ഇങ്ങേര് ഞാനില്ലാതെ പോകില്ല… ഇനിയിപ്പോ കിടന്നാലും ഉറക്കം വരത്തുമില്ല.. അങ്ങനെ അവർക്കൊപ്പം ഞാനും പോകാനൊരുങ്ങി….

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

ഇന്നലെ അടുത്തുള്ളൊരു അമ്പലത്തിലെ ഉത്സവം അവസാന ദിവസമാരുന്നു..

രാത്രിയോടെ അനിയൻ വീട്ടിലോട്ട് കേറി വരുന്ന്.. ഉത്സവത്തിന് പോകാമെന്ന് പറഞ്ഞു.. കൊച്ചുങ്ങൾ ഉറങ്ങിയത് കൊണ്ട് എനിക്ക് വല്യ താല്പര്യം തോന്നിയില്ല..

ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു.. ഇങ്ങേര് പോയിട്ട് വരുന്ന വരെ എഫ്ബിയിൽ,, മെസഞ്ചറിൽ,, വാട്സ്ആപ്പിൽ ഒക്കെ തോണ്ടിയിരിക്കാം..

രാത്രിയിലെ നിലാവിന്റെ പച്ച വെളിച്ചത്തിൽ മെസഞ്ചറിലൊക്കെ നീന്തിത്തുടിച്ച കാലം മറന്ന്..

ഞാനിന്ന് പൊളിക്കും 💃🏾💃🏾💃🏾

അങ്ങേരും അനിയനും കൂടെ പോയിട്ട് വരാൻ പറഞ്ഞപ്പോ അങ്ങേരെന്നെയൊരു നോട്ടം….

“നീ പൊയ്ക്കോടാ,, ഇവള് വരുന്നില്ലെങ്കിൽ ഞാനും വരുന്നില്ല..

മെസഞ്ചറിലെ പച്ച നിലാവ് പെട്ടെന്ന് അസ്തമിച്ചു.. നീന്തിത്തുടിക്കാൻ നിന്ന ഞാൻ തകർന്നു പോയി.. ഇങ്ങേര് ഞാനില്ലാതെ പോകില്ല… ഇനിയിപ്പോ കിടന്നാലും ഉറക്കം വരത്തുമില്ല.. അങ്ങനെ അവർക്കൊപ്പം ഞാനും പോകാനൊരുങ്ങി..

താഴേലെ കൊച്ചച്ചനെ വിളിച്ചു കൊച്ചുങ്ങളുടെ കൂടെ കിടത്തി..

ഉറങ്ങാൻ കിടന്നാൽ യാതൊരു ബോധവുമില്ലാതെ കിടക്കുന്നയാളാ കൊച്ചച്ചനെന്ന് കുഞ്ഞമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..ഉറക്കത്തിൽ കാലൊന്നും പൊക്കി എന്റെ പിള്ളേർടെ ദേഹത്തിടാതിരുന്നാ മതിയാരുന്നു..

പുതിയ വണ്ടി അനിയൻ ഓടിച്ചു.. ന്റങ്ങേര് അവന്റെ പിറകിൽ.. അങ്ങേരെ കെട്ടിപ്പിടിച്ചു ഞാനും..

തണുത്ത കാറ്റ്.. രാത്രിയുടെ നിശബ്ദത.. വണ്ടിയുടെ തുർർർർർർർർർ ശബ്ദം..

ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്…

അമ്പലത്തിൽ ചെന്നപ്പോ ഗാനമേള തൊടങ്ങീല.. ഒരു ഐസ് ക്രീമൊക്കെ വാങ്ങിച്ചു തിന്നോണ്ട് അവിടൊക്കെ കുറെ ചുറ്റി നടന്നു.. ഈ കടല പുഴുങ്ങി മസാലയൊക്കെ ചേർത്ത ഒരു സാനം കണ്ട്.. പച്ചക്കറിയൊക്കെ അരിഞ്ഞിട്ടിട്ടുണ്ട്.. അതൊരു കുഞ്ഞു കിണ്ണി പോലൊരു പേപ്പർ പാത്രത്തിൽ ഒരാൾ കൊടുക്കുന്നു..അതിന്റെ പേരെനിക്കറിഞ്ഞൂടാടേ..

നാല്പതു രൂവാ.. കാശൊന്നും നോക്കിയില്ല.. ഒരെണ്ണം വാങ്ങി..അതും കൊണ്ട് ഗാനമേള കേൾക്കാൻ അടുത്തുള്ളൊരു തോട്ടത്തിൽ കേറിയിരുന്ന്.. പന്ത്രണ്ടു മണിയോടെ ഗാനമേള തൊടങ്ങി…

നന്നായി പാടുന്ന ആൾക്കാർ.. പാലാപ്പള്ളിയൊക്കെ വന്നപ്പോ കയ്യിലിരുന്ന പുഴുങ്ങിയ കടലപ്പാത്രം താഴെയിട്ട് ഞാനും ചാടിയെണീറ്റ് ഒക്കുന്ന പോലൊക്കെ ഡാൻസ് കളിച്ചു.. ഇങ്ങേരെന്റെ കയ്യിൽ പിടിച്ചു ഇരുത്താൻ നോക്കുവാടേ ..

ഇത്രേം നേരം ഇങ്ങേർടടുത്ത് ഇരുന്നയല്ലിയോ..ഇരിയെടീ ഇരിയെടീന്ന് പറഞ്ഞു പിന്നേം പിന്നേം കയ്യിൽ പിടിച്ചു വലിക്കുവാ 😏😏😏😏

പാട്ട് തീർന്നപ്പോൾ നീട്ടിയൊരു വിസിലങ്ങോട്ട് അടിച്ച്.. സൈഡിലെ പല്ല് പോയ കുഴീല് കൂടെ വേറൊരു ശബ്ദം പുറത്തോട്ട് പോയി.. അടുത്തിരുന്ന ഒരു മാമനങ്ങു നോക്കുവാ..

പല്ലെടുത്ത കുഴീക്കൂടെ വരുന്ന വിസില് പുള്ളി കേട്ടിട്ടില്ലാരിക്കും..

ഗാനമേള പകുതിയായപ്പോ എനിക്കുറക്കം വന്ന്.. കൊച്ചുങ്ങൾക്ക് രണ്ട് ഹൈഡ്രജൻ ബലൂൺ വാങ്ങിച്ച് ഞങ്ങളിങ്ങു പോന്നു..

വീട്ടിലെത്തി കൊച്ചുങ്ങളേ വിളിച്ചുണർത്തി ബലൂണ് കാണിച്ചോളാഞ്ഞിട്ട് എനിക്ക് വെപ്രാളം.. കൊച്ചുങ്ങളേ ഉണർത്താൻ നോക്കിയപ്പോ ഇങ്ങേര് സമ്മയ്ക്കുന്നില്ല.. നേരം വെളുക്കട്ടെ പോലും,, എനിക്കാണെങ്കിൽ അപ്പൊ ബലൂണ് പറത്തണം..

പറത്താൻ മുട്ടുന്ന സമയത്താണ് പറത്തേണ്ടത്.. അത് ഈ പന്നങ്ങേർക്കറിയാവോ…

“ന്തുവാമ്മച്യെന്ന് ചോയ്ച്ചോണ്ട് കൊച്ചുങ്ങൾ എഴീച്ചു.. മുഖത്ത് വെള്ളം വെച്ച് തൊടച്ചിട്ട് രണ്ടെണ്ണത്തിനെയും താങ്ങിപ്പിടിച്ചു മുറ്റത്തിറക്കി.. രണ്ടും ഉറങ്ങി തൂങ്ങിയങ്ങു വീഴുവാ..ബലൂണ് കണ്ടപ്പോ എന്താ സന്തോഷം..

നേരം രാത്രി രണ്ട് മണി..കൊച്ചുങ്ങള് ബലൂണ് പറത്താൻ തുടങ്ങി.. ചരട് നീട്ടി വിട്ടെങ്കിലല്ലേ ബലൂൺ പറക്കത്തൊള്ളൂ.. ഇതിനൊക്കെ ഒന്നും അറിയത്തില്ല.

കൊച്ചുങ്ങളുടെ പറത്തലിൽ തൃപ്തി പോരാത്ത ഞാൻ പെങ്കൊച്ചിന്റെ കയ്യിലിരുന്ന ബലൂണിന്റെ ചരടിങ്ങ് വാങ്ങിച്ചു.. അവള് തരത്തില്ലെടേ..😡😡😡😡

അവളെ മൈൻഡ് ചെയ്യാതെ ഞാൻ ചരട് നീട്ടി വിട്ട് ബലൂണ് പറത്തി.. കാണാൻ എന്താ രസം….

രസം മൂത്ത് മൂത്ത് വന്ന നിമിഷം എവിടുന്നോ വന്നൊരു പ്രാണി മൂക്കിൽ കൂടെ ശൂന്ന് അകത്തോട്ടു കേറി.. ഒറ്റ തുമ്മലാരുന്നു.. തുമ്മിയിട്ട് നോക്കുമ്പോ ബലൂൺ ദോണ്ടെ കനാൽ റോഡ് ലക്ഷ്യമാക്കി പ്രാന്തെടുത്ത പോലെ പറക്കുന്നു… 😳😳😳😳

നിക്ക് നിക്കെന്ന് പറഞ്ഞിട്ടും ബലൂണ് മൈൻഡ് ചെയ്യുന്നില്ല..

ഈ കൊച്ച് അലറി വിളിച്ചു കരയുവാ.. ബലൂണ് പോയത് എന്റെ കുറ്റമാന്നോ..

ത ന്തേം മോളും കൂടെ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ചെലപ്പാ.. ഈ കൊച്ച് എന്റെ കൊച്ചല്ലേ.. ഓപ്പറേഷൻ തീയറ്ററിൽ വെച്ച് നേഴ്സിനെങ്ങാനും കൊച്ചിനെ മാറിപ്പോയതാരിക്കുവോ.. അല്ലെങ്കിൽ പിന്നെ ഒരു ബലൂണിന്റെ പേരിൽ ഇത്രേം ചെലയ്ക്കുവോ 🙄🙄🙄

ഇന്നലെ രാത്രി ഒരുപോള കണ്ണുറങ്ങീട്ടില്ല..രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞപ്പോ ഉറങ്ങാൻ മുട്ടുവാ..

കാണുമ്പം കാണുമ്പം കൊ ല്ലാനുള്ള കലിയോടെ എന്നെ നോക്കി പല്ല് കടിയ്ക്കുന്ന ഈ തന്തേം മോളേം വിശ്വസിച്ച് എങ്ങനെ കിടന്നുറങ്ങും..

നാശം,, ഉത്സവത്തിന് പോണ്ടാർന്നു.. പോയാലും ബലൂണ് വാങ്ങണ്ടാർന്നു..

പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു വരില്ലല്ലോ 😥😥😥😥

Related Posts

Leave a Reply

Your email address will not be published. Required fields are marked *