ഈ നിമിഷം മുതൽ നീ കൂടെ ഇനിയുണ്ടാവില്ല എന്ന് ഓർക്കുന്നതിനേക്കാൾ വേദനയില്ല എന്റെ തലയിൽ തുന്നിക്കെട്ടിയ പതിനെട്ട് സ്റ്റിച്ചിന്…..

ഡിവോഴ്സ്

Story written by Shaan Kabeer

“അപ്പൊ നമ്മുടെ ആറ് വർഷത്തെ വിവാഹ ബന്ധം രണ്ട് ഒപ്പിൽ അവസാനിച്ചു അല്ലേ…? ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ഹസീ…? നീ വേറെ കല്യാണം കഴിക്കോ…? എന്റെ സ്ഥാനത്ത് മറ്റൊരുവനെ…”

ഷാനിന്റെ വാക്കുകൾ മുറിഞ്ഞു. ഡിവോഴ്സ് ലെറ്ററിൽ ഒപ്പുവെച്ച് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ കൈകൊണ്ട് തുടച്ചുമാറ്റി മുഖത്ത് ചിരി വിരിയിക്കാൻ ഷാൻ കബീർ പാടു പെട്ടു. ഹസി അവനെ നോക്കി

“എനിക്കിനിയും വയ്യ ഇക്കാ, നമ്മൾ തമ്മിൽ ഒരിക്കലും ചേരില്ല”

ഷാൻ തന്റെ തലയിലെ മുറിവിൽ മെല്ലെ തൊട്ടു. ഹസി ഷാനിനെ നോക്കി

“വേദനയുണ്ടോ ഇക്കാ…? എത്ര സ്റ്റിച്ചുണ്ട്…?”

ഷാൻ ഹസിയെ നോക്കി പുഞ്ചിരിച്ചു

“ഈ നിമിഷം മുതൽ നീ കൂടെ ഇനിയുണ്ടാവില്ല എന്ന് ഓർക്കുന്നതിനേക്കാൾ വേദനയില്ല എന്റെ തലയിൽ തുന്നിക്കെട്ടിയ പതിനെട്ട് സ്റ്റിച്ചിന്”

ഹസി ഷാനിന്റെ കണ്ണിലേക്ക് നോക്കി

“ഇനി മുതൽ ഇങ്ങളെ നോക്കാൻ കൂടെ ഞാനുണ്ടാവില്ല. നന്നായി ശ്രദ്ധിക്കണം…”

ഷാൻ ഒന്നും മിണ്ടിയില്ല. കുറച്ച് സമയത്തെ മൗനത്തിന് ശേഷം രണ്ടുപേരും കോടതിയിൽ നിന്നും ഇറങ്ങാനൊരുങ്ങി. പെട്ടെന്നാണ് മഴ തകർത്ത് പെയ്തത്. ഷാൻ കുട നിവർത്തി ഹസിയെ നോക്കി. മടിച്ച് മടിച്ച് അവൾ ഷാനിന്റെ കുടക്കീഴിൽ പോയി നിന്നു. ഒന്നും മിണ്ടാതെ അവർ മുന്നോട്ട് നടന്നു. പെട്ടെന്ന് ഹസിയുടെ ആങ്ങളയുടെ കാർ വന്ന് അവരുടെ മുന്നിൽ വന്നുനിന്നു. ആങ്ങള ഷാനിനെ നോക്കി കണ്ണുരുട്ടി ഹസിയോട് കാറിൽ കയറാൻ പറഞ്ഞു. അവൾ കാറിൽ കയറി ഷാനിനെ നോക്കി ഡോർ അടച്ചു. കാർ മുന്നോട്ട് പോയി. ഷാനിന്റെ കയ്യിൽ നിന്നും കുട മെല്ലെ പറന്നുപോയി. അവൻ മഴയും കൊണ്ട് മുന്നോട്ട് നടന്നു. ഷാൻ അപ്പോൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സ് മുഴുവൻ ഹസിയോടൊപ്പം ജീവിച്ച ആ സുന്ദര നിമിഷങ്ങളായിരുന്നു.

മഴ നനഞ്ഞ് ഷാൻ പോവുന്നത് കണ്ട് ആളുകൾ ശ്രദ്ധിച്ചു. പക്ഷേ, അവന്റെ മസ്സിൽ ഹസി മാത്രമായിരുന്നു. മഴയിൽ ഷാനിന്റെ കണ്ണീർ മുങ്ങി. അവൻ മനസ്സിൽ സംസാരിച്ച് കൊണ്ട് മുന്നോട്ട് നടന്നു.

“ഞാൻ എന്ത്‌ തെറ്റ് ചെയ്തിട്ടാണ് ഹസീ നീ എന്നെ വേണ്ടാന്ന് വെച്ചത്…? ജീവനുതുല്യം ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ…? നിനക്ക് ഉടുക്കാൻ വസ്ത്രങ്ങളും കഴിക്കാൻ ഷവർമയും ഞാൻ വാങ്ങിച്ച് തരാറുണ്ടായിരുന്നില്ലേ…? നിന്റെ ഓർമകളുള്ള നമ്മുടെ വീട്ടിൽ ഞാൻ ഒറ്റക്ക് എങ്ങനെ ജീവിക്കും…? എനിക്ക് ഭ്രാന്ത് പിടിക്കില്ലേ…? ഫേസ്ബുക്കിലെ കാമുകിമാർ മെസ്സേജ് അയക്കുമ്പോൾ ബാത്‌റൂമിൽ കയറി ഒളിച്ചിരുന്ന് ചാറ്റേണ്ട ആവശ്യം ഇനിയില്ലല്ലോ എന്നോർ ക്കുമ്പോൾ… അയ്യോ… എനിക്ക് ഓർക്കാൻ കൂടെ വയ്യ… എന്റെ കാമുകിമാരോടൊക്കെ നിന്നെക്കുറിച്ച് ഒരുപാട് കുറ്റങ്ങൾ പറഞ്ഞ ഞാൻ ഇനി അവരോട് എന്ത്‌ പറയും… അയ്യോ… സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് എന്റെ തല കറങ്ങുന്ന പോലെ… എന്റെ പല കാമുകിമാരിൽ ഒരുവളോട് ബാത്‌റൂമിലിരുന്ന് വീഡിയോ കോൾ ചെയ്തു എന്ന ഒരു നിസാര കാര്യത്തിന് എന്റെ തലയിൽ അമ്മിക്കല്ലുകൊണ്ടടിച്ച് മുറിവേൽപ്പിച്ച് പതിനെട്ട് സ്റ്റിച്ച് ഇടീപ്പിച്ച നിന്നോട് ഞാൻ ക്ഷമിക്കാൻ തയ്യാറായില്ലേ…? ബാത്‌റൂമിന്റെ ലോക്ക് ഇടാൻ മറന്നതാണോ ഞാൻ ചെയ്ത തെറ്റ്…? നീ കാണും എന്ന് പേടിച്ചിട്ടല്ലേ ഞാൻ ബാത്‌റൂമിൽ കയറിയത്. നിനക്ക് എടുത്ത് ചാട്ടം വളരേ കൂടുതലാണ് ഹസീ… ക്ഷമിക്കാൻ പഠിക്കണം ഇനിയെങ്കിലും”

പൊട്ടിക്കരഞ്ഞുകൊണ്ട് ഷാൻ തന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ഫേസ്ബുക്ക് തുറന്ന് തന്റെ നിലവിലുള്ള പതിനെട്ട് കാമുകിമാർക്ക് കോപ്പി പേസ്റ്റ് മെസ്സേജ് അയച്ചു

“മുത്തൂസേ ഹസി എന്നെ വിട്ട് പോയി. അവൾക്ക് എന്നെ വേണ്ടത്രേ… ന്റെ മുത്ത് എപ്പോഴാ ഫ്രീ ആവാ…? ഞാനിപ്പോ വീട്ടിലെത്തും. വീഡിയോ കോൾ വാ… ആ സിൽക്ക് പോലെ തിളങ്ങുന്ന ശരീരത്തിൽ ഒട്ടി നിൽക്കുന്ന ബ്ലൂ കളർ നൈറ്റി ഇട്ടോണ്ട് വന്നാൽ മതിട്ടോ ന്റെ പോന്നുസേ”

മെസ്സേജ് അയക്കുമ്പോൾ സങ്കടം കാരണം അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു… പതിനെട്ട് പേരോടും ടൈം ടേബിൾ വെച്ച് വീഡിയോ കോൾ ചെയ്യാൻ വേണ്ടി ഷാൻ കബീർ വീട്ടിലേക്ക് വേഗത്തിൽ നടന്നു…

ഷാനിനെപ്പോലുള്ള കളങ്കമില്ലാത്ത ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പോകുന്ന ഭാര്യമാരുടെ തലയിൽ ഇടിത്തീ വീഴും… എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും ആ പാവം…

സ്പെഷ്യൽ നോട്ട്: ഈ കഥ വായിച്ച് ഷാനിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നിയവർക്ക് ആ പിഞ്ചു പൈതലിന്റെ ഇൻബോക്സിൽ പോയി സമാധാനിപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഓരോ ആശ്വാസവാക്കും ആ പാവത്തിന് ഒരു പാട് ഊർജം നൽകും. പെൺകുട്ടികൾ മാത്രം ആശ്വസിപ്പിക്കാൻ പോയാൽ മതി. ആണുങ്ങളെ കാണുന്നത് തന്നെ ഷാനിന് ദേഷ്യാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *