ബ്രോക്കർ ഒരു പയ്യന്റെ ഫോട്ടോ തന്നിട്ടുണ്ട്, നീ നോക്കിട്ട് അഭിപ്രായം പറ…. നിനക്ക് ഓക്കേ ആണേൽ ചെക്കൻ നിന്നേ ഒന്ന് കണ്ടിട്ട് പോട്ടെ…

ആദർശങ്ങൾ

എഴുത്ത്:- വൈദേഹി വൈഗ

” നാളെയൊരു വീട്ടിലേക്ക് കേറിചെല്ലേണ്ട പെണ്ണാ ഈ പോത്ത് പോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ….”

അമ്മയുടെ പിറുപിറുപ്പ് കേട്ടാണ് സാറ കണ്ണ് തുറന്നത് തന്നെ, ഫാൻ ഓഫ് ആക്കിയിരിക്കുന്നു, വെളിച്ചം കണ്ണിൽ തന്നെ കുത്താൻ ജനലും തുറന്നിട്ടിട്ടുണ്ട്, ഇതൊക്കെ അമ്മയുടെ പണികൾ തന്നെ…. അവൾ തലവഴി പുതപ്പ് മൂടി കമഴ്ന്നു കിടന്നു.

“അവളിപ്പോ നമ്മുടെ വീട്ടിലല്ലേ ലിസിയേ കിടന്നുറങ്ങുന്നത്…. അതിന് നിനക്കെന്താ ഇത്ര വേവലാതി….”

“ഇച്ചായനാ ഇവൾക്ക് വളം വച്ചു കൊടുക്കുന്നെ…. ഒരക്ഷരം പറഞ്ഞാ അനുസരിക്കില്ല… അതെങ്ങനാ പപ്പേടെ പുന്നാര മോളല്ലേ….”

പാത്രം തട്ടിയും മുട്ടിയും പതംപറയുന്ന ലിസിയെ നോക്കി മാത്യൂസ് ചിരിച്ചു, സ്ഥിരം ഉള്ള കാഴ്ചയാണ് അമ്മയും മകളും തമ്മിലുള്ള ഈ കടിപിടി…

“നീയൊന്ന് പതുക്കെ പറയെന്റെ ലിസികൊച്ചേ…. ആ കൊച്ചു കിടന്നുറങ്ങിക്കോട്ടെ….”

വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി ടീപ്പോയുടെ മേലേക്ക് ഇട്ട് മാത്യൂസ് അടുക്കളയിൽ ലിസിയുടെ സമീപത്തേക്ക് വന്നു.

“ഹോ അല്ലേലും ഞാൻ പറഞ്ഞാ ഈ വീട്ടിൽ കേൾക്കാൻ ആരൂല്ലല്ലോ….”

സങ്കടം പറയുന്ന ഭാര്യയെ ഇടുപ്പിൽ ചുറ്റി തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് മാത്യൂസ് പറഞ്ഞു.

“എന്താ നിന്റെ സങ്കടം, പറ ഞാൻ കേൾക്കാം….”

“അയ്യേ…. ഇച്ചായാ വിട്ടേ…. ആ പെങ്കൊച്ചെങ്ങാനും കണ്ടോണ്ട് വന്നാല്…. ശോ നാണക്കേട്…..”

“കണ്ടാലെന്താ, നീയെന്റെ ഭാര്യയല്ല്യോടീ കൊച്ചേ…. നിന്നേ ഇച്ചിരി കെട്ടിപ്പിടിച്ചെന്നും പറഞ്ഞ് എന്റെ കൊച്ചൊന്നും വിചാരിക്കൂല….”

മാത്യൂസിന്റെ മധുരചുംബ നത്തെ ചട്ടുകത്താൽ തടുത്ത് ലിസി ചിരിച്ചു കൊണ്ട് ദോശയെ മറിച്ചിട്ടു, നാണത്താൽ പ്രതികാരം ദോശയോട്… അല്ലപിന്നെ….

അടുക്കളയിൽ നടക്കുന്ന റൊമാൻസിനെ മനസ്സിൽ കണ്ട് സാറ പുതപ്പിനെ ഒന്നൂടി വലിച്ചു മൂടി തിരിഞ്ഞു കിടന്നു, പപ്പയും അമ്മയും തമ്മിലുള്ള വിശുദ്ധപ്രണയം എന്നുമവൾക്കൊരു അത്ഭുതമാണ്, അഭിമാനവും….

രണ്ടുപേരും ചേർന്ന് രാവിലത്തെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞു ചോറിനുള്ള വെള്ളവും അടുപ്പത്തിട്ട് വന്നപ്പോഴും സാറ കട്ടിലിൽ നിന്ന് പൊന്തിയിരുന്നില്ല, അവളെ കുത്തിയെഴുന്നേൽപ്പിക്കുന്നത് ലിസിയുടെ എന്നത്തേയും വലിയ ജോലിയാണ്…. അതുകണ്ടു ചിരിക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗം പോലെയായി മാത്യൂസിനും…..

പ്രായം പത്തിരുപത്തഞ്ചയെങ്കിലും കുട്ടിക്കളി വിട്ടുമാറാത്ത സാറയെ ഇരുവർക്കും ജീവനാണ്. അവളുടെ കാര്യവും മറിച്ചല്ല. പപ്പയെയും അമ്മയെയും കാണാതെ അവൾക്കുറക്കം വരില്ല, ഒരു സന്തുഷ്ട കുടുംബം.

അന്നും പതിവ് പോലെ 12 മണി ആവാൻ 5 മിനിറ്റ് ഉള്ളപ്പോ രാവിലത്തെ തണുത്തു വിറങ്ങലിച്ച കട്ടൻചായയും ഏകദേശം അതേ അവസ്ഥാന്തരത്തിലുള്ള ദോശയും തലേദിവസത്തെ ബീഫ്ചാറുമായി അവൾ കൊച്ചുടിവിക്കു മുന്നിൽ പ്രത്യക്ഷയായി.

ഡോറയെ മനസ്സിൽ ധ്യാനിച്ച് ദോശ പിന്നി വായിലേക്കിട്ട് ആസ്വദിച്ചു കഴിക്കുമ്പോഴാണ് പപ്പയുടെ ആഗമനം, ആഗമനോദ്ദേശം വഴിയെ പറയാം…

“ബ്രോക്കർ ഒരു പയ്യന്റെ ഫോട്ടോ തന്നിട്ടുണ്ട്, നീ നോക്കിട്ട് അഭിപ്രായം പറ…. നിനക്ക് ഓക്കേ ആണേൽ ചെക്കൻ നിന്നേ ഒന്ന് കണ്ടിട്ട് പോട്ടെ… എന്താ മോനെ ഓക്കേ അല്ലേ….”

“ഓക്കേ പപ്പാ ഞാൻ ആദ്യം ഇതൊന്നു ഫിനിഷ് ചെയ്യട്ടെ, എന്നിട്ടാലോചിച്ച മതിയോ….”

“ഓ മതി ധൃതി ഇല്ല….”

ഉച്ചക്കലത്തെ പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞു ഫോണും എടുത്തു മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ വന്നിരുന്ന് പപ്പാ തന്ന ഫോട്ടോയിലേക്ക് ഉറ്റുനോക്കി സാറ…

ഇടതു നിന്ന് കൊള്ളാം വലതു നിന്ന് കുഴപ്പം ഇല്ല….

ഹാ ആകെ മൊത്തത്തിൽ ഒരു ഉണ്ണിമുകുന്ദൻ കട്ടൊക്കെ ഉണ്ട്…. നോക്കാം….

ഫോട്ടോ എടുത്തു മറിച്ചു നോക്കിയപ്പോൾ പിന്നിൽ ചെറുക്കന്റെ പേര്, ഡീറ്റെയിൽസ്, ഒരു ഫോൺ നമ്പർ, എന്തിന് ഇൻസ്റ്റാഗ്രാം id വരെ ഉണ്ട്…

“ആഹാ ഇപ്പൊ പെണ്ണ് കാണലും ബ്രോക്കറും ഒക്കെ ഹൈടെക്ക് ആയല്ലോ…”

ഫോണിൽ കറക്കികുത്തി ചെക്കന്റെ ഇൻസ്റ്റാഗ്രാം കിട്ടി, ലോൺലി വുൾഫ്…. എന്ത് ഒറ്റപ്പെട്ട ചെന്നായയോ…. കൊള്ളാലോ…

സാറ അകൗണ്ട് മുഴുവൻ പരിശോധന നടത്തി, ചെക്കന്റെ പലപോസിലുള്ള പല ഫോട്ടോകൾ അത്യാവശ്യം നല്ല ഫോളോവേഴ്സും ലൈക്സും…. പെൺ ആരാധികമാരുടെ കമന്റുകളും….

അടുത്ത തട്ടകം ഫേസ്ബുക് ആണ്..

പേര് അടിച്ചു സേർച്ച്‌ ചെയ്തപ്പോ തന്നെ മുകളിൽ വന്ന് കിടപ്പുണ്ടായിരുന്നു കക്ഷിയുടെ പ്രൊഫൈൽ,

അവിടത്തെ പോലെ ഇവിടെയും സ്റ്റൈലൻ ഫോട്ടോകൾ…. ഫെമിനിസ്റ്റ് ആണെന്നുള്ള പ്രസ്താവന… ചൂടൻ ചർച്ചകൾ… പുരോഗമനചിന്തകൾ….

പുള്ളിയുടെ സ്ത്രീധനത്തിനെ കുറിച്ചുള്ള പോസ്റ്റ്‌ വൈറൽ ആയിരുന്നുവത്രെ…

അതിലെ ഓരോ ചൊറിയൻ കമന്റുകൾക്കും അയാൾ കൊടുത്ത റിപ്ലൈ വായിക്കുമ്പോൾ സാറയുടെ മനസ്സിൽ അയാൾക്കൊരു ചിറക് വച്ച മാലാഖയുടെ രൂപം…

“കൊള്ളാം… തരക്കേടില്ല, നമുക്കിത് നോക്കാം പപ്പേ….”

പപ്പക്ക് സന്തോഷം, അമ്മക്ക് അതിലേറെ സന്തോഷം,

ഒരാഴ്ച കഴിഞ്ഞു, പെണ്ണുകാണൽ നടന്നു, സ്ഥിരം ചടങ്ങുകൾ… ചായ കൊടുപ്പും മാറി നിന്നുള്ള 5 മിനിറ്റും…. ഭംഗിയായി കഴിഞ്ഞു.

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ പപ്പാ സാറയോട് പറഞ്ഞു,

“മോനെ… നമുക്കത് ശരിയാവും എന്ന് തോന്നുന്നില്ല…”

“അതെന്താ പപ്പാ…”

കൊച്ചുടിവി കണ്ട് ഐസ്ക്രീമും കഴിച്ചു കൊണ്ട് സാറ ചോദിച്ചു…

“ഇല്ല മോനെ… അവർക്ക് സ്ത്രീ ഒരു ധനം അല്ലത്രേ….”

“ങേ….”

ഒരു ഞെട്ടൽ ആയിരുന്നു സാറക്ക്,

ഹോ ആദർശമൊക്കെ കമ്മെന്റുകളിൽ മാത്രേ ഉള്ളൂ ല്ലേ….

അവൾ ഉള്ളിൽ ഊറിച്ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *