാരൻ ആണ്, അടുത്ത നിമിഷം എന്ത് വേണമെങ്കിലും സംഭവിക്കും, നിനക്ക് ഇഷ്ടം ആണെങ്കിൽ ഒരു 2 കൊല്ലം കൂടി കാത്തിരിക്കാം ഞാൻ… നിന്റെ പഠനം തീർന്നിട്ട് ഒരു ജീവിതം തുടങ്ങാം “എന്ന് നീ പറയുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് എനിക്ക് തോന്നി.. ആ നിമിഷം മറ്റൊന്നും ആലോചിക്കാതെ ആ നെഞ്ചിൽ തല ചായ്ച്ചു എന്റെ സന്തോഷം കണ്ണീരായി ഒഴുകിയപ്പോൾ ലോകത്ത് ഞാൻ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് ആ നെഞ്ചിലാണ് എന്ന ഉറപ്പ് ആയിരുന്നു എനിക്ക്…

രണ്ട് വർഷം pg ചെയ്ത് കഴിഞ്ഞപ്പോൾ, നീ എനിക്ക് വാക്ക് തന്നത് പോലെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു…ജാതകം പറഞ്ഞു വീട്ടുകാർ എതിർത്തപ്പോൾ.. “മര്യാദക്ക് കല്യാണം നടത്തി തന്നില്ലെങ്കിൽ വിളിച്ചു ഇറക്കി കൊണ്ട് പോകും ഞാൻ ഇവളെ…തടയാൻ വന്നാൽ ഒരു പട്ടാളക്കാരൻ എന്ത് ആണെന്ന് നിങ്ങൾ അറിയും…

പക്ഷേ അത് ഞാൻ ചെയ്യാത്തത് അച്ഛനും അമ്മയും കൈ പിടിച്ചു തരണം എന്ന ആഗ്രഹം കൊണ്ട് ആണ്” എന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുമ്പോൾ ഇതിലും നല്ലൊരു ചെക്കനെ എനിക്ക് കിട്ടില്ലെന്ന്‌ അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷം വിളിച്ചു പറയുന്നുണ്ടായിരുന്നു. അഭിമാനം ആയിരുന്നു എനിക്ക് ആ നിമിഷം നിന്നെ ഓർത്തു..

5 കൊല്ലത്തെ പ്രണയവും വഴക്കും എല്ലാം കഴിഞ്ഞ് കിച്ചേട്ടന്റെ ഭാര്യ ആയി, ആ വീട്ടിലെ മരുമകൾ ആയി കാലെടുത്തു വെക്കുമ്പോൾ സന്തോഷം ആയാലും സങ്കടം ആയാലും എന്റെ പട്ടാളം എന്നും കൂടെ കാണണേ എന്ന് മാത്രം ആയിരുന്നു മനസ്സുരുകി പ്രാർഥിച്ചത്. ആ രാത്രി കിച്ചേട്ടന്റെ ലെച്ചുട്ടി ആയി കിച്ചേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ എന്റെ മരണം വരെയും ഈ നെഞ്ചിൽ ഉറങ്ങാൻ കഴിയണേ എന്നുള്ള പ്രാർത്ഥന മാത്രമേ മനസ്സിൽ ഉണ്ടാരുന്നുള്ളു

പിന്നീട് എന്റെ സ്വപ്നങ്ങൾക്ക് കൂട്ടു നിന്ന് ഒരു കോളേജ് പ്രൊഫസർ ആക്കി, മക്കൾക്ക് നല്ല ഒരു അച്ഛൻ ആയി എല്ലാം ആ മനുഷ്യൻ എന്നെ അത്ഭുത പെടുത്തുക ആയിരുന്നു. അങ്ങനെ ഒരുപാട് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും ആയി ഞങ്ങൾടെ കൊച്ചു സ്വർഗത്തിൽ ഞങ്ങൾ happy

Related Posts

Leave a Reply

Your email address will not be published. Required fields are marked *