കണ്ണുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അനിതയുടെ കാലുകൾ അറിയാതെ കിണറ്റിൻകരയിലേക്ക് നടന്നു. ഇനി താനെന്തിനാണ് ജീവിച്ചിരിക്കുന്നത്….

തേടിവന്നത്..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

സുരേഷ് ഓട്ടോയിൽനിന്നിറങ്ങിയതും നാലാംക്ലാസ്സുകാരി മകളോടിവന്ന് അച്ഛന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു:

അച്ഛാ, അമ്മ പിണക്കത്തിലാ..

എന്തിന്?

അച്ഛനെ ചോദിച്ച് ഒരു സ്ത്രീ വന്നിരുന്നു. അപ്പോൾമുതൽ കൈയിൽ കിട്ടുന്നതൊക്കെ വലിച്ചെറിയുകയാ.. മൂന്ന് ഗ്ലാസ് പൊട്ടിച്ചു…

സുരേഷിന്റെ വയറിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.

ഈശ്വരാ, ഇന്നെന്തൊക്കെ കാണണം..

അകത്തേക്ക് കടക്കുമ്പോൾ മനസ്സിലായി മകൾ പറഞ്ഞതിലും ഭീകരമാണ് വീട്ടിലെ അവസ്ഥ. പലതും അകത്ത് ചിതറിക്കിടപ്പുണ്ട്. ഇനിയെന്താണൊരു പോംവഴി..നേരാംവണ്ണം ചോദിച്ചാൽ അവൾ പിടിതരില്ല.

സുരേഷ് ഡൈനിങ്ടേ ബിളിൽ കൈയിലുള്ള സാധനങ്ങൾ വെച്ചു കൊണ്ടു പറഞ്ഞു:

അനിതേ.. സ്ട്രോങ്ങായി ഒരു ചായ തര്വോ? വല്ലാത്ത തലവേദന..

ഡ്രസ്സ്മാറ്റി കൈയും മുഖവും കഴുകിവരുമ്പോഴേക്കും അവൾ ചായ ഉണ്ടാക്കി മേശമേൽ വെച്ചിട്ടുണ്ട്. പക്ഷേ മുഖത്തെ കടുപ്പം ഒട്ടും കുറഞ്ഞിട്ടില്ല.

ആരാണ് വന്നത്? മോൾ പറഞ്ഞല്ലോ..

ചായ കുടിച്ചുകൊണ്ട് സുരേഷ് ചോദിച്ചു.

ആ, എനിക്കറിയില്ല.. അവൾക്ക് എന്നോട് ഒന്നും പറയാനില്ല..ആരാ എന്താ എന്ന് ചോദിച്ചിട്ടും വന്നതുപോലെ വേഗം തിരിച്ചുപോയി. ഇവിടുത്തെ സാറിനെ കാണണമത്രേ… നാളെ വരും വീണ്ടും..

അതാരാണ് തന്നെ അന്വേഷിച്ചൊരു സ്ത്രീ..

കാണാനെങ്ങനെയാ?

എത്രപ്രായം കാണും?

വെളുത്തിട്ടാണോ?

എല്ലാ ചോദ്യത്തിനും അനിതയുടെ ദേഷ്യം കല൪ന്ന നോട്ടം മാത്രമായിരുന്നു ഉത്തരം.

രാത്രി മുഴുവൻ ഉറക്കം വരാതെ കിടക്കുമ്പോൾ അനിതയും ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. ഒന്നും പറയാനാകാതെ കിടന്നു. രാവിലെ കുളിച്ചൊരുങ്ങി ഓഫീസിൽ പോകാനിറങ്ങുമ്പോഴാണ് ആ സ്ത്രീ വീണ്ടും വന്നത്.

ഒന്നിങ്ങ് വന്നേ സാറേ…

ആ വിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് അവർ ടൌണിലെ ലോട്ടറി വിൽപ്പനക്കാരി യാണെന്ന് സുരേഷിന് മനസ്സിലായത്. തന്റെ വീട് അന്വേഷിച്ച് കണ്ടെത്താൻ അവ൪ എത്ര ബുദ്ധിമുട്ടിക്കാണും എന്നോ൪ത്തുനിന്നപ്പോഴാണ് അവ൪ സുരേഷിനെ മുറ്റത്തേക്ക് വിളിച്ചിറക്കി ക്കൊണ്ടുപോയി അയാളെടുത്ത ലോട്ടറിക്ക് ഫസ്റ്റ്പ്രൈസടിച്ച കാര്യം പറഞ്ഞത്.

പക്ഷേ അകമാകെ പുകഞ്ഞ് അനിത ആ‌ കാഴ്ച അടുക്കളയിൽനിന്നും നോക്കിക്കാണുകയായിരുന്നു. ഏതോ ഒരു സ്ത്രീ തന്റെ ഭ൪ത്താവിനെ അന്വേഷിച്ച് വരിക, എന്താണ് കാര്യമെന്ന് ചോദിച്ചിട്ടും തന്നോട് പറയാതെ, അടുത്ത ദിവസവും അവ൪ വന്ന് മുറ്റത്ത് മാറ്റിനി൪ത്തി താൻ കേൾക്കാതെ പറയാൻ മാത്രം എന്ത് ബന്ധമാണ് അവ൪ തമ്മിൽ…

കണ്ണുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അനിതയുടെ കാലുകൾ അറിയാതെ കിണറ്റിൻകരയിലേക്ക് നടന്നു. ഇനി താനെന്തിനാണ് ജീവിച്ചിരിക്കുന്നത് എന്നൊരു ചിന്ത അവളുടെ മനസ്സിൽവന്നതും അവൾ കിണറ്റിനകത്തേക്ക് നോക്കി.

തലേന്ന് രാത്രി സുരേഷ് ഉറക്കം വരാതെ കിടക്കുമ്പോൾ പലപ്രാവശ്യം താൻ മോഹിച്ചു, തന്നോട് എന്താണ് കാര്യമെന്ന് പറയുമെന്ന്..

പക്ഷേ..

അനിതേ..

നീയെവിടെയാ..?

സുരേഷിന്റെ ശബ്ദം ഉയ൪ന്നപ്പോൾ അനിത തയ്യാറെടുത്തു.

തന്നോട് പറയാൻ വല്ല കള്ളവും കണ്ടുവെച്ചിട്ടുണ്ടാകും.. വേണ്ട.. തനിക്കതൊന്നും ഇനി കേൾക്കണ്ട.. ഇനിയൊരു ജീവിതം നമ്മൾതമ്മിൽ വേണ്ട..

അച്ഛാ.. അമ്മ ദേ.. കിണറ്റിനകത്തേക്ക് കാലുകളിട്ട് ഇരിക്കുന്നു..

മോളുടെ കരച്ചിൽ കേട്ട് സുരേഷ് ഓടിയെത്തുമ്പോൾ അനിത കണ്ണുകൾ തുടച്ച് മകളെ അവസാനമായി നോക്കുകയായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് സുരേഷ് അനിതയുടെ കൈയിൽ പിടിത്തമിട്ടു. അവൾ സ൪വ്വശക്തിയുമെടുത്ത് കൈ വലിച്ചെടുക്കാൻ ശ്രമിച്ചു.

ആ നിമിഷങ്ങൾക്കുള്ളിൽ സുരേഷ് കാര്യം പറഞ്ഞു. അനിതക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.

സത്യമാണോ?

നമ്മുടെ മോളാണേ സത്യം..

സുരേഷ് ദയനീയമായി പറഞ്ഞു. അവൾ സുരേഷിന്റെ കൈപിടിച്ച് പുറത്തിറങ്ങി. പെട്ടെന്ന് കൈവലിച്ച് സുരേഷ് ഒരൊറ്റ അടികൊടുത്തു. പിന്നീട് അവളെ ചേ൪ത്തു പിടിച്ച് വിതുമ്പി.

നീ നമ്മുടെ മോളെ ഓ൪ത്തോ? എന്തെങ്കിലും വിചാരിച്ചുകൂട്ടി ഓരോ കടുംകൈ ചെയ്യുമ്പോൾ അവരവരുടെ ജീവിതമാണ് പാഴാവുന്നതെന്ന് ആദ്യം ബോധ്യം വേണം..

അനിത ആദ്യമായികിട്ടിയ അടികൊണ്ട കവിൾ തടവിക്കൊണ്ട് സുരേഷിനോട് പറഞ്ഞു:

അത് ഇന്നലേ പറയാമായിരുന്നില്ലേ?

അതിന് എനിക്കറിയണ്ടേ ആരാണ് എന്നെ അന്വേഷിച്ചുവന്നത് എന്ന്..

അങ്ങനെ ആരും തന്നെ വരാനില്ലെങ്കിൽപ്പിന്നെ ഇന്നലെ മുഴുവൻ ഉറങ്ങാതെ കിടന്നതെന്തിനാ?

അത് പിന്നെ..

അത് പിന്നെ?

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി ലൌലെറ്റ൪ കൊടുത്ത സിന്ധു വാണോ, അതോ കോളേജിൽ പഠിക്കുമ്പോൾ കുറേനാൾ കമ്പനിയായ ഉമയാണോ, അതോ കോട്ടയത്ത് ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ട മിനിയാണോ.. ആരാണ് വന്നത് എന്ന് എനിക്കറിയില്ലാരുന്നല്ലോ..

തന്നെ ചൊടിപ്പിക്കാൻ പറഞ്ഞതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അനിത പിണക്കം നടിച്ചു. മകളോടൊപ്പം പൊട്ടിച്ചിരിച്ച് സുരേഷ് പറഞ്ഞു:

വേഗം റെഡിയായിവാ.. നമുക്ക് ബാങ്കിൽ പോകണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *