എങ്ങാനും ഭർത്താവുമായി പിണങ്ങി ആ കൊച് വീട്ടിലോട്ട് വന്നാൽ അമ്മായിയുടെ ഒരു ഡയലോഗ്ണ്ട്. എനിക്കപ്പഴേ തോന്നിയാരുന്നു. ഇതൊരു നടക്കൊന്നും പോവത്തില്ലാന്ന്….

Story written by Adam John

പുതിയ ഫ്രിഡ്ജ് വാങ്ങിക്കാൻ ചെല്ലാൻ തീരുമാനിച്ചപ്പോ അമ്മായിയേം വിളിച്ചാരുന്നു.

വേറൊന്നും കൊണ്ടല്ല. അമ്മായിക്കൊരു കുഴപ്പൊണ്ട്. എന്തേലും വിശേഷങ്ങൾ ഉണ്ടാവുമ്പോ അമ്മായിയെ ക്ഷണിച്ചില്ലേലോ അറിയിച്ചില്ലേലോ ഭയങ്കര പരിഭവം പറച്ചിലാരിക്കും.

പരിഭവം മാത്രാണേൽ സാരല്ലാരുന്നു. എന്തേലും സംഭവിച്ചാൽ എടുത്ത വായ്ക്ക് പറയും എന്നോട് പറയാത്തോണ്ടാ അങ്ങനൊക്കെ സംഭവിച്ചതെന്ന്.

ഉദാഹരണത്തിന് നാട്ടിലെ ഏതേലും കൊച്ചിന്റെ കല്യാണത്തിന് അമ്മായിയെ ക്ഷണിച്ചില്ലെന്നിരിക്കട്ടെ.എങ്ങാനും ഭർത്താവുമായി പിണങ്ങി ആ കൊച് വീട്ടിലോട്ട് വന്നാൽ അമ്മായിയുടെ ഒരു ഡയലോഗ്ണ്ട്. എനിക്കപ്പഴേ തോന്നിയാരുന്നു. ഇതൊരു നടക്കൊന്നും പോവത്തില്ലാന്ന്.

വീട്ടിലൊരു പ്രെഷർ കുക്കർ ഉണ്ടാരുന്നേ. പ്രായക്കൂടുതൽ കൊണ്ടാന്നോ അതൊ അടുക്കളയിലെ പ്രഷർ താങ്ങാൻ വയ്യാത്തോണ്ടാണോ എന്നറിയത്തില്ല അങ്ങേർക്ക് തോന്നുമ്പോഴേ കൂവത്തുള്ളൂ.

എന്താന്നെലും കൂവത്തില്ലല്ലോ എന്നോർത്തോണ്ട് എന്തേലും കുക്കറിലോട്ട് ഇട്ടാലോ ദോണ്ടേ കൂവി നാട്ടാരെ മൊത്തം അറിയിക്കേം ചെയ്യും. പോരാത്തതിന് ജലദോഷം പിടിച്ച കൊച്ചുങ്ങളെ കൂട്ട് മൂക്കീന്നും വായീന്നുമൊക്കെ എന്തൊക്കെയോ പുറത്തോട്ടോഴുകി സ്റ്റോവ് വൃത്തികേടാക്കേം ചെയ്യും.

അങ്ങനെയാണ് പുതിയൊരു കുക്കർ വേണമെന്ന ആശയം ഉരുത്തിരിയുന്നെ. വല്യപ്പച്ചനോട് കാര്യം പറഞ്ഞപ്പോ എതിരൊന്നും പറഞ്ഞില്ല.

അല്ലേലും ഭാര്യയെ സ്നേഹിക്കുന്നൊര് കുക്കറെങ്ങിനെ വേണ്ടെന്ന് വെക്കും. അങ്ങനെ ടൗണിൽ ചെന്ന് അത്യാവശ്യം നല്ലൊരു പ്രഷർ കുക്കർ തന്നെ വാങ്ങിച്ചോണ്ട് വന്നു. വാങ്ങിക്കാൻ ചെല്ലുന്ന കാര്യം അമ്മായിയോട് പറഞ്ഞില്ലാരുന്നു. അതിന്റെ പരിഭവം അമ്മായിക്കുണ്ടാരുന്നിരിക്കണം.

ആരുടെ ശാപവാണെന്നറിയത്തില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കുക്കറിന് ജലദോഷവും നേരിയ ചുമയുമൊക്കെ വന്ന് തുടങ്ങി. അന്നേരം അമ്മായി പറയുവാ എനിക്കപ്പഴേ തോന്നിയാരുന്നെന്ന്.

ആ ഓർമ്മ ഉള്ളിലുള്ളതോണ്ടാവും ഫ്രിഡ്ജിന്റെ കാര്യത്തിൽ അമ്മായിയെ പ്രത്യേകം തന്നെ ക്ഷണിക്കാൻ മറക്കാഞ്ഞത്. അങ്ങനെ ഒരു ജീപ്പ് വിളിച്ചോണ്ട് ഞങ്ങളെല്ലാരും ടൗണിലോട്ട് വെച്ച് പിടിച്ചു.

ഷോറൂമിന്റെ വാതിൽക്കൽ ചെന്ന് വണ്ടി നിർത്തിയതും എല്ലാരും കൂടേ ചടപടാന്ന് ചാടിയിറങ്ങി അകത്തോട്ടേക്ക് ഇടിച്ചു കേറി. വെൽക്കം ചെയ്യാൻ നിക്കുവാരുന്ന സ്റ്റാഫൊക്കെ അന്തം വിട്ട് നോക്കുന്നുണ്ടാരുന്നു.

ആവശ്യമറിയിച്ചപ്പോ ഒരു പൂ ചോദിച്ചതിന് പൂക്കാലം കൊടുത്തെന്ന പോലെ ഫ്രിഡ്ജിന്റൊരു ലോകം തന്നെ അവര് കാണിച്ച് തന്നു. വല്യപ്പച്ചൻ ഞങ്ങൾക്കൊപ്പം വരാതെ ടീവിയിരിക്കുന്ന ഭാഗത്തോട്ട് ചെന്ന് അതിലെ കാഴ്ചകൾ നോക്കിക്കൊണ്ടിരുന്നു.

സെയിൽ സെക്ഷനിൽ ഉണ്ടാരുന്നയാൾ ഓരോന്നിന്റെം ഗുണഗണങ്ങൾ പറഞ്ഞോണ്ടിരിക്കുമ്പോ അമ്മായി വല്യമ്മച്ചിയുടെ കാതിലോട്ട് കുശു കുശുക്കുവാ.

വിറ്റ് പോവാത്ത ഫ്രിഡ്ജൊക്കെ ചിലവാക്കാൻ വേണ്ടി ഇവമ്മാര് പലതും പറയും. നമ്മളതൊന്നും കേക്കണ്ടാന്ന്.

അതിനിടെ അമ്മായി ഓരോന്നും ചെന്ന് തുറന്ന് നോക്കുന്നു അടക്കുന്നു. പൂരത്തിന് ചെന്നപ്പോ ആനയെ അടുത്ത് കണ്ട മാതിരി ഫ്രിഡ്ജിന്റെ പുറം മേനിയിലോട്ട് തഴുകി തലോടുന്നു. അങ്ങോട്ടൊടുന്നു ഇങ്ങോട്ടൊടുന്നു. മീൻതല കിട്ടിയ പൂച്ചയെ പോലെ ഓടിനടക്കുന്ന അമ്മായിക്കൊപ്പം ഓടിയെത്താൻ പാട് പെടുന്ന സെയിൽസ്മാനേ കണ്ടാൽ ആർക്കാന്നേലും വിഷമം തോന്നുവാരുന്നു.

ഇടക്ക് ഡ്രിങ്ക്സ് കൊണ്ട് വന്നപ്പോ ഒപ്പം കഴിക്കാനൊന്നുമില്ലെന്നായി അമ്മാവൻ.വല്യപ്പച്ചന് തണുത്തത് വേണ്ടെന്ന് പറഞ്ഞതോണ്ട് ചായ വരുത്തിച്ചു. അമ്മായി വാങ്ങിച്ചില്ലെന്ന് മാത്രല്ല ഡ്രിങ്കിന്റെ പൈസ കൂടി ഇവമ്മാര് ഫ്രിഡ്ജിന്റൊപ്പം ഈടാക്കും എന്നും പറഞ്ഞോണ്ട് വല്യമ്മച്ചിയെ കുടിക്കാനും സമ്മതിച്ചീല.

സെയിൽസ്മാനെ ഏറെ വട്ടം കറക്കിയതിന് ശേഷം ഏതോ ഒരു മോഡലിനൊപ്പം കുക്കറെങ്ങാണ്ട് ഫ്രീ ഉണ്ടെന്ന് കേട്ടപ്പോ അതുറപ്പിച്ചതോടെ സെയിൽ സിലുള്ളയാൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഓരോ ഫ്രിഡ്ജും കാണിച്ചു കൊടുത്തോണ്ട് ക്ഷമയോടെ വല്യമ്മച്ചിക്കും അമ്മായിക്കും ഒപ്പം നടക്കുന്നയാളോട് തനിക്കിതിന് ദിവസക്കൂലിയാണോ അതൊ മാസക്കൂലിയാണോ എന്നെങ്ങാണ്ട് അമ്മാവൻ ചോദിച്ചത് അയാൾക്കിഷ്ടപ്പെട്ടില്ലാരുന്നെന്ന് അയാളുടെ മുഖം കണ്ടാൽ അറിയാരുന്നു. അമ്മാവൻ ഉദ്ദേശിച്ചത് ശമ്പളവൊക്കെ എങ്ങനാന്നാണേലും പതിവ് പോലെ ചോദിച്ച രീതി മാറിപ്പോയി.

ബില്ലൊക്കെ സെറ്റിൽ ചെയ്തതിന് ശേഷം നിങ്ങള് പൊക്കോ ഫ്രിഡ്ജ് വീട്ടിലെത്തിച്ചോളാന്ന് പറഞ്ഞത് അമ്മായിക്കെന്തോ അത്ര പിടിച്ചീല. അവമ്മാര് എന്തേലും ഉടായിപ്പ് കാണിക്കുവോന്നൊക്കെ ആരുന്നു അമ്മായിടെ സംശയ വെങ്കിലും ഫ്രിഡ്ജ് യാതൊരു കേടുപാടും കൂടാതെ വീട്ടിലെത്തി.

അല്ലേലും വരാനുള്ളത് വഴിയിൽ തങ്ങുകേലെന്ന് കാർന്നോമ്മാർ പറയുന്നത് വെറുതെയല്ലല്ലോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *