ഇത്രേം പുതുമോടി കാണിക്കാൻ ആദ്യത്തെ കെട്ടൊന്നുമല്ലല്ലോ.. അകത്തോട്ടു കേറി കഞ്ഞിയ്ക്കൊള്ള വെള്ളം വെയ്യ്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

വേലി കടന്ന് മുരളിയുടെ കൈപിടിച്ച് രാധ മുറ്റത്തേയ്ക്ക് കയറി….ചാണകം മെഴുകിയ തിണ്ണയിലേയ്ക്ക് വലതു കാലെടുത്തു വെച്ചതും വല്ലാത്തൊരു ശബ്ദത്തിൽ മുരണ്ടുകൊണ്ട് തടിമാടന്മാരായ രണ്ട് എലികൾ അവളുടെ സാരിയുടെ ഞൊറിയിൽ തട്ടി പാഞ്ഞു പോയി… എലിയെ കണ്ട് പേടിച്ച രാധ പൂക്കുല പോലെ വിറച്ചു കൊണ്ട് മുരളിയുടെ കയ്യിൽ മുറുകെ പിടിച്ചു..

“നീയെന്താ എലിയെ മുമ്പ് കണ്ടിട്ടില്ലിയോ.. ഇത്രേം ഭാവാഭിനയമൊന്നും കാഴ്ച വെക്കേണ്ട…

മുരളിയുടെ കയ്യിൽ മുറുകിയ വിരലുകൾ താഴേയ്ക്കൂർന്നു…

“ഇത്രേം പുതുമോടി കാണിക്കാൻ ആദ്യത്തെ കെട്ടൊന്നുമല്ലല്ലോ.. അകത്തോട്ടു കേറി കഞ്ഞിയ്ക്കൊള്ള വെള്ളം വെയ്യ്.. അടുക്കളയിലെ മൂലയിലിരിക്കുന്ന കാച്ചിലെടുത്ത് ഇച്ചിരി ഒടച്ചു കറി വെച്ചാ മതി… എനിക്കതാ ഇഷ്ടം.. മീനും എറച്ചീമൊന്നും ഇവിടെ പതിവില്ല.. പതിവില്ലെന്നല്ല,, ഞാൻ വാങ്ങിക്കത്തില്ല.. ആലേൽ ഒരുപാട് പണിയൊണ്ട്… ഞാനങ്ങോട്ട് പോവുവാ…

നെറ്റിയിൽ ചാലിട്ടൊഴുകിയ വിയർപ്പ് തോർത്ത്‌ കൊണ്ട് അമർത്തിത്തുടച്ച് മുരളി അഴയിൽ കിടന്ന കൈലിയെടുത്ത് ഉടുത്തിട്ട് ആലയിലേയ്ക്ക് പോയി…

രാധ അകത്തേയ്ക്ക് കയറി… ചാണകം മെഴുകിയ തറ പലയിടത്തും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.. കീറിപ്പറിഞ്ഞൊരു തഴപ്പായ മുറിയുടെ മൂലയിൽ ചുരുട്ടി വെച്ചിട്ടുണ്ട്.. മനംപുരട്ടുന്ന ഏതോ ഒരു ദുർഗന്ധം മുറിയിലാകെ നിറഞ്ഞു നിൽക്കുന്നുണ്ട്…രാധയ്ക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി…

കയ്യിലിരുന്ന കവറിൽ നിന്നും അവൾ പണ്ടെങ്ങോ വാങ്ങിയ നരച്ചു നിറം മങ്ങിയ ഒരു നൈറ്റി പുറത്തെടുത്തു… സാരി അഴിയ്ക്കാൻ തുടങ്ങിയതും ഉത്തരത്തിൽ കൂടെ വേഗത്തിൽ ഓടിയ ഒരു എലി നിലതെറ്റി അവളുടെ ദേഹത്തേയ്ക്ക് വീണു.. രാധ ഭയന്ന് പോയി…താഴെ വീണ എലി ഒന്നും സംഭവിയ്ക്കാത്ത പോലെ അവളെയൊന്നു നോക്കിയിട്ട് ഓടിപ്പോയി…

ഭയത്തിന്റെയോ ആശ്വാസത്തിന്റെയോ ഏതെന്നു തിരിച്ചറിയാത്ത ഒരു ദീർഘാശ്വാസം അവളിൽ നിന്നുയർന്നു… നൈറ്റി മാറി അടുക്കളയിലേയ്ക്ക് കയറുമ്പോൾ അന്ന് വരെ കാണാത്തൊരു ലോകം രാധയ്ക്ക് മുൻപിൽ തുറക്കുകയായിരുന്നു..

എലികൾ…

എണ്ണിയാലൊടുങ്ങാത്തത്ര എലികൾ..

കഞ്ഞി വെയ്ക്കാനുള്ള അരിയെടുക്കാൻ പഴയ മൺകലം തുറന്നപ്പോൾ രാധയുടെ കയ്യിൽ അമർത്തിയുരുമ്മി പുറത്തേയ്ക്ക് കുതിച്ച എലി അവളെ തിരിഞ്ഞൊന്നു നോക്കി.. വെറുപ്പോ ക്രൂരതയോ മുഴച്ചു നിൽക്കുന്ന നോട്ടത്തിൽ രാധയുടെ നെഞ്ചിൽ പേടിയുടെ കടലിരമ്പി…തങ്ങൾ സ്വൈര്യവിഹാരം നടത്തിയിരുന്ന സ്ഥലത്തേയ്ക്ക് കടന്നു വന്നയാളെ എലികൾ പോകുന്ന വഴിയെല്ലാം ഭയപ്പെടുത്തി..

റേഷനരിയിൽ ചൂട് വെള്ളം പലതവണ ഒഴിച്ച് കഴുകിയിട്ടും രാധയ്ക്ക് തൃപ്തിയായില്ല…

ഗന്ധം…

എലി കയ്യിലുരുമ്മി പുറത്തേയ്ക്ക് പഞ്ഞപ്പോൾ കയ്യിലുണ്ടായ അതേ ഗന്ധമാണ് അരിയ്ക്ക്.. എലിയുടെ രോമങ്ങൾ പെറുക്കി കളഞ്ഞിട്ടും കളഞ്ഞിട്ടും തീരാത്തതുപോലെ..ഒടുവിലെപ്പോഴോ തിളയ്ക്കുന്ന കഞ്ഞിയിൽ നോക്കി നിൽക്കുമ്പോളും എലിയുടെ മണമാണ് കഞ്ഞി വെള്ളത്തിനെന്ന് അവൾക്ക് തോന്നി…

എലികൾ കടിച്ചു പറിച്ചതിന്റെ ബാക്കി വന്ന കാച്ചിൽകഷ്ണമെടുത്ത് കറി വെച്ച് അടച്ചു വെച്ചിട്ട് അവൾ ആലയിലേയ്ക്ക് ചെന്നു..

“കഞ്ഞി വെന്തു… ഇങ്ങോട്ടെടുക്കണോ അതോ..

വാതിലിൽ പാതി മറഞ്ഞു നിന്ന് അവൾ മുരളിയോട് ചോദിച്ചു…

“വേണ്ട.. ഞാൻ വരുവാ…

ചുട്ട് പഴുത്ത ഇരുമ്പ് കഷ്ണം വെള്ളത്തിലേയ്ക്കിട്ടതിന്റെ പുക പാത്രത്തിൽ നിന്നും പുറത്തേയ്ക്ക് വന്നു..

മുരളിയ്ക്ക് കഞ്ഞി വിളമ്പിയപ്പോളാണ് ഓലപ്പുരയുടെ നാലു വശത്തു നിന്നും പല വലിപ്പത്തിലുള്ള എലികൾ ആർത്തിരമ്പി അയാളുടെ അടുത്തേയ്ക്ക് വന്നത്.. അവ അയാളുടെ ദേഹത്തേയ്ക്ക് വലിഞ്ഞു കയറി..അയാളവരോട് ചിരിച്ചു,, വർത്താനം പറഞ്ഞു,,അവയെ കയ്യിലെടുത്ത് ഉമ്മ വെച്ചു..കഞ്ഞി കോരി തറയിൽ വെച്ച് കൊടുത്തു.. കറിയിൽ കിടന്ന മുഴുത്ത കാച്ചിൽ കഷ്ണങ്ങൾ എലികളുടെ മുന്നിലേയ്ക്കിട്ടു..എലികൾ തിന്നുന്നത് നോക്കി സംതൃപ്തിയോടെ പുഞ്ചിരിച്ചു…

രാധയുടെ വയറിൽ നിന്നെന്തോ ഉരുണ്ട് കയറി തൊണ്ടക്കുഴിയിൽ വന്നു പുറത്തേയ്ക്ക് ചാടാൻ വെമ്പി നിന്നു..

രാധ കഴിച്ചോ എന്നയാൾ ചോദിച്ചില്ല.. ചോദിക്കല്ലേ എന്നവൾ അത്രമാത്രം പ്രാർത്ഥിച്ചിരുന്നു..

ഉച്ചയുറക്കത്തിൽ അയാൾക്ക് മേലെ ഓടിക്കളിക്കുന്ന എലികളെ അവൾ ഭയത്തോടെ നോക്കി… എലികൾ അവളെ അറപ്പോടെയും…

അന്ന് മുതലുള്ള രാധയുടെ രാത്രികൾക്ക് ചാ രായത്തിന്റെയും ബീ ഡിയുടെയും മുറുക്കാന്റെയും കൂടിക്കുഴഞ്ഞ മനംപുരട്ടുന്ന ഗന്ധത്തിനൊപ്പം എലികളുടെയും മണമായിരുന്നു.. മുരളിയവളിൽ മുങ്ങിപ്പൊങ്ങുമ്പോൾ ഉത്തരത്തിലിരുന്ന് ചുവന്ന കണ്ണുള്ള എലികളവളെ നോക്കി പല്ല് ഞെരിച്ചു…കണ്ണടച്ചാൽ സ്വപ്നത്തിലവളുടെ മേലേയ്ക്ക് എലികൾ പേമാരി പോലെ പെയ്തിറങ്ങി… രാത്രികളിൽ പലപ്പോഴും അവളെഴുന്നേറ്റ് രണ്ടു കൈകളും മണത്തു നോക്കി…

“മണമാണ്.. ചീഞ്ഞളിഞ്ഞ എലിയുടെ മൂക്ക് തുളച്ചു കയറുന്ന ചീഞ്ഞ മണം…

ല ഹരിയുടെ തോളിലേറി നാല് കാലിൽ മുരളി ആടിയാടി കേറി വരുമ്പോൾ അയാളുടെ ചുവന്ന കണ്ണുകളിരുന്ന് എലികളവളെ തുറിച്ചു നോക്കി… വികാരത്തിന്റെ മൂർദ്ധന്യത്തിൽ പടർന്നു കയറുന്ന മുരളിയ്ക്ക് പലപ്പോഴും എലിയുടെ മുഖമായിരുന്നു.. ചീഞ്ഞളിഞ്ഞ മണമുള്ള എലിയുടെ മുഖം..

പെറാത്ത പെണ്ണായതു കൊണ്ട് മാത്രം ആദ്യത്തെ ബന്ധത്തിൽ ഉപേക്ഷിയ്ക്ക പ്പെട്ടവളാരുന്നു അവൾ.. നീണ്ട അഞ്ചു കൊല്ലങ്ങളുടെ ഒരുമിച്ചുള്ള ജീവിതം അവസാനിച്ചപ്പോ അവള് പെറില്ലെന്ന് പറഞ്ഞത് ഏത് വൈദ്യരാണെന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു..ആരുമത് ചോദിച്ചുമില്ല.. ആർക്കുമത് അറിയുകയും വേണ്ടായിരുന്നെന്നുള്ളതാരുന്നു വാസ്തവം…

ഭാര്യ മരിച്ചു പോയ മുരളിയ്ക്ക് കഞ്ഞീം കറീം വെയ്ക്കാനൊരാളിനെ മാത്രം മതിയായത് കൊണ്ട് രാധയ്ക്ക് ഉപാധികളേതുമില്ലാതൊരു ജീവിതം കിട്ടി…

പകൽ ആലയിലെ ഇരുമ്പിന്റെ ചൂടിലും ആഹാരം കഴിക്കുമ്പോ എലികൾ ക്കൊപ്പവും രാത്രികളിൽ രാധയുടെ മാ റിടത്തിന്റെ ചൂടിൽ ചുരുണ്ടും മുരളിയുടെ രണ്ട് മാസത്തെ പകലിരവുകൾ കടന്നു പോയി…

കല്യാണം കഴിഞ്ഞുള്ള രണ്ടാം മാസത്തിലെ നിലാവുള്ളൊരു രാത്രി രാധ മുരളിയുടെ ചെവിയിൽ തനിക്ക് വയറ്റിലുണ്ടെന്ന രഹസ്യം പറഞ്ഞു… അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ മുരളിയുടെ കണ്ണുകൾ അഭിമാനത്താൽ തിളങ്ങി..

“അപ്പൊ നിനക്ക് വയറ്റിലൊണ്ടാവില്ലെന്ന് പറഞ്ഞത് കള്ളമാരുന്നല്ലിയോടീ… ന്ന് അയാളവളെ നെഞ്ചോട് ചേർത്ത് ചോദിച്ചു…

“അങ്ങേര് നിങ്ങളെപ്പോലെന്നെ സ്നേഹിച്ചിട്ടില്ലാരുന്നെന്നും,, നിങ്ങളെപ്പോലെ മിടുക്കനല്ലാരുന്നെന്നും… അവളയാളുടെ നെഞ്ചിലെ നരച്ച രോമക്കാടുകളിൽ വിരലോടിച്ചു പറഞ്ഞു…

അന്നാദ്യമായി അവളുടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന കുഞ്ഞ് താലിയിൽ അയാളുടെ ചുണ്ടുകൾ അമർന്നു… അവളയാളെ നെഞ്ചിലേയ്ക്ക് ചേർത്ത് പുണർന്നു.. അയാൾക്കപ്പോൾ ആണിന്റെ മണമായിരുന്നു.. പെണ്ണിനെ സ്നേഹിച്ച ആണിന്റെ മണം…

ഉത്തരത്തിലിരുന്ന എലികൾ അത് കണ്ട് പകയോടെ മുരണ്ടു..

ഗർഭകാലത്തിന്റെ തുടക്കം മുതൽ മുരളിയവളെ പൊന്ന് പോലെ നോക്കി.. അവൾക്കിഷ്ടമില്ലാതെ ഒരീച്ച പോലും അകത്തേയ്ക്ക് കയറി വരാൻ അയാൾ സമ്മതിച്ചില്ല… മുറിയിലൂടെ ഓടിയ എലികളെ അയാൾ നീളൻ വടിവെച്ച് അടിച്ചു കൊന്നു… എലികളയാളെ അമ്പരന്നു നോക്കി… അയാളുടെ പാത്രത്തിൽ നിന്ന് കഞ്ഞികുടിക്കുന്ന രാധയെ നോക്കി എലികൾ മുറുമുറുത്തു..

മാസങ്ങൾ കഴിഞ്ഞപ്പോൾ ചുരുണ്ട മുടിയുള്ള വലിയ കണ്ണുകളുള്ളൊരു ചുന്ദരി വാവയുടെ കരച്ചിലാ വീട്ടിലുയർന്നു..അവളുടെ കളി ചിരികളിൽ രണ്ട് വർഷങ്ങൾ മിഴിവോടെ ഓടിപ്പോയി…

മുരളിയുടെയും കുഞ്ഞിന്റെയും മുഖത്തേയ്ക്ക് നോക്കി മനസ് നിറഞ്ഞു ചിരിയ്ക്കുന്ന രാധയുടെ മുഖം കണ്ട് ഉത്തരത്തിലിരുന്ന എലികൾ പകയോടെ മുരണ്ടു…

കുഞ്ഞിന് കൊടുക്കാൻ വെച്ചിരിക്കുന്ന ഏത്തയ്ക്കാ പൊടിയിൽ എലി കാഷ്ഠിച്ചു…കുഞ്ഞുടുപ്പുകൾ കടിച്ചു കീറി… ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ മീതെ എടുത്ത് ചാടി കുഞ്ഞിനെ പേടിപ്പിച്ചു… എലികളെ പേടിച്ച് രാത്രികളിൽ അവളുടെ ഉറക്കമില്ലാതായി.. രാത്രികളിൽ അച്ഛനുമമ്മയും ഉറങ്ങുമ്പോൾ കുഞ്ഞിക്കാലുകൾ പെറുക്കി വെച്ചവൾ അടുക്കളയിലേയ്ക്കും തിരിച്ചു കിടപ്പുമുറിയിലേയ്ക്കും പിച്ച വെച്ചു..

അന്നൊരു പെരുമഴകാലത്ത് പെറ്റ് പെരുകിയ എലികളെക്കൊണ്ട് പൊറുതി മുട്ടിയ നേരം മുരളിയൊരു എലിവില്ലു കൊണ്ട് വന്നു വീട്ടിൽ വെച്ചു..എലിവില്ലിൽ തങ്ങളെ വീഴ്ത്താൻ വേണ്ടി ഉണക്കമീൻ കൊരുത്തു വെയ്ക്കുന്ന മുരളിയെ എലികൾ വൈരാഗ്യത്തോടെ നോക്കി… രാധയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെ നോക്കി എന്തൊക്കെയോ പിറുപിറുത്തു…

രാത്രിയിലെപ്പോഴോ തണുപ്പിൽ പരസ്പരം ചൂട് പകർന്ന് തളർന്നുറങ്ങിയവർ കുഞ്ഞിപ്പാദങ്ങൾ പെറുക്കി വച്ച് അടുക്കളയിലേയ്ക്ക് പോയവളെ കണ്ടില്ല…പതിവുപോലെ അടുക്കളയിൽ പോയവൾ തിരികെ വന്ന് അച്ഛനുമമ്മയ്ക്കു മിടയിൽ കിടന്നതുമില്ല…

മേൽക്കൂരയിൽ നിന്നുമിറ്റു വീണൊരു തുള്ളി കൺപോളയെ നനച്ചപ്പോൾ രാധ പതിയെ എഴുന്നേറ്റു… ഓലക്കീറിനിടയിൽ കൂടെ ചെറിയ വെട്ടം വീഴുന്നുണ്ട്.. നേരം പുലരുന്നതേയുള്ളു…

കൈകൊണ്ട് തപ്പി നോക്കിയപ്പോൾ കുഞ്ഞ് കിടന്ന ഇത്തിരി ഭാഗം ശൂന്യമെന്ന് കണ്ട് അവളുടെ ഉള്ളിലൊരാന്തലുയർന്നു… വാതില് പുറത്തേയ്ക്ക് തുറന്നിട്ടില്ലെന്നത് കണ്ട് ആശ്വാസത്തിൽ അവളെണീറ്റ് അഴിഞ്ഞ മുടി വാരി ചുറ്റി..

“അമ്മേടെ മുത്ത് ഒളിച്ചു നിക്കാതെ വായോ… ന്നുള്ള വിളികേട്ട് മുരളി ഉറക്കമുണർന്നു… അടുക്കളയിലേയ്ക്ക് നോക്കി വീണ്ടും വിളിച്ചിട്ടും വെള്ളിപ്പാദസരമിട്ട കുഞ്ഞിക്കാലുകൾ അമ്മയ്ക്കടുത്തേയ്ക്ക് വന്നില്ല….

അടുക്കളയിൽ ചെന്ന അമ്മയേക്കാത്ത് വഴി തെറ്റി വീട്ടിൽ കയറിയപ്പോൾ എലിവില്ലിൽ പെട്ട് പുളയുന്നൊരു കരിമൂർഖനും തണുത്തുറഞ്ഞു കരിനീലിച്ചൊരു കുഞ്ഞ് ശരീരവും വെറും തറയിൽ കിടപ്പുണ്ടായിരുന്നു..

ഊർന്നു പോയൊരു നിലവിളി നെഞ്ച് പൊട്ടിക്കവേ ഉത്തരത്തിലിരുന്ന നൂറ് കണക്കിന് എലികൾ ഉന്മാദത്തോടെ പൊട്ടിച്ചിരിച്ചു….

അടുക്കളയിലപ്പോൾ എലികളുടെ മണമായിരുന്നു… ചീഞ്ഞളിഞ്ഞ കോടാനുകോടി എലികളുടെ മനംപുരട്ടുന്ന മണം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *