എന്താ അതിന്റെ പ്രത്യേകത.വായിച്ചു നോക്കൂ, സാറിന്റെ ആദ്യത്തെ പുസ്തകത്തിലുമുണ്ട് ഇടയ്ക്കിടെ ഞാൻ വായിക്കുന്ന രണ്ട് വരികൾ….

അതിൽപ്പിന്നെയാണ് അയാൾ എന്നും എഴുതിത്തുടങ്ങിയത്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

അയാളുടെ മൂന്നാമത്തെ പുസ്തകം പബ്ലിഷ് ചെയ്ത ദിവസമാണ് അവളുടെ മെസേജ് വന്നത്,

” കഴിഞ്ഞ രണ്ട് പുസ്തകങ്ങളും ഞാൻ വായിച്ചു. എന്തോ എന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്നതുപോലെ”…

ആ വരികൾ അയാളുടെ ഹൃദയത്തിലുടക്കി.

മൂന്നാമത്തെ പുസ്തകവും വായിക്കൂ, അഭിപ്രായം പറയൂ…

അയാൾ മറുപടി കുറിച്ചു.

പിന്നീട് ഒരു ദിവസം വീണ്ടും അവൾ പ്രത്യക്ഷപ്പെട്ടു.

വായിച്ചു, കഴിഞ്ഞ മാസം ഒരാൾ അയാളുടെ എട്ടാമത്തെ പുസ്തകം പബ്ലിഷ് ചെയ്തിരുന്നു, ‘വാതായനങ്ങൾ’ വായിച്ചിട്ടുണ്ടോ?

ഉവ്വ്, അതിഗംഭീരമായിരുന്നു. നിങ്ങൾക്ക് എന്തു തോന്നി?

അതിൽ പതിനാലാമത്തെ ചാപ്റ്ററിലെ രണ്ടാമത്തെ പാരഗ്രാഫ്, എനിക്ക് ദിവസവും വായിക്കാൻ തോന്നും..

എന്താ അതിന്റെ പ്രത്യേകത?

വായിച്ചു നോക്കൂ, സാറിന്റെ ആദ്യത്തെ പുസ്തകത്തിലുമുണ്ട് ഇടയ്ക്കിടെ ഞാൻ വായിക്കുന്ന രണ്ട് വരികൾ..

എന്താത്? അയാൾക്ക് ആകാംക്ഷയായി.

കൂടണയാൻ പോകുന്ന മേഘശകലങ്ങൾ പോലെ അവൾ പതിയെ നടന്നു, വെളുത്തും ഇരുണ്ടും ചുകന്നും പലവിധ നിറങ്ങളിൽ.. അവളുടെ മനസ്സ് വിതുമ്പുന്നതൊളിച്ച് നിശ്ശബ്ദയായി…

എന്തേ ഇങ്ങനെ ചില വരികൾ മനസ്സിൽ പതിയാൻ കാരണം?

ഞാനന്നു പറഞ്ഞില്ലേ, എന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്നതുപോലെ തോന്നി എന്ന്…

വേറെ ആരെയൊക്കെ വായിച്ചു, അടുത്തായിട്ട്..?

‘പഥികൻ’ വായിച്ചിരുന്നോ സ൪?

പിന്നേ, കഴിഞ്ഞ വർഷം അവാർഡ് കിട്ടിയതല്ലേ, ഇറങ്ങിയപ്പോൾത്തന്നെ വായിച്ചിരുന്നു.

അവളാ പുസ്തകം കൈയിൽ പിടിച്ച ഒരു സെൽഫി അയച്ചു കൊടുത്തു.

സുന്ദരമായ വിരലുകൾ, നഖങ്ങൾ നെയിൽ പോളിഷ് ഇട്ടു മിനുക്കിയിരുന്നു. മോതിരങ്ങളിൽ വജ്രം തിളങ്ങി.

ഇതെന്താ, മുഖം പാതിമറഞ്ഞാണല്ലോ എല്ലായിടത്തും.. ഒരു നിഗൂഢത..?

പലരുടെയും സൃഷ്ടികൾ വായിക്കുന്നതല്ലേ..

അതുകൊണ്ട്?

എനിക്കവരോട് കടുത്ത ആരാധന തോന്നും.

ഉം.

ഞാനവരെ വിടാതെ പിൻതുടരും.

എന്നിട്ടോ?

അവരെഴുത്ത് നി൪ത്തിയാൽ ഞാനും പിന്നെ ആ വഴി പോകില്ല…

അതായത് ഒര൪ത്ഥത്തിൽ ഇപ്പോഴത്തെ തേപ്പ്…

എന്തോ, എനിക്കറിഞ്ഞുകൂടാ…

“പവിഴമന്ദാരങ്ങൾ വിരിയുന്ന രാജവീഥികളിലൂടെ പതിവായി നടന്നുപോകുമ്പോൾ പൌ൪ണമി വിട൪ന്നുനിൽക്കുന്ന വഴിത്താരകളിലേക്ക് നോക്കി ഒരു പ്രിയസാമീപ്യം കേൾക്കെ എനിക്ക് മന്ത്രിക്കണം, നാഥാ, നീ വരുന്ന പാദപതനം കാത്തുനിൽക്കുന്നതാണെന്റെ ഏറ്റവും വലിയ ലഹരി”…

ഇത് എന്റെ പുസ്തകത്തിലെ വരികളല്ലേ?

എന്നെ ശരിക്കും മത്ത് പിടിപ്പിക്കുന്നത് ഇത്തരം വരികളാണ്..

ശരിക്കും ആരാണ് നീ? ആരെയാണ് നീ ഇഷ്ടപ്പെടുന്നത്? എഴുത്തുകാരനെയോ അതോ അയാളുടെ എഴുത്തുകളെയോ?

എഴുത്തുകാരൻ എഴുതുന്നവനാണ്. അയാൾ എഴുത്തുനി൪ത്തിയാൽ പിന്നെ എഴുത്തുകാരനല്ല.

പിന്നെ അയാൾ ആരാണ്? എഴുത്ത് നി൪ത്തിയാലും അയാൾ അങ്ങനെ തന്നെയല്ലേ അറിയപ്പെടുക?

അല്ല, മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞുകൂടാ, ചുരുങ്ങിയ പക്ഷം എന്റെ മനസ്സിലെങ്കിലും എഴുത്ത് നി൪ത്തിയാൽ അയാൾ പിന്നെയൊരു സാധാരണക്കാരനാണ്.

അങ്ങനെ എപ്പോഴും എഴുതിക്കൊണ്ടിരിക്കാൻ കഴിയുമോ?

എനിക്ക് ഇഷ്ടം തുട൪ച്ചയായി എഴുതുന്നവരെയാണ്. വല്ലപ്പോഴും എഴുതുക, കുറേക്കാലം എഴുത്തിൽ നിന്ന് മാറിനിൽക്കുക, അതൊക്കെ എനിക്ക് ഉൾക്കൊള്ളാനാകില്ല.

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ? ചില അസൌകര്യങ്ങൾ കാണും..

പെട്ടെന്ന് അവൾ ചാറ്റ് നി൪ത്തി പോയി. അയാൾ അസ്വസ്ഥനായി.

രണ്ടാഴ്ചയെടുത്തു അവളെ വീണ്ടുമൊന്ന് ചാറ്റിൽ കിട്ടാൻ.

എന്താ, എന്തുപറ്റിയതാ? കണ്ടതേയില്ല..

എന്തുതോന്നി?

ആകെയൊരു ശ്വാസംമുട്ടൽ പോലെ.. നീയങ്ങ് അകന്നുപോയി എന്ന് മനസ്സ് വിശ്വസിക്കാൻ സമ്മതിക്കാത്തതുപോലെ..

അതുപോലെ തന്നെയാണ് വായനക്കാരുടെയും അവസ്ഥ. അവ൪ക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ സൃഷ്ടികളുടെ അസാന്നിദ്ധ്യം അവരെ അഡിക്ഷനിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന ഒരാളെപ്പോലെ അസ്വസ്ഥമാക്കും..

ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു..

അവ൪ പുതിയ ബ്രാന്റ് തേടിപ്പോയാൽ കുറ്റം പറയാനാവില്ല… പുതിയ സങ്കേതങ്ങളും അന്തരീക്ഷവും അവരെ അവിടെ തളച്ചിടും. പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാൻ കാരണമില്ലെങ്കിൽ അവരവിടെ സ്ഥിരവാസമാക്കും.

അത് എല്ലാ ബന്ധങ്ങളിലും അങ്ങനെയല്ലേ?

എനിക്കറിയില്ല, എഴുതുന്നവരുടെ കഴിവുകളിലാണ് ഞാൻ സ്വയം മറക്കാറുള്ളത്, എന്റെ ല ഹരി എന്നും വായന മാത്രമാണ്.

അവൾ പെട്ടെന്ന് ഓഫ് ലൈനിൽ പോയി..

അയാൾ അടുത്ത പുസ്തകത്തിന്റെ പേര് കുറിച്ചു, എഴുത്തിനെ പ്രണയിച്ച വായനക്കാരി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *