ഇല്ലെടാ ജോണിക്കുട്ടാ ഈ വക അശ്ലീലം ഉള്ള സ്ഥലത്തൊന്നും ഞാൻ വരാറില്ല എന്ന് നിനക്ക് അറീലെ…..

എഴുത്ത് :- സൽമാൻ സാലി

” എടാ സാലിയെ നീ അമ്മാവനെ ഇങ്ങോട്ടെങ്ങാണ്ടും കണ്ടാർന്നോ ..?

” ഒരു പശുവിനേം കൊണ്ട് ദോണ്ടേ ആ വർക്കിച്ചന്റെ വീട്ടിലോട്ടുള്ള ഇടവഴിയിലോട്ട് തിരിഞ്ഞിട്ടുണ്ട് .. എന്നാ പറ്റിയെടാ ജോണിക്കുട്ടാ ..?

ജോണികുട്ടൻ എന്റെ സുഹൃത്താണ് .. പഠിപ്പും പത്രാസും ഒക്കെ ആയി അങ് ജപ്പാനിൽ ഒരു ജോലിയും ആയപ്പോ അവൻ പേരൊന്ന് മോഡി പിടിപ്പിച്ചു ആദം ജോൺ എന്നെങ്ങാണ്ട് ആക്കി അവന്റെ അമ്മാവന്റെ അമളികൾ എഴുതി ഫേസ്‌ബുക്കിൽ ഇടുന്ന പരിപാടി ആണ് അവന് ..

ഈയിടെ അവന്റെ ജാപ്പനീസ് തള്ള് വായിച്ചിട്ട് സുഷുങ് ഷാങ്ഹായ് എന്ന ഒരു പെണ്ണ് അവന് ലൈൻ ആയിട്ടുണ്ടെന്ന് പറയുന്നുണ്ട് ഒള്ളതാണൊ എന്തോ …

” ഓ എന്നാ പറയാനാ സാലിയെ ഇന്നലെ അത്താഴത്തിന് അമ്മാവൻ പീരങ്കിയിൽ വെടി ഉണ്ട ഇടുന്ന മാതിരി പുട്ട് കുഴച്ചു അണ്ണാക്കിലോട്ട് ഇടുമ്പോഴാണ് വല്യപ്പച്ചന്റെ വരവ് കേറി വന്ന പാടെ അങ്ങേരുടെ ഒരു ഡയലോഗും

” പോത്ത് പോലെ മൂന്ന് നേരം വെട്ടി വിഴുങ്ങി ഇവിടെ കൂടിക്കോ ..ആ പശുവിനെ ഒന്ന് ചവിട്ടിക്കാൻ കൊണ്ട് പോകാൻ പറഞ്ഞിട്ട് ഒരൊറ്റ എണ്ണത്തിന് നേരം ആയില്ല അല്ലെ ..

വല്യപ്പച്ചന്റെ ഡയലോഗ് കേട്ട് അമ്മാവന്റെ അണ്ണാക്കിൽ കിടന്ന് ഉരുള പുട്ട് വെടി പൊട്ടണ മാതിരി പൊട്ടി അണ്ണാക്കിലൂടെ നെറുകൻതലയിൽ കേറിയതും അമ്മായി പിന്നിൽ നിന്ന് കയ്യിലുണ്ടായിരുന്ന കുക്കറിന്റെ അടപ്പ് വെച്ച് തലക്കിട്ട് ഒന്ന് കൊടുത്തു .. അതോടെ അമ്മാവൻ ആ ടേബിളിലിൽ തന്നെ തലയും വെച്ചോണ്ട് കിടന്നുറങ്ങീതാണ് …

രാവിലെ കറവക്കാരൻ വന്നപ്പോ ദോണ്ടേ കഴിഞ്ഞ മാസം പ്രസവിച്ച പശുവിനെ കാണാനില്ല ഒപ്പം അമ്മാവനേം .. ” കർത്താവേ വർക്കിച്ചൻ മൂഡിൽ ആണേൽ അങ്ങേര് വേഗം കേറി ചവിട്ടിക്കേം ചെയ്യും ..

” എടാ നീ വരണുണ്ടോ അങ്ങട് .. ?

” ഹോ .. ഇല്ലെടാ ജോണിക്കുട്ടാ ഈ വക അശ്ലീലം ഉള്ള സ്ഥലത്തൊന്നും ഞാൻ വരാറില്ല എന്ന് നിനക്ക് അറീലെ ..

” ഓ ഒരു പുണ്യാളൻ വന്നേക്കുന്ന് .. നീ ആ കുളക്കടവിലേക്ക് അല്ലെടാ ..

അതും പറഞ്ഞോണ്ട് ജോണികുട്ടൻ വർക്കിച്ചന്റെ വീട്ടിലോട്ട് ഓടിപ്പോയതാണ് .. ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും വർക്കിച്ചന്റെ കാള മുന്നിലൂടെ ഒരോട്ടമാണ് .. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ദോണ്ടേ വർക്കിച്ചൻ കയറുമായി പിന്നാലെ ഓടിവരുന്നു ..

” എന്നാ പറ്റി വർക്കിച്ചാ …?

മൂട്ടിന് തീ പിടിച്ചപോലെ ഓടുന്ന വർക്കിച്ചൻ എന്നെ ഒന്ന് നോകീട്ടു പിന്നേം ഓട്ടം ആർന്ന് ..

കുറച്ചു കഴിഞ്ഞപ്പോ ജോണികുട്ടൻ പശുവിനേം തെളിച്ചോണ്ട് വരുന്നു ..

” എടാ ജോണിക്കുട്ടാ എന്നതാടാ വർക്കിച്ചനും കാളയും ഓട്ട മത്സരം വല്ലോം ആണോ ..

” ന്റെ പൊന്നെടാ ഉവെ ഒന്നും പറയണ്ട അമ്മാവൻ വർക്കിച്ചന്റെ വീട്ടിൽ ചെല്ലുമ്പോൾ അങ്ങേര് കെട്ടിയോളോട് എന്തോ കലിപ്പിൽ ആർന്ന് പശുവിനെ ചവിട്ടിക്കാൻ പറഞ്ഞപ്പോ ഇപ്പൊ പറ്റില്ല പിന്നെ വാ എന്ന് പറഞ്ഞു .. അമ്മാവൻ ആണേൽ ഇന്ന് തന്നെ പശുവിനെ ചവിട്ടിച്ചു വല്യപ്പച്ചന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ ഉള്ള പ്ലാനിൽ ആർന്ന് ..

അവസാനം അമ്മാവൻ ചെന്ന് കാളയുടെ കയർ ഊരിയിട്ട് കാളക്ക് വലിയ അനക്കം ഒന്നും കണ്ടില്ല .. എന്നാ പിന്നെ കാളക്ക് ഒന്ന് മൂടാവട്ടെ എന്ന് കരുതി ഫോണിലുണ്ടാർന്ന എന്തോ ഫോട്ടോയോ വീഡിയോയോ കാണിച്ചതും അമ്മാവനെ പൊക്കി എടുത്ത് അപ്പുറത്തെ പറമ്പിൽ ഇട്ടോണ്ട് കാള ഓരോട്ടമാണ് .. ഒപ്പം വർക്കിച്ചനും …

” എടാ എന്നിട്ട് അമ്മാവന് വല്ലോം പറ്റിയോ ..?

” ആ ആർക്കറിയാം വണ്ടീടെ അടിയിൽ പെട്ട തവളയെ പോലെ ആ പറമ്പിൽ മലർന്ന് കിടന്ന് ഫോണിൽ നോക്കികൊണ്ടിരിക്കുന്നത് കണ്ട് .. പശുവിനെ അങ്ങോട്ട് എത്തിച്ചില്ലേൽ വല്യപ്പച്ചൻ എന്നെ എടുത്തിട്ട് അലക്കും അതോണ്ട് ഞാൻ ഇതിനേം തെളിച്ചു ഇങ്ങോട്ട് പോന്നു …

പാവം അമ്മാവൻ വല്ലോം പറ്റിയോ ആവോ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *