എന്റെയീ ശരീര സൗന്ദര്യം കണ്ടിട്ടല്ലാതെ , വെറുമൊരു പെണ്ണുടലായി കണ്ട് തന്റെ കാ മം തീർക്കാനല്ലാതെ ഒരു ഗേൾ ഫ്രണ്ടായോ ഭാര്യയായോ……..

പുറമെ ചിരിക്കുന്നവർ

Story written by Sebin Boss J

”’ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ””’ മൊബൈൽ റിങ് കേട്ടപ്പോൾ കിളച്ചു കൊണ്ടിരുന്ന തൂമ്പാ പൈപ്പിൻ ചോട്ടിൽ കഴുകി കയ്യും കാലും കഴുകി എബി വന്നപ്പോഴേക്കും ഫോൺ ബെൽ നിലച്ചിരുന്നു .

”” ഏഹ് ..ടീച്ചറോ ? ഇതെവിടെയായിരുന്നു ടീച്ചറെ ?ഇതേതാ നമ്പർ ?

”’ മൊബൈൽ എടുത്തു തിരിച്ചു വിളിച്ചുകൊണ്ട് എബി വീടിന്റെ പുറകിലെ വരാന്തയിൽ ഇരുന്നു .

“‘അൽപം ബിസി ആയടാ . ഇതിവിടുത്തെ സെർവന്റിന്റെ ഫോണാ . എന്റെ ഫോൺ ഹാങ്ങായി . ഹമ് ..പറയ് നിന്റെ വിശേഷം ?”’

“‘ഒന്നുമില്ല ടീച്ചറെ ..ഇങ്ങനെ പോകുന്നു . ടീച്ചറിനോ ? സാറിനും പിള്ളേർക്കുമൊക്കെ സുഖമല്ലേ ?”

“‘അതേടാ …അവർ ഇച്ചായന്റെ വീട്ടിൽ പോയേക്കുവാ .”‘

“‘ടീച്ചർ പോയില്ലേ ?എന്താ സുഖമില്ലേ ?”’

“‘ഹേ … എനിക്കൊരു കുഴപ്പവുമില്ല .. ഹഹഹ … ട്രിവാൻഡ്രം വരെ യാത്ര .. മടുപ്പായത് കൊണ്ട് പോകാത്തതാ .അവളും പിള്ളേരും എന്തിയെടാ ””

””അവളുടെ കസിന്റെ മാര്യേജ് . അതിന് പോയേക്കുവാ ?”’

“‘അത് കൊള്ളാം ..നീ എന്താ പോകാത്തെ ?. അപ്പന്റെ കൂടെ പോകാൻ പിള്ളേർക്കും അവൾക്കും ആഗ്രഹം കാണില്ലേടാ . നീ ചെയ്തത് മോശമായി പോയി “”

“‘ഞാൻ കൊണ്ട് വന്നു വിട്ടിട്ട് ഉച്ചക്ക് വന്നതേയുള്ളൂ ടീച്ചറെ . മറ്റന്നാളാണ് കല്യാണം . അന്നേരം പോയാൽ മതിയല്ലോ . ഇവിടെ ആടും കന്നാലിയുമൊക്കെ ഉള്ളതല്ലേ””

“‘ഓക്കേ ..എന്നാൽ കുഴപ്പമില്ല … എബീ ..ഞാനൊരു കാര്യം ചോദിയ്ക്കാൻ വേണ്ടികൂടിയാണ് നിന്നെ വിളിച്ചത് ”’

”എന്നാ ടീച്ചറെ പറഞ്ഞോ ?””

“‘എന്റെയൊരു ഫ്രണ്ടിന്റെ മോൾടെ കല്യാണം . അടിമാലിയിലാ . അത്കൊണ്ടു കൂടിയാണ് ഞാൻ ട്രിവാൻഡ്രത്തിന് പോകാത്തത് . നിനക്കെന്നെ ഒന്ന് കൊണ്ട് പോകാൻ പറ്റുമോ ?”’

“‘ടീച്ചറെ …ഞാൻ അത് .പിന്നെ ..””

“‘നിനക്ക് വേറെന്തെലും പ്രോഗ്രാം ഉണ്ടേൽ വേണ്ട . ഓഹ് !! ആടും കന്നാലിയു മൊക്കെയുണ്ടല്ലോ അല്ലെ “‘

“‘ഹേ ..അതല്ല ടീച്ചറെ .അത് അടുത്തുള്ള വീട്ടിൽ പറഞ്ഞാൽ അവര് മാനേജ് ചെയ്തോളും.“‘പിന്നെയെന്നാടാ എബി . നീയും കൃഷീം വീടുമായിട്ടൊതുങ്ങി കഴിയുവല്ലേ . ഇതൊരു പ്രെഷർ ട്രിപ്പ് ആണെന്ന് കരുതിയാൽ മതീടാ “”

”” അവിടെ ഞാനറിയുന്ന ആരുമില്ലല്ലോ . പിന്നെ ബോറാകും “”‘

“‘അതിന് ഞാനില്ലേടാ ?”

“‘ടീച്ചറ് ഫ്രെണ്ട്സിനെ കാണുമ്പോ പോകും . പിന്നെ ഞാൻ തന്നെ “”

“‘ഹേ ..അതൊന്നുമില്ലടാ എബി . നിനക്ക് ബോറടിക്കില്ല .അതെന്റെ ഉറപ്പ് ..അത് പോരെ ‘?”

“‘ഹഹ .. അതൊന്നും കുഴപ്പമില്ല ടീച്ചറെ . ഞാൻ വന്നേക്കാം .നാളെ എപ്പോഴാ പോകണ്ടേ ? വെളുപ്പിന് പോകണ്ടേ ? അടിമാലിയിലല്ലേ ?”’

“‘ ഇപ്പൊ സമയം രണ്ടര . നമുക്ക് മൂന്നര കഴിയുമ്പോ വിട്ടാലോ .ഏഴുമണിയൊക്കെ ആകുമ്പോ എത്തൂല്ലേ ?”

“‘അയ്യോ ഹാൾട്ടോ .?”

“‘അവർ റൂമൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ടെടാ .””

”ശെരി ടീച്ചർ . ഞാൻ കറക്റ്റ് മൂന്ന് ആകുമ്പോ പെരുമ്പാവൂർ എത്തിക്കോളാം , അതോ വീട്ടിലേക്ക് വരണോ അഡ്രസ് പറയ് “”

“‘വേണ്ട ..നീ ടൗണിൽ ആ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നിൽ എത്തിയാൽ മതി .എനിക്ക് ഫോണില്ലല്ലോ . ഞാൻ അല്പം താമസിച്ചാലും വെയിറ്റ് ചെയ്യണേ “” . ആ പിന്നെ .. നിനക്ക് ബൈക്ക് ഇല്ലേ ? അത് റണ്ണിങ് കണ്ടീഷൻ ആണോ ?”

”അതെ .. ഞാൻ കാറെടുക്കാം ടീച്ചറെ “”

“‘വേണ്ടടാ . ബൈക്ക് മതി . നല്ല കാറ്റൊക്കെ കൊണ്ട് , പ്രകൃതി ഭംഗി ആസ്വദിച്ച് പോകാല്ലോ “”

“‘ഓക്കേ ..ടീച്ചറുടെ ഇഷ്ടം “”‘

എബി എബി ഷോപ്പിംഗ് കോപ്ലെക്സിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ ശ്രീദേവി ടീച്ചർ അടുത്തേക്ക് വന്നു .

“‘ഇതെന്താ ടീച്ചറെ ബ്ലാക്ക് ഒക്കെ ഉടുത്തു . കല്യാണത്തിന് നല്ല പട്ടുസാരി യൊക്കെയല്ലേ ?”

“‘ അത് അവിടെ ചെന്നിട്ടാൽ പോരെ . ഞാൻ രണ്ട് ഡ്രസ്സ് എടുക്കട്ടേ .ഫോണില്ലാത്തത് കൊണ്ട് നീയെന്നെ തപ്പി നടക്കണ്ടല്ലോന്ന് കരുതി വെയിറ്റ് ചെയ്തതാണ് . നീ വാ . അധികം ടൈം എടുക്കില്ല , ഒരു പത്തു മിനുട്ട് “‘

“‘ഉവ്വ ..പെണ്ണുങ്ങൾ ടെക്സ്റ്റയിൽസിൽ കേറിയാൽ പത്തുമിനിറ്റ് …ഹഹ . കൊള്ളാം ..ടീച്ചറ് പോയിട്ട് പോരെ . ഞാൻ ഒന്ന് പുകക്കട്ടെ “”

”” ടീച്ചറിന്റെ മുന്നിലാണോടാ സി ഗരറ്റ് വലി “‘

“‘എന്റെ പൊന്നു ടീച്ചറെ “‘ എബി കൈകൾ കൂപ്പി

“‘ ഹഹ … നിന്റെയിഷ്ടം പോലെ ആയിക്കോ . ഞാൻ കൂടെയുണ്ടെന്ന് നോക്കണ്ട . “‘ ശ്രീദേവി അവനെ നോക്കി ചിരിച്ചിട്ട് ടെക്സ്റ്റയിൽസിനുള്ളിലേക്ക് കയറി .

എബി ടീച്ചർ ഉള്ളിലേക്ക് നടന്നതും ഒരു നിമിഷം അവരെ നോക്കി .

ശ്രീദേവി ടീച്ചർ ..!!! നന്നായി മെലിഞ്ഞിട്ടുണ്ട് . പണ്ടത്തെ പ്രസരിപ്പൊന്നുമില്ല ..എന്നാലും മുഖത്തെ ആ സ്ഥായിയായ പുഞ്ചിരിക്ക് യാതൊരു മാറ്റവുമില്ല

ഡിഗ്രി രണ്ടാം വർഷമാണ് ശ്രീദേവി ടീച്ചർ ഗസ്റ്റ് ലക്ച്ചറർ ആയി വരുന്നത് . എല്ലാവരോടും നന്നായി പെരുമാറുന്ന ടീച്ചറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു . . അത്യാവശ്യം നന്നായി എഴുതുകയും പാടുകയും ചെയ്തിരുന്നതിനാൽ കോളേജ് മാഗസിനിലും ഒക്കെ ടീച്ചറിനായിരുന്നു മേൽനോട്ടം . താൻ കോളേജ് ചെയർ മാനും . അന്നുണ്ടായിരുന്ന ഇംഗ്ളീഷ് ലെക്ച്ചറർ ജേക്കബ് സാറുമായി ശ്രീദേവി ടീച്ചറിന് അടുപ്പം ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു . എന്നാൽ ടീച്ചറിനോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കുകയാണുണ്ടായത് . ടീച്ചർ അങ്ങനെയായിരുന്നു . എന്തും സ്വാതന്ത്ര്യത്തോടെ തന്നെ പറയുമായിരുന്നു .ചിലപ്പോൾ ടീച്ചർ സ്റ്റുണ്ടന്റ് ബന്ധം , ചിലപ്പോൾ അടുത്ത സുഹൃത്തുക്കൾ പോലെ , മറ്റ് ചിലപ്പോൾ മുതിർന്ന ഒരു ചേച്ചിയെ പോലെ . തങ്ങൾ തമ്മിൽ എട്ടോ ഒമ്പതോ വയസിന് മാറ്റം ഉണ്ടായിരുന്നുവെങ്കിലും ആ സമയത്ത് ചിലപ്പോഴൊക്കെ എടീ പോടീ എന്നൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യവും ടീച്ചർ തന്നിരുന്നു . പി ജി ലാസ്റ്റ് ഇയർ ആയപ്പോഴാണ് ടീച്ചറുടെ വിവാഹം . അതോടെ ടീച്ചർ കോളേജിൽ നിന്ന് വിട പറഞ്ഞു . ടീച്ചറുമായുള്ള ബന്ധവും മുറിഞ്ഞു .

ഒരു വർഷം മുൻപാണ് ടീച്ചറുടെ റിക്വസ്റ്റ് ഫേസ് ബുക്കിൽ വന്നത് .

ഇടക്ക് ടീച്ചർ ചാറ്റിൽ വരും , ടീച്ചറിന്റെ ഫ്രീ ടൈമും തന്റെ ടൈമും അറിയാവുന്നത് കൊണ്ട് മിക്കവാറും ഉച്ചക്ക് ഊണ് കഴിഞ്ഞുള്ള ടൈമിൽ ആവും . ലോകത്തുള്ള സകല കാര്യങ്ങളും ചർച്ചയിൽ വരും . കഴിഞ്ഞ രണ്ട് മൂന്നുമാസമായി ടീച്ചറുടെ ഐഡി ഹിഡൻ ആയിരുന്നു പിന്നീട് ഇപ്പോഴാണ് .

”ഡാ എബി … പോകാം “”‘

പുറത്തു തട്ടിയപ്പോഴാണ് എബി ചിന്തയിൽ നിന്നുണർന്നത് ..

”ഹലോ ആരാ …!! മനസ്സിലായില്ല . ഞാൻ എന്റെ ടീച്ചറിനെ വെയിറ്റ് ചെയ്തിരിക്കുവാ “”

“‘ഹഹ .. പോടാ ഒന്ന് ..എങ്ങനെയുണ്ട് ? ബോറാണോ ?”’

“‘ഹേ .. പൊളിയായിട്ടുണ്ട് ടീച്ചറെ . ഇപ്പൊ കോളേജ് കുമാരി ആണെന്നെ തോന്നൂ .”‘ സ്‌കൈ ബ്ലൂ കളർ ഡെനിം ജീൻസും വൈറ്റ് കളർ ബനിയനും ഇട്ടു മുന്നിൽ വന്ന ശ്രീദേവിടീച്ചറിനെ നോക്കി എബി പറഞ്ഞു .

“‘പോകാടാ “” കാലുകൾ ഇരുവശത്തുമായിട്ട് പുതുതായി മേടിച്ച ബാക്ക്പാക്കും പുറത്തിട്ട് ടീച്ചർ കറുത്ത സൺ ഗ്ലാസും വെച്ചവന്റെ പുറകിൽ യാത്രക്ക് റെഡിയായി . “‘ടീച്ചറെ ഒരു ചൂട് കാപ്പി ആയാലോ ?”’

ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെത്തിയപ്പോൾ എബി ഒരു ചെറിയ ടീ ഷോപ്പിന് മുന്നിൽ സ്ലോ ചെയ്തിട്ട് ചോദിച്ചു .

“‘ഞാനത് നിന്നോട് പറയാനിരിക്കയായിരുന്നു . പിന്നെ ഈ വെള്ളച്ചാട്ടം കാണാതെ പോകാനൊക്കുമോ “” ബുള്ളറ്റ് നിർത്തിയതും ശ്രീദേവിടീച്ചർ ഇറങ്ങി ബാക്ക് പാക്ക് ബുള്ളറ്റിൽ വെച്ചിട്ട് കൈകൾ കൂട്ടിത്തിരുമ്മി തണുപ്പകറ്റാൻ ശ്രമിച്ചു .

“‘എനിക്കുമൊരു പഫ് താടാ “”

പുറകിൽ ടീച്ചറുടെ കേട്ടപ്പോൾ എബി ഞെട്ടിത്തിരിഞ്ഞു . ടീച്ചർ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോയപ്പോൾ ചായക്ക് പറഞ്ഞിട്ട് ഒരു സി ഗരറ്റ് വാങ്ങി മാറിനിന്നു പുകക്കുകയായിരുന്നു അവൻ .

“‘ പഫോ ..പോടീ ഒന്ന് ..സോറി ടീച്ചറെ “‘ അവൻ സി ഗരറ്റ് പുറകിലേക്ക് മാറ്റിപ്പിടിച്ചു .”‘ഹഹ .. സാരമില്ലടാ . ഈ യാത്രയിൽ നീ എന്നെ സുഹൃത്തായി കണ്ടാൽ മതി . . അന്ന് കോളേജിൽ നിന്നെ പഠിപ്പിച്ചിരുന്ന സമയത്ത് വരെ നീ എന്നെ എടീപോടീന്ന് വിളിച്ചിട്ടുണ്ടേ . നീയൊരു പഫ് താടാ . ആകെയൊരു ജീവിതമല്ലേയുള്ളു . എല്ലാം ഒന്നറിഞ്ഞിരിക്കണ്ടേ ?”’

”അത് കൊള്ളാം ..ജീവിതത്തിൽ സി ഗരറ്റ് വലിക്കണോന്നാണോ ആഗ്രഹം ?””ടീച്ചർ പറഞ്ഞപ്പോൾ എബി മറ്റൊരു സിഗരറ്റ് എടുത്തിട്ട് നീട്ടി

“‘ഹേ … സി ഗരറ്റ് വലിക്കാൻ വേണ്ടി അല്ലടാ . നീ വലിക്കുന്നത് കണ്ടപ്പോ ഈ തണുപ്പത്തൊരു തോന്നൽ .ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോടാ സി ഗരറ്റ് അല്ല .. എത്ര നാളായെന്നോ ഞാനൊന്ന് പുറത്തു പോയിട്ട് ….ജീവിതചക്രം എത്ര നാളത്തേക്ക് ഉരുളുമെന്നൊന്നുമറിയില്ലല്ലോ . അതുകൊണ്ട് ഇന്നൊന്നാ ഘോഷിക്കാൻ തീരുമാനിച്ചു .നീ ലാസ്റ്റ് പഫ് തരണേ “‘ ശ്രീദേവി ടീച്ചർ എന്തോ പറയാൻ വന്നിട്ട് പെട്ടന്ന് വിഷയം മാറ്റി . അവരുടെ മുഖം ഇരുളടഞ്ഞിരുന്നു .

“‘ടീച്ചറെ ..എന്ത് പറ്റി ? പറയാൻ പറ്റുന്നതാണേൽ പറയ് .ടീച്ചറല്ലേ പറഞ്ഞത് ,ഒരു സുഹൃത്തായി ഈ യാത്രയിൽ കരുതിയാൽ മതിയെന്ന് . ഞാനൊരു സുഹൃത്താണെൽ പറയ് “‘

ശ്രീദേവി കയ്യിൽ നിന്ന് സി ഗരറ്റ് വാങ്ങി പുക ഉള്ളിലേക്കെടുത്തു .

“‘ മതി .. കളയത് “‘ മൂക്കിലൂടെ പുക പുറത്തേക്ക് വിടാൻ നോക്കിയപ്പോൾ ചുമച്ച ശ്രീദേവി ടീച്ചറിന്റെ നെറുകയിൽ എബി തട്ടി. ടീച്ചർ അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ പെട്ടന്നവൻ കൈ പിൻവലിച്ചു

“‘ഹേയ് … പെട്ടന്ന് നീ നിറുകയിൽ തട്ടിയപ്പോൾ നോക്കിയതാ . അല്ലാതെ ടീച്ചറെന്നോ പെണ്ണെന്നോ ഒന്നും വിചാരിച്ചിട്ടല്ല .നീ നിന്റെ കരുതലും സ്നേഹവും കൊണ്ട് പെട്ടെന്നെന്റെ നിറുകയിൽ തട്ടി “”. അവൾ അവനെ നോക്കി ചിരിച്ചു .

“‘ കുട്ടിക്കാലം ആയിരുന്നല്ലേടാ നല്ലത് . ഒന്നുമറിയണ്ടായിരുന്നു . ഒരു വിഷമതകളും സങ്കടങ്ങളും ഇല്ലാതെ ഇങ്ങനെ ചിരിച്ചുല്ലസിച്ച്. ആണെന്ന , പെണ്ണെന്ന അതിർവരമ്പുകളില്ലാതെ , ജാതിമത ചിന്തകളില്ലാതെ ഉള്ള സൗഹൃദങ്ങൾ .നിങ്ങൾ ആണുങ്ങൾക്ക് പിന്നെയും കുഴപ്പമില്ല . കൗമാരത്തിൽ തുടങ്ങുവാ സ്ത്രീയുടെ കഷ്ടതകൾ , അവൾക്ക് ചുറ്റും വേലിക്കെട്ടുകൾ . അതിടരുത് ഇതിടരുത് , കാൽ കാലിന്മേൽ കയറ്റി വെക്കരുത് , ഉറക്കെ സംസാരിക്കരുത് , അറിയാത്തവരോട് ചിരിക്ക പോലും ചെയ്യരുതെന്ന നിർദ്ദേശങ്ങൾ , അടിച്ചേൽപ്പിക്കലുകൾ . പത്തു കഴിഞ്ഞാൽ പിന്നെ ഇഷ്ടമുള്ള വിഷയം ..അത് ഒരിക്കലും പറ്റില്ല . കല്യാണത്തിന് മാർക്കറ്റ് ഉള്ള വിഷയം , അല്ലെങ്കിൽ പെട്ടന്ന് ജോലി കിട്ടുന്നത് . അതെ പഠിക്കാവൂ വിവാഹമാണെങ്കിൽ നമുക്കിഷ്ടമുള്ള ആളിനെയല്ല കെട്ടേണ്ടത് , സ്റ്റാറ്റസ്സിനും കുടുംബമഹിമക്കും പറ്റുന്നയായാളോടൊത്തു വേണം പിന്നീടുള്ള കാലം മുഴുവൻ ജീവിച്ചു തീർക്കുവാൻ . അവിടം കൊണ്ട് തീരുന്നുണ്ടോ ? നറുക്കിൽ ലഭിക്കുന്ന ജീവിത പങ്കാളിയുടെ ഇഷ്ടത്തിനൊത്താവും പിന്നീടുള്ള വേഷപ്പകർച്ചകൾ . “”’

എബി വെള്ളച്ചാട്ടത്തിലേക്ക് നോക്കി വെറുതെ നിന്നതേയുള്ളൂ . .തന്റെ ഒരു നോട്ടം കൊണ്ടവരുടെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ പുറത്തേക്കൊഴുകു മോയെന്നവൻ ഭയപ്പെട്ടു

“”’ . നമ്മളെ മനസ്സിലാക്കാൻ പറ്റുന്നൊരാൾ അല്ലെങ്കിൽ പിന്നെ തുടങ്ങുകയായി അവളുടെ യാതന , വിദ്യാഭ്യാസത്തിലോ സൗന്ദര്യത്തിലോ സാമ്പത്തികത്തിലോ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ തീർന്നു , അല്പമൊരു അപകർഷതാ ബോധം ഉള്ള ആൾ ആണേൽ പറയുകയും വേണ്ട . എത്ര വിദ്യാഭ്യാസം ഉള്ളവളാണ് ഭാര്യയെങ്കിലും ഒരു ജോലിക്ക് പോകാൻ അനുവദിക്കില്ല ,അൽപം പൌഡർ ഇട്ടാൽ , പൊട്ടുകുത്തിയാൽ , നല്ലൊരു സാരിയുടുത്താൽ ആരെ കാണിക്കാനാണീ ഒരുക്കം എന്ന് തുടങ്ങി കൂട്ടിലടച്ചിട്ട ഒരു പക്ഷിയെ പോലെ .””

ശ്രീദേവി ടീച്ചറിന്റെ മുഖത്ത് നിസ്സംഗതാ ഭാവമായിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ഒട്ടും തുളുമ്പിയില്ല

‘”‘ടീച്ചറെ ..വീട്ടിൽ ..വീട്ടിലെന്തെലും പ്രോബ്ളമുണ്ടോ ?””

ചാറ്റിലൊന്നും ഒരിക്കൽ പോലും കുടുംബത്തെ പറ്റി സംസാരിച്ചിരുന്നില്ലായെന്നത് കൊണ്ടാണ് എബി അങ്ങനെ ചോദിച്ചത് .

“‘ഹേയ് .. എനിക്ക് എന്ത് പ്രശ്‌നം എന്റെ കാര്യമല്ലടാ മണ്ടൂ .. ഞാൻ പൊതുവെ പറഞ്ഞതാ . പണ്ടത്തെ എഴുത്തൊക്കെ ഓർമയിൽ വന്നു . “”’

” കള ടീച്ചറെ ..ഒട്ടുമുക്കാൽ പേരും ഇങ്ങനൊക്കെയാണ് . ഒരുതരം അഡ്ജസ്റ്റ്‌മെന്റ് ജീവിതം . പുറമെ സന്തോഷവാന്മാർ ആണെന്ന് കരുതുന്നവരുടെ ജീവിതം എല്ലാം തികഞ്ഞത് ആണെന്ന് ടീച്ചർ കരുതുന്നുണ്ടോ ? അടുത്തറിഞ്ഞാലേ നമ്മളെക്കാൾ വിഷമിക്കുന്നവരുണ്ടെന്ന് അറിയാൻ പറ്റൂ . അപ്പോഴാണ് നമ്മുടെ കഷ്ടപ്പാടും വേദനയുമൊക്കെ ഒന്നുമല്ലന്നറിയുന്നത് “””’

“‘നിനക്കെന്തിന്റെ കേടാണെടാ എബി . സർക്കാരുദ്യോഗസ്ഥയായ ഭാര്യ , പൊന്നുംകുടം പോലത്തെ ഒരാൺകുട്ടി . പിന്നെ കൃഷിയും മറ്റും ചെയ്തുകിട്ടുന്ന നിന്റെ വരുമാനം “”

”ഹഹഹ …ഹമ് …”” എബി പൊട്ടിച്ചിരിച്ചു .അവന്റെ കണ്ണുകളിൽ പുച്ഛ ഭാവമായിരുന്നു .

“‘എന്താടാ … പ്രശ്നം വല്ലതുമുണ്ടോ ?”’

“‘ഹേയ് ..എനിക്കെന്ത് പ്രശ്നം …പോകാം നമുക്ക് .ടീച്ചർ ഫ്രണ്ടിനെ വിളിച്ചുപറയ് താമസിയാതേ എത്തുമെന്ന് “‘

”ഹ്മ്മ് ..നല്ല തണുപ്പ് അല്ലേടാ … നമുക്ക് മൂന്നാറിന് വിട്ടാലോ “”

“‘മൂന്നാറിനോ ..അപ്പൊ കല്യാണത്തിന് പോകണ്ടേ ?”’

“‘ അത് കുഴപ്പമില്ല . നാളെയല്ലേ കല്യാണം . നമുക്കിന്ന് മൂന്നാർ സ്റ്റേ ചെയ്യാം . പത്തിൽ പഠിക്കുമ്പോൾ വൺ ഡേ ടൂറ് വന്നതാണ് മൂന്നാർ . “”

“”‘എന്റെ കൂടെ വരുന്നേന് ടീച്ചറിന് ബുദ്ധിമുട്ടില്ലെങ്കിൽ പോകാം “” എബിക്ക് അവരുടെ മുഖത്തെ പുഞ്ചിരി തിരികെ വന്നത് കണ്ടിട്ട് നിരസിക്കാനായില്ല .

”നിന്റെ കൂടെ വരുന്നേനു ബുദ്ധിമുട്ടുണ്ടായിരുന്നേൽ ഞാൻ നിന്നെ വിളിക്കു മായിരുന്നോ മണ്ടൂ “”

മണ്ടൂ !!! വീണ്ടുമാ വാക്ക് കേട്ടതും എബിയുടെ നെഞ്ചിൽ ഒരു പിടുത്തം ശാരിക വിളിക്കുന്നത് പോലെ ,

“‘എന്നടാ എബി …””‘ ശ്രീദേവി ബാക്ക്പാക്കെടുത്തു തോളിൽ തൂക്കി .

“”‘ഹേയ് ഒന്നുമില്ല ..മണ്ടൂന്ന് കേട്ടപ്പോൾ “”‘

“‘ഓ …അതാണോ പ്രശ്നം …സോറി ..ആ വാക്ക് ഞാൻ തിരിച്ചെടുത്തിരിക്കുന്നു . ഹഹ “”

“‘ഹേയ് അതല്ല ടീച്ചറെ . എന്റെയൊരു ഫ്രണ്ട് വിളിക്കുന്നത് പോലെ . അത് കേട്ടപ്പോൾ അവളെ ഓർമ വന്നു .”‘

”എന്താടാ ഗേൾ ഫ്രണ്ട് വല്ലതുമാണോ .എന്നതാ സംഭവം പറയ് “” ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ ശ്രീദേവി ടീച്ചർ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു .

”’ ആ .ഗേൾ ഫ്രണ്ടാണ് . ആളിനെയിപ്പോ കാണാനില്ല .അത്കൊണ്ടൊരു വിഷമം “”

”സോഷ്യൽ മീഡിയ വഴി ആണോടാ . എന്നാൽ അധികമൊന്നും വിശ്വസിക്കരുത് .ആണായാലും പെണ്ണായാലും പൈസ തട്ടിപ്പോ അങ്ങനെയൊക്കെ പല വിധത്തിൽ പറ്റിക്കപ്പെടാം “‘

”സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത് ആണ് ടീച്ചറെ . പക്ഷെ അവരങ്ങനെ യുള്ള ഒരാളല്ല . ചില പ്രത്യേക സമയങ്ങളിൽ നമുക്കൊരു താങ്ങിന്റെ ആവശ്യമുണ്ടാകും . ആ താങ്ങില്ലായിരുന്നേൽ ഒരുപക്ഷെ നമ്മൾ … ആ സമയത്ത് ദൈവം ഒരു കച്ചിത്തുരുമ്പ് തരും . അതുപോലെയായിരുന്നു എനിക്ക് ശാരിക “”

“‘എബി … നീ ഇമോഷണൽ ആകുവാണോ . “‘

“”ഹേയ് ഇല്ല ടീച്ചറെ . കുറച്ചായി അവരെ കണ്ടിട്ട് . “”

”അവർ ആരാണ് ? എന്ത് ജോലിയാണ് ?””

”അതിനെക്കുറിച്ചൊക്കെ പിന്നെ പറയാം ടീച്ചറെ …അടിമാലിയെത്തി . നിർത്തണോ ? എന്തേലും വാങ്ങാൻ ?”’

“‘ ഹേയ് ഇല്ലടാ … ””

“‘എന്നാ സീനറിയാ . ഇരുൾ വീണു അല്ലെങ്കിൽ രണ്ടുമൂന്ന് ഫോട്ടോസ് എടുക്കാമായിരുന്നു . “”

”അതിനെന്നാ ടീച്ചറെ …ഫ്ലാഷ് ഉണ്ടല്ലോ “‘എബി തേയിലത്തോട്ടത്തിന് സമീപം നിർത്തി .

“”’ഡാ എഫ് ബിയിൽ ഒന്നും ഇട്ടേക്കരുത് കേട്ടോ നീ . “”

”ടീച്ചറെ … വീട്ടിൽ എന്തേലും പ്രശ്നമുണ്ടോ ?”’ ഫോണിൽ ഫോട്ടോസ് പകർത്തിക്കൊണ്ട് എബി ചോദിച്ചു .

“‘ഹേയ് …നമ്മള് അടിമാലിക്ക് ആണെന്നല്ലേ പറഞ്ഞെ ..അതോണ്ടാ ..ഡാ …ഞാനിനി ബൈക്ക് ഓടിക്കട്ടെ ?”’

”ടീച്ചറെ ..ടീച്ചറോ .. ബൈക്ക് ഓടിക്കാൻ അറിയാമോ .. ബുള്ളറ്റാണ് “”

”കോളേജിൽ പഠിക്കുന്ന സമയം ഓടിച്ചിട്ടുണ്ട് . അതറിഞ്ഞപ്പോ വീട്ടിൽ തല്ല് കിട്ടി . ഒന്നോടിച്ചു നോക്കട്ടെ . വീണാലും നീയുണ്ടല്ലോ “” ശ്രീദേവിടീച്ചർ ബുള്ളറ്റിൽ കയറിയിരുന്നു കിക്കർ അടിച്ചു .

”ആഹാ ..അപ്പൊ എന്നെ ഉരുട്ടിയിടാൻ ആണല്ലേ പ്ലാൻ “” എബി പുറകിൽ കയറിയിരുന്നു കമ്പിയിൽ പിടിച്ചു പുറകോട്ട് നീങ്ങിയിരുന്നു .

“‘ഹമ്മേ …””

”ഹഹ …ആദ്യമായൊണ്ടാടാ . നീയെന്റെ തോളിലോ വയറിലോ പിടിച്ചോ . നീയെന്റെ ഫ്രണ്ടല്ലേ . “” ഗിയർ ഇട്ട് ബുള്ളറ്റ് മുന്നോട്ടു കുതിച്ചപ്പോൾ എബി മുഞ്ഞുകുത്തിയപ്പോൾ ശ്രീദേവി പറഞ്ഞു .

“‘ഹേയ് ..ഞാൻ പിന്നെ ”’ എബി ടീച്ചറുടെ തോളിൽ കൈവെച്ചു

തേയിലത്തോട്ടത്തിന് നടുവിലൂടെ ബുള്ളറ്റോടിക്കുമ്പോൾ ശ്രീദേവി അതീവ സന്തോഷത്തിലായിരുന്നു. ഉറക്കെയുള്ള കളിചിരി വർത്തമാനങ്ങൾക്കൊടുവിൽ മൂന്നാറിലെത്തിയതവർ അറിഞ്ഞില്ല .

“‘ടീച്ചറെ … രണ്ട് റൂമില്ല ഇവിടെയും .. “” എബി റിസപ്‌ഷനിലെ പെൺകുട്ടിയോട് സംസാരിച്ചിട്ട് ലോബിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുന്ന ശ്രീദേവിടീച്ചറുടെ അടുത്തെത്തി പറഞ്ഞു .

“‘അത് കൊള്ളാം . കഴിഞ്ഞ രണ്ട് ഹോട്ടലിലും നീ രണ്ട് മുറിയാണോ ചോദിച്ചേ ?”’

“‘അത് പിന്നെ ..ടീച്ചറെ ..ഞാൻ “‘എബി തല ചൊറിഞ്ഞു .

“‘ഈ അറിയാൻ പാടില്ലാത്ത സ്ഥലത്ത് വന്നിട്ടെന്നെ ഒറ്റക്ക് കിടത്താൻ നോക്കി യല്ലോടാ മഹാപാപീ .നീ വല്ല സ്യൂട്ടോ കോട്ടേജോ നോക്ക് . . പൈസയില്ലങ്കിൽ പറയ് ഞാൻ തരാം “‘ ശ്രീദേവി ബാക്ക് പാക്കിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ കുറച്ചുനോട്ടുകൾ എടുത്തവന്റെ കയ്യിൽ കൊടുത്തു . എബി നിരസിച്ചെങ്കിലും അവരത് ബലമായി അവന്റെ കയ്യിലേൽപ്പിച്ചു .

“” ടീച്ചറെ ബാലൻസ് . അഡ്വാൻസിന്റെ ബാക്കി വെക്കേറ്റ് ചെയ്യുമ്പോൾ കിട്ടും`” റൂമിലേക്ക് കയറിയപ്പോൾ എബി ശ്രീദേവിയുടെ നേർക്ക് ബാക്കിയുണ്ടായിരുന്ന പൈസ നീട്ടി .

“” എനിക്കെന്തിനാടാ പൈസ . നീ വെച്ചോ “” ശ്രീദേവി ബാഗിൽ നിന്ന് ഡ്രെസ്സും ടർക്കിയുമെടുത്തുകൊണ്ട് പറഞ്ഞു .

“‘ ഇന്ന് മാല പണയം വെച്ച് വാങ്ങിയ പൈസ അല്ലെ . മാല തിരിച്ചെടുക്കാൻ ഉപകരിക്കും “”

“” പണ… യ മോ ..ഏഹ്?”ശ്രീദേവി ഞെട്ടലോടെ അവന്റെ നേരെ തിരിഞ്ഞു .

എബി നീട്ടിയ പൈസയുടെ ഒപ്പം പണയം വെച്ചതിന്റെ റെസീപ്റ്റ് കണ്ടതും അവളുടെ മുഖം കടലാസ് പോലെ വിളറി

”അഹ് .. ഓഹ് അതോ . കല്യാണത്തിന് വിളിച്ച കൂട്ടുകാരിയില്ലേടാ .അവൾടെയാ മാല . കല്യാണം വിളിക്കാൻ വന്നപ്പോ എന്റെ പുതിയ മാലയും വളയുമൊക്കെ ഇട്ടോണ്ട് പോയി .ഇന്നലെ വിളിച്ച് ആ മാല പണയം വെച്ച് കാശ് കൊടുക്കാൻ പറഞ്ഞു . എന്തോ അത്യാവശ്യമുണ്ട് പോലും . ആ ..അത് വിട് . ഞാനുണ്ടെന്ന് കരുതി നിന്റെ ശീലങ്ങളൊന്നും മുടക്കേണ്ട . വല്ല ബി യറോ മറ്റോ അടിക്കുന്നുണ്ടേൽ പോയി അടിച്ചോ “”‘

“‘അങ്ങനൊന്നുമുള്ള ശീലങ്ങളൊന്നുമില്ല ടീച്ചറെ . കഴിക്കുമോന്ന് ചോദിച്ചാൽ കഴിക്കും . വല്ലപ്പോഴും വല്ല ഫങ്ക്ഷനും മറ്റും . അല്ലാതെ കഴിക്കാൻ കയ്യിൽ കാശുവേണ്ടേ ?”’

“‘നീയിങ്ങനെ പിശുക്കരുത് കേട്ടോ ആഹ് ..പോയി വി സ്കിയോ ബ്രാ ണ്ടിയോ എന്താണെന്ന് വെച്ചാൽ കഴിച്ചിട്ട് വാ . ഞാനന്നേരത്തക്ക് ഒന്ന് കുളിക്കട്ടെ …അല്ലേൽ വേണ്ട . നീ വാങ്ങീട്ട് വാ . ഇവിടിരുന്നു വല്ലതും സംസാരിച്ചോണ്ട് കഴിക്കാം . അല്ലേൽ ഞാൻ തനിച്ചിരുന്നു ബോറടിക്കും “”

“‘ ടീച്ചറെ …അകത്തു കേറൂ .നല്ല മഞ്ഞും തണുപ്പുമുണ്ട് . പനിയും ജലദോഷവും പിടിക്കും . “‘ നാലാം നിലയിലെ തങ്ങളുടെ സ്യൂട്ടിന്റെ ബാൽക്കണിയിൽ നിൽക്കുന്ന ശ്രീദേവിടീച്ചറുടെ അടുത്തേക്കവൻ ചെന്നു

“‘ പിടിക്കട്ടെ . ഇവിടെവന്നത് റൂമിലടച്ചിരിക്കാനാണോടാ . നോക്ക് നീ എന്ത് സുന്ദരമാണീ സ്ഥലമെന്ന് . ഒരു നൂലറ്റ പട്ടമായിരുന്നെങ്കിൽ ഈ ലോകത്തിന്റെ എല്ലാ കോണിലും പറന്നു നടന്നു കാഴ്ചകൾ കാണാമായിരുന്നു . “”

“‘അത് വല്ലാത്ത ആഗ്രഹമായി പോയല്ലോ ടീച്ചറെ …ഹമ്മ് ….ആ !! .രണ്ടാമത്തെ പെഗ്ഗും തീർത്തല്ലോ ..അതാ വേണ്ടാത്ത ചിന്തയൊക്കെ . നൂലറ്റ പട്ടമോ ? അതിലും നല്ലത് വല്ല പരുന്തോ കഴുകനോ ആവണമെന്നല്ലായിരുന്നോ ? .”’

“‘ പട്ടം അല്ലേടാ നമ്മളൊക്കെ . ചുറ്റുമുള്ളവരുടെ കയ്യിൽ ബന്ധിക്കപ്പെട്ട നൂലിന്റെ അറ്റത്ത് ബന്ധിക്കപ്പെട്ട പട്ടങ്ങൾ അല്ലെ നമ്മൾ മനുഷ്യജന്മങ്ങൾ . പൊട്ടിച്ചെറിയണമെന്നാഗ്രഹം ഉണ്ടാകും . പക്ഷെ മക്കൾ , മാതാപിതാക്കൾ എന്നിങ്ങനെയുള്ള ബന്ധനങ്ങൾ കൊണ്ട് പൂട്ടിയിട്ടിരിക്കയല്ലേ നമ്മളെ “”
എബിയൊന്നും മിണ്ടിയില്ല .

“” ഈ നൂറ്റാണ്ടിലും ഞങ്ങൾ മിക്ക സ്ത്രീകളുടെയും ലോകം അടുക്കളയല്ലേ . പഠിച്ചതായാലും പഠിക്കാത്തവൾ ആയാലും അവളുടെ കാര്യം പുരുഷൻ തീരുമാനിക്കും .അവൾ ഏതിടണമെന്ന് , എങ്ങോട്ട് പോകണമെന്ന് , എന്ത് കഴിക്കണമെന്ന് വരെ അവന്റെ ഇഷ്ടത്തിനനുസരിച്ചാവും . അവൾക്കായി ആഗ്രഹങ്ങളുണ്ടാവില്ല , ഒന്ന് ചിരിക്കണെമെങ്കിൽ കരയണമെങ്കിൽ വരെ അവന്റെ അനുവാദം വേണം…ചിലപ്പോൾ തോന്നും ചിറകറ്റ പക്ഷിയെപോലുള്ള ഈ ജീവിതത്തേക്കാൾ നല്ലത് മ രണമാണെന്ന് “” “

””‘ടീ ച്ച …റേ “”’ പുറത്തേക്ക് നോക്കി ബാൽക്കണിയുടെ കൈവരിയിൽ കൈകുത്തിക്കിതക്കുന്ന ശ്രീദേവിടീച്ചറുടെ തോളിലവൻ കൈ വെച്ചു

“‘ പട്ടമല്ല ടീച്ചറെ ..എന്റെ ടീച്ചർ അടുത്ത ജന്മത്തിൽ ഒരു ചിത്രശലഭമായി ജനിക്കും . ഉറപ്പാ … ഈ ജന്മത്തിലെ മാലാഖാമാരാ അടുത്ത ജന്മത്തിൽ ചിത്രശലഭങ്ങളായി ജനിക്കുന്നതെന്ന് പണ്ടമ്മ പറഞ്ഞു കേട്ടിട്ടുണ്ട് “”‘ എബിക്ക് അവളെ എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണെമെന്ന് അറിയില്ലായിരുന്നു .

എന്തായാലും അവനൊരു കാര്യമുറപ്പായിരുന്നു .അവൾ കടുത്ത മനസിക സംഘർഷത്തിൽ ആണെന്ന് .

“‘എനിക്ക് ..എനിക്കൊരുമ്മ തരാമോടാ ?””

””ടീ…ച്ച…റെ …!!!!””‘ പൊടുന്നനെ തന്റെ നേർക്ക് തിരിഞ്ഞു മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ശ്രീദേവി ചോദിച്ചപ്പോൾ എബി ഞെട്ടലോടെ അവരെ നോക്കി .

“‘എന്റെയീ ശരീര സൗന്ദര്യം കണ്ടിട്ടല്ലാതെ , വെറുമൊരു പെണ്ണുടലായി കണ്ട് തന്റെ കാ മം തീർക്കാനല്ലാതെ ഒരു ഗേൾ ഫ്രണ്ടായോ ഭാര്യയായോ കണ്ടെനിക്കൊരു …ഒരുമ്മ തരാമോ ..പ്ലീസ് “” ശ്രീദേവിയുടെ ചുണ്ടുകൾ വിറയാർന്നു .

എബി അവളുടെ ഒന്നുമോർക്കാതെ അവളുടെ തോളിൽ കൈവെച്ചു . അവന്റെ മുഖം അടുത്തേക്കവരുന്നതറിഞ്ഞവൾ കണ്ണുകളടച്ചു .

“‘ ടീച്ചറേ ..ഗുഡ് മോർണിംഗ്‌ . ചായ കുടിച്ചിട്ട് പെട്ടന്ന് റെഡിയാവ് . നമുക്ക് കല്യാണത്തിന് പോകണ്ടേ ?”’

“‘ഏഹ് …ഗുഡ് മോർണിംഗ് എബി “‘ ബ്ലാങ്കറ്റ് കൊണ്ട് മൂടിപ്പുതച്ചു ബെഡിൽ ചാരിയിരുന്നുകൊണ്ട് ശ്രീദേവി എബി നീട്ടിയ ചായക്കപ്പ് വാങ്ങി .

“‘ ഇന്നാ . ഇന്നലെ ടീച്ചറ് നല്ല പൂസായിരുന്നു . വല്ലതുമോർമയുണ്ടോ . ” എബി ചിതറിക്കിടക്കുന്ന അവളുടെ ഡ്രസ്സ് പെറുക്കിയെടുത്തുനീട്ടി .

“‘പോടാ ഒന്ന് ..എനിക്ക് പൂസൊന്നുമില്ലായിരുന്നു . നീ എഴുന്നേറ്റപ്പോ എന്താ വിളിക്കാത്തത് “”‘ ശ്രീദേവി ചായ ഗ്ലാസ് ടീപ്പോയിൽ വെച്ചിട്ട് ഡ്രെസ് കൊണ്ട് തന്റെ നഗ്‌നത മറച്ചെഴുന്നേറ്റ് , എബിയുടെ അടുത്തുവന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു

“‘ടീച്ചറെ ..”” അവൻ അത്ഭുതത്തോടെ അവളെ നോക്കി .

“‘താങ്ക്സ് .. ഒരു ദിവസം എങ്കിലും എന്നെ സ്നേഹിച്ചതിന് , താലോലിച്ചതിന് , ഒരു പെണ്ണാക്കിയതിന് “” അവൾ ബാത്റൂമിലേക്ക് കയറിയപ്പോഴും എബി അതേ സ്തംഭനാവസ്ഥയിൽ ആയിരുന്നു .

“”’കല്യാണത്തിന് ചുരിദാർ ആണോ , സാരിയില്ലേ ടീച്ചറെ ?”’

കണ്ണാടിക്ക് മുന്നിൽ മുടി ചീകുന്ന ശ്രീദേവി ടീച്ചറുടെ ചുരിദാറിന്റെ പുറകിലെ സിബ് ഇട്ടുകൊണ്ട് എബി ചോദിച്ചു .

“‘അതിനാരാ കല്യാണത്തിന് പോകുന്നെ . നമുക്ക് മൂന്നാറോക്കെ ഒന്ന് കറങ്ങാടാ . ഒരു ദിവസം കൂടി നിന്റെ ഒപ്പം എല്ലാം മറന്ന് . ഇനിയിതുപോലൊരു യാത്ര ഉണ്ടാവുമോന്നറിയില്ലല്ലോ . അതിനുള്ള ആയുസ് ദൈവം ….”””’

“‘ടീച്ചറെ …”‘എബി അവളുടെ വായ് മൂടി

“‘ഹേയ് . ഞാനായിട്ടൊന്നും ചെയ്യില്ലടാ . അതിനുള്ള ധൈര്യമുണ്ടായിരുന്നേൽ എന്നേ …”” ശ്രീദേവി അവന്റെ കയ്യെടുത്തു കവിളിൽ ചേർത്തു

”” സാറെ …എന്താ പേപ്പറും കയ്യിൽ പിടിച്ചിരുന്നു സ്വപ്നം കാണുന്നെ ?””

“‘ഏഹ് ..ഒന്നും ..ഒന്നുമില്ല ചേച്ചീ . പണി തീർന്നോ ?. നിൽക്ക് ഞാൻ പൈസയെടുത്തോണ്ട് വരാം.”” എബി കയ്യിലിരുന്ന പേപ്പറിലെ ശ്രീദേവി ടീച്ചറുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് ഒന്ന് കൂടി നോക്കി .

“‘ഏഴാം ചരമദിനം . ശ്രീദേവി രാജേഷ് “”

നിറഞ്ഞ കണ്ണുകൾ തുടച്ചിട്ടവൻ പത്രം ടീപ്പോയിൽ വെച്ചിട്ട് അകത്തേക്ക് നടന്നു

“‘ചേച്ചീ ഇതാ പൈസ …ഏഹ് എന്താ ചേച്ചീ കരയുന്നെ ?”’ അന്നത്തെ പണിക്കുള്ള പൈസയുമെടുത്തുകൊണ്ട് വന്ന എബി കണ്ടത് പത്രവും നോക്കി കണ്ണുകൾ നിറഞ്ഞ് നിൽക്കുന്ന , പുതുതായി ജോലിക്ക് വന്ന ആ സ്ത്രീയെ ആണ്

“‘ഈ ശ്രീദേവി കുഞ്ഞിന്റെ വീട്ടിലായിരുന്നു മോനെ ഞാൻ അവസാനം പണിക്ക് നിന്നത് ..പാവം . ആ .. ഒരുകണക്കിന് മരിച്ചത് നന്നായി . അത്രേം കുറച്ച് അനുഭവിച്ചാൽ മതിയല്ലോ . “”” പൈസയെടുത്തുകൊണ്ട് വന്ന എബിയെ നോക്കി അവർ കണ്ണുകൾ തുടച്ചു .

”ഏഹ് ..അതെന്നാ ..അതെന്നാ അങ്ങനെ പറഞ്ഞെ “” നെഞ്ചിലൊരാന്തലോടെ എബി അവരെ നോക്കി .

“‘ പൂട്ടിയിട്ടിട്ടാ സാറെ അവരുടെ കെട്യോൻ ഓഫീസിൽ പോകുന്നെ . വഴക്ക് പേടിച്ചു മക്കളുമൊന്നും മിണ്ടില്ല . ഫോണൊക്കെ ആ കുഞ്ഞ് അയാള് കാണാതെ ഒളിപ്പിച്ചു വെച്ചാ ഉപയോഗിച്ചോണ്ടിരുന്നേ , ഇന്നാളൊരെണ്ണം കണ്ടുപിടിച്ചപ്പോ എടുത്തു പൊട്ടിച്ചും കളഞ്ഞു. . ഞാൻ ചെന്ന് കഴിയുമ്പോഴാ അവരക്കൊരാശ്വാസം ഉണ്ടായിരുന്നത് . “‘ അവർ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞിട്ട് എബിയുടെ അടുത്തേക്ക് വന്നു .

“‘ഗേറ്റിന്റേം വാതിലിന്റേം താക്കോലെന്റെ കയ്യിൽ ഉണ്ടാരുന്നു . ഉള്ളിൽ കേറിക്കഴിഞ്ഞാൽ വാതില് പൂട്ടണോന്നും ഒരു കാരണവശാലും അവരെ പുറത്തിറക്കരുതെന്നും അങ്ങേര് പറഞ്ഞിരുന്നു . എന്നാലും ഞാൻ അങ്ങനൊന്നും ചെയ്തില്ല .അവിടെ നടക്കുന്നതൊന്നും പുറത്തറിയ രുതെന്നങ്ങേര് പറഞ്ഞിട്ടാ എന്നെ പണിക്ക് നിർത്തിയെ .അതിന് കൂടുതൽ പൈസേം തന്നിരുന്നു . എന്റെ പിള്ളേരെ ഓർത്താ സാറെ ഞാൻ ആ കുഞ്ഞിന്റെ കണ്ണുനീരും കണ്ടവിടെ നിന്നത് ..അല്ലെങ്കിൽ എപ്പോഴേ കളഞ്ഞിട്ട് പോയേനെ “‘

””’സാറിനറിയുമോ …എന്നെ അവിടെ നിന്ന് പറഞ്ഞയച്ചതാ . ഇന്നാളൊരൂസം ശ്രീദേവിക്കുഞ്ഞിന് ഹോസ്പിറ്റലിൽ പോണോന്ന് പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു . കൂടെ ചെല്ലാൻ ഒരുങ്ങിയപ്പോ കുഞ്ഞ് സമ്മതിച്ചില്ല . പെട്ടന്ന് പോയിട്ട് വരാന്നു പറഞ്ഞു . ഞാനും ഒന്നുമോർക്കാതെ അതിന് സമ്മതിച്ചു . പക്ഷെ ശ്രീദേവി കുഞ്ഞ് അന്ന് വന്നില്ല . അയാളെന്നെ അടിച്ചില്ല എന്നെ ഉള്ളൂ .””’ ..

ആ സ്ത്രീ പിന്നീടെന്തോക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും എബിയതൊന്നും കേട്ടില്ല .മുറ്റത്തെ മാവിലെ വലിയ ചിലന്തിവലയിൽ കിടന്നു പിടയുന്ന ചിത്രശലഭത്തിലായിരുന്നു അവന്റെ കണ്ണ് . തന്റെ കണ്മുന്നിൽ ആ ചിത്രശലഭം ചിലന്തിയുടെ ആഹാരമായത് കണ്ട് , കോടാലിയെടുത്തു മാവിനടുത്തേക്ക് നടന്ന എബിയുടെ കണ്ണുകളിൽ ആരോടൊക്കെയോ ഉള്ള പകയുണ്ടായിരുന്നു , ഒപ്പം നിസ്സഹായതയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *