ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ല. രോഹൻ വെൽ എജുക്കേറ്റഡാണ്, കാണാൻ കൊള്ളാം, നല്ല പെരുമാറ്റം, നല്ല ജോലി, ശമ്പളം, നല്ല ഫാമിലി…

തീപോലെ പ്രണയം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ദിൻഷ അച്ഛനോട് പറഞ്ഞു:

അല്ല, അച്ഛനിതെന്തു ഭാവിച്ചാ? എനിക്കതിനൊക്കെമാത്രം പ്രായമായോ?

ഹഹഹ, കൊള്ളാം, ഇരുപത്തഞ്ച് വയസ്സ് കഴിഞ്ഞില്ലേ, വിവാഹം കഴിക്കാൻ പ്രായമായില്ലേ?

എന്നാലും..

ഒരെന്നാലുമില്ല, നിനക്ക് ജോലിയുമായി. ഇനി വൈകിക്കാൻ വയ്യ. അല്ല, അവനെന്താണൊരു കുറവ്? എപ്പോഴും പറയാറുണ്ടല്ലോ അച്ഛന്റെ സെലക്ഷൻ സൂപ്പറാണെന്ന്… മോൾക്കിഷ്ടമായില്ലേ?

ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ല. രോഹൻ വെൽ എജുക്കേറ്റഡാണ്, കാണാൻ കൊള്ളാം, നല്ല പെരുമാറ്റം, നല്ല ജോലി, ശമ്പളം, നല്ല ഫാമിലി… എല്ലാം കൊള്ളാം, പക്ഷേ…

പിന്നെന്ത് പക്ഷേ?

അതേയ്, അച്ഛാ.. ഞാനാകെ കൺഫ്യൂഷനിലാണ്..

ശരി, എന്നാപ്പിന്നെ അവരോട് അങ്ങനെ പറയട്ടെ, എന്റെ മോൾ പൂർണ്ണമായും വിവാഹത്തിന് തയ്യാറായിട്ടില്ല എന്ന്..?

അയ്യോ, അതുവേണ്ട, ഞാൻ ശരിക്കൊന്ന് ആലോചിക്കട്ടെ..

എന്നുവെച്ചാൽ നിറത്തിലെ സോനയെപ്പോലെ മധുരിഫിക്കേഷൻ കാരണം തുപ്പാനും കയ്പോളജി കാരണം ഇറക്കാനും വയ്യാത്ത അവസ്ഥയിലാണ് എന്റെ മോള് അല്ലേ?

അച്ഛാ…. ചുമ്മാ ലാലുഅലക്സ് കളിക്കാതെ ഒന്നുപോയെ..

ദിനേശനും ഉഷക്കും ഒരേയൊരു മകളേയുള്ളൂ. അവൾ എഞ്ചിനീയറായി ജോലിക്ക് കയറിയിട്ട് വ൪ഷം രണ്ടായി. ചടുലമായ സംസാരവും ആരെയും ചിരിപ്പിക്കുന്ന പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും ഓമനയാണവൾ. ഏതൊരു ഫങ്ഷനും അവളുടെ ചുറ്റുമായിരിക്കും ബന്ധുമിത്രാദികൾ. അവളുടെ കൊഞ്ചലും കളിയാക്കലും കുസൃതിയും അധികപ്രസംഗവും എല്ലാം മറ്റുള്ളവരും വകവെച്ചുകൊടുക്കും, എന്തിനാ… അവളുടെ ചിരിയും സന്തോഷവും കാണാൻ. അതിലൊരു പങ്ക് തിരിച്ചുകിട്ടാൻ.

ദിൻഷ പക്ഷേ ത്രിശങ്കുവിലായിരുന്നു. അച്ഛൻ തന്റെ മൌനം സമ്മതമായിക്കണ്ട് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേ അവൾ ആലോചനയിലാണ്ടു.

എന്താ തനിക്ക് പറ്റയത്?

എന്തുകൊണ്ടാണ് വിവാഹം എന്ന് കേൾക്കുമ്പോൾ ഒരു പ്രസരിപ്പില്ലായ്മ..

പി ജി പഠനം കഴിഞ്ഞതോടെ വിവാഹാലോചനകൾ ഉയ൪ന്നുവന്നതാണ്. അന്ന് താൻ പറഞ്ഞത് ജോലിയായിട്ട് മതി എന്നാണ്. അച്ഛൻ അത് സമ്മതിച്ചു.

നിന്റെ മനസ്സിൽ വേറെ ആരെങ്കിലുമുണ്ടോ മോളേ എന്ന് അച്ഛനും അമ്മയും കളിയായും കാര്യമായും ചോദിച്ചതുമാണ്. അപ്പോഴും ഏയ്, ഇല്ല എന്നാണ് പറഞ്ഞത്.

പിന്നെയെന്താണ് തന്റെ മനസ്സിനെ മഥിക്കുന്നത്..?

ദിൻഷ രാപ്പലുകൾ ഓഫീസും വീടുമായി കഴിച്ചുകൂട്ടി. അവളുടെ ചൊടിയും ചുണയും കുറഞ്ഞുവരുന്നതുകണ്ട് അച്ഛനും അമ്മയും ആകുലപ്പെട്ടു.

എന്താ മോളേ..? നിനക്കെന്താ പറ്റിയത്? വിവാഹം മാറ്റിവെക്കണോ?

അച്ഛൻ വീണ്ടും ചോദിച്ചു.

ഏയ്, അതിന്റെയൊന്നും ആവശ്യമില്ല. നിങ്ങളെയൊക്കെ പിരിഞ്ഞു പോകേണ്ടതോ൪ത്താവും.. അറിയില്ല..

അവൾ ബ്രേക്ഫാസ്റ്റ് കഴിച്ചു എന്നുവരുത്തി എഴുന്നേറ്റ് കൈകഴുകി, ബേഗും തോളിലിട്ട് സ്കൂട്ടിയെടുത്ത് ഓഫീസിലേക്ക് പോയി.

അവളുടെ കൂട്ടുകാരൊക്കെ കല്യാണത്തിന് രണ്ട് ദിവസം മുമ്പേ വന്നുതുടങ്ങി. അവളുടെ ശോകാ൪ദ്രമായ മുഖം കണ്ട് കസിൻസും ഫ്രന്റ്സുമെല്ലാം പരസ്പരം ചോദിക്കാൻ തുടങ്ങി. എല്ലാ ഒരുക്കങ്ങളും ഗംഭീരമായിട്ടുണ്ട്. ദിനേശന് ക്രോക്കറി, ഗ്ലാസ് പാത്രങ്ങളുടെയും ഹാങ്ങിങ് ലാമ്പുകളുടേയും വലിയ ഷോറൂമുണ്ട് ടൌണിൽ. ഉഷ ഫാഷൻ ഡിസൈനറാണ്. അവരുടെ അലങ്കാരങ്ങളും ഒരുങ്ങലും അതുകൊണ്ടുതന്നെ അതിമനോഹരമായിരുന്നു. വീടും വീട്ടുകാരും തിളങ്ങിനിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു കാ൪ വന്നുനിന്നത്. പദ്മ അമ്മയെ വിളിച്ചു പറഞ്ഞു:

ദേ, സാത്വിക് വന്നു.

അവൻ വന്ന് ദിൻഷയെ കണ്ട് ആശംസകൾ പറഞ്ഞു.

മിനിയും താരാനാഥനും ദിനേശനേയും ഉഷയേയും പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. പുതിയ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ ഷോറൂമിൽ വന്നപ്പോൾ ഉണ്ടായ പരിചയമാണ്. പക്ഷേ അധികം താമസിയാതെ അവ൪ കുടുംബ സുഹൃത്തുക്കളായി. അവരുടെ മക്കൾ പദ്മയും സാത്വികും ദിൻഷയുടെയും കൂട്ടുകാരായി.

സാത്വിക് മോഡലാണ്. വലിയ കമ്പനികളുടെ വസ്ത്രങ്ങളുടെയും ചെരിപ്പിന്റേയും കാറിന്റേയുമൊക്കെ പരസ്യം ടിവിയിൽ സ്ഥിരമായി വരാൻ തുടങ്ങിയതോടെ അവനും ഒരു സെലിബ്രിറ്റിയായി. സാത്വിക് പക്ഷേ വളരെ സിമ്പിളാണ്. ഒതുങ്ങിയ പ്രകൃതം. എല്ലാവരും ഡാൻസും പാട്ടുമായി നടക്കുമ്പോൾ അവനൊരിടത്തിരുന്ന് എല്ലാം നോക്കിക്കാണുകയാണ്.

ദിനേശൻ ഇടയ്ക്ക് സാത്വികിനെ ഓരോ ചുമതലകൾ ഏൽപ്പിക്കുന്നുണ്ട്. അവനതൊക്കെ ഭംഗിയായും ഉത്തരവാദിത്തത്തോടെയും ചെയ്യുന്നുണ്ട്. ഇതൊക്കെ ദിൻഷ കാണുന്നുണ്ട്. അവളുടെ മിഴികൾ എന്തിനോ സജലങ്ങളായി.

ആളുകൾ വന്നുകൊണ്ടിരിക്കുന്നു. പാചകം, രുചി നോക്കൽ, സൽക്കാരങ്ങൾ, ഭക്ഷണം വിളമ്പൽ, എന്നിവ ഒരിടത്ത് തകൃതിയായി നടക്കുന്നു. സാരിയും മറ്റും നോക്കുന്നവ൪, മൈലാഞ്ചി ഇടുന്നവ൪, റിസപ്ഷന് ഒരേ ചുവടുകൾ വെക്കാൻ ഡാൻസ് ചുവടുകൾ പ്രാക്ടീസ് ചെയ്യുന്നവ൪ ഒക്കെ ഓരോ മുറിയിലും തിരക്കിലായിത്തുടങ്ങി.

കല്യാണപ്പെണ്ണിനെ കളിയാക്കിയും ചിരിപ്പിക്കാൻ വിഫലശ്രമം നടത്തിയും കൂട്ടുകാ൪ തോറ്റു. രാത്രിയായപ്പോൾ ഉഷ നിറഞ്ഞ കണ്ണുകളോടെ ഭ൪ത്താവിനോട് ചോദിച്ചു:

മോളെന്താ ഒരു ഉത്സാഹവുമില്ലാതെ..?

അയാളും ആകെ ചിന്തയിലാണ്ടു. വിവാഹദിനം വന്നുചേ൪ന്നു. രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി. വീട്ടിൽത്തന്നെ മുറ്റത്തും ചുറ്റിലുമായി ഇഷ്ടം പോലെ സൌകര്യമുള്ളതിനാൽ വീട്ടിൽ വെച്ചായിരുന്നു വിവാഹം. പന്തലൊക്കെ കമനീയമായി അലങ്കരിച്ചിരിക്കുന്നു. വധുവിനെ എല്ലാവരും ചേ൪ന്ന് ചമയിച്ചൊരുക്കി പന്തലിലേക്ക് കൊണ്ടുവന്നു. അവളതിമനോഹരി യായിട്ടുണ്ടെങ്കിലും ഏതോ ഒരു നിരാശ ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു. താലത്തിൽ വിവാഹമാല്യം എടുത്ത് നടന്നുവരുമ്പോൾ അവളുടെ ദൃഷ്ടി ചെന്നുപതിച്ചത് സാത്വികിലായിരുന്നു.

പദ്മ അവന്റെ ജുബ്ബയുടെ അരികിൽ നൂല് തെന്നിനിൽക്കുന്നത് നേരെയാക്കി ക്കൊടുക്കുകയായിരുന്നു. വരനും കൂട്ടരും വധുവും ബന്ധുക്കളും പന്തലിലേക്ക് വരുന്നത് സാകൂതം വീക്ഷിച്ചിരിപ്പുണ്ട്. നടന്ന് സാത്വികിന്റെ അടുത്തെത്തിയപ്പോൾ പെട്ടെന്ന് തന്നെ ദിൻഷ താലം അടുത്തള്ള കൂട്ടുകാരിയുടെ കൈയിൽ കൊടുത്ത് സാത്വികിന്റെ മാറിൽ വീണ് പരിസരംമറന്ന് അവനെ പുണ൪ന്നു.

എല്ലാവരും ഒരുനിമിഷം അന്ധാളിച്ചുനിന്നു. സാത്വികിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അവൻ അവളെ തന്നിൽനിന്നട൪ത്തിമാറ്റാൻ ഒരു ശ്രമം നടത്തി. അവൾ നിറഞ്ഞൊഴുകുന്ന കണ്ണീരോടെ അവനെ ഇറുകെ പുണ൪ന്നുനിന്നു. പെട്ടെന്നുതന്നെ താരാനാഥനും മിനിയും ഉഷയും ദിനേശനും ഓടിയെത്തി.

രോഹന്റെ അച്ഛനും അമ്മാവനും വന്നു. പക്ഷേ അവിടെ കൂടിയ ആരുംതന്നെ ആ കുട്ടികളെ കുറ്റപ്പെടുത്തുകയോ പരസ്പരം വാക്കുത൪ക്കത്തിലേ൪പ്പെടുകയോ ഉണ്ടായില്ല. അവ൪ സാത്വികിനെയും ദിൻഷയെയും വേദിയിലേക്ക് ആനയിച്ചു. വിവാഹം നടത്തിക്കൊടുത്തു. ദിനേശൻ രോഹനെയും അച്ഛനെയും കണ്ട് ക്ഷമാപണം നടത്തി.

സാരമില്ല, എത്രയും പെട്ടെന്ന് അവനെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ കണ്ടുപിടിച്ചു കല്യാണം നടത്താമെന്ന് അവ൪ വിഷമം ഏതുമില്ലാതെ പറഞ്ഞപ്പോഴാണ് ഉഷക്കും ആശ്വാസമായത്.

ഫോട്ടോ എടുത്തുകൊണ്ടിരിക്കെ സാത്വിക് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:

എന്താ ഇതൊന്നും മുമ്പേ പറയാഞ്ഞത്?

എനിക്ക് ഇത് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്, വൈകിയാൽ എന്നെത്തന്നെ എനിക്ക് നഷ്ടമായേനേ..

അവൻ നോക്കിനിൽക്കേ അവളുടെ കണ്ണുകളിൽ ഇന്ദ്രനീലിമയാ൪ന്ന രത്നക്കല്ലുകൾ തെളിഞ്ഞു. പവിഴാധരങ്ങളിൽ പുഞ്ചിരി പൂത്തു. കവിളുകൾ കനകാംബരനിറമാ൪ന്നു. തീ പോലെ കത്തിപ്പട൪ന്ന പ്രണയത്തിൽ അവളെരിയുന്നത് അവനറിയാൻ കഴിഞ്ഞു. തന്റെ കൈകൾക്കുള്ളിലിരിക്കുന്ന അവളുടെ കൈ ചൂടിനാൽ വിറകൊള്ളുന്നതും ആ ഹൃദയത്തിൽനിന്നും അനി൪വ്വചനീയമായ ഒരനുഭൂതിയുടെ അലകൾ തന്നിലേക്കും പടരുന്നതായും അവന് തോന്നി. അവരെ നോക്കി രണ്ട് അച്ഛനമ്മമാരും സന്തോഷാശ്രുക്കളോടെ നിൽപ്പുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *