എനിക്കറിയില്ലാരുന്നു മാഷേ സത്യത്തിൽ ആരാണ് എന്റെ അച്ഛൻ എന്നുപോലും പിന്നെ അതുറപ്പായതു അമ്മ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം വല്യച്ഛൻ എന്നെ…….

രാധചേച്ചി

story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അൽപ്പം വെള്ളമെടുത്തു അടുപ്പത്തു വെച്ചു, തിളക്കാൻ തുടങ്ങിയപ്പോൾ അമ്മുക്കുട്ടി പറഞ്ഞു തന്നതുപോലെ ഒരു സ്പൂൺ കാപ്പിപ്പൊടി ഇട്ടു, അത് പതഞ്ഞുപൊന്തിയപ്പോൾ തീ കെടുത്തി. പഞ്ചാര ചേർത്തു ഗ്ലാസ്സിലേക്കു പകർന്നു ഒന്ന് ഊതി കുടിച്ചു.

മോശമല്ല. വരാന്തയിൽ ചെന്നിരുന്നു കാപ്പി ഊതികുടിച്ചു വിശാൽ പുതിയ സ്ഥലത്തിന്റെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു. തൊട്ടപ്പുറത്തെ പാടം പച്ചവിരിച്ചു കിടക്കുന്നു, അടുത്തായി ഒരു കൈതോടും ഒഴുകുന്നുണ്ട്.

മീൻ വേണോ മോനെ മീൻ? നല്ല പിടക്കുന്ന പള്ളത്തിയാണ്.

വഴിവക്കിൽ നിന്നും ഒരു മീൻകാരി ഉറക്കെ വിളിച്ചു ചോദിച്ചു. വേണോ വേണ്ടയോ എന്ന് മറുപടി കാക്കാതെ അവർ ഗേറ്റ് തുറന്നു അകത്തുകേറി.

ഇത്രേം മീനും കൂടി ഉള്ളൂ മോൻ എടുത്തോ എന്നിട്ട് ഒരു അമ്പതു രൂപ ഇങ്ങു താ.

എനിക്കു മീൻ വേണ്ടാ. വിശാൽ തീർത്തു പറഞ്ഞു.

കൊച്ചു ഇവിടെ പുതിയതാ, ചേച്ചി കണ്ടിട്ടില്ലാലോ.

മ്മ് ഞാൻ ഇന്നലെ താമസം തുടങ്ങിയതേ ഉള്ളൂ.

ഇവിടുത്തെകാരൻ അല്ലെന്നു തോന്നുന്നല്ലോ ?

വിശാൽ ചിരിച്ചു. അല്ല ചേച്ചി, ഒരു ജോലി കിട്ടി ഇവിടെ താമസിക്കാൻ വന്നതാ.

കൂടെ ആരുമില്ലേ ?

ഇല്ല. അമ്മയും അനിയത്തിയും ഒക്കെ അങ്ങ് ദൂരെ നാട്ടിലാണ്. അതുകൊണ്ടാണ് പറഞ്ഞത് മീൻ വേണ്ടാന്നു. ഇതെങ്ങനെ വെട്ടും എന്നുപോലും എനിക്കു അറിയില്ല. വല്ല മത്തിയും ആരുന്നെങ്കിൽ എങ്ങനേലും ഒപ്പിച്ചെടുത്തേനേ.

അതുകേട്ടു അവർ കുപ്പിവള ചിതറുന്ന പോലെ ഒന്ന് ചിരിച്ചു.

ആട്ടെ കൊച്ചിന് ഈ പള്ളത്തി മീൻ ഇഷ്ടാണോ ?

ആണെങ്കിൽ ഒരു പാത്രം എന്തേലും കൊണ്ടുവാ ചേച്ചി വെട്ടിത്തരാം.

അതൊന്നും വേണ്ട ഈ മീൻ ഇഷ്ടമാണ് എന്നുമാത്രല്ല മീൻ ഇല്ലാതെ ചോറുണ്ടിട്ടില്ല. ഇനി ആ വക നിർബന്ധം ഒന്നും നടക്കില്ലലോ അടുത്ത കടയിൽ പോയി വൈകിട്ട് ചപ്പാത്തി കഴിക്കും. വെറുതെ നിങ്ങൾ ബുദ്ധിമുട്ടണ്ട.

ആർക്കു ബുദ്ധിമുട്ട് ഞങ്ങൾ ഇങ്ങനൊക്കെ തന്നെയാ പലരും ഞങ്ങളെകൊണ്ട് വെട്ടിക്കും. മോൻ മീൻ വാങ്ങിയാൽ രണ്ടുണ്ട് കാര്യം. ഒന്ന് ഇതും കൂടി വിറ്റു തീർത്താൽ ഇരുട്ടും മുമ്പ് എനിക്കു വീടെത്താം, പെൺകൊച്ചു ഒരെണ്ണം ഒറ്റക്ക് ആണ്.

പിന്നെ ഈ മീനും വറുത്തു ഒരു കഷ്ണം കപ്പയും കൂടി പുഴുങ്ങിയാൽ ഉണക്ക ചപ്പാത്തി തിന്നാതെ മോന് രക്ഷപെടാം.

മീൻ വറുത്തത് ഓർത്തപ്പോഴേ കൊതിയായി. സമ്മതം മൂളി.

മീൻ അഞ്ചുമിനിറ്റ് കൊണ്ടു ആ മുറ്റത്തു ഇരുന്നു അവർ വെട്ടി വൃത്തിയാക്കി.

ഇനിയും കാണാം എന്നുപറഞ്ഞു യാത്ര പറഞ്ഞപ്പോൾ ഞാൻ ആ ചേച്ചിയെ മറക്കാതിരിക്കാൻ വേണ്ടി ശ്രദ്ധിച്ചു. കണ്ടാൽ ശരിക്കും ഒരു മീൻകാരി. എങ്കിലും എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്. എവിടെയൊ കണ്ടു മറന്ന മുഖം

. പിന്നെ തൊഴിലിനു ചേരാത്ത ഒരു അന്തസ്സ് നടപ്പിലും ഇരുപ്പിലും ഒക്കെ ഉണ്ട്. മുണ്ടും ബ്ലൗസും ഒന്നുമല്ല ഒരു സാരി വൃത്തിക്ക് ഉടുത്തിരിക്കുന്നു. നില മറന്നു സംസാരമോ അതിരുവിട്ട പെരുമാറ്റമോ ഇല്ല. മീൻവെട്ടുമ്പോഴും നടക്കുമ്പോഴും എല്ലാം ഒരു ഒതുക്കം. എന്തോ ആ ചേച്ചിയോട് ഒരിഷ്ടം തോന്നാതിരുന്നില്ല.

******************

പിറ്റേന്ന് സ്കൂളിൽ ഉച്ച കഴിഞ്ഞു നടന്ന പി ടി എ മീറ്റിംഗിൽ ഞാൻ അവരെ വീണ്ടും കണ്ടു . ഒരു നേര്യതു ഉടുത്തു കുറിതൊട്ട് ശാന്തമായ മുഖത്തോടെ ഹെഡ് മാസ്റ്ററുടെ പ്രസംഗം കേട്ടിരിക്കുന്നു. അതിനു ശേഷം പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഒപ്പിടാൻ ക്ലാസ്സിലെ ഏറ്റവും സമർത്ഥ എന്ന് ഒറ്റ ക്ലാസ്സിലൂടെ ഞാൻ മനസിലാക്കിയ നീരജ മുരളിയുടെ കൂടെ അവരെത്തി.

ഈശ്വര! മോൻ മാഷാരുന്നോ ?എന്തേ പറഞ്ഞില്ല ?

ചേച്ചിയുടെ മകൾ ഇവിടെ ഉണ്ടെന്നു ഞാനും അറിഞ്ഞില്ലാലോ.

എന്താണേലും നീരജയുടെ അമ്മ ആയതു നന്നായി ഇനി ഇടയ്ക്കു മീൻ കൂട്ടി ഉച്ചക്ക് ഫ്രീയായി കഴിക്കലോ.

അതിനെന്താ മാഷേ ഞാൻ കൊടുത്തു വിടുന്നുണ്ട്. ഉച്ചക്ക് ഊണ് ഇവിടുന്നല്ലേ മീൻ നീരജ കൊണ്ടുവന്നു തരും.

വേണ്ട എന്ന് ശക്തമായി പറഞ്ഞെങ്കിലും അടുത്ത ദിവസം വാഴയിലയിൽ മീൻ വറുത്തത് നീരജ കൊണ്ടുതന്നു.

പത്താം ക്ലാസ്സിലെത്തിയ പെൺകുട്ടിയുടെ കയ്യിൽ നിന്നും എന്നും കറി വാങ്ങുന്നത് അത്ര നല്ല ഏർപ്പാടായി തോന്നാത്തത് കൊണ്ടു ഞാൻ തന്നെ പതിയെ സ്നേഹപൂർവ്വം നിരസിച്ചു. ആഴ്ചയിൽ രണ്ടു തവണ ചേച്ചിയുടെ കയ്യിൽ നിന്നും മീൻ വാങ്ങി. പതിയെ വെട്ടാനും പഠിച്ചു.

ഒരു ദിവസം മീൻ വാങ്ങവേ ചേച്ചി ചോദിച്ചു മാഷിന്റെ നാടെവിടാ ?

കേശവപുരം.

കേശവപുരമോ ?

എന്തേ ചേച്ചിക്ക് അറിയുമോ ?

ഇല്ല കേട്ടിട്ടുണ്ട് ഞാൻ പോവട്ടെ തിരക്കുണ്ട്.

എന്തോ ചേച്ചിയുടെ മുഖത്തു ഒരു പരിഭ്രമം ശബ്ദം ഇടറിയ പോലെ.

പിന്നീട് സ്കൂളിലെ മായ ടീച്ചറാണ് പറഞ്ഞത് ഈ ചേച്ചിയുടെ പേരു രാധാമണി എന്നാണ് എന്നും ചെറുപ്പത്തിൽ ഒരാളോടൊപ്പം ഒളിച്ചോടി ഈ നാട്ടിൽ എത്തിയതാണ് എന്നും.

അല്ല വിശാലിന്റെ നാട് തന്നെയാ അവരുടെയും കേശവപുരം.

കേട്ടപ്പോൾ അത്ഭുതം തോന്നി എന്നിട്ടും രാധ ചേച്ചി ഒന്നും പറഞ്ഞില്ല.

ഈ രാധാമണി എന്ന പേരു നല്ല പരിചയം ഉണ്ട് അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. അനിയത്തി അമ്മുകുട്ടിയുമായി വഴക്കു കൂടുമ്പോൾ ആണ് കൂടുതലായി കേൾക്കുക. . അവൾ അധികം ഒരുങ്ങിയാലോ കോളേജിൽ നിന്നും താമസിച്ചാലോ ചോദിക്കുന്ന കേൾകാം എന്താ നീ രാധാമണിക്ക് പഠിക്കുക യാണോ അസത്തെ എന്ന്.

ഇത് കേക്കുമ്പോൾ അമ്മുക്കുട്ടി ചെവിപൊത്തിപിടിച്ചു അടുക്കളയിലേക്കോടും.
ന്റെ ഏട്ടാ ഞാൻ എത്ര വട്ടം കേട്ടതാണ് ഈ രാധാമണി കഥ .

അമ്മുക്കുട്ടി പറഞ്ഞതുപോലെ കേട്ടുമടുത്തൊരു പഴംകഥയാണ് രാധാമണി.

അമ്മയുടെ അകന്ന ബന്ധത്തിലെ ശങ്കരേട്ടന്റെ ഒരേയൊരു മകൾ ആയിരുന്നു രാധാമണി. ശങ്കരേട്ടന്റെ ഭാര്യ സുശീല വലിയ ഒരു തറവാട്ടിലെ രണ്ടു പെൺമക്കളിൽ ഇളയവൾ ആയിരുന്നു. കോടിക്കണക്കിനു സ്വത്തിന് അവകാശി. കല്യാണശേഷം ശങ്കരേട്ടൻ മദ്യപാനം തുടങ്ങി. പിന്നെ അവിടുത്തെ കാര്യങ്ങൾ ഒക്കെ സുശീലയുടെ മരിച്ചുപോയ ചേച്ചിയുടെ ഭർത്താവ് സുധാകരനായിരുന്നു നടത്തിയിരുന്നത്. രാധാമണി അതിസുന്ദരി ആയതു കൊണ്ടു മാത്രമല്ല കോടിക്കണക്കിനു സ്വത്തിനു അവകാശി കൂടി ആയതുകൊണ്ട് പതിനെട്ടു തികയും മുമ്പേ കല്യാണാലോചനകളുടെ ബഹളമരുന്നു.

ഒപ്പത്തിനൊപ്പം പോന്ന ഒരു കുടുംബത്തിൽ നിന്നും ഒരു ആലോചന ഉറപ്പിച്ചു വിവാഹ ഒരുക്കങ്ങൾ നടത്തവേ രാധാമണി കച്ചവടക്കാരൻ അന്യ നാട്ടുകാരനൊപ്പം നാടുവിട്ടു. കുടുംബത്തിനൊക്കെ ഒത്തിരി നാണക്കേടായ ആ സംഭവത്തിനൊടുവിൽ ശങ്കരേട്ടൻ ആത്മഹത്യ ചെയ്തു. പിന്നീട് സുധാകരൻ എന്ന ചേട്ടൻ തന്നെ സുശീലാമ്മയുടെ രക്ഷകൻ ആകുന്നു. അവർക്കൊരു മകൾ ജനിക്കുന്നു സർവ ഐശ്വര്യങ്ങളോടും അവർ വാഴുന്നു. ശുഭം.

കല്യാണത്തിനും മറ്റു വിശേഷങ്ങൾക്കും ഒക്കെ പോകുമ്പോൾ ആ അമ്മയെയും കുടുംബത്തെയും കാണാറുണ്ട്. അവരെ കാണുമ്പോൾ ഒക്കെ അമ്മക്ക് ശങ്കരേട്ടനെ ഓർമ വരും. കല്യാണത്തിന് മുമ്പ് വരെ നല്ല ഒരു ചെറുപ്പക്കാരൻ ആയിരുന്നു ശങ്കരേട്ടൻ. ഒരു ദുസ്വഭാവവും ഉണ്ടാരുന്നില്ല. പിന്നെ കുടി തുടങ്ങിയത് ധനികരുമായി ബന്ധുത കൂടിയതിൽ പിന്നെ ആണെന്ന് അമ്മ പറയാറുണ്ട്. അവസാനം രാധാമണി എന്ന മകൾ കാരണം മരിക്കുക കൂടി ചെയ്തപ്പോൾ അമ്മക്ക് ആ പേരു പോലും കലിയാണ്. എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് അമ്മ ആരുമറിയാതെ ശങ്കരേട്ടനെ പ്രണയിച്ചിട്ടുണ്ടെന്നു.

ഉറക്കം വരാതെ രാത്രി ഓരോന്നും ചേർത്തു വായിച്ചപ്പോൾ വിശാൽ ഉറപ്പിച്ചു ഇതു ആ രാധാമണി തന്നെ.

അടുത്ത വട്ടം രാധചേച്ചിയെ കണ്ടപ്പോൾ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു കുഞ്ഞുനാളിൽ ഉത്സവത്തിന് പോകുമ്പോൾ ദാവണി ഉടുത്തു ദേവത പോലെ വിളങ്ങിയ പെൺകിടാവാണ്‌ നിറം മങ്ങി ശോഭ കെട്ടു ഒരു പെൺ ജന്മമായി ഒടുങ്ങുന്നതു. വേദന തോന്നി ദൈവത്തിന്റെ തിരക്കഥയിൽ കഥയറിയാതെ ആടുന്ന മനുഷ്യ കോമരങ്ങളോട്.

എന്തേ മാഷേ ഇങ്ങനെ നോക്കുന്നത് ?

ചേച്ചിയുടെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ കണ്ണെടുത്തു ഈശ്വര ചേച്ചി തെറ്റിദ്ധരിച്ചോ ?

ഒന്നുമില്ല ചേച്ചി.

എനിക്കറിയാം എന്നെ പറ്റി എല്ലാം അറിഞ്ഞു കാണും അല്ലെ ?ഞാൻ നിങ്ങളുടെ നാട്ടുകാരിയാണ്. ആദ്യം പറയാതിരുന്നത് കുഞ്ഞു എന്നെപ്പറ്റി ഒന്നും അറിയണ്ട എന്നോർത്തു മാത്രമാണ്. മംഗലത്തെ രാധാമണി നാട്ടുകാർക്ക്‌ എന്നും സുഖമുള്ള മടുക്കാത്ത നട്ടുവർത്തമാനം ആണെന്ന് എനിക്കറിയാം.

ഒന്ന് ചോദിച്ചോട്ടെ പിന്നെ എന്തിനാണ് അന്ന് രാധ ചേച്ചി അങ്ങനൊരു സാഹസത്തിനു മുതിർന്നത് ?ഇങ്ങനെ മീൻകാരിയായി തെരുവിൽ അലയാൻ വേണ്ടിയോ ?

കുറച്ചു നാൾ കൊണ്ടു തന്നെ മാഷ് എനിക്കു സഹോദരനെ പോലെയാണ്. എന്റെ മകളുടെ അധ്യാപകൻ മാഷ് സത്യം അറിയണം.

മംഗലത്തെ സ്വത്തും പുറം മോടിയും കേശവപുരം മൊത്തം പ്രസിദ്ധം എന്നാൽ അകത്തളങ്ങൾ പ്രകാശം കടക്കാൻ പോലും മടിക്കുന്ന ചെയ്തികളാൽ ഭീകരമായിരുന്നു. എന്റെ അമ്മ സുശീല സ്വന്തം ചേച്ചിയുടെ ഭർത്താവിനെ മോഹിച്ചവൾ. അതിൽ നിന്നും മൂത്ത മകളുടെ ജീവിതം രക്ഷിക്കാൻ അമ്മയുടെ അച്ഛൻ കണ്ടുപിടിച്ച ഉപായം ശങ്കരൻ എന്ന എന്റെ അച്ഛൻ.

ഓർമ വെച്ചുതുടങ്ങിയ നാളിൽ സുധാകരൻ എന്ന അമ്മയുടെ ചേച്ചിയുടെ ഭർത്താവ് കിടപ്പറയിൽ അമ്മക്കൊപ്പം ഉറങ്ങുന്നത് പതിവായിരുന്നു. ഒരിക്കൽ അച്ഛൻ അത് കാണുകയും അന്ന് അയാൾ അച്ഛനെ ഒത്തിരി മർദിച്ചതും എന്റെ കൺമുമ്പിൽ വെച്ചാണ്. പിറ്റേന്ന് പുലർച്ചെ അമ്മയുടെ ചേച്ചി ജാനകി കാൽവഴുതി മരിച്ചത് അപകടമല്ല അരുംകൊ ലയാണെന്നു മറ്റാരേക്കാളും നന്നായി എനിക്കു അറിയാം.ഈ പ്രശ്‌നത്തിന്റ തുടർകഥയായി സുധാകരൻ വല്യച്ചനും ജാനകി വല്യമ്മയും തമ്മിൽ നടന്ന കലഹം അവരെ തെക്കേപറമ്പിൽ അടക്കി പാവം അച്ഛൻ മരണ ഭയം മൂലം എല്ലാം ഉള്ളിൽ അടക്കി സ്ഥിരം മ ദ്യപാനിയായി.

എനിക്കറിയില്ലാരുന്നു മാഷേ സത്യത്തിൽ ആരാണ് എന്റെ അച്ഛൻ എന്നുപോലും പിന്നെ അതുറപ്പായതു അമ്മ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം വല്യച്ഛൻ എന്നെ പൊക്കി എടുത്തു ബലമായി റൂമിൽ കേറ്റി കതകടക്കാൻ ശ്രമിച്ചപ്പോഴാണ്. ഒരു വിധത്തിൽ രക്ഷപെട്ടു അച്ഛന്റെ അടുത്ത് ഓടിച്ചെല്ലുമ്പോൾ ആദ്യായി അച്ഛനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു തീർത്തു ഒരു ജന്മ സങ്കടം മൊത്തം.

അച്ഛന്റെ അനുവാദത്തോടെയാണ് ഞാൻ മുരളി ചേട്ടനൊപ്പം നാടുവിട്ടത് ഇല്ലെങ്കിൽ കല്യാണം എന്നൊരു മറ തീർത്തു അമ്മയുമായി കിടപ്പറ പങ്കിട്ട ആൾക്കൊപ്പം ഞാനും…

മുരളിച്ചേട്ടൻ മരിക്കും വരെ ഞങ്ങളെ പൊന്നുപോലെ നോക്കി മീൻ കച്ചവടമരുന്നു ചേട്ടന്. ചേട്ടൻ പോയപ്പോൾ ജീവിക്കാൻ വേണ്ടി ഞാനും അത് തന്നെ ചെയ്തു. സന്തോഷമേ ഉള്ളൂ സമദാനത്തോടെ അഭിമാനത്തോടെ ഞാനും മകളും ഇന്ന് ജീവിക്കുന്നുണ്ട്. പോട്ടെ മാഷേ നേരമൊരുപാടായി പെൺകൊച്ചു വീട്ടിൽ ഒറ്റക്കാണ് നാളെ അവൾക്കു ഒരു പി ഴ വന്നാൽ അതും രാധാമണിയുടെ കുറ്റമാകും എന്നും രാധാമണി പി ഴച്ചവൾ തന്നെ.

ചേച്ചി വേഗത്തിൽ നടന്നു മറഞ്ഞു ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു.

******************

അവധിക്കു വീട്ടിൽ എത്തിയപ്പോൾ വീണ്ടും കേട്ടു അമ്മ രാധാമണിയുടെ പേരുമായി ഏതോ ചീത്ത കാര്യത്തെ ഉറക്കെ ഉപമിക്കുന്നു.

നിർത്തു അമ്മേ, ഇനി മേലിൽ ആ പേര് ഇവിടെ കേട്ടു പോകരുത് അത് പറയാൻ കൂടിയുള്ള യോഗ്യത ആർക്കുമില്ല !

വല്ലാണ്ട് ശബ്ദമുയർത്തി ആദ്യമായി ഞാൻ ദേഷ്യപെടുന്ന കണ്ടിട്ടാവണം അമ്മ പിറുപിറുക്കുണ്ടായിരുന്നു. ഈ ചെക്കനെന്തു പറ്റി ?അതിനു രാധാമണിയെ ഇവൻ കണ്ടിട്ടുണ്ടോ ?

അനിയത്തി അത്ഭുതത്തോടെ നോക്കുന്നത് അവഗണിച്ചു ഞാൻ പുറത്തേക്കു നടന്നു.

അസ്തമയസൂര്യന്റെ ചെങ്കതിരുകൾ വിതറിയ മാനത്തു ഒരു അമ്പിളികല പോലെ രാധ ചേച്ചി ചിരിതൂവി…

(നാം വിധിയെഴുതി മാറ്റി നിർത്തിയ ജന്മങ്ങൾക്കൊക്കെ ഇതുപോലെ എത്രയെത്ര കഥകൾ പറയാനുണ്ടാവാം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *