ഉള്ളിലുയര്‍ന്നത്‌ ദേഷ്യമാണോ സങ്കടമാണോന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഫീല്‍. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് സുന്ദരേട്ടന്‍ പറയുന്നത്……

കാണാപ്പുറങ്ങൾ

Story written by Ajeesh Kavungal

ഉള്ളിലുയര്‍ന്നത്‌ ദേഷ്യമാണോ സങ്കടമാണോന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഫീല്‍. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് സുന്ദരേട്ടന്‍ പറയുന്നത്, രമ്യയെയും ഷിജുവിനെയും സംശയിക്കുന്ന സാഹചര്യത്തില്‍ കണ്ടൂന്ന്‍. അനിയത്തിയും ആത്മാര്‍ത്ഥസുഹൃത്തും കൂടി തന്നെ പറ്റിച്ചിരിക്കുന്നു. ആലോചിക്കുന്തോറും രഘുവിന്‍റെ തല പെരുത്തുതുടങ്ങി.

ആദ്യം, സുന്ദരേട്ടന്‍ കണ്ടു എന്ന് പറഞ്ഞത്; അവള് പഠിക്കുന്ന കോളേജിന്‍റെ ഇടവഴിയില്‍ സംസാരിച്ച് നില്‍ക്കുന്നു എന്നാണ്. കണ്ടാല്‍ സാധാരണ പോലുള്ള സംസാരം അല്ലെന്ന് പറഞ്ഞപ്പോള്‍ അധികം വിശ്വാസമായില്ല, കണ്ടപ്പോള്‍ എന്തെങ്കിലും സംസാരിച്ചതാകാം എന്ന് കരുതി. പക്ഷേ, പിന്നീടാണ് ആലോചിച്ചത് ആ സമയത്ത് അവള്‍ക്ക് ക്ലാസ്സ് ഉണ്ടല്ലോ. അത് കട്ട് ചെയ്തിട്ട് അവളെന്തിനാണ് അവനോട് വര്‍ത്തമാനം പറയാന്‍ പോയത്. വീട്ടില്‍ വന്ന് സംസാരിച്ചൂടെ.. എനിക്കുള്ള സ്ഥാനം തന്നെയാണ് അവനും എന്‍റെ വീട്ടില്‍ കൊടുത്തിരിക്കുന്നത്‌.

ഓര്‍മവെച്ചകാലം മുതല്‍ കൂടെ കൂട്ടിയവന്‍ ചതിച്ചിരിക്കുന്നു. ഒപ്പം ജീവനെപ്പോലെ സ്നേഹിച്ച അനിയത്തിയും. ഷിജു അത്ര നല്ലവനൊന്നുമല്ല. അത്യാവശ്യം തെമ്മാടിത്തരം ഒക്കെ അവന്‍റെ കൈയ്യിലുണ്ട്‌. അതില്‍ ചിലതിനൊക്കെ താനും കൂട്ടുനിന്നിട്ടുണ്ട്. പക്ഷേ, എന്‍റെ പെങ്ങളോട് അവന്‍ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.

പിന്നെയും തന്‍റെ മനസ്സില്‍ ഇത് ഉറപ്പിക്കാന്‍ കാരണം ഒരിക്കല്‍ കൂട്ടുകാരിയുടെ വീട്ടിലേയ്ക്കെന്നും പറഞ്ഞുപോയ രമ്യയെ ഷോപ്പിംഗ്‌ കോംപ്ലെക്സില്‍ നിന്നും കൈപിടിച്ച് താഴേയ്ക്ക് കൂട്ടിക്കൊണ്ടു വരുന്ന ഷിജുവിനെയാണ്. രണ്ടുപേരെയും തനിക്ക് വിശ്വാസമായിരുന്നു. അന്ന് ആള്‍ക്കൂട്ടത്തിലായതുകൊണ്ട്‌ മാത്രം തനിക്ക് ക്ഷമ കിട്ടി. ഇനി ഒരു അവസരം ഉണ്ടായാല്‍ ഇതിന് ഒരു അവസാനം ഉണ്ടാക്കണമെന്ന് അന്ന് ചിന്തിച്ചതാണ്‌. അതാണ്‌ ഇപ്പോള്‍ സുന്ദരേട്ടന്‍ പറഞ്ഞത്.

ഇന്ന് ആള് പറഞ്ഞ കാര്യം തനിക്ക് മാത്രമല്ല. ലോകത്തിലെ ഒരാങ്ങളയ്ക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് കാടുപിടിച്ച് കിടക്കുന്ന ആ സ്ഥലം. ആ സ്ഥലത്ത് ഒരു ആണും പെണ്ണും കൂടി പോയിട്ടുണ്ടെങ്കില്‍ അത് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം എന്തിനാണെന്ന്. അവിടുന്നാണ് ഷിജുവും രമ്യയും കൂടി ബൈക്കില്‍ വരുന്നത് സുന്ദരേട്ടന്‍ കണ്ടത്. ആളത് ആരോടും പറഞ്ഞിട്ടില്ല. പറയരുതെന്ന് പറഞ്ഞു. രഘു ഷിജുവിന്‍റെ മൊബൈലിലേയ്ക്ക് വിളിച്ചു. രണ്ട് പ്രാവശ്യം റിംഗ് ചെയ്ത് തീര്‍ന്നിട്ടും അവന്‍ കോള്‍ എടുത്തില്ല. ഇതുവരെ താന്‍ വിളിച്ചിട്ട് അവന്‍ എടുക്കാതിരുന്നിട്ടില്ല എന്നവനോര്‍ത്തു. ഇന്നലെ സുന്ദരേട്ടനെ അവരും കണ്ടുകാണും. ആള് തന്നോട് പറഞ്ഞുകാണും എന്ന് അവന് മനസ്സിലായിട്ടുണ്ടാകും.

പെട്ടെന്നാണ് അവന്‍ ഞെട്ടലോടെ ഓര്‍ത്തത്‌, അച്ഛനും അമ്മയും വീട്ടിലില്ല. പെങ്ങളുടെയും അളിയന്‍റെയും വീട്ടില്‍ പോയിരിക്കുകയാണ്. രമ്യ ഒറ്റയ്ക്കേയുള്ളൂ. സുന്ദരേട്ടനെയും ബൈക്കില്‍ കയറ്റി രഘു വളരെ വേഗത്തില്‍ ബൈക്ക് വീട്ടിലേയ്ക്ക് വിട്ടു.

വീടെത്തുന്നതിന് മുന്‍പിലുള്ള വളവില്‍ വെച്ചുതന്നെ രഘു ബൈക്ക് ഓഫ് ചെയ്തു. ഗേറ്റിന് പുറത്ത് ബൈക്ക് വെച്ച് രഘു ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് അകത്തുകയറി. സുന്ദരേട്ടനോട് അവിടെ നില്ക്കാന്‍ ആംഗ്യം കാണിച്ച് രഘു വീടിന്‍റെ മുന്നിലെത്തി. വാതില്‍ അകത്തുനിന്നും കുറ്റിയിട്ടിട്ടുണ്ട്. അധികം ശബ്ദമില്ലാതെ അവന്‍ വാതിലില്‍ മുട്ടി. ഉള്ളില്‍ അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ അവന്‍ വീടിന്‍റെ സൈഡില്‍ കൂടി പിന്നാമ്പുറത്തേയ്ക്ക് നടന്നു. അവിടെ എത്തുന്നതിന് മുമ്പേ അവന്‍ കണ്ടു, ഷിജുവിന്‍റെ തോളില്‍ മുഖമമര്‍ത്തി വിതുമ്പിക്കരയുന്ന രമ്യയെ. വയറ്റില്‍ നിന്നും ഒരു അഗ്നികുണ്ഡം പൊട്ടിച്ചിതറുന്നപോലെ രഘുവിന് തോന്നി. പിന്നെ ഒന്നും ആലോചിച്ചില്ല. ‘എന്നെ ചതിച്ചൂല്ലേടാ നാ യിന്‍റെ മോനേ’ എന്നുപറഞ്ഞ് ഒറ്റച്ചവിട്ടായിരുന്നു. പുറകില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് ചവിട്ടിയതിനാലാവാം ഷിജു തെറിച്ച് മുന്നിലുള്ള അലക്കുകല്ലില്‍ മുഖമടിച്ച് വീണു. അവന്‍റെ വായില്‍നിന്നും മൂക്കില്‍ നിന്നും ചോ രയൊഴുകി. താഴെ കിടന്നിരുന്ന വിറകുകഷ്ണം എടുത്ത് അവന്‍റെ തലയ്ക്കുനേരെ ഓങ്ങിയതും രമ്യ രഘുവിന്‍റെ മുന്നില്‍ കയറിനിന്നു. അതുകൂടി കണ്ടപ്പോള്‍ ദേഷ്യം ഇരട്ടിക്കുകയാണ്‌ ചെയ്തത്. അവളുടെ കഴുത്തിന്‌ കു ത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് രഘു മുരണ്ടു.

“കൊ ല്ലുമെടീ നിന്നെ ഞാന്‍…. നിന്നെ ഇത്രയും കാലം സ്നേഹിച്ചതിനുള്ള പ്രായശ്ചിത്തമായി കൂട്ടിയാ മതി”

അതുകണ്ടതും ഷിജു എഴുന്നേറ്റുവന്ന് അവന്‍റെ കൈയ്യില്‍പിടിച്ച് പറഞ്ഞു. “ടാ.. അവളെ വിടാന്‍… ഞാനൊന്ന് പറയട്ടെ…” രഘു അവളെ വിട്ട് ഷിജുവിന് നേരെ തിരിഞ്ഞു. രഘു അവന്‍റെ കോളറില്‍ കു ത്തിപ്പിടിച്ചപ്പോഴേയ്ക്കും രമ്യ കരഞ്ഞുകൊണ്ട്‌ രഘുവിന്‍റെ കാലില്‍ വീണിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.

“ഷിജുവേട്ടന്‍ തെറ്റൊന്നും ചെയ്തില്ലാ… ചെയ്തത് മുഴുവന്‍ ഞാനാണ്‌. ഷിജു വേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ എന്നെ ഏട്ടന്‍ ഇന്ന് ഇങ്ങനെ കാണില്ലായിരുന്നു. ശവമായ് മാറിയിട്ടുണ്ടാകും ഞാന്‍..” അതുകേട്ടതും രഘുവിന്‍റെ കൈയൊന്നയഞ്ഞു. “മോളേ.. വേണ്ട ഒന്നും പറയണ്ട” എന്ന് ഷിജു കൈയ്യുയര്‍ത്തി അവളെ വിലക്കി. ശേഷം രഘുവിനോട് പറഞ്ഞു. “നീ വിചാരിക്കുന്നതുപോലെ ഞങ്ങള് തമ്മില്‍ ഒന്നൂല്ലടാ… അവളെ ഒരു കുഴപ്പത്തില്‍ നിന്നും രക്ഷിച്ചു അത്രേയുള്ളൂ….”

അപ്പോഴേയ്ക്കും ശബ്ദം കേട്ട് സുന്ദരേട്ടനും വന്നിരുന്നു.

ഷിജുവിന്‍റെ മുഖത്തെ ചോ ര അവളുടെ ഷാള്‍ കൊണ്ട് തുടയ്ക്കുന്നതിനിടയ്ക്ക് രമ്യ പറഞ്ഞു. “പറയണം ഏട്ടാ… എല്ലാം രഘുവേട്ടന്‍ അറിയണം. നിങ്ങളുടെ ബന്ധം ഞാന്‍ കാരണം തകരാന്‍ പാടില്ല..” അവരെ രണ്ടുപേരെയും നോക്കി അന്തംവിട്ട്‌ നില്‍ക്കുകയായിരുന്ന രഘുവിനെ നോക്കി രമ്യ തുടര്‍ന്നു.

“എന്‍റെ കോളേജില്‍ പഠിക്കുന്ന സന്തോഷുമായ് ഞാന്‍ പ്രേമത്തിലായിരുന്നു. അതറിഞ്ഞപ്പോത്തൊട്ട് ഷിജുവേട്ടന്‍ എന്നെ ഉപദേശിക്കുന്നതാണ്. അവന്‍ ശരിയല്ല.. ഇതുവേണ്ടാന്ന്.. പക്ഷേ, ഞാന്‍ കേട്ടില്ല. പ്രേമം തലയ്ക്കുപിടിച്ചാ പിന്നെ ആരുപറഞ്ഞാലും ഒരു പെണ്‍കുട്ടിയും കേള്‍ക്കില്ല. ഷിജുവേട്ടന് അവനെ മുന്‍പേ അറിയാമായിരുന്നു. എന്നോട് അവന്‍ കാണിച്ചതെല്ലാം അഭിനയമായിരുന്നെന്ന് ഇന്നലെയാണ് അറിഞ്ഞത്. ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഞാനും.. ഇതറിഞ്ഞപ്പോള്‍തൊട്ട് നിഴലുപോലെ ഷിജുവേട്ടന്‍ എന്‍റെ പുറകെ ഉണ്ടായിരുന്നു. ഇന്നലെ ആ കാടുപിടിച്ച സ്ഥലത്തേയ്ക്ക് എന്‍റെ അനുവാദത്തോടെയല്ല കൊണ്ടു പോയത്. ഒരു സ്ഥലം വരെ എന്ന് പറഞ്ഞപ്പോ ബൈക്കില്‍ കേറിപ്പോയി. അവിടെ പോകുമ്പോള്‍ ഞാനും അവനും മാത്രമേ കാണുന്ന് കരുതി. പക്ഷേ, അവന്‍റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. അവിടെ നിന്ന് എന്നെ രക്ഷപ്പെടുത്തി കൊണ്ടു വരുമ്പോളാ ഞങ്ങളെ സുന്ദരേട്ടന്‍ കണ്ടത്”

ബാക്കി കേള്‍ക്കാന്‍ ശക്തിയില്ലാതെ രഘു ചെവിപൊത്തി അലക്കുകല്ലില്‍ ഇരുന്ന് വിതുമ്പിക്കരഞ്ഞു.

രഘുവിന്‍റെ തോളില്‍ കൈത്തലം അമര്‍ന്നപ്പോള്‍ അവന്‍ തിരിഞ്ഞു. അവന്‍റെ മുഖത്ത് നോക്കി ഷിജു പുഞ്ചിരിയോടെ പറഞ്ഞു. “നീ വിഷമിക്കണ്ട നമ്മുടെ കുട്ടിയ്ക്ക് ഒന്നും പറ്റിയിട്ടില്ല. നീയോ ഞാനോ ജീവിച്ചിരിക്കുമ്പോ അങ്ങനെ വല്ലതും നടക്കുമോടാ.. പിന്നെ അവന്‍റെ കൂട്ടുകാരെ എനിക്ക് കിട്ടിയില്ല. ഓടിക്കളഞ്ഞു അവന്മാര്. പക്ഷേ, അവന് ഇനിയൊരു പെണ്ണിനെ പറ്റിക്കാനാവാത്ത വിധം ഉടച്ചു വിട്ടിട്ടുണ്ട് ഞാന്‍..”

രഘു പെട്ടെന്നെഴുന്നേറ്റ് ഷിജുവിനെ കെട്ടിപ്പിടിച്ചു. “അറിഞ്ഞില്ലല്ലോടാ ഞാന്‍.. കുറച്ചുനേരത്തേയ്ക്കെങ്കിലും നിന്നെ ഞാന്‍…” അവന് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പറ്റിയില്ല.

“എന്നോട് പൊറുക്കെടാ മക്കളേ.. സുന്ദരേട്ടന് വയസ്സായില്ലേ… നിങ്ങളെ ആ സാഹചര്യത്തില്‍ കണ്ടപ്പോ തെറ്റിദ്ധരിച്ചതാടാ.. അറിയാവുന്ന പിള്ളേര് അല്ലേ.. അതോണ്ടാ ഞാന്‍…”

“സാരമില്ല സുന്ദരേട്ടാ..” അയാളുടെ കൈപിടിച്ച് ഷിജു പറഞ്ഞു. “അതു കൊണ്ടെന്താ.. ഇവന്‍റെ ബലം ഞാന്‍ അറിഞ്ഞില്ലേ.. ഇവനൊന്നുകൂടി എന്നോട് സ്നേഹം കൂടിയില്ലേ. ഇങ്ങനെ ഒരു കാര്യം കേട്ടപ്പോ ഇത്രേം കാലം കൂടെ നടന്ന എന്നെ ഇവന്‍ ഇത്രേം ചെയ്തു. അപ്പൊ സന്തോഷിന്‍റെകാര്യം ഞാന്‍ ഇവനോട് പറഞ്ഞാലുള്ള അവസ്ഥ എന്താവും….?”

“സുന്ദരേട്ടന്‍ പറഞ്ഞത് തെറ്റല്ല സുന്ദരേട്ടാ…” രമ്യയെ ചേര്‍ത്തുപിടിച്ച് രഘു പറഞ്ഞു.

“ഉള്ളില് ചെലപ്പോ ഒക്കെ തോന്നും, പണിയെടുക്കുമ്പോ എന്തെങ്കിലും ആയിപ്പോയാ ഇവളും ന്‍റെ അപ്പനും അമ്മയും ഒക്കെ എന്തുചെയ്യുമെന്ന്.. ഇപ്പൊ അതിന് ഒരു സമാധാനമായി.. എനിക്ക് മാത്രമല്ല ഇതുപോലെ ചങ്ക് പറിച്ച് തരുന്ന ചങ്ങാതിമാരുണ്ടെങ്കില്‍ ആര്‍ക്കും സന്തോഷവും സമാധാനവും മാത്രമേ ഉണ്ടാവൂ…”

Related Posts

Leave a Reply

Your email address will not be published. Required fields are marked *