ഇന്നലെ രാത്രി കൂടെ യാത്ര ചെയ്ത നിമിഷങ്ങൾ… ഒരുമിച്ചു ഒരേ സീറ്റിൽ.. ഒരു പരിചയവും ഇല്ലാത്ത ഒരു പെൺകുട്ടി…

പുതിയപുലരികൾ..

Story written by Unni K Parthan

“ഏട്ടാ.. ഒരു മിനിറ്റ്..” ബസിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുമ്പോൾ പിറകിൽ നിന്നുള്ള വിളി കേട്ട് ശിവഹരി തിരിഞ്ഞു നോക്കി.. കൂടെ യാത്ര ചെയ്തിരുന്ന പെൺകുട്ടിയാണ്..

“എന്തേ..” ശിവഹരി ചോദിച്ചു..

“ഹേയ്.. ഒന്നൂല്യ.. നന്ദി ണ്ട്..”

“നന്ദിയോ..”

“മ്മ്..”

“എന്തിന്.. ഞാൻ അതിന് തനിക്ക് സഹായം ഒന്നും ചെയ്തില്ല ലോ..”

“ഉവ്വ്.. ലോ..”

“എപ്പോ.. ഞാൻ ഓർക്കുന്നില്ല..”

“ഇന്നലെ രാത്രി കൂടെ യാത്ര ചെയ്ത നിമിഷങ്ങൾ… ഒരുമിച്ചു ഒരേ സീറ്റിൽ.. ഒരു പരിചയവും ഇല്ലാത്ത ഒരു പെൺകുട്ടി… മിക്കവാറും മോശം അനുഭവങ്ങൾ ആണ് എല്ലാർക്കും പതിവ്..”

“ആര് പറഞ്ഞു..” ശിവ ഹരിയുടെ ശബ്ദം കനത്തു..

“മിക്കവാറും എല്ലാരും പറയാറുണ്ട്.. തോണ്ടലും, പിച്ചലും, മാന്തലും.”

“എന്തേ കൈ മാങ്ങാ പറയ്ക്കാൻ പോയേക്കുകയായിരുന്നോ അവരുടെ.. പ്രതീകരിക്കാൻ അറിയില്ലേ..”

“പെണ്ണായി പിറന്നു പോയില്ലേ.. പേടി ആവും.. പ്രതീകരിച്ചാൽ പെണ്ണ് മാത്രം ആവും കുറ്റക്കാരി..”

“നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. കാരണം നിന്റെയൊക്കെ ഈ ആറ്റിറ്റ്യുഡ് മാറണം..” ശിവഹരിയുടെ മറുപടി കേട്ട് അവൾ ചിരിച്ചു..

“ഒരു പരിചയവുമില്ലാത്ത ആളെ. നീ..നിന്റെ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലട്ടാ..” അവൾ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“മ്മ്… അറിയാം..

ചില മറുപടികൾക്ക് മുന്നും പിന്നും നോക്കാതെ വാക്കുകൾ പ്രയോഗിക്കേണ്ടി വരും.. അങ്ങനെ വന്ന് പോണതാ.. കാര്യമാക്കണ്ട..”

ഇത്തവണ ശിവഹരിയുടെ ചുണ്ടിൽ നേർത്ത പുഞ്ചിരിയുണ്ടായിരുന്നു..

“എന്നാലും.. പെൺ കുട്ടികളോട് അൽപ്പം മയത്തിൽ ആവാം പ്രയോഗം..”

“മ്മ്..”

“ഏട്ടൻ എവിടെക്കാ..” ഒരുമിച്ചുള്ള നടത്തത്തിനിടയിൽ അവൾ ചോദിച്ചു..

“ദേവീ മംഗലം..”

“എവിടേക്കാ..” ശിവഹരി അവളെ നോക്കി ചോദിച്ചു..

“ദേശയക്ഷിമല..”

“മ്മ്.. എന്താ പേര്..”

“ആവന്തിക.. ആവണി ന്ന് വിളിക്കും എല്ലാരും..”

“ഇനി എങ്ങനെ.. ഈ പുലർച്ചക്ക് അങ്ങോട്ട് ബസ് ഉണ്ടോ..”

“ഇല്ല.. നേരം വെളുക്കും വരെ ബസ് സ്റ്റോപ്പിൽ ഇരിക്കാം..”

“വീട്ടിലേക്ക് വിളിച്ചു പറഞ്ഞൂടെ.. ആരേലും വരില്ലേ..”

“ഹേയ്.. ചുമ്മാ അവരെ ഉണർത്തണ്ട.. ഉറക്കം.. അതൊരു അനുഗ്രഹമാണ്.. തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിലപ്പോൾ ഉറക്കം ഒന്നു വഴുതി വീഴുന്ന നേരമാവും.. എന്തിനാ നമ്മൾ ശല്യം ചെയ്യുന്നേ.. ഉറങ്ങുന്നവർ ഉറങ്ങട്ടെ.. സുഖമായി..” ആവണി നെടുവീർപ്പിട്ടു കൊണ്ട് വിരലുകൾ കൊണ്ട് ഞൊട്ട പൊട്ടിച്ചു മെല്ലെ പറഞ്ഞു..

“ഓരോ കട്ടൻ കുടിച്ചാലോ..” ശിവഹരി ചോദിച്ചു..

“നല്ല വിശപ്പുണ്ട്..” മുന്നോട്ട് നടക്കുന്നതിനിടയിൽ ആവണി പറഞ്ഞു..

“കുറച്ചു മുന്നോട്ട് പോയാൽ ഒരു തട്ടുകട ഉണ്ട്..” വാച്ചിലേക്ക് നോക്കി ശിവഹരി പറഞ്ഞു..

“ഏട്ടന് പോകാൻ തിരക്ക് ആണേൽ വിട്ടോളൂ.. ഞാൻ പോയി കഴിച്ചോളാം..”

“തിരക്കില്ല.. അച്ഛൻ വരാം ന്ന് പറഞ്ഞിരുന്നു.. അതാണ്..”

“മ്മ്.. ഇവിടെ അടുത്താണ് ല്ലേ വീട്..”

“മ്മ്.. അരമണിക്കൂർ യാത്ര..”

“ചേച്ചി.. എന്താ കഴിക്കാൻ ഉള്ളത്..” തട്ടുകടയിലെ ചേച്ചിയെ നോക്കി ശിവഹരി ചോദിച്ചു..

“അയ്യോ.. മക്കളെ എല്ലാം തീർന്നു ലോ..”

“ആൾക്ക് നല്ല വിശപ്പ്..” ആവണിയെ നോക്കി ശിവഹരി പറഞ്ഞു..

“എല്ലാം.. കഴിഞ്ഞു.. കാപ്പി മതിയോ..”

“മ്മ്.. മതി..” ആവണി മറുപടി കൊടുത്തു..

കാപ്പി വാങ്ങി ഇരുവരും അടുത്തുള്ള ബഞ്ചിൽ ഇരുന്നു..

“ഏട്ടന് എന്താ ജോലി..”

“ജോലി ഒന്നും ആയിട്ടില്ല..”

“പക്ഷേ കണ്ടാൽ പറയില്ല ലോ.. അങ്ങനെ..”

“മ്മ്.. അത് തന്നെയാണ് ശാപവും..”

“അതെന്താ..”

“ഹേയ്… ഒന്നൂല്യ..”

“പറയാൻ ഉള്ളത് പറയൂ.. നമുക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നത് ആണേൽ.. വഴി ഉണ്ടാക്കാന്നേ..” പുഞ്ചിരിച്ചു കൊണ്ട് ആവണി പറഞ്ഞു..

“ബി ടെക് ആണ്.. ജോലി നോക്കി.. ചിലതിനു പോയി.. ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല..”

“കാരണം..”

“അറിയില്ല.. അനുഭവങ്ങൾ കുറവുള്ളത് കൊണ്ടാകും എന്നാണ് അച്ഛന്റെ പക്ഷം..
അമ്മയ്ക്ക് എന്റെ സമയം ഇപ്പോൾ ശരിയല്ല എന്നുള്ളതാണ്..”

“മ്മ്.. ഏട്ടന് എന്ത് തോന്നുന്നു..”

“ആവോ…”

“എന്താണ് ഹേ.. എത്രായി വയസ്..” ആവണി കാപ്പി കുടിച്ചു തീർത്ത് ഗ്ലാസ്‌ ബെഞ്ചിൽ വെച്ചു കൊണ്ട് ചോദിച്ചു..

“28..”

“എനിക്ക് വയസ് ഇരുപത്തി നാല്.. പഠിക്കുന്നുണ്ട്.. അതിനോടൊപ്പം എന്റെ കീഴിൽ മൂന്നു ജോലിക്കാർ ഉണ്ട്..” ആവണി പറഞ്ഞത് കേട്ട് ശിവഹരി അത്ഭുതത്തോടെ അവളെ നോക്കി..

“ഞെട്ടണ്ടാ.. അത്രേം വല്യ കാര്യമൊന്നുമല്ല.. യുട്യൂബിൽ ഒരു വീഡിയോ കണ്ടു ഒരു ദിവസം..

ടെറസിന്റെ മുകളിൽ പൂവ് കൃഷി… സംഭവം ഞാനും ഒന്നു പരീക്ഷിച്ചു നോക്കി.. ക്ലിക് ആയി.. വിരിഞ്ഞ പൂക്കൾ ഒരീസം തൊട്ടടുത്ത പൂക്കടയിൽ കൊണ്ട് കൊടുത്തു.. വിചാരിച്ചതിലും കൂടുതൽ പൈസ കിട്ടിയപ്പോൾ ആത്മവിശ്വാസം കൂടി.. മെല്ലെ മെല്ലെ പൂക്കളോട് ഒപ്പം പറമ്പിൽ പച്ചക്കറി കൃഷി തുടങ്ങി.. അതും സംഭവം ക്ലിക് ആയി.. വരുമാനം വന്ന് തുടങ്ങി..അതിനിടയിൽ അയൽ വക്കത്തുള്ള എന്റെ കൂടെ പഠിച്ച മൂന്നു കൂട്ടുകാരികളെ കൂടി ഞാൻ ഇതിലേക്ക് കൊണ്ട് വന്നു.. പച്ചക്കറി, പൂവ്, കേക്ക്, പാലതരം അച്ചാറുകൾ, മത്സ്യകൃഷി.. അങ്ങനെ സംഭവം വിപുലമായി.. നാട്ടിൽ അറിയപ്പെടുന്ന ഒരു ആളായി.. നമ്മുടെ കാര്യങ്ങൾക്ക് ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരുന്നില്ല.. നമ്മുടെ കൂടെ തോൾ ചേർന്ന് നടക്കാൻ അച്ഛനും, അമ്മയും, കൂട്ടുകാരും, നാട്ടുകാരും..

നമ്മുടെ ജീവിതം എന്താവണം എന്ന് നമുക്ക് മാറ്റിയെടുക്കാം.. അതിന് നമ്മുടെ ഒരു നിമിഷത്തെ തീരുമാനം മാത്രം മതി ഏട്ടാ.” പുഞ്ചിരിയോടെ ആവണി പറഞ്ഞു നിർത്തി..

“വീട്ടിലും അത്യാവശ്യം പറമ്പൊക്കെ ഉണ്ട്.. വെറുതേ കിടക്കുകയാണ്‌.. ഒന്ന് നോക്കിയാലോ..” ശിവഹരി മീശ മെല്ലെ തടവി കൊണ്ട് പറഞ്ഞു..

“പിന്നല്ലാതെ.. നിങ്ങള് നോക്ക് ഏട്ടാ .. ജീവിതം ഇങ്ങനെ മുന്നിൽ കിടക്കുവല്ലേ.. നമ്മളെ വെല്ലുവിളിച്ചു കൊണ്ട്..” ആവണി ശിവഹരിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു..

“ദാ.. ഒരു ബസ് വരുന്നുണ്ട്.. ഇതിൽ കേറിയ എനിക്ക് വീടിന്റെ അടുത്ത് ഇറങ്ങാ..” ദൂരെ നിന്നും വരുന്ന ബസിനു നേരെ കൈ നീട്ടി ആവണി പറഞ്ഞു..

“കാപ്പിയുടെ പൈസ കൊടുത്തേക്കണേ..” ബസിലേക്ക് കയറും മുൻപ് തിരിഞ്ഞു നിന്നു ആവണി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“എല്ലാം ശരിയാകും ഏട്ടാ.. വീണ്ടും കാണാം നമുക്ക്..” കൈ വീശി കൊണ്ട് ആവണി പറഞ്ഞത് കേട്ട് ശിവഹരി തലയാട്ടി..

ബാഗ് തോളിൽ ഇട്ട് തിരിഞ്ഞു നിന്നു കാപ്പിയുടെ പൈസ കൊടുത്തു.. പിന്നെ അകന്നു പോകുന്ന ബസിനെ നോക്കി.. തന്റെ ജീവിതത്തോളം വിലയുള്ള കുറച്ചു നിമിഷങ്ങൾ സമ്മാനിച്ച ആവണിയെ ഒന്നുടെ പുഞ്ചിരിയോടെ ആലോചിച്ചു.. മെല്ലെ മുന്നോട്ട് നടന്നു…

“നീ ഇവിടെ നിൽക്കുകയായിരുന്നോ..” മുന്നിൽ ഒരു കാർ വന്നു നിർത്തി അതിൽ നിന്നും മാധവൻ ശിവഹരിയെ നോക്കി ചോദിച്ചു..

“ഒരു ചായ കുടിക്കാൻ പോന്നത്..” ഡോർ തുറന്നു ശിവഹരി സീറ്റിൽ ഇരുന്നു..

“അച്ഛാ.. ഈ വർഷം നമുക്ക് അൽപ്പം കൃഷി നോക്കിയാലോ..” ശിവഹരിയുടെ ചോദ്യം കേട്ട് മാധവൻ ഒന്ന് ഞെട്ടി.. പിന്നെ പുഞ്ചിരിച്ചു..

“നിന്റെ ഇഷ്ടം അതാണേൽ.. അച്ഛന് എന്താ ഡാ.. എതിർപ്പ്.. നമുക്ക് നോക്കാന്നേ..” മാധവൻ കാർ മുന്നോട്ടെടുത്തു..

പുതിയ പ്രതീക്ഷികളുമായി.. പുതിയ പുലരി വിടരുകയാണ്.. ശിവഹരി സീറ്റിലേക്ക് ചാരി മെല്ലെ കണ്ണുകൾ അടച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *