തന്റെ ഭാര്യയേയും പിഞ്ചു പൈതങ്ങളായ കുട്ടികളേയും ചേർത്ത് പിടിച്ച് നിസ്സഹായനായി ഷാൻ ഉമ്മയെ നോക്കി…..

Story written by Shaan Kabeer

“നീ പുഴുത്ത് പുഴുത്ത് ചാ വും നോക്കിക്കോ, നിന്നെ പെറ്റ ഉമ്മയാ പറയുന്നേ”

കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തട്ടംകൊണ്ട് തുടച്ചുമാറ്റി ഉമ്മ ഷാനിനെ നോക്കി ശാപത്തിന്റെ അമ്പുകൾ വർഷിച്ചു. തന്റെ ഭാര്യയേയും പിഞ്ചു പൈതങ്ങളായ കുട്ടികളേയും ചേർത്ത് പിടിച്ച് നിസ്സഹായനായി ഷാൻ ഉമ്മയെ നോക്കി

“ഇങ്ങനെ ശപിക്കാൻ ഞാൻ എന്ത്‌ തെറ്റാ ഉമ്മാ ചെയ്തേ…?”

“പെൺകോന്തനായ നീ കൂടുതൽ ചിലക്കേണ്ട, നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്”

ഒന്ന് നിറുത്തിയിട്ട് ഉമ്മ ഷാനിന്റെ ഭാര്യ ഷാഹിനയെ നോക്കി

“ഞാൻ മരിക്കാൻ കിടക്കുമ്പോൾ പോലും ഒരിറ്റ് വെള്ളം നിന്റേയും ഇവന്റേയും കൈകൊണ്ട് എനിക്ക് തരരുത്, അതെനിക്ക് പൊരുത്തമല്ല”

ഉമ്മയുടെ ശബ്ദം പൊങ്ങിയപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. ഷാൻ കുട്ടികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു

“മക്കള് കരയേണ്ട, ഉമ്മ എന്നെ പറ്റിക്കാണ്. ഇങ്ങള് പോയി കളിച്ചോളീ”

ഷാഹിന നിറകണ്ണുകളോടെ മക്കളെ റൂമിലേക്ക് കൊണ്ടുപോയി. ഷാൻ ഉമ്മയെ നോക്കി എന്തോ പറയാൻ ശ്രമിച്ചതും അത് കേൾക്കാൻ കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്ക് പോയി. ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും നിന്നിരുന്ന പെങ്ങളേയും അളിയനേയും, ഇക്കയേയും ഇത്തയേയും നോക്കി സങ്കടം ഉള്ളിൽ ഒതുക്കി പുഞ്ചിരിച്ച് ഷാൻ റൂമിലേക്ക് നടന്നു. അപ്പോൾ പെങ്ങൾ അടക്കം പറയുന്നത് ഷാനിന്റെ ചെവിയിൽ പതിഞ്ഞു

“ഇത്രയൊക്കെ കേട്ടിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഭാര്യയുടെ മൂഡും താങ്ങി പോകുന്നത് കണ്ടില്ലേ, പെൺകോന്തൻ…”

ഷാൻ ഒന്ന് തിരിഞ്ഞു നോക്കി, പെങ്ങളുടെ ആ തമാശ എല്ലാവർക്കും നന്നായി രസിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ഷാനിന് മനസിലായി.

അന്ന് ഷാനൊരു തീരുമാനമെടുത്തു, ഈ വീട്ടിൽ നിന്നും മാറണം. ഷാനിന്റെ വീടിന്റെ പണി നടക്കുന്നുണ്ട്. പാതിയേ ആയിട്ടൊള്ളൂ. തേക്കാൻ ബാക്കിയുണ്ട്. വീടിന്റെ തേപ്പ് വേഗം കഴിച്ചിട്ട് താമസം അങ്ങോട്ട് മാറാൻ ഷാൻ തീരുമാനിച്ചു. ഈകാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആരും തടഞ്ഞില്ല. അങ്ങനെ വീടിന്റെ തേപ്പ് വേഗം കഴിച്ച് ഷാൻ ഭാര്യയേയും മക്കളേയും കൂട്ടി താമസം അങ്ങോട്ടേക്ക് മാറി.

കല്യാണം കഴിക്കുന്ന വരെ ഷാനായിരുന്നു വീട്ടിലെ പുന്നാര മോൻ. എല്ലാവർക്കും പ്രിയപ്പെട്ടവന്നായിരുന്നു അവൻ. ഷാനെന്നുവെച്ചാൽ ഉമ്മാക്ക് ജീവനായിരുന്നു. വീട്ടുകാർ തന്നെ കണ്ടുപിടിച്ച ഒരു പെൺകുട്ടിയെ അവൻ വിവാഹം ചെയ്തു. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ഷാൻ പഠിപ്പിച്ചു. ഉമ്മാക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല കട്ട സപ്പോർട്ടും കൊടുത്തു.

അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയൊക്കെ കഴിച്ചാണ് ഷാഹിന കോളേജിലേക്ക് പോയിരുന്നത്. ചില ദിവസങ്ങളിൽ ഷാൻ ബൈക്കിൽ കൊണ്ടാക്കും. വല്യ കുഴപ്പങ്ങളൊന്നും ഇല്ലാതെ കുറച്ച് ദിവസങ്ങൾ കടന്നുപോയി, പക്ഷേ…

ഇത്തയും അനിയത്തിയും ചേർന്ന് ഷാഹിന പഠിക്കാൻ പോകുന്നത് നിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ആദ്യം കോളേജിൽ അവൾക്കൊരു കാമുകൻ ഉണ്ടെന്ന് പറഞ്ഞ് ഷാനിന്റെ മനസ്സ് മറ്റാൻ നോക്കി. പക്ഷേ തന്റെ ഭാര്യയെ എല്ലാവരെക്കാളും നന്നായി അറിയാവുന്ന ഷാൻ പുച്ഛത്തോടെ അത് തള്ളി. ഷാനിന്റെ അടുത്ത് ഏഷണിയൊന്നും ഏൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവർ ഉമ്മയുടെ മനസ്സിൽ കരട് വിതറാൻ തുടങ്ങി.

മോളും മരുമോളും കൂടി പതിയെ പതിയെ ഉമ്മയുടെ മനസ്സ് മാറ്റാൻ തുടങ്ങി. ഷാഹിന പഠിക്കാൻ പോവുന്നതിലുള്ള കുശുമ്പും അസൂയയും അവർ ആവോളം കാണിച്ചു. തങ്ങൾക്ക് കിട്ടാത്തതൊന്നും അങ്ങനെ ഷാഹിനക്കും കിട്ടേണ്ട എന്ന വൃത്തികെട്ട മനസ്സിന് ഉടമയായിരുന്നു രണ്ടുപേരും.

ആദ്യം കട്ട സപ്പോർട്ട് തന്ന് കൂടെ നിന്നിരുന്ന ഉമ്മയുടെ മനസ്സ് മാറുന്നത് കണ്ട് ഷാഹിന ഒരുപാട് വിഷമിച്ചു. ഇനി പഠിക്കാൻ പോകുന്നില്ല എന്നവൾ തീരുമാനിച്ചപ്പോൾ ഷാൻ അത് എതിർത്തു. എന്തിനും താൻ കൂടെയുണ്ട് എന്നുള്ള ധൈര്യം കൊടുത്ത് ഷാനവൾക്കൊപ്പം നിന്നു.

ഷാഹിന നന്നായി പഠിച്ചു, പി എസ് സി എഴുതി സർക്കാർ ജോലി നേടി. സർക്കാർ ജോലി കിട്ടിയാൽ എല്ലാവർക്കും സന്തോഷമാകും എന്ന് കരുതിയ ഷാനിന് തെറ്റി. അവിടേം മുതലായിരുന്നു പ്രശ്നങ്ങൾ കൂടുതൽ വഷളായിതുടങ്ങിയത്. അസൂയയും കുശുമ്പും മൂത്ത് പെങ്ങളും ഇത്തയും കൂടി ഉമ്മാന്റെ മനസ്സ് മൊത്തത്തിൽ മാറ്റി. ഭാര്യയുടെ വിജയത്തിൽ സന്തോഷിച്ച അഭിമാനിച്ച ഷാനിനെ വെറുമൊരു പെൺകോന്തനാക്കി മാറ്റി ഉമ്മയിൽ നിന്നും അകറ്റി. ഉമ്മാക്ക് ഷാനെന്ന് കേട്ടാലേ വെറുപ്പായി മാറി. കുത്തിത്തിരിപ്പിൽ മാസ്റ്റർ ഡിഗ്രിയെടുത്ത പെങ്ങളും ഇത്തയും അവരുടെ ലക്ഷ്യത്തിലെത്തി.

ഇതിനിടയിലാണ് പെങ്ങളുടെ വീടിന്റെ പാലുകാച്ചലിന് ഷാഹിനാക്ക് ലീവ് എടുക്കാൻ പറ്റാത്ത സാഹചര്യം വന്നത്. പെങ്ങളുടെ വീടിന്റെ പാല് കാച്ചലിനെക്കാൾ വലുതാണോ വെറുമൊരു സർക്കാർ ജോലി എന്ന് പറഞ്ഞ് അവർ പുച്ഛിച്ചു. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയവർക്കല്ലേ അതിന്റെ വിലയറിയൂ എന്ന് ഷാൻ അറിയാതെ ഇത്തയോട് പറഞ്ഞുപോയി. ആ അവസരം മുതലാക്കി എല്ലാവരും ഷാനിനെതിരെ തിരിഞ്ഞു. ഷാനും കുടുംബവും ആ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടു. അതിന്റെ പേരിലാണ് ഉമ്മയുടെ ശാപവാക്കും മറ്റും ഉണ്ടായത്.

വീടിന്റെ പണിയൊക്കെ തീർത്ത് ഇപ്പൊ ഷാനും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഉപ്പയും ഉമ്മയും കൂടെയില്ലാ എന്നൊരു സങ്കടം അവനെ അലട്ടിയിരുന്നെങ്കിലും ഉള്ള സന്തോഷത്തിൽ തൃപ്തിപ്പെട്ട് അവൻ ജീവിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി, അപ്പോഴാണ് ഉമ്മയുടെ അയൽവാസി ഷാനിന്റെ വീട്ടിൽ വരുന്നത്. അവർ പറഞ്ഞപ്പോഴാണ് വീട്ടിലെ കാര്യമൊക്കെ ഷാനും ഷാഹിനയും അറിയുന്നത്. ഉമ്മ ബാത്‌റൂമിൽ വീണ് കാലൊടിഞ്ഞ് കിടക്കാണെന്നും, ഇക്കയുടേയും പെങ്ങളുടേയും കുടുംബങ്ങൾ മൂന്നാർ ടൂർ പോയിരിക്കാണെന്നും, ഉമ്മാനെ നോക്കാൻ ആരുമില്ലാ എന്നും പറഞ്ഞപ്പോൾ ഷാനിന്റെ നെഞ്ച് പിടച്ചു.

ഷാൻ അപ്പോൾ തന്നെ ഷാഹിനയേയും മക്കളേയും കൂട്ടി വീട്ടിലേക്കോടി. ഒട്ടും നടക്കാൻ വയ്യാതെ ബാത്‌റൂമിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന ഉമ്മയെ കണ്ടപ്പോൾ കൊച്ചു കുട്ടിയെ പോലെ ഷാൻ പൊട്ടിക്കരഞ്ഞു. ഉമ്മയെ ഈ അവസ്ഥയിൽ തനിച്ചാക്കി ടൂർ പോയവരെ കുറിച്ചോർത്തപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല അവന്. ഷാഹിന അവനെ സമാധാനിപ്പിച്ചു.

ടൂർ പോയവർ വരുന്നവരെ ഉമ്മയുടെ കൂടെനിന്ന് ഷാനും ഷാഹിനയും പരിചരിച്ചു. ഉമ്മാക്ക് ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കി. ഉമ്മാക്ക് ഷാനിനോടുള്ള മനോഭാവം മാറി തുടങ്ങി. വാത്സല്യത്തോടെ ഉമ്മ അവനേയും കുടുംബത്തേയും ചേർത്ത് പിടിച്ചു.

രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ടൂർ പോയവർ തിരിച്ചെത്തി. വീട്ടിൽ ഷാനിനേയും കുടുംബത്തേയും കണ്ടപ്പോൾ തന്നെ അവരുടെ മുഖം മാറി. ഇത്ത ഉമ്മയെ നോക്കി

“ഉമ്മാ, ഞങ്ങള് പോവുമ്പോൾ ഇങ്ങളെ നോക്കാൻ ഒരു പെണ്ണിനെ ഇവിടെ ആക്കിയിരുന്നല്ലോ, അവളെവിടെ…?”

“ആ, അവളുടെ കുട്ടിക്ക് വയ്യാന്നും പറഞ്ഞ് അന്നന്നെ ഓള് പോയി”

ഇത്തയുടെ മുഖം ചുവന്നു

“ന്നാ ഇങ്ങളത് ഞങ്ങളോട് പറയേണ്ടേ, പറഞ്ഞാലല്ലേ ഞങ്ങൾ അറിയൂ… ഞങ്ങള് വേറെ ആളെ റെഡി ആക്കൂലായിരുന്നോ…?”

ഒന്ന് നിറുത്തിയിട്ട് ഇത്ത ഷാനിനേയും ഷാഹിനയേയും പുച്ഛത്തോടെ ഒന്ന് നോക്കി

“ഇതിപ്പോ ഇനി എല്ലാവർക്കും പറഞ്ഞ് നടക്കാലോ വയ്യാത്ത ഉമ്മയെ തനിച്ചാക്കി മോനും മോളും മരുമക്കളും കൂടി ഉലാത്താൻ പോയി എന്ന്”

പെട്ടെന്ന് പെങ്ങള് ഷാനിനെ നോക്കി

“ഷാനിക്കാ, ഇങ്ങക്കെങ്കിലും ഞങ്ങളോട് ഒന്ന് വിളിച്ച് പറയാമായിരുന്നു. ഇതിപ്പോ ഇത്രേം കാലം ഉമ്മയെ നോക്കിയ ഞങ്ങൾ ഇപ്പൊ ആരായി… ഇങ്ങള് വന്ന് രണ്ടീസം ഉമ്മയെ നോക്കിയപ്പോൾ ഇപ്പൊ നാട്ടുകാരുടെ മുന്നിൽ ഇങ്ങള് വല്യ പുണ്യാളൻമാരായി. ഞങ്ങള് വില്ലന്മാരും. ഇതൊക്കെ ഭയങ്കര ബോറാണ് ഷാനിക്കാ”

ഇത്തയും പെങ്ങളും ഇത്രയൊക്കെ പറഞ്ഞിട്ടും ഷാനിന് വിഷമം തോന്നിയില്ല. പക്ഷേ, അവന്റെ നെഞ്ച് തകർത്തത് ഉമ്മയുടെ മൗനമായിരുന്നു. അവരൊക്കെ ഇങ്ങനെ പറയുമ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ ഷാനിന് സങ്കടം നിയന്ത്രിക്കാൻ സാധിച്ചില്ല. അവൻ ഒന്നും മിണ്ടാതെ മക്കളുടെ കൈ പിടിച്ച് വീട്ടിൽ നിന്നും ഇറങ്ങി. പെട്ടെന്ന് ഒന്ന് നിന്നിട്ട് അവൻ വീട്ടിലേക്ക് കയറി ഉമ്മയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് ഉമ്മയുടെ കണ്ണിലേക്ക് നോക്കി

“ഉമ്മാ, എനിക്കൊന്നും വേണ്ടാ. പക്ഷേ, ഇങ്ങള് എന്നെ ശപിച്ചില്ലേ…. അതിന് ശേഷം ഞാൻ മര്യാദക്ക്‌ ഒന്ന് ഉറങ്ങീട്ടില്ല ഉമ്മാ, എനി… ക്ക്‌”

ഷാനിന്റെ വാക്കുകൾ മുറിഞ്ഞു. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ഷർട്ടിന്റെ കോളർ കൊണ്ട് കണ്ണീർ തുടച്ചുമാറ്റി ഷാൻ ഉമ്മയുടെ കാലിൽ കൈവെച്ചു

“പെറ്റുമ്മയുടെ ശാപം ഫലിക്കുമെന്നാണ് പറയാറ്. പുഴുത്ത് ചാവാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ ഇങ്ങളോട് ചെയ്തിട്ടില്ല ഉമ്മാ. എനിക്കെന്തെങ്കിലും സംഭവിച്ചാ എന്റെ മക്കൾക്ക് ആരാണുള്ളത് ഉമ്മാ… ഉറങ്ങുമ്പോൾ പോലും ഇങ്ങള് പറഞ്ഞത് ഓർത്ത് ഞാൻ ഞെട്ടി ഉണരും, എനിക്ക് അത് സഹിക്കാൻ പറ്റണില്ല ഉമ്മാ”

ഒന്ന് നിറുത്തിയിട്ട് ഷാൻ ഉമ്മയെ ദയനീയമായൊന്ന് നോക്കി

“എന്നെ ശപിച്ച ആ നാവുകൊണ്ട് ഇങ്ങള് എനിക്ക് വേണ്ടിയൊന്ന് പ്രാർഥിക്കോ ഉമ്മാ…”

ഇത് പറഞ്ഞ് തീർന്നതും ഉമ്മ ഷാനിനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ച് പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *