എടാ കുതിരേ.. ന്റുമ്മച്ചി അല്ല അന്റെ.. ഉമ്മച്ചി ഒന്ന് ബോധം കെട്ട് വീണു.. ഇപ്പൊ ഇവിടെ കരുണെലാ… ഇജ്ജ് വെക്കം ബാ…

എഴുത്ത്:-സൽമാൻ സാലി

“”എടാ.. സാലിയെ ഇജ്ജ് പെട്ടന്ന് കരുണ ക്ലിനിക്കിലേക്ക് വാ.. ഉമ്മച്ചി ഇവിടെ ഹോസ്പിറ്റലിൽ ആണ്…

ആഷിക് ഫോണിലൂടെ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞപ്പോൾ എന്താണെന്നറിയാൻ ഒരാശങ്ക…..

“”എടാ ആശ്യേ..അന്റെ..മ്മച്ചിക്ക് എന്താടാ പറ്റിയെ..?

“”എടാ കുതിരേ.. ന്റുമ്മച്ചി അല്ല അന്റെ.. ഉമ്മച്ചി ഒന്ന് ബോധം കെട്ട് വീണു.. ഇപ്പൊ ഇവിടെ കരുണെലാ… ഇജ്ജ് വെക്കം ബാ…

“”പടച്ചോനെ ന്റുമ്മച്ചിയോ… രാവിലെ ഇറച്ചി വാങ്ങാൻ പോകാത്തതിന് ചൂലുമായി പിന്നാലെ ഓടിയ ഉമ്മച്ചി ഇത്ര വേഗം ബോധം കെട്ട് വീണ് ഹോസ്പിറ്റലിൽ ആയോ എന്നും ആലോചിച്ചു ഞാൻ ബൈക്കുമായി ഹോസ്പിറ്റലിലേക്ക് ചെന്നു….

ഹോസ്പിറ്റലിൽ എത്തി കഷ്വലിറ്റിയിൽ ചെന്നപ്പോൾ പുറത്ത് ഇരുന്നു ഫേസ്ബുക്കിൽ ലൈക് അടിച്ചു കളിക്കുന്നു പഹയൻ….

അല്ലേലും ഓനിക് ലൈക്ക് അടിക്കാലോ.. ന്റുമ്മച്ചിയല്ലേ അവിടെ കിടക്കുന്നത്…

ഞാൻ ഓടി ചെന്ന് അകത്തേക്ക് കേറാൻ നേരം അവൻ എന്നേ തടഞ്ഞു..

“”ഇജ്ജ് ഇപ്പൊ അങ്ങോട്ട് പോകണ്ട.. ഉമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ട് ഗ്ളൂക്കോസ് കയറ്റി കഴിഞ്ഞാൽ പോകാ മെന്നു ഡോക്ടർ പറഞ്ഞു… അതും പറഞ്ഞു അവൻ അടുത്ത ഏതോ പെണ്ണിന് ലൈക്ക് അടിക്കാൻ നോക്കുവാണ്…

“”എടാ.. എന്താടാ.. മ്മാക്ക് പറ്റിയെ…?

“”അറിയില്ലെടാ… ഇയ്യും ഞാനും മൂസകാന്റെ ഇറച്ചി കടേന്നു ഇറച്ചി വാങ്ങി വരുമ്പോൾ ആണല്ലോ ബസ്സിന്റ ഡോർ തട്ടി അന്റെ ഇറച്ചി താഴെ പോയത്.. ഇജ്ജ് അവിടെ കിടന്നു തർക്കിക്കുന്നത് കണ്ട് ഉമ്മച്ചിക്ക് ഇറച്ചി കിട്ടാൻ വൈകണ്ട എന്ന് കരുതി ഞാൻ റോഡിൽ വീണ ഇറച്ചി എടുത്തു കവറിലാക്കി ഉമ്മാടെ കയ്യിൽ കൊടുത്തു.. ന്നിട്ട് ഉമ്മാനോട് പറയുകയും ചെയ്തു.. ഇജ്ജും ഞാനും വരുമ്പോൾ ബസ്സ്‌ തട്ടി ഇറച്ചിയൊക്കെ റോഡിൽ പരന്നു കിടക്കുന്നത് കണ്ടിട്ട് നല്ലത് കുറച്ചു കവറിലാക്കി കൊണ്ടു വന്നതാണെന്ന് പറഞ്ഞതെ ഉള്ളൂ ഉമ്മ അതാ കിടക്കുന്നു താഴ….

അതും പറഞ്ഞു അവന്റെ ഒരു അളിഞ്ഞ ചിരിയും…

പാവം ന്റുമ്മ.. മോനെ ബസ്സ്‌ തട്ടി ഇറച്ചിയൊക്കെ റോഡിൽ പരന്നു കിടക്കു വാണെന്ന് കേട്ടാൽ ഏതു ഉമ്മമാരാ ബോധം കെടാത്തത്…!!!

“”ന്നാലും ന്റെ ആശിയെ ഞാൻ വാങ്ങിച്ച ഇറച്ചിയാണ് റോഡിൽ വീണതെന്ന് അനക്ക് പറഞ്ഞൂടായിനോ..!

“”ന്റെ സാലീ.. ഞാൻ ആ കോമഡിയൊക്കെ പറയണം എന്ന് കരുതീത.. മ്മാക്ക് ഒരു ധൈര്യോ ഇല്ല.. പെട്ടന്ന് ബോധം പോയി.. ആഷി പറഞ്ഞു നിർത്തിയതും പഹയനെ കുനിച്ചു നിർത്തി കൂമ്പിന് രണ്ട് പൊട്ടിക്കാൻ തോന്നിയതാണ്.. പക്ഷെ അവൻ തിരിച്ചു തല്ലും എന്നുറപ്പുള്ളത് കൊണ്ട് അത് വേണ്ടാന്നു വെച്ചു…

അവസാനം 860 രൂപ ബില്ലും അടച്ചു അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കേറാൻ നേരം അവൻ എന്റെ അടുത്തേക്ക് വന്നു….

“”ഡാ.. സാലീ.. ഇയ്യ്‌ മനസ്സിൽ ഒന്നും വെച്ചേക്കരുത്.. ഒരബദ്ധം പറ്റിയതല്ലെടാ… ഏതായാലും കഴിഞ്ഞത് കഴിഞ്ഞില്ലേ… ഇനി പെരേൽ പോയി പത്തിരി ഉണ്ടാകാൻ ഒരുപാട് ലേറ്റ് ആവും ഇവിടെ ക്യാന്റീനിൽ നല്ല ബീഫും പൊറോട്ടയും കിട്ടും അത് കഴിച്ചിട്ട് പോയാ പോരെ…?

തലയും ചൊറിഞ്ഞുകൊണ്ട് തീറ്റയുടെ കാര്യം പറയുന്ന ആശിയെ കണ്ട് ചിരി വന്നെങ്കിലും ഉള്ളിൽ ഒതുക്കി കൊണ്ട് ഞാൻ വണ്ടിയിൽ കയറി….. പള്ള പൈച്ചിട്ടാണേൽ കണ്ണ് കാണുന്നില്ല…

“”ന്റെ പടച്ചോനെ ഇവനെ പോലെ ഒന്നിനെ കൂട്ടുകാരനായി കിട്ടാൻ മാത്രം എന്ത് മഹാപാപം ആണ് ഞാൻ ചെയ്തത് …നൂറുർപ്യെന്റെ ഇറച്ചി കൊണ്ട് ആയിരം ഉറുപ്പിയ ചില വാകിച്ച ആഷിയ ഞാൻ കാറിന്റ കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ ആണ് അവന്റെ ഫോൺ അടിഞ്ഞത്…

“”എൻ നൻബനെ പോൽ യാരും ഇല്ലൈ ഇന്ത ഭൂമിയിലെ “””

അവന്റെ ട്യൂൺ കെട്ട് മനസ്സിൽ ചിരി വന്നെങ്കിലും ആയിരം രൂപ പൊട്ടിച്ചതിന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല….

Related Posts

Leave a Reply

Your email address will not be published. Required fields are marked *