നരൻ സിനിമ റിലീസായ സമയത്ത്‌ ഒട്ടുമിക്ക സമയങ്ങളിലും അമ്മാവൻ ഈ തോട്ടിൽ തന്നെയായിരുന്നു ചിലവഴിക്കാറ്. തോടിലൂടെ ഒഴുകിവരുന്ന…..

Story written by Adam John

ഞങ്ങടെ വീടിനു പുറകിലൂടെ ഒരു തോടുണ്ട്. അതിന്റെ അങ്ങേ അറ്റത്താണ് വല്യപ്പച്ചന്റെ തറവാട് വീട് സ്ഥിതിചെയ്യുന്നെ. അവിടെയിപ്പോ വല്യപ്പച്ചന്റെ ഇളയ പെങ്ങളും മക്കളുമാണ് താമസിക്കുന്നെ..

പഴയ തറവാട് പൊളിച്ചു പുതുക്കി പണിതേക്കുവാ. വല്ലപോഴുമൊക്കെ ഞങ്ങളങ്ങോട്ട് പോവും. അതിന്റെ ചൊരുക്ക് തീർക്കാനെന്നപോലെ അവരിങ്ങോട്ടും വരും. അതോണ്ട് തന്നെ ബന്ധങ്ങൾക്കിന്നും സ്റ്റീലിന്റെ ഉറപ്പാണ്.

തോടിന് കുറുകെയൊരു തടിപ്പാലമുണ്ട്. ട്രപ്പീസ് കളിക്കാരെ പോലെ അത് കടന്ന് അക്കരെ വരമ്പത്തൂടെ നടന്ന് വേണം അങ്ങോട്ടേക്കെത്താൻ. തൊട്ടപ്പുറത്തുള്ള ബസ്റ്റോപ്പിൽ ചെന്നാൽ ബസ്സോ ആട്ടോയോ കിട്ടുമെങ്കിലും നടന്ന് ചെല്ലുന്ന സുഖവൊന്നും അതിന് കിട്ടുകേലെന്നാ വല്യപ്പച്ചൻ പറയാ.

ഞങ്ങൾ കുട്ടികളായിരിക്കുന്ന സമയത്ത് തടിപ്പാലം കടക്കുന്നതിനിടയിൽ പലപ്പോഴും താഴേക്ക് വീഴുകയും നേരെ ഒഴുകി ബസ്റ്റോപ്പിന്റെ അരികിൽ എത്തുന്നതിന് മുന്നേ ആരേലുമൊക്കെ പിടിച്ചു കയറ്റുകയും ആരുന്നു പതിവ്.
എന്നേലും ഒരിക്കൽ ആർക്കും പിടി കൊടുക്കാതെ അങ്ങേയറ്റം വരേം ഒഴുകണം എന്നുണ്ടാരുന്നേലും അത് പരീക്ഷിച്ചു നോക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമുണ്ടാരുന്നീല്ല.

നരൻ സിനിമ റിലീസായ സമയത്ത്‌ ഒട്ടുമിക്ക സമയങ്ങളിലും അമ്മാവൻ ഈ തോട്ടിൽ തന്നെയായിരുന്നു ചിലവഴിക്കാറ്. തോടിലൂടെ ഒഴുകിവരുന്ന പെപ്സിയുടെങ്ങാനും ബോട്ടിൽ കയ്യേൽ പിടിച്ചോണ്ട് ലാലേട്ടൻ മരത്തടിയും പിടിച്ചോണ്ട് വരുന്ന പോലൊരു വരവുണ്ട്. ആര് കണ്ടാലും അന്തം വിട്ട് നോക്കിനിന്ന് പോവും. അത്രേം പെർഫെക്ഷനാണ്.

വല്ലപ്പോഴും തോർത്ത് മുണ്ടുരിഞ്ഞോണ്ട് തോടിന് കുറുകെ പിടിക്കുകയും അതിൽ കുടുങ്ങുന്ന ചെറുമീനുകളെ വീട്ടിലോട്ട് കൊണ്ട് വരികയും ചെയ്യും.
എന്റെയോർമ്മയിൽ വല്യമ്മാവൻ വീടിന് വേണ്ടി ചെയ്ത് അല്പം ചില നല്ല കാര്യങ്ങളിൽ ഓർത്തെടുക്കാവുന്നത് ഒന്നിതാണ്.

മക്കൾ എന്ത് ചെറിയ കാര്യം ചെയ്താലും അമ്മമാർക്കത് വല്യ കാര്യമാരിക്കും. കൊണ്ടുവന്നത് ചെറുമീനാണേലും വല്യമ്മച്ചിക്കത് ആവോലിയും നെയ്മീനും പോലെയാണ്.

അതോണ്ട് തന്നെ കറിവെച്ചാലും വറുത്താലും രണ്ടെണ്ണം അധികം അമ്മാവന്റെ പ്ലേറ്റിൽ വീഴും. വല്യപ്പച്ചനത് കാണുമ്പോ കലി വരും. അതിൽ കാര്യമുണ്ട് താനും. എന്നും നല്ല ചാള മീനും അയലയും വല്ലപ്പോഴുമൊക്കെ ലക്ഷ്വറി മീനുകളായ നെയ്മീനും ആവോലിയുമൊക്കെ കൊണ്ടുവരുന്നത് വല്യപ്പച്ചൻ ആണേലും അതിന്റെതായ ഒരു പരിഗണനയും വല്യപ്പച്ചന് കിട്ടാറില്ല. സ്വാഭാവികമായും അതിന്റെതായ പരിഭവം കാണില്ലേ.

അത് കാരണം ഇടക്കൊക്കെ വല്യപ്പച്ചൻ മാർക്കറ്റിലോട്ട് പോവുമ്പോ മീൻ വാങ്ങിക്കണെന്ന് വല്യമ്മച്ചി വിളിച്ചു കൂവുമ്പോ മോനോട് ചെന്ന് പിടിച്ചോണ്ട് വരാൻ പറഞ്ഞൂടായോ എന്നാവും മറുപടി. അങ്ങനൊക്കെ ആണേലും തിരികെ വരുമ്പോ നല്ല പെടക്കുന്ന മീനുണ്ടാവും വല്യപ്പച്ചന്റെ കയ്യിൽ.

ഒരിക്കൽ ആന്റിയുടെ വീട്ടിലേക്ക് പോവാനിറങ്ങിയതാരുന്നു വല്യപ്പച്ചനും വല്യമ്മച്ചിയും. വല്യപ്പച്ചൻ മുന്നിലും വല്യമ്മച്ചി പിറകിലും ആയാരുന്നു നടപ്പ്. അന്നൊക്കെ അങ്ങനാരുന്നല്ലോ. ആണധികാരത്തിന്റെ ചില അടയാളപ്പെടുത്തലുകൾ.

പാലം കടക്കാൻ നേരം വല്യമ്മച്ചി തൊട്ടിലേക്ക് വീണത് വല്യപ്പച്ചൻ കണ്ടീല. പാലവും കടന്ന് ആന്റിയുടെ വീടെത്താറായപ്പഴുണ്ട് വല്യമ്മച്ചി തോട്ടിന്റെ കരയിൽ ഇരുന്നോണ്ട് മേൽമുണ്ട് പിഴിയുന്നു. വല്യമ്മച്ചി ഒഴുകിയെത്തിയത് നേരെ ആന്റിയുടെ വീടിനരികിലേക്കാരുന്നു. അതിൽപിന്നെയാണ് ആന്റിയുടെ വീട്ടിലേക്കുള്ള ഞങ്ങടെ യാത്രയും ജലമാർഗമായത്.

പക്ഷെ ഇന്നും വല്യപ്പച്ചൻ വിശ്വസിക്കുന്നത് വല്യപ്പച്ചനെക്കാൾ മുന്നിലെത്താൻ വേണ്ടി വല്യമ്മച്ചി തൊട്ടിലേക്ക് മനഃപൂർവം ചാടിയതെന്നാണ്..അല്ലെന്ന് സ്ഥാപിക്കാൻ ഞങ്ങടെ ആരുടേം കയ്യിൽ തെളിവുമില്ലല്ലോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *