ഈ സന്ധ്യ സമയത്തോ? പോരാത്തതിന് നല്ല ഇടിവെട്ടും മഴയും ഉണ്ട്. എങ്ങനെ പോകും കർത്താവെ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…

ഇങ്ങനെയും ചിലർ

എഴുത്ത്: അച്ചു വിപിൻ

ഹലോ KSEB അല്ലേ?

അതെ..പറയൂ…

എത്ര നേരമായി സാറെ വിളിക്കുന്നു ഇവിടെ വെല്ലാള്ളാടിമുക്കിൽ ഉച്ച മുതൽ കറന്റ് ഇല്ല.. അവിടത്തെ ലൈൻമാൻമാരൊക്കെ ചത്തോ?ഞാൻ VKM സ്പോർട്സ് ക്ലബ് മെമ്പർ ആണ് രാത്രി ഞങ്ങൾക്ക് കളി കാണാൻ ഉള്ളതാ കറന്റ് എപ്പോ വരും….

അതിപ്പോ പറയാൻ പറ്റില്ല.. നല്ല മഴയല്ലേ ഇതൊന്നു തോരാതെ എങ്ങനാ?

അത് എനിക്കറിയണ്ട കാര്യമില്ല ഗവണ്മെന്റ് നിങ്ങക്ക് കാശ് എണ്ണി തരുന്നത് പണി എടുക്കാൻ ആണ് അല്ലാതെ വെറുതെ ഇരുന്നു സുഖിക്കാൻ അല്ല.. കളി തുടങ്ങും മുന്നേ കരണ്ടു വന്നില്ലേ ഞങ്ങൾ അങ്ങോട്ട് വരും പറഞ്ഞേക്കാം ….

ചൂടാവാതെ ചേട്ടാ ഇപ്പൊ തന്നെ ആളെ വിടാം…

എഞ്ചിനീയർ സാർ ഫോൺ കട്ട് ചെയ്ത് എന്റെ നേരെ നോക്കി…

ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ പോകാൻ ഇറങ്ങുവായിരുന്നു…ഇപ്പോൾ വന്ന ഫോൺ വിളി ആ പോക്ക് മുടക്കും എന്നെനിക്കുറപ്പായിരുന്നു…

താൻ ഒന്ന് വെള്ളാടിമുക്ക് വരെ ഒന്ന് ചെല്ലടോ അവിടെ ഉച്ച മുതൽ കറന്റ് ഇല്ല എവിടേലും ലൈൻ പൊട്ടി കിടക്കണ്ടാവും…പോകുമ്പോ ആ രാമൻ പിള്ളയെയും കൂട്ടിക്കോ…

ഈ സന്ധ്യ സമയത്തോ? പോരാത്തതിന് നല്ല ഇടിവെട്ടും മഴയും ഉണ്ട്… എങ്ങനെ പോകും കർത്താവെ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…

നീ എന്താട സണ്ണി ഈ ചിന്തിച്ചു നിക്കണത് പോയി ആ ഏണിയും കയറും ഇങ്ങെടുക്ക്…ഞാൻ തിരിഞ്ഞു നോക്കി….രാമേട്ടൻ ആണ്….

അല്ല രാമേട്ടാ മ്മളും മനുഷ്യരല്ലേ? വിളിക്കണ ആളുകൾക്ക് ഇതൊന്നു ചിന്തിച്ചൂടെ… ഈ മഴയത്തു നമ്മളെങ്ങനെ പോകും?

മ്മ് ചിന്ത..നീ ഇങ്ങനെ അതും ഇതും പറഞ്ഞു നിന്ന അവന്മാർ ഇനി നമ്മടെ തന്തക്കു വിളിക്കും..കുഴിമാടത്തിൽ എങ്കിലും അവർ സമാധാനത്തോടെ കിടക്കെട്ടെടാ ഉവ്വേ..മ്മള് ലൈൻമാൻമാര് കറന്റ് പോയ ശരിയാക്കി കൊടുക്കണം അതിപ്പോ മഴയാണോ വെയിലാണോ എന്ന് വിളിക്കണവന് അറിയണ്ട കാര്യമില്ല..അത് നമ്മടെ പണിയാണ് …ഇനി പണിക്കിടയിൽ മ്മള് ചത്താലും ഇലക്ട്രിക് ഷോക് അടിച്ച വാവലിന്റെ വില പോലും ഉണ്ടാകില്ല.. ഒന്നുമില്ലേലും ഇതൊക്കെ അറിഞ്ഞിട്ടല്ലേ നീ ഈ പണിക്കു കയറിയത് അപ്പൊ ഒക്കെ സഹിക്കണം അത്ര തന്നെ…പുതിയ ആളായ കൊണ്ട നിനക്കീ മടി അത് പയ്യേ മാറിക്കോളും… നീ വരാൻ നോക്ക്..

ജോലിക്കു കയറിയിട്ട് മാസം ഒന്നെയായുള്ളു..ഇത്രേം കഷ്ടം പിടിച്ച പണി ജീവിതത്തിൽ വേറെ ഉണ്ടോന്നു തോന്നിപ്പോയി… ആകെ ഉള്ള ഒരാശ്വാസം രാമേട്ടൻ ആണ്…

ഇതൊക്കെ തീർത്തു ഇനി എപ്പോ വീട്ടിൽ ചെല്ലാന…

നേരത്തെ ചെല്ലാം എന്ന് അവളോട് പറഞ്ഞതാണ് ഇന്നും വൈകുമെന്ന തോന്നണത്…

ഞാൻ വീട്ടിലേക്കു വിളിച്ചു …പാറു…അച്ചായനാടി.. ഞാൻ ഇന്നിച്ചിരി ലേറ്റ് ആവും… പോരാൻ നേരം ഒരു പണി വന്നു പെട്ടു..അത് പോട്ടെ അമ്മച്ചി പോയോടി…

മ്മ് പോയച്ചായ…നല്ല മിന്നൽ ഒക്കെ ഇണ്ട് സൂക്ഷിച്ചു പോണേ…

മ്മ്…നീ വാതിൽ അടച്ചിരുന്നോട്ടോ..അച്ചായൻ വരുമ്പോ വിളിക്കാം…..

ഫോൺ കട്ട് ചെയ്തു മനസ്സില്ല മനസ്സോടെ ഞാൻ രാമേട്ടന്റെ കൂടെ സ്കൂട്ടറിൽ കയറി…എല്ലാടത്തും വെള്ളക്കെട്ടാണ് കുഴിയേതാ റോഡേതാ എന്നറിയാത്ത അവസ്ഥ..എന്നാ ഒരു മഴയാ കിടന്നുറങ്ങാൻ തോന്നി പോയി…..

ഡാ സണ്ണി നിന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു പോയോ?

ഇല്ല രാമേട്ടാ അവളുടെ വീട്ടുകാർ ഇത് വരെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല …അവൾക്കിതു ആറു തുടങ്ങീതേയുള്ളു..എനിക്കാണെ ആകെ പേടിയാ ആരും ഒരു സഹായത്തിനില്ല..അമ്മച്ചിയാണേ അപ്പന്റെ ആണ്ടായ കൊണ്ടു ആലപ്പുഴയ്ക്ക് പോയി ഇനി ചാച്ചനേം പാപ്പനേം ഒക്കെ കണ്ടേച്ചും ശനിയാഴ്ച്ചയെ വരത്തൊള്ളൂ ..

അത് കൊള്ളാം..നിന്റേത് വല്ല പ്രേമ വിവാഹവുമാണോട?

മ്മ് ചെറിയ തോതിൽ അതെ….

‘ഒരൊളിച്ചോട്ടം,….

ഹ ഹ അത് കലക്കി….

അവള് ഹിന്ദുവാ..രണ്ടു വർഷം മുന്നേ എനിക്ക് കട്ടപ്പനയില് കേബിളിന്റെ പണിയാരുന്നു..അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിൽ കേബിൾ വലിക്കാൻ പോയതാ…അച്ഛനും അമ്മയും കുഞ്ഞിലേ മരിച്ചു പോയ അമ്മായിയുടെ തെറി വിളി കേട്ട് ഒരു മൂലയ്ക്ക് പതുങ്ങി നിന്ന അവളോട് ആദ്യം എനിക്ക് സഹതാപം ആയിരുന്നു ..പിന്നെ എപ്പഴോ അതിഷ്ടായി മാറി..

അവിടുന്ന് ജോലി മതിയാക്കി പോരാൻ നേരം എന്റെ കൂടെ വരുന്നോ എന്ന് ഞാൻ അവളോട് ചോദിച്ചു…പോരാമെന്നു അവളും പറഞ്ഞു ആ വീട്ടിലെ ജീവിതം അവൾക്ക് അത്രക്കും മടുത്തിരുന്നു.. അന്ന് രാത്രി ആരും അറിയാതെ ഇട്ട ഡ്രെസ്സാലെ അവളെ ഞാൻ എന്റെ വീട്ടിലേക്കു കൊണ്ട് പോയി..

അപ്പൊ നിന്റെ അമ്മച്ചി അവളെ വീട്ടിൽ കയറ്റിയോ?…

പിന്നല്ലാണ്ട്…എന്റെ ഇഷ്ടാ അമ്മച്ചീടേം….അവളേം കൊണ്ട് വീട്ടിൽ ചെന്നപ്പോ മറുത്തൊന്നും പറയാതെ അവളുടെ കയ്യിൽ ഒരു കൊന്തയും കൊടുത്തു നെറ്റിയിൽ കുരിശും വരച്ചു ഒരു ചിരിയും ചിരിച്ചു അമ്മച്ചി ഞങ്ങളെ അകത്തെക്ക്‌ വിളിച്ചു.. …

അവൾ ഹിന്ദുവായ കൊണ്ട് പിറ്റേ ദിവസം തന്നെ ഞങ്ങടെ യേശുവിന്റെ അടുത്ത് ഭിത്തിയിൽ ആണിയടിച്ചു ഒരു കൃഷ്ണനെo തൂക്കി വെക്കാനും അമ്മച്ചി മറന്നില്ല…

എല്ലാർക്കും പ്രാർത്ഥിക്കണം രൂപം പലതാണേലും ദൈവം ഒന്നാട സണ്ണിക്കുട്ടി എന്നാണ് അമ്മച്ചി അന്ന് പറഞ്ഞത്…

ഈ പെരുംമഴയത്തു വയറ്റു കണ്ണിയായ അവളെ രാത്രി ഒറ്റക്കു ഇരുത്താൻ ഒരു പേടി രാമേട്ടാ…

പേടിക്കാതെടാ ഒന്നല്ലേലും നിന്റെ വീട് ഇവിടടുത്തല്ലേ എന്തേലും ഒരാവശ്യം വന്ന പോവാലോ? നീ എന്നെ നോക്ക് ഞാൻ ഇവിടേം ശാരദേo മക്കളും അങ്ങ് തൃശ്ശൂരും..എനിക്കും ഈ പറഞ്ഞ പോലെ ഒരു സഹായത്തിനു ആരുമില്ല .. അടുത്ത മാസം ഞാൻ റിട്ടേറും ആവും പിന്നെ വീട്ടിൽ ഇരിക്കാം.. ഇത്രേം നാളത്തെ സമ്പാദ്യം എന്ന് പറയാൻ ഉള്ളത് മൂന്ന് പെങ്കുട്യോളും കുറെ കടങ്ങളും മാത്രം…ഇതിൽ പരം വേറെന്ത് വേണം..

നിങ്ങള് വിഷമിക്കാതെ രാമേട്ടാ ഒക്കെ ശരിയാവും..അല്ല മൂത്ത മോൾക്ക് കല്യാണം വല്ലോം നോക്കണ്ടോ?

മ്മ്..ആലോചനകൾ ഒക്കെ വരണ്ടു…എല്ലാർക്കും കാശ് മതി..അങ്ങനെ ഉള്ളോരേ വേണ്ടാന്ന് അവളും പറഞ്ഞു..എന്റെ കയ്യിൽ കൊടുക്കാൻ ഒന്നുമില്ലെടാ..ആകെ ഉള്ളത് കരളു നിറയെ സ്നേഹം ആണ്..അതാർക്കും വേണ്ട..അതിനു മതിപ്പില്ലല്ലോട..

അത് വിട്ടുകള… ദേ പറഞ്ഞ സ്ഥലമെത്തി…

രാമേട്ടാ പോസ്റ്റ് മറിഞ്ഞു കിടക്കുവാ.. നമ്മളെ കൊണ്ട് ഒറ്റയ്ക്ക് ഒക്കില്ല.ഒരു രണ്ടാൾ അധികം വേണം…തെറി കേട്ടാലും വേണ്ടില്ല നമുക്ക് തിരിച്ചു പോവാം..

മ്മ് ശരിയാ പണി നമുക്ക് നാളെ ചെയ്യാം..തല്ക്കാലം ഫ്യുസ് ഊരി മാറ്റാം ലൈൻ പൊട്ടി കിടക്കുവല്ലേ..രാവിലെ പിള്ളേര് ഈ വഴി സ്കൂളിൽ പോണതല്ലേട….

അത് ശരിയാ രാമേട്ടൻ മാറ് ഞാൻ ഊരിക്കോളാം..

ഓ വേണ്ടെടാ ഞാൻ എന്തായാലും ചെളിയിൽ ഇറങ്ങി.. ഇത് എനിക്ക് ചെയ്യാവുന്നതേയുള്ളൂ നീയാ ടോർച് ഇങ്ങട് തെളിച്ചെ..

രാമേട്ടൻ അരപൊക്കം വെള്ളത്തിൽ ഇറങ്ങി ഫ്യൂസ്‌ ഊരാൻ പോയി..

ശ്രദ്ധിച്ചു ചെയ്യൂ രാമേട്ടാ.. നല്ല മിന്നൽ ഉണ്ട് ഞാൻ വിളിച്ചു പറഞ്ഞു.

ഞാൻ ശ്രദ്ധിച്ചോളാട…

രാമേട്ടൻ കണക്ഷൻ വിടുവിക്കാൻ വേണ്ടി ഫ്യൂസിൽ കയറി പിടിച്ചതും മിന്നൽ അടിച്ചതും ഒരുമിച്ചായിരുന്നു…

സംഭിച്ചതു എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്നേ ഒക്കെ കഴിഞ്ഞിരുന്നു…

രാമേട്ടന് ഷോക്കടിച്ചിരിക്കുന്നു ഞാൻ തരിച്ചു നിന്ന് പോയി..ഒന്നും വരുത്തല്ലേ കർത്താവെ..

സമനില വീണ്ടെടുത്ത് വീണുകിടക്കുന്ന ആ മനുഷ്യന്റെ നേരെ ഞാൻ ഓടി..അരപ്പൊക്കം വെള്ളത്തിൽ ഞാൻ നീന്തുകയാണെന്നു പറയേണ്ടി വരും..എന്റെ കാലുകൾ ചെളിയിൽ താഴ്ന്നു പോയി..താഴ്ന്ന കാലുകൾ പ്രയാസപ്പെട്ടു വലിച്ചെടുത്തു ഞാൻ സഹായത്തിനായി ഉറക്കെ വിളിച്ചു…ആരും വന്നില്ല…

ആ പരിസരത്തു ഞങ്ങൾ രണ്ടു മനുഷ്യജീവികൾ അല്ലാതെ വേറെ ആരും തന്നെ ഉണ്ടായിരുല്ല..

അല്ലെങ്കിലും ഈ പെരും മഴയത്തു ഇവിടെ ആര് വരാന…

ഞാൻ ഷോക്കടിച്ചു വീണുകിടന്ന രാമേട്ടനെ താങ്ങിയെടുത്തു പണിക്കായി കൊണ്ട് വന്ന കയർ എടുത്തു കെട്ടി ബൈക്കിൽ എന്റെ പുറകിൽ ഒരു പ്രകാരത്തിൽ ഇരുത്തി..പോകുന്ന വഴി രാമേട്ടന് ഒന്നും വരുത്തല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…

ഊതിയലച്ചു ഹോസ്പിറ്റലിൽ ചെന്നപ്പഴേക്കും ആ നല്ല മനുഷ്യൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു..

അവസാനമായി രാമേട്ടനെ ഒന്ന് കാണാൻ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി…

മൂന്നു മക്കൾക്ക് ഒരച്ഛനെ നഷ്ടമായിരിക്കുന്നു ..വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന രാമേട്ടന്റെ നേരെ ഒന്നേ ഞാൻ നോക്കിയുള്ളൂ ആ നോട്ടത്തിലും ഞാൻ കണ്ടു അദ്ദേഹത്തിന്റെ നെഞ്ചിനു മീതെ വെച്ചിരിക്കുന്ന VKM സ്പോർട്സ് ക്ലബ് എന്നെഴുതിയിക്കുന്ന ഒരു റീത്ത്..മരിച്ചു കിടക്കുന്ന ആ മനുഷ്യന്റെ മേൽ വെച്ചിരിക്കുന്ന തീക്കട്ടയായിട്ടാണെനിക്കത് തോന്നിയത്..

ഗവണ്മെന്റ്, ധനസഹായവും രാമേട്ടന്റെ മൂത്ത മോൾക്ക് ജോലിയും വാഗ്‌ദാനം ചെയ്തു..എന്ത് കൊടുത്താലും അതൊന്നും ആ മരിച്ചു പോയ മനുഷ്യന് പകരമാവില്ലല്ലോ ?

രാമേട്ടന്റെ മരണം എന്നെ വല്ലാതെ തളർത്തിയിരുന്നു…ഞാൻ രണ്ടു ദിവസം ലീവ് എടുത്തു…

ഇങ്ങനെ ഇരുന്ന മതിയോ ജോലിക്കു പോണ്ടേ അച്ചായാ..കട്ടിലിൽ കിടന്ന എന്റെ സമീപത്തായി പാറു വന്നിരുന്നു…

ഞാൻ എന്റെ തല അവളുടെ മടിയിൽ വെച്ചു..അവളുടെ വീർത്ത വയറിൽ മുഖമമർത്തി കിടന്നു …

എന്താ അച്ചായ എന്ത് പറ്റി…

ഒന്നുമില്ലടി..ഞാൻ ആയിരുന്നു രാമേട്ടന് പകരം അന്നവിടെ……

അവൾ എന്റെ വായ പൊത്തി..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

നീ വിഷമിക്കാൻ പറഞ്ഞതല്ല പാറു..എനിക്കെന്തെലും പറ്റിയ നീയും കുഞ്ഞും നമ്മടെ അമ്മച്ചിം എങ്ങനെ ജീവിക്കും..

ചങ്കിൽ കൊള്ളണ വർത്താനം പറയാതച്ചായാ..അങ്ങനെ ഒന്നും ദൈവം നമ്മളെ കൈവിടില്ല…

ഞാൻ എഴുന്നേറ്റവളെ മുറുകെ കെട്ടിപിടിച്ചു..ഭയം എന്റെയുള്ളിൽ വലിയ തിരമാല തന്നെ സൃഷ്ടിച്ചിരുന്നു…

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു ചായ കുടിക്കുന്നതിനിടയിൽ ആണ് ഓഫീസിൽ നിന്നും കാൾ വന്നത്…എവിടെയോ ലൈൻ പൊട്ടികിടക്കുന്നു വേഗം സ്ഥലത്തു ചെല്ലണം എന്ന്..

ഞാൻ വേഗം യൂണിഫോം എടുത്തിട്ട് പോകാനായിറങ്ങി…പോകുന്നതിനു മുന്നേ അവളുടെ വയറിൽ ഒരുമ്മ കൊടുത്തു….നാളെയും ഇതിനു കഴിയണെ കർത്താവെ എന്നായിരുന്നു പ്രാർത്ഥന…

ഉമ്മറത്ത് നിൽക്കുന്ന അമ്മച്ചിയെം അവളെo നോക്കി ചിരിച്ചു കൊണ്ട് യാത്രയാകുമ്പോൾ ഞാൻ തിരിച്ചു വരും എന്ന് പറയാതെ പറഞ്ഞു കൊണ്ടിരുന്നു..

എല്ലാ ലൈൻമാൻമാരുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണ്…തിരിച്ചു വരുമെന്ന് എന്തുറപ്പാണുള്ളത്..ഓരോരുത്തരും ജീവൻ പണയം വെച്ചാണ് പണിയെടുക്കുന്നത്…എന്നിട്ടും ഓരോ ആളുകൾ കറന്റ് ഇല്ല ഫ്യൂസ് കെട്ടാൻ വൈകി എന്നൊക്കെ പറഞ്ഞു ഫോൺ വിളിച്ചു പെറ്റ തള്ളക്കു വിളിക്കുമ്പോൾ ഞങ്ങൾക്ക് ചങ്കു പൊള്ളുന്നുണ്ട് …ആ വേദന ആരേലും അറിയുന്നുണ്ടോ?

മഴയത്തുo വെയിലത്തും നിന്ന് ജീവൻ പണയം വെച്ച് കട്ടക്ക് പണിയെടുത്തിട്ടും തെറി വിളിക്കുന്നതിനു കുറവൊന്നുമില്ല…..ഞങ്ങളും മനുഷ്യരാണ് സുഹൃത്തുക്കളെ ചോരയും നീരുമുള്ള മനുഷ്യർ…ഫോൺ വിളിച്ചു തെറിയഭിഷേകം നടത്തുന്നവർ അത് മറക്കരുത്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *