സ്വന്തം ഭർത്താവിനെ നീ കൊണ്ടു പോയപ്പോൾ, കിലുക്കാംപെട്ടിയായിരുന്ന ജയയിപ്പോൾ…..

വേലക്കാരി

Story written by Santhosh Appukuttan

“അജയേട്ടാ “

ചെറിയ കട്ട്പീസ് സെൻ്ററിനുള്ളിൽ നിന്നു പരിചിതമായ ശബ്ദത്തിൽ ഒരു വിളിയുയർന്നപ്പോൾ അജയൻ സംശയത്തോടെ ഒന്നു തിരിഞ്ഞു നിന്നു.

രണ്ട് നിമിഷം നിന്നിട്ടും ആളെ കാണാതായപ്പോൾ തനിക്കു തോന്നിയതാകുമെന്ന ചിന്തയിൽ, അവൻ പതിയെ നടന്നു.

കൈയ്യിലുള്ള ദിർഹം മാറ്റാൻ വേണ്ടി മണി എക്സ്ചേഞ്ചിൻ്റെ ബിൽഡിങ്ങിലേക്ക് തിരിയും മുൻപെ വീണ്ടും അതേ വിളി.

അകലെ നിന്ന് ഓടി വരുന്ന ഒരു പേക്കോലത്തിനെ അടുത്ത് എത്തിയപ്പോഴാണ് അവനു മനസ്സിലായത്.

ചാരുലത

കിതച്ചു കൊണ്ട് അവനു മുന്നിലെത്തിയ അവൾ, ഒരു നിമിഷം അജയനെ തന്നെ നോക്കി നിന്നു.

” അജയേട്ടനെ കണ്ടതും ഞാൻ ഓടിയിറങ്ങിയതാ തുണിക്കടയിൽ നിന്നും. അപ്പോഴാ മുതലാളിയുടെ അജയേട്ടൻ ആരാണെന്ന ചോദ്യവും”

“ആരാണെന്ന് പറഞ്ഞു നീ ” അജയൻ്റെ ചോദ്യത്തിന്, ഉത്തരത്തിനു പകരം ഒരു വിതുമ്പൽ ആയിരുന്നു അവളിൽ നിന്നുതിർന്നത്.

” വർഷം അഞ്ചായിട്ടും പേരു മറന്നിട്ടില്ല അല്ലേ?”

ഒരു നനുത്ത പുഞ്ചിരിയോടെ അവനത് ചോദിക്കുമ്പോൾ, അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു.

” ഞാൻ വിചാരിച്ചു എന്നോട് സംസാരിക്കില്ലെന്ന്

“പരിചയക്കാരോട് സംസാരിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല”

അവൻ്റെ കണ്ണുകൾ ഒരു നിമിഷം അവളുടെ ഒഴിഞ്ഞ കഴുത്തിലേക്ക് നീണ്ടു.

“ഭർത്താവിനു സുഖമല്ലേ?”

വിഷമഭാവത്തോടെ അജയൻ അവളെ നോക്കിയപ്പോൾ, കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരാണ് കണ്ടത്.

” അജയേട്ടൻ കുടിച്ചിട്ടുണ്ടല്ലേ?”

കണ്ണീര് തുടച്ചു കൊണ്ട് അവളത് ചോദിച്ചപ്പോൾ അവൻ വെറുതെ ഒന്നു പുഞ്ചിരിച്ചു

” ങ്ഹും -ഇത്തിരി “

അവൾ നിർവികാരതയോടെ അജയനെ നോക്കിയപ്പോൾ അവൻ നോട്ടം മാറ്റി.

“ഗൾഫിനു പോകുന്നതിൻ്റെ തലേ ദിവസവും, ഗൾഫിൽ നിന്നു വന്നതിൻ്റെ പിറ്റേ ദിവസവും കൂട്ടുകാരുമായി ഈ ബാറിൽ കുടുമെന്ന് നിനക്കറിയുന്നതല്ലേ?”

തൊട്ടടുത്ത ബാറിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് അവൻ തുടർന്നു;

” അങ്ങിനെ ഇവിടെ വന്ന ഒരു ദിവസമല്ലേ നമ്മൾ ആദ്യമായി കണ്ടതും, പരിചയപ്പെട്ടതും, പിന്നെ നമ്മളുടെ വിവാഹത്തിലേക്കെത്തിയതും “

പതിയെ പറയുന്ന അജയനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

കഴിഞ്ഞു പോയ നല്ല നാളുകൾ അവളുടെ കണ്ണുകളിൽ നിറം പടർത്തി തുടങ്ങിയിരുന്നപ്പോൾ.

“നിൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ പറ്റി ഒന്നും പറഞ്ഞില്ല?”

അജയൻ്റെ ചോദ്യം കേട്ടതും അവൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.

“ഏയ് ചാരൂ ആൾക്കാർ ശ്രദ്ധിക്കുന്നു. കണ്ണു തുടക്ക് “

അജയനത് പറഞ്ഞപ്പോൾ കുലംകുത്തിയൊഴുകുന്ന കണ്ണീരിന്, കൈ കൊണ്ട് ചിറകെട്ടിയ അവൾ, നക്ഷത്രശോഭ മാഞ്ഞു പോയ ആ മിഴികൾ പതിയെയുർത്തി.

“എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അയാൾ “

വീണ്ടും കരയാനൊരുങ്ങുമ്പോളാണ് അവൾ ആ വിളി കേട്ടതും, തിരിഞ്ഞു നോക്കിയതും.

ഒപ്പം ജോലി ചെയ്യുന്ന ദേവി.

“ഞാനിപ്പം വരാട്ടാ അജയേട്ടാ – പോകരുത് “

അവനെ ഒന്നു നോക്കി കണ്ണു തുടച്ച ശേഷം അവൾ കടയിലേക്ക് ഓടി.

കടയിലേക്ക് കയറും മുൻപെ അവൾ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കിയിരുന്നു അജയനെ!

കുടിച്ചതെല്ലാം ആവിയാക്കി കൊണ്ട് ഓർമ്മകൾ അവനിലേക്ക് ഓടിക്കയറി.

കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടിയുടെ ശബ്ദം കാതിൽ വന്നണഞ്ഞു.

“ഈ ചുരിദാർ നല്ലതാണ് ചേട്ടാ “

നീലയിൽ വെള്ള പൂക്കൾ ഉള്ള ഒരു ചുരിദാർ നീട്ടി അവളത് പറയുമ്പോൾ, അവൻ നോക്കിയത് അവളുടെ കണ്ണുകളിലേക്കായിരുന്നു.

നക്ഷത്രങ്ങൾ പൂക്കുന്ന ആകാശം പോലെയുള്ള മിഴികൾ.

” ഇത് എൻ്റെ അനിയത്തിക്ക് നന്നായി ചേരും.”

അജയൻ ചുരിദാറിലൂടെ കയ്യോടിച്ചു കൊണ്ട് പുഞ്ചിരിയോടെ ചാരുവിനെ നോക്കി.

“തനിക്കും നന്നായി ചേരും ട്ടോ “

അജയൻ അത് പറയുമ്പോൾ, അവളുടെ കവിളത്തേക്ക് രക്തമിരച്ചു കയറി.

” അടുത്ത ഓണത്തിന് അപ്പോൾ രണ്ട് സെറ്റ് ചുരിദാർ എടുക്കാം അല്ലേ?”

അവളുടെ നാണം പൊതിഞ്ഞ മിഴികളിൽ അപ്പോൾ കൃത്രിമദേഷ്യം പടർന്നത് അജയൻ കണ്ടു.

” കുടിച്ചിട്ടുണ്ട് ലേ ? “

“ഗൾഫിലേക്ക് പോകുന്നതിൻ്റെ തലേദിവസം കൂട്ടുക്കാരുമായി ഒരു കമ്പനി എപ്പാഴും ഉള്ളതാ”

അവൾ ഒന്നും സംസാരിക്കാതെ അവനെ തന്നെ നോക്കി നിന്നു.

“കള്ളുകുടിച്ചതുകൊണ്ടാണ് ഞാൻ വലിയ തുണിക്കടയിൽ കയറാതെ ഇങ്ങോട്ടേയ്ക്ക് വന്നത്. അതു കൊണ്ടാണല്ലോ നമ്മൾ കണ്ടുമുട്ടിയതും “

പരസ്പരം അവർ നോക്കി നിൽക്കെ, അപ്രതീക്ഷിതമായി, ആകാശത്ത് ഒരു ഇടികുടുങ്ങി.

തുടർന്ന് കോരിച്ചൊരിയുന്ന മഴയും!

” നല്ല സൂചന “

അജയൻ ഒരു മന്ത്രണത്തോടെ ചാരുവിനെ നോക്കി.

അവൾ എന്തോ പറയുമ്പോഴെക്കും മുതലാളിയുടെ വിളി വന്നു.

അവൾ മറ്റൊരു വശത്തേക്ക് പോയതും, അജയൻ കടയുടെ വരാന്തയിൽ വന്നു നിന്നു.

പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിൽക്കുന്ന അജയൻ്റെ കൺമുന്നിലേക്ക് ഒരു കുട നീണ്ടു വന്നു.

തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിയോടെ ചാരു.

“നാളെ ഗൾഫിലേക്ക് പോകണ്ടതല്ലേ? ഇവിടെ കിടന്നു ഇനി ചുറ്റികറങ്ങണ്ട.”

ചാരുവിനൊരു, പുഞ്ചിരിയും കൊടുത്തു, കുട നിവർത്താൻ തുടങ്ങിയ അജയനെ അവൾ തടഞ്ഞു.

“കുറച്ചപ്പുറത്ത് പോയി കുട നിവർത്തിയാൽ മതി – അതിനുള്ളിൽ എൻ്റെ മൊബൈൽ നമ്പർ എഴുതിയ കടലാസ്സും, ഭാവി നാത്തൂന് ഒരു ചുരിദാറും ഉണ്ട്”

ചാരുലതക്ക് ഒരു പുഞ്ചിരിയും നൽകി നടന്നകന്ന അജയൻ ഒരു നിമിഷം തിരിഞ്ഞു നോക്കി.

മഴനൂലുകൾക്കപ്പുറം, വർണ്ണത്തുമ്പികൾ പറക്കുന്ന മിഴികളുമായി അവൾ നോക്കി നിൽക്കുന്നത് അവൻ കണ്ടു.

അവിടം തുടങ്ങിയ പ്രണയമായിരുന്നു ചാരുവിനോട്!

പിന്നെയെല്ലാം പെട്ടന്നായിരുന്നു.

ഗൾഫിൽ നിന്ന് നിർത്താതെയുള്ള ഫോൺ വിളി .

അവളെ കല്യാണം കഴിക്കുന്നതിൽ വീട്ടിൽ ആർക്കും എതിർപ്പില്ലായിരുന്നു.

അല്ലെങ്കിൽ തന്നെ ആര് എതിർക്കാൻ?

ചേട്ടൻ്റെ എന്ത് ഇഷ്ടവും തൻ്റെതും കൂടിയാണെന്ന് പറയുന്ന അനിയത്തി .

എവിടെ നിന്നെങ്കിലും ഒരു പെണ്ണിനെ കെട്ടികൊണ്ടു വാ മോനെയെന്നു എപ്പോഴും പറയുന്ന അമ്മ.

അവർക്ക് ഇത് കേൾക്കുമ്പോൾ സന്തോഷം മാത്രമേ ഉണ്ടാകൂ.

അതു കൊണ്ടു തന്നെയാണ് മദ്യപാനിയായ അച്ഛനും, അസുഖബാധിതയായ അമ്മയും ഉള്ള ആ ചെറിയ വീട്ടിൽ നിന്ന് ചാരുവിനെ കല്യാണം കഴിക്കുമ്പോൾ അവർ എതിർക്കാതിരുന്നതും “

അങ്ങിനെഒരുപന്തലിൽ വെച്ച് മകൻ്റെയും, മകളുടെയും വിവാഹം ഒരുമിച്ച്നടന്നു കണ്ടപ്പോൾ എത്ര സന്തോഷിച്ചതാണ് അമ്മ

” അവൾക്ക് താഴെയുള്ള രണ്ട് അനിയത്തിമാരുടെയും കാര്യം മോൻ തന്നെ നോക്കണം ട്ടാ ”

കല്ലാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ ആദ്യം പറഞ്ഞത് അതാണ്!

അമ്മയ്ക്ക് അവൾ മരുമകളല്ലായിരുന്നു. സ്വന്തം മകൾ തന്നെയായിരുന്നു – എന്നിട്ടും അവൾ?’

ചാരുവുമായുള്ള ബന്ധം പിരിഞ്ഞ്, ഒരാഴ്ചക്കുള്ളിൽ തന്നെ അമ്മ മരണത്തിലേക്ക് നടന്നകന്നപ്പോൾ, തീർത്തും ഒറ്റപ്പെടുകയായിരുന്നു.

” അജയേട്ടാ “

ചാരുവിൻ്റെ വിളി കേട്ട് ഓർമ്മകളിൽ നിന്നുണർന്ന അജയൻ കണ്ണുകൾ തുടച്ചു അവളെ നോക്കി.

” ഡ്യൂട്ടി കഴിഞ്ഞോ?”

തോളിൽ ബാഗുമായി നിൽക്കുന്ന ചാരുവിനെ കണ്ടതും അവൻ ചോദിച്ചു.

ഒരു വരണ്ട ചിരി അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

” ഇനി ജോലിക്ക് വരണ്ടായെന്നാണ് പറഞ്ഞത് – മുതലാളിടെ പെരുമാറ്റം അത്ര നല്ലതല്ല. എന്നെ പലപ്പോഴും വീട്ടിലേക്ക് ക്ഷണിക്കും – ഞാൻ പോകില്ല. അതിൻ്റെ ദേഷ്യമുണ്ട് അയാൾക്ക്. ഇeപ്പാൾ അജയേട്ടനുമായി ഞാൻ സംസാരിക്കുന്നത് കൂടി കണ്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു “

“ഇനി ?”

അജയൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

” അറിയില്ല “

അവൾ ബാഗ് മാറോടടുക്കി, നിറഞ്ഞു തുടങ്ങിയ കണ്ണുമായി താഴോട്ട് നോക്കി നിന്നു.

” പ്രസാദ് കൂടി എന്നെ ഉപേക്ഷിച്ചു പോയപ്പോൾ, വീട്ടിൽ എല്ലാവർക്കും ഞാൻ ഒരധികപറ്റായി. ഇപ്പോൾ ഞാൻ തനിച്ചാണ് താമസിക്കുന്നത്?”

തേങ്ങിക്കൊണ്ട് അവളത് പറഞ്ഞപ്പോൾ, അവൻ്റെ മനസ്സ് ഒരു നിമിഷം വേദനിച്ചു.

ഒരു രാജകുമാരിയെ പോലെ തൻ്റെ ഭാര്യയായി കഴിഞ്ഞിരുന്നവൾ, ഇന്ന് ഒരു പിച്ചക്കാരിയെ പോലെ?

ഒരു നിമിഷം മനസ്സിനെ പിടിച്ചു നിർത്തിയില്ലെങ്കിൽ, ഒരു ജന്മം മുഴുവൻ ആ തെറ്റിൻ്റെ വേദന അനുഭവിക്കണമെന്ന് പറയാതെ പറയുന്നുണ്ട് ഇവൾ

” ഇനി മരിക്കുന്നതിനു പോലും എനിക്ക് പേടിയില്ല അജയേട്ടാ അത്രയ്ക്ക് വലിയ തെറ്റാണ് ഞാൻ അജയേട്ടനോടു ചെയ്തത് .പ്രസാദ് തന്ന വാഗ്ദാനത്തിൽ ഞാൻ വിശ്വസിച്ചു പോയി “

കുനിഞ്ഞു നിന്നു കരയുന്ന ചാരുവിൻ്റെ തോളിൽ പതിയെ തൊട്ടു അജയൻ.

” കഴിഞ്ഞതൊക്കെ ഞാൻ മറന്നു ചാരൂ. നീയും മറക്കൂ “

ചാരുലത അവിശ്വസനീയതയോടെ അവനെ നോക്കി.

“നീ എൻ്റൊപ്പം വരണുണ്ടോ ൻ്റെ വീട്ടിലേക്ക്?”

ചോദ്യം കേട്ടതും അവൾ സന്തോഷത്തോടെ അവനെ നോക്കി.

അവളുടെ മിഴികളിൽ വർഷങ്ങൾക്കു ശേഷം നക്ഷത്രം മിന്നിയ നിമിഷം

ആ നിമിഷം ആകാശത്ത് അപ്രതീക്ഷിതമായ ഇടി കുടുങ്ങി.

ആർത്തലച്ചു വന്ന മഴയ്ക്കു നേരെ കുട നിവർത്തി ചാരുലത

അജയൻ പതിയെ ആ കുടയിലേക്ക് കയറി നിന്നു.

“ശുഭസൂചന അല്ലേ അജയേട്ടാ “

അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി.

ആർത്തലക്കുന്ന മഴയിലൂടെ, ഓട്ടോയിൽ ചേർന്നിരുന്നു,അവർ വീടെത്തുമ്പോൾ, നേരം ഇരുട്ടിയിരുന്നു.

വീട്ടിലെത്തി കോളിങ് ബെല്ലിൽ വിരലമർത്തിയപ്പോൾ, അകത്ത് നിന്ന് ശബ്ദം വന്നു.

” ഒരു മിനിറ്റ് ഇപ്പം വരാം.ഞാൻ ജയയ്ക്കു ചായകൊടുക്കാണ് “

ചാരു, അമ്പരപ്പോടെ അജയനെ നോക്കി.

” സ്വന്തം ഭർത്താവിനെ നീ കൊണ്ടു പോയപ്പോൾ, കിലുക്കാം പെട്ടിയായിരുന്ന ജയയിപ്പോൾ ആരോടും ഒരു മിണ്ടാട്ടമില്ല -അവളുടെ കാര്യങ്ങൾ എല്ലാം മറ്റൊരാൾ ചെയ്തു കൊടുക്കണം”

” അജയേട്ടാ “

ചാരു സങ്കടത്തോടെ അജയനെ നോക്കി.

“സാരമില്ല ചാരൂ – എല്ലാം വിധിയാണെന്ന് സമാധാനിക്കാം”

ചാരുലത പ്രണയത്തോടെ അജയനരികിലേക്ക് ചേർന്നു നിന്നു.

ഇറയത്ത് മഴ ചാറ്റൽ കൊണ്ടു അവർ നിൽക്കുമ്പോൾ, വീടിൻ്റെ വാതിൽ പതിയെ തുറന്നു.

വേലക്കാരി വസന്ത!

ചാരുലത മനസ്സിൻ മന്ത്രിച്ചു കൊണ്ട് വസന്തയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.

അജയൻ അകത്തേക്ക് ചെന്ന് വസന്തയുടെ തോളിൽ കൈവെച്ചു..

“നീ പറഞ്ഞതുപോലെ നല്ലൊരു വേലക്കാരിയെ കൊണ്ടുവന്നിട്ടുണ്ട്. ഈ വീടിൻ്റെ മുക്കും മൂലയും അറിയാവുന്ന ഒരു വേലക്കാരി”

പറഞ്ഞു തീർന്നതും, അജയൻ ഒരു നിമിഷം തിരിഞ്ഞു നിന്നു ചാരുവിനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു .

“എല്ലാം വിധിയാണ് ചാരൂ “

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *