ഇവളെന്തു പണിയാ കാണിച്ചത് എന്നോർത്ത് നകുലിനു ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. താൻ എന്ത് തെറ്റ് ചെയ്‌തിട്ടാ അവൾ ബ്ലോക്കിയെ…….

Story written by Rivin Lal

ആദ്യ കാമുകി ധ്രുവിനന്ദയെ കണ്ടു മുട്ടിയപ്പോളാണ് നകുൽ ഡയറി എഴുതുന്ന ശീലം തുടങ്ങിയത്. ഓഫിസിൽ കൂടെ ജോലി ചെയുന്ന പെൺകുട്ടി. അതായിരുന്നു ധ്രുവിനന്ദ. മൂന്നു വർഷം നീണ്ട ആ പ്രണയം ഒരു തേപ്പിൽ അവസാനിച്ചതോടെ നകുൽ വിഷാദ രോഗത്തിലേക്കു എത്തി തുടങ്ങി.

ഒരു വർഷം വേണ്ടി വന്നു നകുലിനു എല്ലാം മറക്കാൻ. മനസ്സിനെ പിടിച്ചു നിർത്താൻ മറ്റുള്ള കാര്യങ്ങളിലേക്ക് മുഴുകിയപ്പോളാണ് പണ്ടെഴുതിയ ഡയറിയിലെ വരികൾ കഥകളാക്കി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങിയത്. എഴുത്തിനെ ഇഷ്ടപ്പെടുന്നവർ അത്‌ സ്വീകരിച്ചപ്പോൾ പിന്നീട് എഴുത്തിനെ ഇഷ്ടപ്പെട്ടു തുടങ്ങി.

ദുബായിലെ ഫ്ലാറ്റിലെ നാലു ചുമരുകൾക്കുള്ളിൽ ജോലി ഇല്ലാത്ത ലീവ് ദിവസങ്ങളിൽ വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ തോന്നുന്നതൊക്കെ കഥകളായി എഴുതും.

ദിവസങ്ങളും മാസങ്ങളും അങ്ങിനെ പോയി കൊണ്ടിരിക്കുമ്പോളാണ് നൈമിക അവന്റെ ജീവിതത്തിലേക്ക് വരുന്നത്. അവളും ദുബായിലായിരുന്നു ജോലി ചെയ്യുന്നത്.

എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. അവളും ചെറിയൊരു എഴുത്തുകാരിയാണ്. അവളുടെ കഥകളും നകുലിനു ഇഷ്ടമായിരുന്നു. പരസ്പരം കമെന്റുകൾ പറഞ്ഞു അതൊരു സ്വകാര്യ സംഭാഷണത്തിലേക്കു വന്നപ്പോൾ ആ സൗഹൃദം വളർന്നു. രണ്ടു പേരും ഒരു വീഡിയോ കാൾ പോലും ചെയ്‌തിട്ടില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവളുടെ ഒറിജിനൽ ഫോട്ടോ പോലും അവൻ കണ്ടിട്ടില്ല. പക്ഷേ അവന്റെ ഫോട്ടോയെല്ലാം അവൻ അയച്ചു കൊടുത്തിട്ട് അവൾ കണ്ടിട്ടുണ്ട്. എന്നിട്ടും അവർ അടുത്തു.

നകുൽ എന്നും ഓഫിസിൽ നിന്നും മെട്രോ ട്രെയിനിൽ വന്നു റൂമിൽ എത്തുന്ന വരെയുള്ള എല്ലാ കാര്യങ്ങളും അവളുമായി പങ്കു വെച്ചു. അവളും ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ പറയുമായിരുന്നു. ഫേസ്ബുക്ക് മെസ്സഞ്ചറിലെ വോയിസ്‌ മെസ്സേജിലൂടെ മാത്രം ഒരു വർഷം ആ സൗഹൃദം നീണ്ടു പോയി.

ഒരിക്കൽ അവൾ പറഞ്ഞു “അടുത്ത ആഴ്ച നമ്മൾ നേരിട്ട് കാണുന്നു. നകുലിനു സമ്മതമാണോ..??

“സമ്മതമാണ്” എന്ന് അവനും മറുപടി കൊടുത്തു.

“പക്ഷേ ഒരു കണ്ടീഷൻ കൂടിയുണ്ട്..!” അവൾ പറഞ്ഞു തുടങ്ങി.

“എന്താണത്..?” അവൻ ചോദിച്ചു.

“എന്നെ തിരിച്ചറിയുകയാണെങ്കിൽ നകുലിനോടു എനിക്കൊരു കാര്യം നേരിട്ട് പറയാൻ ഉണ്ട്. ഒരു പക്ഷേ നകുൽ എനിക്കപ്പോൾ ഒരു മറുപടി തന്നാൽ പിന്നെ ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ല. അത്‌ ചിലപ്പോൾ ഒരു സൗഹൃദത്തി നപ്പുറമുള്ള ഒരു ബന്ധമായി അന്ന് മുതൽ മാറും.”

പക്ഷേ…

എന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും ഞാൻ നിന്റെ ജീവിതത്തിലേക്ക് വരില്ല. പിന്നെ നമ്മൾ ഒരിക്കലും കോൺടാക്റ്റും ഉണ്ടാവില്ല. എന്നെ എന്നന്നേക്കുമായി നീ മറക്കണം….” ഇതാണ് കണ്ടിഷൻ. സമ്മതമാണോ..?? അവൾ ചോദിച്ചു.

നകുൽ ഒരു നിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു “ഓക്കെ.. സമ്മതിച്ചിരിക്കുന്നു..!”

“എന്നാൽ ശരി. അടുത്ത ബുധനാഴ്ച നമ്മൾ കാണുന്നു. എവിടെ വെച്ചു എന്നൊന്നും ഞാൻ പറയില്ല. എല്ലാം സമയമാകുമ്പോൾ അറിയും”. അവൾ പറഞ്ഞു നിർത്തി.

അവൻ അടുത്ത ബുധനാഴ്ചയ്ക്കായി കാത്തിരുന്നു. ചൊവ്വാഴ്ച രാത്രി അവൾ മെസേജ് അയച്ചു. നാളെ വൈകിട്ട് നകുൽ ഓഫീസ് കഴിഞ്ഞു വരുമ്പോൾ നമ്മൾ മെട്രോ ട്രെയിനിൽ വെച്ചു കാണുന്നു. സമ്മതമാണോ..??

“അതിന് ഞാൻ എങ്ങിനെ തന്നെ തിരിച്ചറിയും..?” ഇയാളെ ഞാൻ നേരിട്ടു കണ്ടിട്ടില്ലല്ലോ.. ഒരു ഫോട്ടോ പോലും..! നകുൽ പറഞ്ഞു.

“അതൊക്കെ നകുലിനു മനസിലാവും” അവൾ ആത്മ വിശ്വാസത്തോടെ പറഞ്ഞു.

അവളുടെ മറുപടിയിൽ അവൻ തൃപ്തൻ ആയില്ലെങ്കിലും അവളുടെ ആവശ്യം സമ്മതിക്കേണ്ടി വന്നു.

അങ്ങിനെ ബുധനാഴ്ച ദിവസം വന്നെത്തി. അന്ന് വൈകിട്ട് വരെ ജോലി തീരുന്ന വരെ നകുലിന്റെ മനസ്സിൽ അവളെ കാണുന്ന ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. 5 മണിക്ക് ഓഫീസ് കഴിഞ്ഞു ഇറങ്ങിയതും നകുൽ മെട്രോ സ്റ്റേഷനിൽ എത്തി. ട്രെയിനിൽ കയറിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നു. നകുൽ ട്രെയിനിലെ ആൾക്കൂട്ടത്തിനിടയിൽ അവളെ തിരഞ്ഞു. എങ്ങിനെ കണ്ടു പിടിക്കാനാ എന്ന് അവന് ഒരു നിശ്ചയവും ഉണ്ടായില്ല.

എങ്കിലും അവനാ ട്രെയിനിലെ മിക്ക പെൺകുട്ടികളെയും നോക്കി. ചിലർ അവനെയും തിരിച്ചു തുറിച്ചു നോക്കുന്നുണ്ട്. ചിലർ അവനോടു ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ നിൽക്കുന്നുണ്ട്. പക്ഷേ ആരും വന്നു സംസാരിക്കുന്നില്ല. കുറേ നേരം നോക്കി അവൻ ഒരു സീറ്റ് കിട്ടിയപ്പോൾ അതിലിരുന്നു.

ആരായിരിക്കും ആ പെൺകുട്ടി എന്ന് അവൻ സംശയത്തോടെ ഇരിക്കുമ്പോൾ അവന്റെ ഇടതു വശത്തു ഒരു പെൺകുട്ടി ഇരുന്ന് മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുന്നുണ്ട്. കറുത്ത ചുരിദാറാണ് അവളുടെ വേഷം. മുഖത്തു മാസ്ക് ഇട്ടിട്ടുണ്ട്. അവൾ അവനെ ശ്രദ്ധിക്കുന്നേയില്ല, മൊബൈലിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ്.

ഇനി ഈ കുട്ടിയായിരിക്കുമോ അവൾ എന്ന് വിചാരിച്ചു നകുൽ ആ പെൺകുട്ടിയോട് “എസ്ക്യൂസ്‌ മീ.. ഏത് സ്റ്റേഷനിലാ നിങ്ങൾ ഇറങ്ങുന്നേ എന്ന് ചോദിച്ചു..!”

അവൻ മലയാളത്തിലാണ് ചോദിച്ചതെങ്കിലും അല്പം ഗൗരവത്തോടെ യായിരുന്നു അതിനുള്ള അവളുടെ മറുപടി.

അവളുടെ മറുപടി കേട്ടതോടെ പിന്നെ കൂടുതലൊന്നും അവൻ ചോദിക്കാൻ പോയില്ല. നിരാശനായി അങ്ങിനേ ഇരിക്കുമ്പോളുണ്ട് എതിർ വശത്തിരുന്ന മലയാളി പെൺകുട്ടി അവനെ തന്നെ നോക്കിയിരിക്കുന്നു. അവളെ തിരിച്ചും നോക്കിയപ്പോൾ അവളവനിൽ നിന്നും ശ്രദ്ധ മാറ്റി.

പക്ഷേ വീണ്ടും അവൻ നോക്കാതിരിക്കുമ്പോൾ അവളവനെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അപ്പോളവൻ അവൾക്കൊരു ചെറിയ പുഞ്ചിരി നൽകി, പക്ഷേ അവൾ തിരിച്ചു ചിരിച്ചില്ല. അവിടെയും അവന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു.

ഓരോ സ്റ്റേഷനിൽ നിന്നും പല പെൺകുട്ടികളും കയറുന്നുണ്ട്, തിരിച്ചു ഉറങ്ങുന്നുണ്ട്. പക്ഷേ അവരിൽ ഒന്നും നകുൽ തിരയുന്ന നായികയെ കണ്ടില്ല. അവസാനം അവനിറങ്ങാനുള്ള സ്റ്റേഷൻ വന്നെത്തിയപ്പോൾ നിരാശയോടെ അവൻ ട്രെയിനിൽ നിന്നും ഇറങ്ങാനൊരുങ്ങി.

ആ തിക്കിലും പെട്ടെന്ന് അവനെ തട്ടി കൊണ്ടു ഒരു പെൺകുട്ടി “എസ്ക്യൂസ്‌ മീ, ഒന്ന് പുറത്തേക്കു ഇറങ്ങിക്കോട്ടെ” എന്നും പറഞ്ഞു അവനെ ഉരസി പ്ലാറ്റ്ഫോമിലേക്കിറങ്ങി.

അവൾ ഇറങ്ങി പോയപ്പോൾ നകുൽ കരുതി “എവിടുന്നു വരുന്നെടാ ഇതൊക്കെ, ആളെ ഇടിച്ചിട്ടാണോ പുറത്തേക്കു ഇറങ്ങുന്നേ” എന്ന് പിറു പിറുത്തു. അതും വിചാരിച്ചു അവനാ പെൺകുട്ടിയെ നോക്കുമ്പോൾ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുന്ന അവളും അവനെ ഒരു വട്ടം തിരിഞ്ഞു നോക്കി.

അത് കണ്ടപ്പോൾ അവനാ പെൺകുട്ടിയിൽ ഒരു സംശയം ഉടലെടുത്തു, “ഇനി ഇവൾ എങ്ങനുമാണോ..?” പക്ഷേ അതിനും അവനൊരു ഉത്തരം കണ്ടെത്താൻ പറ്റിയില്ല, അപ്പോളേക്കും ആ പെൺകുട്ടി അവന്റെ കണ്ണിൽ നിന്നും മായ്ഞ്ഞു പോയിരുന്നു.

അന്ന് രാത്രി അവൻ വീണ്ടും അവളോട് ചാറ്റ് ചെയ്തു ചോദിച്ചു “നൈമിക എന്നെ പറ്റിച്ചു അല്ലേ..?? മെട്രോ ട്രെയിനിൽ ഞാൻ ഇയാളെ കണ്ടില്ലല്ലോ..?”

തിരിച്ചൊരു സ്മൈലി ആയിരുന്നു അവളുടെ മറുപടി. കൂടെ അടുത്ത ഡയലോഗും “നമ്മളിന്ന് കണ്ടു നകുൽ. ട്രെയിനിൽ വെച്ചു തന്നെ. നമ്മൾ പരസ്പരം നോക്കിയിട്ടുണ്ട്. പക്ഷേ നകുലിനു എന്നെ മനസിലായില്ല. എന്നെ കാണാനുള്ള ആകാംഷയോടെയുള്ള നകുലിനെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു”.

“ഏഹ്.. കണ്ടോ..? ഏതായിരുന്നു ഇയാൾ ..?? ഞാൻ കുറേ പെൺകുട്ടികളെ നോക്കി. ആരൊക്കെയോ എന്നെ തിരിച്ചും നോക്കി, പക്ഷേ എനിക്കെങ്ങിനെ മനസിലാവാനാ ഇയാളെ..” അവൻ പരിഭവിച്ചു.

“നകുൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നമ്മുടെ കണ്ടിഷൻ ഓർമ്മയുണ്ടല്ലോ, എന്നെ തിരിച്ചറിയാത്തത് കൊണ്ടു നമ്മൾ പിരിയുന്നു. അപ്പോൾ ബൈ..”

അവൻ തിരിച്ചു എന്തേലും മറുപടി കൊടുക്കുമ്പോളേക്കും അവൾ നകുലിനെ ബ്ലോക്ക്‌ ചെയ്‌തിരുന്നു.

ഇവളെന്തു പണിയാ കാണിച്ചത് എന്നോർത്ത് നകുലിനു ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. താൻ എന്ത് തെറ്റ് ചെയ്‌തിട്ടാ അവൾ ബ്ലോക്കിയെ… അവൻ ട്രെയിനിൽ കണ്ട ഓരോ മുഖവും ഓർത്തു.. പക്ഷേ ആര് എന്ന് വിചാരിച്ചാ.. അവന് ഒരു എത്തിയും പിടിയും കിട്ടിയില്ല… അവളോട്‌ അത്രയും നാൾ ഉണ്ടാക്കിയ സൗഹൃദത്തിൽ അവന് ശരിക്കും നിരാശ വന്നു. താൻ വഞ്ചിക്കപ്പെട്ടോ എന്ന തോന്നൽ വന്നു അവന്.. അവളെ എന്നന്നേക്കുമായി മറക്കാൻ നകുൽ തീരുമാനിച്ചു.. എങ്കിലും ഇടയ്ക്കൊക്കെ അവൾ തന്നെ ബ്ലോക്കിൽ നിന്നും മാറ്റിയോ എന്ന് അവൻ നോക്കും.. പിന്നെ വീണ്ടും മറക്കാൻ ശ്രമിക്കും..

ഒരു ആറു മാസം അങ്ങിനെ തന്നെ നീണ്ടു പോയി.. പിന്നീട് നകുൽ അവളെ പാടെ മറന്നു തുടങ്ങി.. നൈമിക എന്ന പേര് വെറുമൊരു ഓർമ്മ മാത്രമായി അവന്റെ മനസ്സിന്റെ കോണിൽ എവിടെയോ പതിഞ്ഞു.

രണ്ടു വർഷം വീണ്ടും കടന്നു പോയി… നകുൽ ലീവിന് നാട്ടിലേക്കു വരുന്ന സമയം. ദുബായ് എയർപോർട്ടിൽ കണക്ഷൻ ഫ്ലൈറ്റിനായി കാത്തിരുന്നു മടുത്ത പ്പോളാണ് ഒരു കോഫി കുടിക്കാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ അടുത്തുള്ള കോഫി ഹൗസിലേക്കു നകുൽ കയറിയത്. ഒരു കോഫിയും സാൻഡ് വിച്ചും ഓർഡർ ചെയ്തു നകുൽ അവിടുത്തെ ചെയറിൽ ഇരുന്നു.

ഒരു രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവിടേക്കു വന്നു “എസ്ക്യൂസ്‌ മീ.. ഇവിടെ ആളില്ലെങ്കിൽ ഞാനിവിടെ ഇരുന്നോട്ടെ..?” എന്നവൾ നകുലിന്റെ ഓപ്പോസിറ്റ് കസേര ചൂണ്ടി കാണിച്ചു ചോദിച്ചു.

“ഇരുന്നോളു.. നോ പ്രോബ്ലം..!” എന്നവൻ മറുപടി കൊടുത്തു.

അപ്പോളേക്കും അവൾ കൗണ്ടറിൽ പോയി അവളുടെ കോഫിയും ബർഗറും ആ ടേബിളിൽ കൊണ്ടു വെച്ചു അവന്റെ അഭിമുഖമായി ഇരുന്നു.

അവൾ അതെല്ലാം നേരത്തെ ഓർഡർ ചെയ്തു വാഷ് റൂമിലോ മറ്റൊ പോയതായിരുന്നുവെന്നു നകുൽ ഊഹിച്ചു. കാരണം തന്റെ കോഫി ഇപ്പോളും ടേബിളിൽ എത്തിയിട്ടില്ലല്ലോ.

അവനെ നോക്കി ചിരിച്ചു കൊണ്ടു അവൾ ബർഗർ കഴിക്കാൻ തുടങ്ങി. എന്നിട്ടു അവളുടെ മൊബൈലിൽ എന്തൊക്കെയോ കുത്തി കൊണ്ടിരുന്നു. അവളുടെ പെരുമാറ്റം അവൻ ശ്രദ്ധിക്കുമ്പോളും ഇടം കണ്ണിട്ടു അവൾ അവനെയും ശ്രദ്ധിക്കുണ്ടായിരുന്നു.

അവളുടെ ടി ഷർട്ടിന്റെ ഇടയിലൂടെ കഴുത്തിലെ അവളുടെ താലി ചെയിൻ അവൻ ശ്രദ്ധിച്ചു. കൂടെ നെറ്റിയിലെ ചെറിയ സിന്ദൂരവും. എങ്കിലും അവൻ ചോദിച്ചു “എങ്ങോട്ടാ പോകുന്നത്..?”

മൊബൈലിൽ നിന്നും തല ഉയർത്തി അവൾ പറഞ്ഞു “UK യിലേക്കാണ്..!”

“അവിടെ ജോലി ചെയ്യുകയാണോ..?” അവൻ ചോദിച്ചു.

“ഹേയ്. അല്ല.. ഹസ്ബൻഡ് അവിടെയാണ്. ആളുടെ അടുത്തേക്ക് ലീവ് കഴിഞ്ഞു തിരിച്ചു പോകുകയാണ്. ആൾ കുറച്ചു തിരക്ക് ഉള്ളത് കൊണ്ടു കഴിഞ്ഞ ആഴ്ചയേ പോയി.!”

“ഓഹോ.. ഓക്കെ.. ഓക്കെ..!” അവൻ ശരിയെന്ന മട്ടിൽ തലയാട്ടി.

അപ്പോളാണ് UK ഫ്ലൈറ്റിലേക്കുള്ള ആളുകളോട് അടുത്ത ഗേറ്റിലേക്ക് ക്യൂവായി നിൽക്കാൻ അനൗൺസ്‌മെന്റ് വന്നത്. അത് കേട്ടതും അവൾ ചാടിയെഴുന്നേറ്റു കോഫി വലിച്ചു കുടിച്ചു. എന്നിട്ടു ഹാൻഡ് ബാഗുമെടുത്തു ഫ്ലൈറ്റിന്റെ ഗേറ്റിലേക്ക് ഓടാനൊരുങ്ങി.

അപ്പോളവൻ ചോദിച്ചു, “ഇയാളുടെ പേര് പറഞ്ഞില്ല…?”

അത് കേട്ടപ്പോൾ ആ കോഫി ഹൗസിൽ നിന്നും തിരിച്ചു ഇറങ്ങിയ അവൾ ചിരിച്ചു കൊണ്ടു വിളിച്ചു പറയുന്നുണ്ടായിരുന്നു.

“നൈമിക….!”

“നൈമിക..!” ആ പേര് മനസ്സിൽ നിന്നും ഓർത്തെടുക്കാൻ നകുൽ ശ്രമിക്കു മ്പോളേക്കും അവൾ UK ഫ്ലൈറ്റിലേക്കു കയറി അവന്റെ കണ്ണിൽ നിന്നും എന്നന്നേക്കുമായി വീണ്ടും മായ്ഞ്ഞു തുടങ്ങിയിരുന്നു…!!

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *