ഇരു വശവും വലിയ തൂണുകൾ ഉള്ള നീളൻ വരാന്തയുള്ളൊരു വീടിന്റെ ഉമ്മറപ്പടിയിലേ തണുപ്പിലിരുന്നു കിഴക്കേ മുറ്റത്തെ കണിക്കൊന്നയോടും കൃഷ്ണ…..

അമ്മമണമുള്ള നന്ത്യാർവട്ടപ്പൂവുകൾ

Story written by Bindhya Balan

ഇരു വശവും വലിയ തൂണുകൾ ഉള്ള നീളൻ വരാന്തയുള്ളൊരു വീടിന്റെ ഉമ്മറപ്പടിയിലേ തണുപ്പിലിരുന്നു കിഴക്കേ മുറ്റത്തെ കണിക്കൊന്നയോടും കൃഷ്ണ തുളസിയോടും നന്ത്യാർവട്ടപ്പൂവിനോടും കിലുകിലെ മിണ്ടുന്നൊരു പെണ്ണിനെ ഇന്നലെയും സ്വപ്നം കണ്ടിരുന്നു..

വടക്കേ മുറ്റത്തെ പൈൻ മരത്തിൽ കെട്ടിയ ഊഞ്ഞാലിന്റെ പടിമേൽ തൂങ്ങി
അച്ഛനെ നോക്കി പൊട്ടിച്ചിരിക്കുന്നൊരു പെറ്റിക്കോട്ടുകാരിയെ ഓർത്തെടുത്ത് അവളെങ്ങനെ ആ ഉമ്മറപ്പടിയിലിരിക്കുന്നു…

അമ്മിണി ടീച്ചറിന്റെ അങ്കണവാടിയെക്കുറിച്ചോർത്ത്…

അച്ഛന്റെ വിരലിൽ തൂങ്ങി നടന്നു നടന്നു നടത്തം തെളിഞ്ഞ ആ ഇടവഴികളെക്കുറിച്ചോർത്ത്…

ടിഫിൻ ബോക്സിൽ അമ്മ വച്ച് തരാറുള്ള പപ്പിയുണ്ടയുടെ പാൽമണത്തേക്കുറിച്ച് ഓർത്ത്….

സ്കൂൾ വിട്ട് വരുമ്പോഴേല്ലാം അച്ഛൻ വാങ്ങിത്തരാറുള്ള ആ ചോന്ന ജിലേബിയുടെ മധുരത്തേക്കുറിച്ചോർത്ത്..

കാണിക്കുന്ന കുറുമ്പുകൾക്ക്,കുഞ്ഞു തുടയിൽ ഉമ്മ വയ്ക്കുന്ന അമ്മയുടെ കയ്യിലെ ഈർക്കിൽക്കൊടിയുടെ എരിവിനെക്കുറിച്ചോർത്ത്….

അമ്മയോട് പിണങ്ങി ചാരിയിരുന്നു കരഞ്ഞു കരഞ്ഞു ചാഞ്ഞു പോയ തെക്കേ മുറ്റത്തെ വാഴയെക്കുറിച്ചോർത്ത് ….

വൈകുന്നേരങ്ങളിൽ,കൊതുകിനെ കൊ ല്ലാൻ അച്ഛാച്ചൻ പുകയ്ക്കുന്ന തുമ്പക്കൊടിയുടെ പുക മണത്തെക്കുറിച്ചോർത്ത്…

ജോലി കഴിഞ്ഞു കയറി വരുന്ന അച്ഛന്റെ കയ്യിലെ പലഹാരപ്പൊതി യെക്കുറിച്ചോർത്ത്…

കുളിക്കാനായി ഇറങ്ങുന്ന പടിഞ്ഞാറത്തൊടിയിലെ കുളത്തിന്റെ കുളിർമയെക്കുറിച്ചോർത്ത്….

തൃസന്ധ്യ നേരത്ത് അച്ഛമ്മ ജപിക്കുന്ന ഹരിനാമ കീർത്തനം ഏറ്റു ചൊല്ലിയിരിക്കുമ്പോൾ ചുറ്റും പടരുന്ന ആ ചന്ദനത്തിരി ഗന്ധത്തേക്കുറിച്ചോർത്ത്…

ഏട്ടനുമായി വഴക്ക് കൂടുന്ന നിമിഷങ്ങളെക്കുറിച്ച് ഓർത്ത്..

അത്താഴത്തിനിരിക്കുമ്പോൾ അമ്മ ഉരുട്ടിത്തരാറുള്ള ചോറുരുളയുടെ സ്വദിനെക്കുറിച്ച് ഓർത്ത്…

പതിനാലാം വയസിൽ വലിയ കുട്ടിയായി എന്നറിഞ്ഞ നിമിഷം അച്ഛൻ വാങ്ങിത്തന്ന കുഞ്ഞു ജിമിക്കിയുടെ തിളക്കത്തേക്കുറിച്ച് ഓർത്ത്..

പട്ടുടുപ്പണിയിച്ച് ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞ ആ സന്തോഷത്തേക്കുറിച്ചോർത്ത്…

ഏട്ടൻ വാങ്ങിത്തന്ന കോൺ ഐസ്ക്രീമിന്റെ തണുപ്പിനെക്കുറിച്ച് ഓർത്ത്…..

പിറന്നാളിന് ഏട്ടൻ സമ്മാനിച്ച, സമയ ദൈർഘ്യങ്ങളുടെ ടിക് ടിക് ശബ്ദം കേൾപ്പിച്ചു തരാറുണ്ടായിരുന്ന മിക്കി മൗസിന്റെ പടമുള്ള വാച്ചിനെ ക്കുറിച്ചോർത്ത്….

അല്ലലുകളും ആകുലതകളും ഒന്നുമറിയാതെ,ജന്മപുണ്യങ്ങളുടെ അമൃത് നുണഞ്ഞു ജീവിച്ച, സ്നേഹം മാത്രം നിറഞ്ഞ ആ നല്ല നാളുകളെക്കുറിച്ചോർത്ത്..

അങ്ങനെയങ്ങനെ അമ്മയുടെ വയറ്റിൽ ഉരുവായ നിമിഷം മുതൽ അനുഭവിച്ചറിഞ്ഞ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും അനുഭൂതിയെക്കുറിച്ചോർത്തും കണ്ണ് നിറച്ചും അവളെങ്ങനെയാ ഉമ്മറപ്പടിയിലിരിക്കുന്നു……

ഒരു കാറ്റ് വന്ന് തട്ടുമ്പോഴാണ് ഓർമ്മകളിൽ നിന്നവൾ തിരികെയെത്തിയത്…

പണ്ടത്തെ ആ പെറ്റിക്കോട്ടുകാരിയിൽ നിന്ന് വളർന്നു വലുതായി കർമ്മബന്ധങ്ങളുടെ ഊരാക്കുടുക്കിൽ കുരുങ്ങി ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു പോയൊരുവളെക്കുറിച്ചു അന്നേരം മാത്രമാണവൾ വേദനയോടെ ഓർത്തത്…

ഒരു നെടുവീർപ്പോടെ,.മുറ്റത്തെ ഉണങ്ങിയ കണിക്കൊന്ന മരത്തെ നോക്കിയവൾ കണ്ണ് നിറച്ചു…

നനയ്ക്കാനിനി അച്ഛമ്മയില്ലല്ലോ….

വൈകുന്നേരങ്ങളിൽ ഹരിനാമ കീർത്തനവും കേൾക്കാതായിട്ട് കാലമെത്ര കഴിഞ്ഞു ….

പറമ്പിലെ തുമ്പക്കൊടികൾക്കൊപ്പം അച്ഛാച്ചനും എന്നെന്നേക്കുമായി കൊഴിഞ്ഞു പോയിട്ടെത്ര നാളായി…

മണ്ണിന്റെ തണുപ്പറിഞ്ഞു നടന്നു പോയ ഇടവഴികളെല്ലാം പെരുവഴികളും കനാലുകളുമായി…..

പടിഞ്ഞാറെക്കുളം മണ്ണിട്ട് നികത്തിയിട്ട് കൊല്ലം പത്തായി….

എങ്കിലും ആ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ ഉള്ളം കാലിൽ വന്ന് തൊടാറുണ്ടൊരു കുളിര്….

കാലം അതിന്റെ കരുത്തുറ്റ കൈകൾ കൊണ്ട് എത്ര വേഗത്തിലാണ് എല്ലാം തല്ലിക്കൊഴിച്ചത്..

അറിയാതവളിൽ നിന്നൊരു കരച്ചിൽ പൊട്ടി..

ആ ഉമ്മറപ്പടിയിലിരുന്നവൾ മെല്ലെ തിരിഞ്ഞു അകത്തേക്ക് നോക്കി…

ചുവരിൽ മാലയിട്ട് വച്ചിരിക്കുന്ന നാല് ചിത്രങ്ങൾ…

അവളെ നോക്കി ചിരിക്കുന്നുണ്ട് അവർ.. എങ്ങും പോയിട്ടില്ല, കൂടെയുണ്ടെന്നു പറയുന്നുണ്ട് അച്ഛനും അമ്മയും…

അമ്മക്കുട്ട്യേ എന്നുള്ള അമ്മയുടെ വിളി കേട്ടുവോ…

ഒരു തേങ്ങൽ പോലെ കേൾക്കുന്ന നാമ ജപം.. തുമ്പക്കൊടി ഗന്ധം…

ഇല്ല.. തോന്നിയതാണ്..

തനിച്ചാണെന്നറിഞ്ഞ ആ നിമിഷം,

അലറിക്കരയുന്ന അവളെ നോക്കി കൂടെ കരയുന്നുണ്ടായിരുന്നു തെക്കേതൊടിയിൽ വിരിഞ്ഞു നിന്നിരുന്ന അമ്മമണമുള്ളൊരു നന്ത്യാർവട്ടപ്പൂവ്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *