അടുത്ത് കിടന്നിരുന്ന ദേവിയേ കാണുന്നില്ല. അയാൾ ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ച് ഉടുത്ത് കൊണ്ട് അയാൾ ലൈറ്റ് ഇട്ടു…..

Story written by Sabitha Aavani

നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ഉറക്കത്തിനിടയിൽ അയാൾ ഒന്ന് തിരിഞ്ഞു കിടന്നു.

അടുത്ത് കിടന്നിരുന്ന ദേവിയേ കാണുന്നില്ല. അയാൾ ചാടി എഴുന്നേറ്റു.

ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ച് ഉടുത്ത് കൊണ്ട് അയാൾ ലൈറ്റ് ഇട്ടു. സമയം രണ്ടു മണി . ഇവള്‍ ഈ പാതി രാത്രി ഇത് എവിടെ പോയി…?

അരണ്ട മഞ്ഞ വെളിച്ചം. അയാൾ അടുക്കള വരാന്തയിലേക്ക്‌ നടന്നു..അവിടെ ഒരു കസേരയിൽ ദേവി ഇരിക്കുന്നു.

പഴയ പൊട്ടൻ ടെപ്പ് റെക്കോർഡറില് പാട്ട് ഒഴുകുന്നു.

” പട്ട് തൂവാലയും വാസന തൈലവും അവള്‍ക്ക് നല്കാനായി കരുതി ഞാൻ ……..”

പാട്ടിൽ മുഴുകി അവൾ അതിനൊപ്പം മൂളികൊണ്ടിരിക്കുന്നു.

“ദേവി….”

അലസമായി അഴിഞ്ഞ് കിടക്കുന്ന സാരിത്തലപ്പ് നേരെ പിടിച്ച് ഇട്ടുകൊണ്ട് അവൾ ചാടി എഴുന്നേറ്റു.

” മിധേട്ടാ …ഞാൻ ..”

” കൊള്ളാം ഈ പാതി രാത്രി ഒറ്റയ്ക്ക് ഇവിടെ വന്നിരുന്നു പാട്ടും വെച്ച്…. താൻ എന്ത് ചെയ്യുവാ ..?”

“കിടന്നിട്ട് ഉറക്കം വന്നില്ല …. വെറുതെ ഇങ്ങനെ നിലാവും നോക്കി ഇരുന്ന് …. പുറത്ത് നല്ല തണുത്ത കാറ്റുണ്ട് ഇറങ്ങി നടക്കാൻ തോന്നുന്നു…”

“തനിക്ക് എന്താ പറ്റിയേ ?”

മുൻപ് ഒരിക്കലും അവളെ അങ്ങനെ മിധൻ കണ്ടിട്ടില്ല.

അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.

അയാൾ അവൾ ഇരുന്ന കസേരനീക്കിയിട്ട് ഇരുന്നു.

അവൾ അവന്റെ കാൽക്കരുകിൽ നിലത്ത് അവന്റെ മടിയിൽ തല വെച്ച് ഇരുന്നു.

അയാളുടെ കൈകൾ അവളുടെ തലമുടിയേ തഴുകി.

” തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌ മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ ഒരു നാടൻപാട്ടായിതാ …..ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ ….”

ആ രാത്രിയുടെ അവസാന നിമിഷങ്ങളിൽ ആ പാട്ട് ഒഴുകി.

******************

” മിധേട്ടാ …”

” ഉം …”

” മടുപ്പ് തോന്നിയിട്ടുണ്ടൊ എന്നോട് ..?”

അയാൾ അവളുടെ കണ്ണിലേക്ക്‌ നോക്കി.

” ഇല്ല .. എന്തെ ..?”

” തോന്നി “

അയാൾ അവളുടെ പിൻകഴുത്തില്‍ പൊടിഞ്ഞ വിയർപ്പിനെ കൈകൊണ്ട് തുടച്ചുമാറ്റി.

” ഈ രാവ് പുലരും വരെ എന്നെ തഴുകി ഇരിക്കുവൊ മിധേട്ടാ …?”

ഒരു കൊച്ച് കുഞ്ഞിനെ പോലെ അവൾ കെഞ്ചി.

അയാൾ ചിരിച്ചു…

” എടൊ ….. വര്‍ഷം മുപ്പത് കഴിഞ്ഞു ….. നീയും ഞാനും നമ്മളായി മാറിയിട്ട്എ ന്നിട്ടും നമുക്കിടയിലെ പ്രണയത്തിനു മാത്രം ഇതുവരെ വയസ്സായിട്ടില്ല…”

അവൾ തന്റെ മുഖം അയാളുടെ കൈകൾക്കുള്ളിൽ ചേര്‍ത്തു.

” അന്നത്തെ ഞാൻ ഏറെ മാറിയില്ലേ …?”

” ഇല്ല ഇന്നും നീ ആ പഴയ ദേവിതന്നെ എനിക്ക് …

കോളേജ് വരാന്തയിൽ അന്ന് മഴ നനഞ്ഞ് കുതിർന്ന് നിന്ന നമ്മളെ നിനക്ക് ഓർമ്മയില്ലെ…?”

അവളുടെ കണ്ണുകൾ തിളങ്ങി. മിധൻ ഇപ്പൊഴും അതൊക്കെ ഓര്‍ക്കുന്നുണ്ടന്ന് അറിഞ്ഞപ്പോള്‍ അവൾക്ക് ഉള്ളിൽ ഒരു കുളിർ.

” ഓരോ മഴക്കാലവും വരുമ്പോ ഓര്‍ക്കും …..”

“ഒന്ന് അടുത്ത് വരാൻ പോലും മടിച്ച് ദൂരെ മാറിനിന്ന എത്രയോ ദിനങ്ങൾ…അല്ലേ ..?”

“മ്മ് ..”

” ദേവി …. ഈ വീട്ടുകാര്യങ്ങൾക്കും ജോലിയ്ക്കും ഇടയ്ക്ക് നമുക്ക് നമ്മളെ എവിടെയോ നഷ്ടപ്പെടുന്നില്ലേ …?”

” ഉണ്ടോ …..?”

” മ്മ് ..”

” എല്ലാംമാറുന്നുണ്ട് എങ്കിലും നമ്മൾ നമ്മളായി തന്നെ ഇരിക്കുന്നില്ലെ ..?”

അവൾ മിധന്റെ കാൽവിരലുകളിൽ വിരൽ ഓടിച്ചു.

” ഞാൻ ഒരു കട്ടൻ ഇട്ടിട്ട് വരാം… താൻ ഇവിടെ ഇരിക്ക്.”

” മ്മ് …”

അവൾ അലസമായി ഒന്ന് മൂളി.

” മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും……..”

ഓരോ പാട്ടുകളും മാറി മാറി അവളുടെ ഹൃദയം കവര്‍ന്നുകൊണ്ടിരുന്നു.

മിധൻ രണ്ടു ഗ്ലാസ്സ് കട്ടൻ ചായയുമായി വന്നു.

“ദേവി വരൂ നമുക്ക് ഉമ്മറത്ത് ഇരിക്കാം. അവിടെ നല്ല കാറ്റുണ്ടാവും.”

അവർ ഉമ്മറത്തിണ്ണയിൽ ഇരുന്നു.

മിധന്റെ തോള് ചാരി ദേവിയിരുന്നു.

കട്ടൻ ചായയുടെ ചൂടും തണുത്ത കാറ്റും നിലാവും.

“ഈ രാത്രിയ്ക്ക് വല്ലാത്തൊരു വശ്യത….”

” നിനക്കും..”

ദേവിയുടെ അരക്കെട്ടിൽ കൈ ചുറ്റി മിധൻ ഒന്നുകൂടി അവളെ തന്നിലേയ്ക്ക് ചേര്‍ത്തു.

” ഇങ്ങനെ ഒറ്റയ്ക്കിരിപ്പ് പതിവുള്ളതല്ലല്ലൊ എന്ത് പറ്റി ഇന്ന് ?”

കട്ടൻ ചായ രുചിച്ചു കൊണ്ട് മിധൻ തിരക്കി.

” ഇടയ്ക്കൊക്കെ തനിച്ച് ഇരിക്കാനും നമ്മൾ സമയം മാറ്റി വെയ്ക്കണം. ഒപ്പം വായിക്കാൻ ഒരു പുസ്തകം … അല്ലേൽ കേൾക്കാൻ കുറച്ച് പാട്ട് …. പ്രിയപ്പെട്ട നിമിഷങ്ങൾ…..”

” ആഹാ.. കൊള്ളാലോ …അത്ര പ്രിയപ്പെട്ടിടങ്ങളിൽ ഞാൻ ഇല്ലേ ..?”

അവൾ അയാളുടെ ചുണ്ടുകളിൽ അമര്‍ത്തി ചുംബിച്ചു.

അയാളുടെയും അവളുടെയും ചുണ്ടുകള്‍ക്ക് കട്ടൻ ചായയുടെ രുചി.

” എത്ര നാൾ ആയിദേവി നീ എന്നെ ഇങ്ങനെ ഒന്ന് ഉമ്മവെച്ചിട്ട് ..?”

അയാൾ ദൂരെയ്ക്ക് നോക്കിയിരുന്നു.

“ഈ രാവ് പുലരാതിരുന്നെങ്കില്‍…..”

ദേവി മിധന്റെ കൈകളിൽ വിരൽ കൊര്‍ത്തു. മെല്ലെ അയാളുടെ മടിയിലേയ്ക്ക് തല ചായ്ച്ചു കിടന്നു.

തണുത്തകാറ്റ് വീശി അടിക്കുന്നു. അതവരെ തലോടി കടന്നു പോയി.

” മിധേട്ടാ …. ഞാൻ പോയി ഏട്ടൻ മുൻപ് വാങ്ങിതന്ന ആ ചുവന്ന പൂക്കള്‍ ഉള്ള സാരീ ഉടുത്ത് വരട്ടെ ..?”

മിധൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

തമാശ അല്ല ഏറെ പ്രതീക്ഷയോടെ അവൾ അതിന് തന്റെ അനുവാദം ചോദിച്ചതാണ്.

” ഉടുത്തിട്ട് വരൂ….”

അവൾ വേഗം മിധന്റെ മടിയിൽ നിന്നും പിടഞ്ഞ് എഴുന്നേറ്റ് അകത്തേക്ക്‌ പോയി.

അവൾക്ക്‌ ഇത് എന്ത് പറ്റി …. അയാൾ അകത്ത് കയറി ഒരു സിഗററ്റ് കത്തിച്ച് വന്ന്ഉ മ്മറത്ത് ഇരുന്നു.

നീണ്ട പുകച്ചുരുളുകൾ അന്തരീക്ഷത്തില്‍ വലിയ രൂപം സൃഷ്ടിച്ച് മാഞ്ഞു.

” മിധേട്ടാ….”

പിന്നിൽ വന്നു നിന്നു കൊണ്ട് അവൾ വിളിച്ചു.

വയലറ്റ് സാരീയും ചുവന്ന ബ്ലൗസും. നേർത്ത സാരിയ്ക്ക് ഉള്ളിൽ തെളിഞ്ഞ് കാണാം അവളുടെ പൊക്കിള്‍ ചുഴിയും വിടർന്ന മാ റിടങ്ങളും.

അഴിഞ്ഞ് കിടന്ന മുടിയെടുത്ത് അവൾ മുന്നിലേയ്ക്ക് ഇട്ടു.

കണ്ണിലെ കണ്മഷി കറുപ്പ് ഇനിയും പ്രണയം പറഞ്ഞ് കൊതി തീർന്നിട്ടില്ല.

“എന്റെ ദേവിയ്ക്ക് എന്നും എന്റെ കണ്ണിൽ ദേവിരൂപമാണ്…”

” കളിയാക്കരുത് മിധേട്ടാ ..”

അവൾ ചിരിച്ചു കൊണ്ട് മുഖം പൊത്തി.

മിധൻ സി ഗരറ്റ് മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട് അവൾക്കരുകിലേയ്ക്ക് നടന്നു.

അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് പിടിച്ച് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

” എന്താ ദേവി എനിക്ക് നിന്നോട് സ്നേഹം ഇല്ലാന്ന് തോന്നി തുടങ്ങിയോ..? അതിനു വേണ്ടി ആണോ ഇങ്ങനെ ഒക്കെ …?”

” അല്ല മിധേട്ടാ … ഈ നിമിഷങ്ങൾ ഒക്കെ എനിക്ക് എന്നോ നഷ്ടപ്പെട്ടില്ലെ ..?അതൊക്കെ തിരിച്ച് വേണം എന്നൊരു തോന്നൽ.”

അയാൾ അവളുടെ കഴുത്തിൽ കൈ ചേർത്ത് അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്തു.

” കാലം കഴിയുമ്പൊ നശിച്ച് പോകുന്ന ഒന്നാണോ എനിക്ക് നിന്നോട് ഉള്ള സ്നേഹം..?

ഈ നിമിഷവും നിന്നെ മടുപ്പില്ലാതെ ചേർത്ത് പിടിക്കാൻ കഴിയുന്നില്ലെ ദേവി എനിക്ക്…?

എന്നിട്ടും എന്റെ സ്നേഹത്തില്‍ നിന്നും നീ ഒറ്റപ്പെടുന്നുണ്ടായിരുന്നു എന്ന് അറിയുമ്പോൾ….”

” അറിയില്ല മിധേട്ടാ .. ഞാൻ എന്താ ഇങ്ങനെ എന്ന് ….” അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾ മിധന്റെ നെഞ്ചിലേയ്ക്ക് കൂടുതൽ പറ്റിചേർന്നു.

” നേരം പുലരാന്‍ ഇനിയും ബാക്കിയുണ്ട്. എന്റെ ദേവിയ്ക്ക് എന്നോട് പറയാൻ ഉള്ളതൊക്കെ പറഞ്ഞോളു കേട്ടിരിക്കാൻ ഞാൻ തയ്യാർ…”

” മ്മ്…” അവൾ അയാളുടെ വയറ്റിൽ ചുറ്റിവരിഞ്ഞു.

അവളുടെ കുഞ്ഞ് പരിഭവങ്ങൾ … അവളുടെ ഓർമ്മകൾ .. ഓരോന്നായി അവനു മുന്നിൽ അവൾ മനസ്സ് തുറന്നു പറയുമ്പോള്‍ …

മിധന് അത്ഭുതമായിരുന്നു… എത്ര വേദനകളാണ് അവൾ മനസ്സിൽ ഒളിപ്പിച്ച് തന്റെ മുന്നിൽ പുഞ്ചിരിച്ച് നിന്നത്.

അയാൾക്ക്‌ കുറ്റബോധം തോന്നി..

നേരം പുലരുംവരെ മിധന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പൊൾ അവൾ പറഞ്ഞു..

“നമ്മുടെ രാത്രികള്‍ക്ക് എന്ത് ഭംഗി ആണ് അല്ലെ …?”

” അതെ….”

അവളുടെ കണ്ണുകളിൽ തെളിഞ്ഞ നാണം അവൻ കവര്‍ന്നെടുക്കുമ്പോള്‍ പൊട്ടൻ ടെപ്പ് റെക്കോർഡർ പാടുന്നുണ്ടായിരുന്നു…….

നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ …

നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ …..

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ ………

അല്ലെങ്കിലും പറയാതെ പറയുന്ന പ്രണയത്തിനും …. കേൾക്കാതെ പോകുന്ന പരിഭവങ്ങൾക്കും പറയാൻ ഒരായിരം കഥകൾ ഉണ്ടാവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *